മനുഷ്യാവകാശക്കുരുതികള്‍

ഗസ്സയിലെ എഴുത്തുകാരന്‍ മഹ് മൂദ് നാസറിന്റെ ഡയറിയില്‍നിന്ന്
ഡിസംബര്‍ 2023

ഒക്ടോബര്‍ 2023
 ശനി

പുലര്‍ച്ചെ ആറര. ആശങ്കിച്ചിരുന്ന ചില ശബ്ദങ്ങള്‍ അരിച്ചെത്തുന്നു. ഞാനെന്റെ പത്നിയെ ഉണര്‍ത്തി. എന്തോ പന്തികേടുള്ളതായി പറഞ്ഞു.
ആശങ്ക മേലാകെ പടര്‍ന്നു. ഒറ്റ നിമിഷം കൊണ്ടാണ് ദിവസമാകെ മാറുന്നത്. ഫോണുകള്‍ നിര്‍ത്താതെ അടിക്കുന്നു. ബാപ്പയെയും അനുജനെയും കിട്ടണം. കുടുംബത്തിലെല്ലാവരും ഒരുമിച്ചിരിക്കണം.
ബൈത് ഹനൂനിലെ അപ്പാര്‍ട്ട്മെന്റിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ഭക്ഷണം കുറവ്. വൈദ്യുതി ഇല്ല.
അവള്‍ ഗര്‍ഭിണിയാണ്. ഓരോ സ്ഫോടനശബ്ദവും അവളെ ഞെട്ടിക്കുന്നു.


         
          ഞായര്‍
ഉറക്കം മുറിഞ്ഞ അഞ്ച് മണിക്കൂറുകള്‍. രാത്രി മുഴുവന്‍ ബോംബ് വീഴുന്ന ശബ്ദമായിരുന്നു. ഞെട്ടിയുണരും. ജീവിച്ചിരിപ്പുണ്ടല്ലോ എന്ന ആശ്വാസത്തില്‍ വീണ്ടും ഉറക്കത്തിലേക്ക് വീഴും.
എന്റെ അനുജന്‍ പറഞ്ഞു: ബോംബിന്റെ ശബ്ദം കേള്‍ക്കുന്നതില്‍ ആശ്വസിക്കുക. ജീവിച്ചിരിക്കുന്നു എന്നാണല്ലോ അതിനര്‍ഥം.
സ്വന്തം വീട്ടില്‍ തടങ്കലിലാവുക. ഇനി ഇങ്ങനെ എത്ര നാള്‍?
കുറച്ചപ്പുറത്തെ അപ്പാര്‍ട്ട്മെന്റില്‍ കൂട്ട മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്, എല്ലാവരും ഒഴിഞ്ഞുപോകണമെന്ന്. ഞങ്ങളുടെ കുടുംബക്കാരുണ്ട് അക്കൂട്ടത്തില്‍.
കിട്ടുന്ന ബാഗുകളില്‍ പറ്റുന്ന സാധനങ്ങള്‍ നിറച്ച് അവര്‍ പുറത്തേക്കോടുന്നു. ആയിരങ്ങള്‍.
സൂര്യന്‍ അസ്തമിക്കാറായി. പിന്നെ വരുന്നു ആധിനിറഞ്ഞ മറ്റൊരു രാത്രി.
എട്ടര മണി. തെരുവുകളില്‍ ഒരു ശബ്ദവുമില്ല. ഒരയല്‍ക്കാരന്റെ ജനറേറ്ററും ഇസ്രയേലി ഡ്രോണുകളുടെ മൂളലും മാത്രം.

             തിങ്കള്‍

നാല് മണിക്കൂര്‍ ഉറങ്ങി. ഞങ്ങള്‍ക്ക് ശ്വാസം ഇപ്പോഴുമുണ്ടല്ലോ. ജീവന്‍ എത്ര നിസ്സാരമെന്നും ഒപ്പം എത്ര അമൂല്യമെന്നും ഞങ്ങളെ ഓര്‍മിപ്പിക്കുന്ന ദിനങ്ങള്‍.
പകല്‍ തുടങ്ങുമ്പോഴേക്കും കേള്‍ക്കുന്നു മറ്റൊരു കൂട്ടക്കൊലയുടെ വര്‍ത്തമാനം. ഇക്കുറി ജബലിയ ഷോപ്പിങ് മേഖലയില്‍.
ബൈത് ഹനൂന്‍ പട്ടണം ശൂന്യമാണ്. അല്‍റിമാലിലും ഒഴിഞ്ഞുപോകല്‍ അറിയിപ്പെത്തിയിട്ടുണ്ട്. ബോംബുകള്‍ അടുത്തടുത്ത് വരുന്നു.
ടി.വിയില്‍ വാര്‍ത്തകളുടെ നിലക്കാത്ത അലര്‍ച്ച. സ്ഫോടനം ഒന്നിനു പിന്നാലെ മറ്റൊന്നായി ആകാശത്തെ ചുവപ്പിക്കുന്നു.
ഗസ്സയിലെ മിക്ക ജനവാസ പ്രദേശങ്ങളും നിരപ്പാക്കപ്പെട്ടിരിക്കുന്നു.
പാതിരാവായി. മഴ ചെറുതായൊന്ന് പെയ്തു. അതും ഒരാശ്വാസം. മഴക്കാലത്ത് ആ ജലവര്‍ഷം ആസ്വദിക്കാന്‍ ഞങ്ങളൊക്കെ ജനലിനു പുറത്തേക്ക് തലയിട്ടു നോക്കാറുണ്ട്.
ഇന്ന് അത് പറ്റില്ല.


