ഇസ്രായേല്‍ എന്ന രാഷ്ട്രീയ ഭീകരത

ആദം അയൂബ്
ഡിസംബര്‍ 2023
ഐക്യരാഷ്ട്ര സഭ പാസ്സാക്കിയ യുദ്ധനിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഫലസ്തീനില്‍ നടന്നു കൊണ്ടിരിക്കുന്നത്.

'1921ല്‍ കൈറോവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വിസ്‌കിയും നുണഞ്ഞിരിക്കുമ്പോള്‍, എന്റെ പേനയുടെ ഒരു ചെറു ചലനത്തിലൂടെ ഞാന്‍ ട്രാന്‍സ് ജോര്‍ദാന്‍ എന്ന രാജ്യം സൃഷ്ടിച്ചു.''
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വീരവാദമാണിത്. അതുപോലെ മറ്റൊരു തൂലിക ചലനത്തിലൂടെയാണ് 1947ല്‍ ഐക്യരാഷ്ട്ര സഭ ഇസ്രായേല്‍, ഫലസ്തീന്‍ രാഷ്ട്രങ്ങള്‍ സൃഷ്ടിച്ചത്. ബ്രിട്ടീഷ് കോളനി ആയിരുന്ന ഫലസ്തീന്‍ 1948ല്‍ ബ്രിട്ടനില്‍നിന്ന് മോചിതമാവുമ്പോള്‍ ഫലസ്തീനെ വിഭജിച്ച് ഇസ്രായേല്‍, ഫലസ്തീന്‍ എന്നീ രണ്ടു രാജ്യങ്ങള്‍ നിലവില്‍ വരുമെന്നായിരുന്നു ഐക്യരാഷ്ട്ര സഭ പ്രഖ്യാപനം. തങ്ങളുടെ രാജ്യം വിഭജിക്കുന്നതിനെ കുറിച്ച് ഫലസ്തീന്‍ ജനതയോട് ആരും അഭിപ്രായം ചോദിക്കുക പോലും ചെയ്തില്ല.
അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ ഇസ്രായേലിന് അംഗീകാരം നല്‍കി. ഐക്യരാഷ്ട്ര സഭ ഇസ്രായേലിന് അംഗത്വവും നല്‍കി. പക്ഷേ, ഫലസ്തീന്‍ കടലാസ്സില്‍ മാത്രം. യു.എന്‍ നല്‍കിയത് ഒബ്‌സര്‍വര്‍ പദവി മാത്രമാണ്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ജൂതന്മാര്‍ വാഗ്ദത്ത ഭൂമിയിലേക്ക് പ്രവഹിച്ചു. പൊതുവെ ജൂതന്മാര്‍ തങ്ങളുടെ നിയന്ത്രിത സാമൂഹ്യ ക്രമങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നവരായിരുന്നു. അവര്‍ വസിച്ചിരുന്ന രാജ്യങ്ങളിലൊന്നും അവര്‍ തദ്ദേശീയരുമായി കൂടുതല്‍ ഇടപഴകിയിരുന്നില്ല. ലോകത്തിലെ ഏതു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കില്‍ പാസ്‌പോട്ട്, വിസ തുടങ്ങിയ ഔദ്യോഗിക അനുമതി പത്രങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, ലോകത്തെവിടെയും താമസിച്ചിരുന്ന ജൂതര്‍ക്ക് ഒരു കടലാസ് പോലും കാണിക്കാതെ ഇസ്രായേലിലേക്ക് കുടിയേറാം. ഓരോ രാജ്യത്തും താമസിക്കുന്ന ജൂതന്മാര്‍ അതതു രാജ്യത്തെ പൗരന്മാരാണ്.
  യൂറോപ്പില്‍നിന്നും വന്ന ജൂതന്മാരാണ് ജൂത-അറബ് സംഘര്‍ഷത്തിന് മുഖ്യ കാരണക്കാര്‍. അതിന്് പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, ഫലസ്തീന്‍ ജൂതന്മാരുടെ വാഗ്ദത്ത ഭൂമിയാണെന്ന പ്രമാണവാക്യം അവര്‍ അന്ധമായി വിശ്വസിച്ചു. ചരിത്രപരമായി ആ അവകാശ വാദത്തിന് യാതൊരു അടിത്തറയും ഇല്ലായിരുന്നു. രണ്ട്, സ്വന്തം സാംസ്‌കാരിക വൃത്തത്തിനു പുറത്തുള്ള ഒന്നിന്റെയും ക്രിയാത്മക മൂല്യത്തെ താത്വികമായി പോലും അംഗീകരിക്കാന്‍ അനുവദിക്കാത്ത മട്ടില്‍ രൂഢമൂലമാണ് പാശ്ചാത്യ സങ്കല്‍പം. ക്രിസ്തു മതം, യഹൂദ മതം എന്നിവയുമായി താരതമ്യം ചെയ്യാന്‍ പോലും അര്‍ഹതയില്ലാത്ത ഒന്നാണ് ഇസ്ലാം മതം എന്നായിരുന്നു അവരുടെ വിശ്വാസം.
ഇസ്രായേല്‍ ഒരു ചെറു രാജ്യമാണെങ്കിലും അമേരിക്കയിലെയും ബ്രിട്ടനിലെയും മറ്റു പല പാശ്ചാത്യ രാജ്യങ്ങളിയെയും നിര്‍ണായകമായ പദവികളില്‍ വിരാജിക്കുന്നത് ജൂതന്മാരാണ്. തീരുമാനങ്ങള്‍ എടുക്കാനും തീരുമാനങ്ങളെ സ്വാധീനിക്കാനും കഴിവുള്ള താക്കോല്‍ സ്ഥാനങ്ങള്‍ ജൂതന്മാര്‍ കൈയടക്കി വെച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ഇസ്ലാമോഫോബിയ എന്ന വിഷക്കൊടുങ്കാറ്റ് ലോകമൊട്ടുക്കും വ്യാപിപ്പിക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞു. തദ്ദേശീയ ജനതയെ അവരുടെ പാര്‍പ്പിടങ്ങളില്‍നിന്ന് പുറംതള്ളി അവരുടെ ഭൂമി പിടിച്ചെടുക്കാന്‍ ഇസ്രായേലിനു കഴിയുന്നതും സാമ്രാജ്യത്വ ശക്തികളുടെ പിന്‍ബലത്തോടെയാണ്. അമേരിക്കയിലെയും ബ്രിട്ടനിലെയും  ഇവാഞ്ചലിക്കല്‍ ക്രൈസ്തവര്‍, രാഷ്ട്രീയ പ്രമാണിമാര്‍, അവിടങ്ങളിലെ ആഭിജാത വര്‍ഗമായ പ്രഭുക്കന്മാര്‍, ജൂത പ്രമാണികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഫലസ്തീന്‍ ജനതയെ ദുരന്തത്തിലേക്ക് തള്ളിയിട്ടത്.  
കോളനി വാഴ്ചയെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി ലോകം മുഴുവന്‍ കണക്കാക്കുന്നുണ്ടെങ്കിലും, ഫലസ്തീനിലെ   ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശത്തെ എതിര്‍ക്കാന്‍ അറബ് രാജ്യങ്ങള്‍ പോലും മടിക്കുന്നു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം രണ്ടു തുല്യ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല. ലോകത്തിലെ ഏറ്റവും വലിയ ആയുധ നിര്‍മാതാക്കള്‍, നിരായുധരും നിരാലംബരുമായ ഒരു ജനതയ്ക്കു മേല്‍ നടത്തുന്ന ഏകപക്ഷീയമായ ആക്രമണമാണ്. അവരുടെ മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ക്ക് മുന്നില്‍ ഇതുവരെ ഫലസ്തീനികളുടെ ആയുധം തെരുവില്‍ കിടക്കുന്ന കൊച്ചു കല്ലുകളായിരുന്നു. പ്രതിരോധത്തിന്റെ ജൈവഘടന ഓരോ ഫലസ്തീനിയുടെയും മനസ്സിലും മസ്തിഷ്‌കത്തിലും അന്തര്‍ലീനമാണ്. തോക്കേന്തിയ ഇസ്രായേലി പട്ടാളക്കാരനെ കാണുമ്പോള്‍, സ്വാഭാവിക പ്രതിരോധമെന്നോണം കൊച്ചു കുട്ടികള്‍ പോലും കല്ലെടുക്കാന്‍ കുനിയുന്നത് അതുകൊണ്ടാണ്.