                ചൊവ്വ


ഉറങ്ങാന്‍ പറ്റിയില്ല. സ്വന്തം വീട്ടില്‍ ബന്ദിയായി കഴിയേണ്ടി വരുന്ന മറ്റൊരു ദിവസം കൂടി പിറന്നു. ഇത്തിരി പ്രാതലുണ്ടാക്കി കഴിച്ചു.
തൊട്ടടുത്ത മുറിയിലുള്ള ഉമ്മ ഫോണില്‍ വിളിക്കുന്നു, എന്റെ ഭാര്യയെ. ബാക്കിയെല്ലാവരും ടി.വി ശ്രദ്ധിക്കുന്നു.
ഇതാ ആ സമയമെത്തിയിരിക്കുന്നു. ഈ കെട്ടിടം ഒഴിയണമെന്ന് മുന്നറിയിപ്പ് വന്നു.
പ്രഭാതത്തിലെ അല്‍പശാന്തി, വലിയ പരിഭ്രാന്തിക്ക് വഴിമാറി. ബാപ്പ ഉറക്കെ തിടുക്കം കൂട്ടുന്നു: 'എല്ലാവരുമതാ നിരത്തിലെത്തി.'
ഞാനെന്റെ ലാപ്ടോപ്പും മുമ്പേ പാക്ക് ചെയ്തുവെച്ച ബാഗുമെടുത്തു. കോണിപ്പടിയില്‍, പുറത്തേക്ക് ഓടുന്നവരുടെ തിരക്ക്, കുട്ടികളുടെ കരച്ചില്‍.
പുറത്തേക്ക് കാലെടുത്തു വെച്ചതും 50 മീറ്റര്‍ അകലെ, അല്‍മിനാ തുറമുഖത്ത് സ്ഫോടനം.
ഒരു മണിക്കൂറിനു ശേഷം യു.എന്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ അഭയം തേടി.

          ബുധന്‍

സ്വന്തം രക്ഷ നോക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് പറയുന്നു, ലോകമെങ്ങുമുള്ള ടി.വി സ്റ്റുഡിയോകളിലെ ബുദ്ധിരാക്ഷസന്‍.
ഇതാണോ സ്വയം രക്ഷിക്കുന്ന രീതി? കുടുംബങ്ങളുടെ തലകള്‍ക്കു മുകളില്‍ കെട്ടിടങ്ങള്‍ വീഴ്ത്തിക്കൊണ്ടോ?
കൂട്ടക്കൊല, പിന്നെയും കൂട്ടക്കൊല, പിന്നെയും കൂട്ടക്കൊല.
വൈദ്യുതി പാടേ വിഛേദിച്ചിരിക്കുന്നു. ഗസ്സയിലേക്ക് കടക്കാനോ അവിടെനിന്ന് പുറത്തു പോകാനോ പറ്റാത്ത വിധം പ്രദേശം മുദ്ര വെച്ചിരിക്കുന്നു.
വെള്ളം കിട്ടാന്‍ പ്രയാസം. അവശ്യവസ്തുക്കളും ദുര്‍ലഭം.
ഫോണില്‍ ഒരു മെസ്സേജ് എത്തുന്നു: 'സല്‍മ അല്‍ അത്റാശ് രക്തസാക്ഷിയായി.'
എന്റെ മിടുക്കിയായ വിദ്യാര്‍ഥിനി. സല്‍മാ, സമാധാനമായി ഉറങ്ങുക.
മരണം ചുറ്റും പെയ്യുന്നു. വിവരിക്കാനാവാത്ത ഭീകരതയോടെയാണ് പലതും.
മനുഷ്യാവകാശം പോയിട്ട് ജീവിക്കാനുള്ള അവകാശം പോലും ഞങ്ങള്‍ക്കില്ല. 'മനുഷ്യ മൃഗങ്ങള്‍' എന്നാണല്ലോ ഞങ്ങള്‍ക്കവര്‍ പേരിട്ടിരിക്കുന്നത്.
ഞങ്ങള്‍ ചെയ്ത കുറ്റമോ? സമാധാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹിച്ചു; അധിനിവേശത്തില്‍നിന്ന് മോചനമാഗ്രഹിച്ചു.


    
        വ്യാഴം

വാര്‍ത്തയില്‍നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല. എവിടെയോ 'വെടിനിര്‍ത്തല്‍' എന്ന വാക്ക് കാണില്ലേ എന്ന് നോക്കുകയാണ്.
പക്ഷേ, ഇന്ന് കൂട്ടക്കൊലകളുടെ ദിനമാണ്. കീഴ്മേല്‍ മറിയുന്ന വീടുകളില്‍ അപ്രത്യക്ഷരാകുന്ന കുടുംബങ്ങള്‍.
നിരപരാധികളുടെ ചിന്നിച്ചിതറിയ മാംസക്കഷണങ്ങളാണ് കൂമ്പാരങ്ങളില്‍നിന്ന് വലിച്ചെടുക്കുന്നത്.
മക്കളെല്ലാം നഷ്ടപ്പെട്ട പിതാക്കള്‍. മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞു പൈതങ്ങള്‍. എന്റെ പരിചയക്കാരനായ ജേണലിസ്റ്റ് അലി ജദല്ലക്ക് കുടുംബത്തിലെ അഞ്ചുപേരെ ഇന്ന് നഷ്ടപ്പെട്ടു. എന്ന് തീരും ഇത്?


        വെള്ളി

മനസ്സ് ശൂന്യമായ പോലെ. മനോനില തെറ്റുന്നോ എന്ന തോന്നല്‍. പാതിരാക്ക് ഒരു മണിക്ക് എന്നെ ബാപ്പ വിളിച്ചു. ആ സ്വരത്തില്‍ തന്നെ ഞാന്‍ പന്തികേട് അറിഞ്ഞു.
ഇവിടെനിന്നും വിട്ടുപോകണമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നു.
മനസ്സ് കടിഞ്ഞാണ്‍ പൊട്ടിച്ചോടുന്നു. ഒന്നും യഥാര്‍ഥമല്ലെന്ന പോലെ. പേടിസ്വപ്നങ്ങള്‍ സാധാരണമാണ്. പക്ഷേ, അതില്‍നിന്നെല്ലാം ഉണരാറുണ്ട്. ഇപ്പോള്‍ ഇതില്‍നിന്ന് ഉണര്‍ച്ചയില്ല.
യു.എന്‍ കേന്ദ്രത്തില്‍ വിദേശ ഉദ്യോഗസ്ഥരടക്കം അമ്പരപ്പിലാണ്. എന്താണിതെല്ലാം?
മരിച്ചാലും പോകില്ലെന്ന് ചിലര്‍. പോയാല്‍ തന്നെ അവിടെയും ഭീഷണി വരില്ലേ എന്ന് വേറെ ചിലര്‍.
കാലത്ത് ആറുമണിയായപ്പോഴേക്കും എല്ലാവരും പോകാന്‍ തയാറായി. എങ്ങോട്ട്? അറിയില്ല.
യാത്രക്കിടെ കുടുംബം പിരിഞ്ഞു. ഞാനും ഭാര്യയും ഒരു വഴിക്ക്; ബാപ്പയും എന്റെ സഹോദരന്മാരും മറ്റൊരു വഴിക്ക്.
ചെറിയൊരു അപ്പാര്‍ട്ട്മെന്റ് കിട്ടി. ബോംബ് വീഴുന്ന ശബ്ദത്തില്‍ ഇളകിയാടുന്ന ഒന്ന്.
ഇവിടം പറ്റില്ല. പോവുക തന്നെ.
രാത്രിയില്‍ ബാപ്പയെയും സഹോദരന്മാരെയും കണ്ടു. അത്രയും സമാധാനം. അവര്‍ക്ക് എന്തുപറ്റി എന്ന് വേവലാതിപ്പെടേണ്ടല്ലോ. ഒന്നിച്ച് ജീവിക്കാം, അല്ലെങ്കില്‍ ഒന്നിച്ച് മരിക്കാം.


       ശനി


ഒന്നിനും ഒരു തീര്‍ച്ചയില്ല. ഇന്ന് ഇനി എന്തൊക്കെയാണാവോ!
ഇളയ അനുജന് കാനഡ എംബസിയില്‍ നിന്നൊരു സന്ദേശം കിട്ടി. റഫാ അതിര്‍ത്തിയിലേക്ക് പോകാം എന്ന്.
പക്ഷേ, പാസ്പോര്‍ട്ട് എന്റേതും ഭാര്യയുടേതും മാത്രം. മറ്റുള്ളവര്‍ ബൈത് ഹനൂനില്‍നിന്ന് എടുക്കാന്‍ വിട്ടു. എന്ത് ചെയ്യും? ഇനി അങ്ങോട്ട് ചെല്ലുന്നത് ജീവന്‍ പണയം വെക്കലാണ്.
ഇളയ അനുജന്‍ പറഞ്ഞു- ഞാന്‍ പോയി കൊണ്ടുവരാം. ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ പെട്ടുപോയ ഭാവി വധുവിനെ കൂടി കൂട്ടാം.
അവന്‍ പോയി. ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയവുമായി ഞങ്ങള്‍ കാത്തിരുന്നു. മനസ്സുരുകി പ്രാര്‍ഥിച്ചു.
ഏതാനും മണിക്കൂര്‍ കഴിഞ്ഞ് അവന്‍ ഭാവി വധുവുമായി എത്തി. ഇനി റഫായിലേക്ക്.
പുറത്ത് ആരുമില്ല. പ്രേതനഗരം. രണ്ട് വെള്ള ഷര്‍ട്ടുകള്‍ ഉയര്‍ത്തി വീശിക്കൊണ്ട് ഞങ്ങള്‍ ഓടി. ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ എല്ലാം പിന്നില്‍ ഉപേക്ഷിച്ചുകൊണ്ട്. ചുറ്റും ബോംബുകള്‍ വീഴുന്നുണ്ട്.
       ഞായര്‍


ഉറ്റവരുടെ മരണത്തെപ്പറ്റി വിവരങ്ങള്‍ വന്നുകൊണ്ടിരുന്നു. ഞങ്ങള്‍ ഖാന്‍ യൂനുസിലെത്തി. ക്ഷീണിച്ച്, വിവശരായി.
പക്ഷേ, റഫാ അതിര്‍ത്തി അടഞ്ഞുകിടക്കുന്നു. ഗേറ്റ് തുറക്കുന്നതും കാത്ത് ആയിരങ്ങള്‍ പുറത്തുണ്ട്.
റൊട്ടിക്ക് നീണ്ട ക്യൂ. മനുഷ്യ മഹാദുരന്തം. ലോകം മനുഷ്യാവകാശ ദിനം ആചരിക്കട്ടെ!


             തിങ്കള്‍


പുലര്‍ച്ചെ, ഫജ് ര്‍ പ്രാര്‍ഥനക്ക് ഒരുങ്ങവേ കേട്ടു, പുതിയ കൂട്ടക്കൊലയുടെ വാര്‍ത്ത. ഗസ്സ നഗരത്തിലെ അനേകം വാസസ്ഥലങ്ങള്‍ തകര്‍ത്തിരിക്കുന്നു.
ആരോ പറഞ്ഞു: മരിച്ചുകഴിഞ്ഞവര്‍ ഭാഗ്യവാന്മാര്‍. മനസ്സിന്റെ പിരിമുറുക്കം അനുഭവിക്കേണ്ടല്ലോ.
റഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് സമ്മതിക്കണം. ഇതുവരെ അനുമതി വന്നിട്ടില്ല.
രാവാകുന്നു. പ്രതീക്ഷ മങ്ങുന്നു.
കുളിച്ചിട്ടില്ല. വെള്ളം തന്നെ ദുര്‍ലഭം. റൊട്ടിയും കുറവ്.
സഹായമില്ല. ആരും ഞങ്ങളെ കേള്‍ക്കുന്നില്ല. ഞങ്ങള്‍ വെറും സ്ഥിതിവിവരക്കണക്ക് മാത്രം.

        
        ചൊവ്വ


ഒരു കൂട്ടക്കൊല കൂടി.
ഇത്തവണ സ്ഫോടനം ഞങ്ങള്‍ അഭയം തേടിയിരുന്ന ഖാന്‍ യൂനുസ് കെട്ടിടത്തില്‍ തന്നെ. എന്റെ ഭാര്യ ക്ഷീണിച്ചിരിക്കുന്നു. ഞാനും. ചുറ്റുമുള്ള എല്ലാവരും.
തകര്‍ന്ന ഓരോ വീട് കാണുമ്പോഴും ചിന്തിക്കും, അതില്‍പ്പെട്ട് മരിച്ചത് ഞാനാണ് എന്ന്. എന്റെ ഉറ്റവരാണ് എന്ന്. മനുഷ്യാവകാശത്തെപ്പറ്റി പറയുന്ന ലോകം ടി.വിയില്‍ നിസ്സംഗതയോടെ കാണുന്ന ആ കൂട്ടക്കുരുതിയുണ്ടല്ലോ. അടുത്ത കുരുതി വാര്‍ത്ത ഞങ്ങളാകാം.
അപ്പോഴും ലോകം ഇസ്രായേലിന്റെ 'സ്വയം രക്ഷ'യെപ്പറ്റി വാചാലരാകും. മനുഷ്യാവകാശ ദിനം ആചരിക്കും.

വിവ: ഇന്‍സാന്‍

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media