ഈ നിസ്സഹായാവസ്ഥയില്‍ ഫലസ്തീനിനെ പ്രതിരോധിക്കാന്‍ ഹമാസ് ആയുധമെടുത്തപ്പോള്‍ അതുമാത്രം വലിയ ഭീകര പ്രവര്‍ത്തനമായി സാമ്രാജ്യത്വ ശക്തികള്‍ കാണുന്നു.
ആയിരക്കണക്കിന് രോഗികളും ഇസ്രായേലിന്റെ ഭീകര ആക്രമണങ്ങളില്‍ മുറിവേറ്റവരും കഴിഞ്ഞിരുന്ന ആശുപത്രിക്കും, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഭയവിഹ്വലരായ സാധാരണക്കാര്‍ അഭയം തേടിയിരുന്ന ഗസ്സയിലെ പുരാതനമായ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചിലും ബോംബിട്ട ഇസ്രായേലിന്റെ കിരാതമായ നടപടി ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ അംഗീകരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും.
  1400ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, യുദ്ധത്തിന് പുറപ്പെടുന്നതിനു മുമ്പ് പടനായകനായ മുഹമ്മദ് നബി തന്റെ അനുയായികളോട് പറഞ്ഞു: 'യുദ്ധത്തില്‍ ഒരിക്കലും സ്ത്രീകളെയും കുട്ടികളെയും കൊല്ലരുത്. അവരെ ഒരു തരത്തിലും ഉപദ്രവിക്കരുത്.' എന്നാല്‍, ഇത്തരമൊരു ആഹ്വാനം നല്‍കാന്‍ ലോകത്തിനു നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു. ഐക്യരാഷ്ട്ര സഭ പാസ്സാക്കിയ യുദ്ധനിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഫലസ്തീനില്‍ നടന്നു കൊണ്ടിരിക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ട്, ഇസ്രായേല്‍ നടത്തിയ അതിഭീകരമായ ഗസ്സ ആക്രമണം ലോക യുദ്ധ ചരിത്രത്തിലെ അതിദാരുണമായ അധ്യായമാണ്. ഒരു നഗരം മുഴുവന്‍ നശിപ്പിക്കാന്‍ ഒരു ടണ്‍ ബോംബ് മതിയാകും. പക്ഷേ, ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ നൂറുകണക്കിന് ടണ്‍ ബോംബാണ് അവര്‍ വര്‍ഷിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും കടലാസിന്റെ വില പോലും കല്‍പ്പിക്കുന്നില്ലെന്ന് ഇസ്രായേല്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ എല്ലാ പ്രമേയങ്ങളെയും തീരുമാനങ്ങളെയും നിഷ്ഫലമാക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ വീറ്റോ അധികാരമാണ് ഐക്യരാഷ്ട്ര സഭയെ വെറും  നോക്കുകുത്തിയായി അധഃപതിപ്പിച്ചത്. എന്നാലിപ്പോള്‍ അന്തോണിയോ ഗുട്ടെറസ് എന്ന സെക്രട്ടറി ജനറലിനു പോലും ആദ്യമായി ഇസ്രായേലിന്റെ അതിക്രമങ്ങളെ അപലപിക്കേണ്ടി വന്നിരിക്കുന്നു. അതേതുടര്‍ന്ന് ഐക്യരാഷ്ട്ര സഭയെ ഒരു പാഠം പഠിപ്പിക്കുമെന്നും ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥര്‍ക്ക്  വിസ അനുവദിക്കുകയില്ലെന്നുമുള്ള ഇസ്രയേലിന്റെ പ്രഖ്യാപനം ധിക്കാരത്തിന്റെ പാരമ്യമാണ്. തങ്ങള്‍ ലോകത്തില്‍ ആരെയും ഭയപ്പെടുന്നില്ലെന്നും, തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ ചെയ്യുമെന്നുമുള്ള അഹന്തയുടെ അലര്‍ച്ചയാണത്. അതുകൊണ്ടു തന്നെയാണ് എല്ലാ ലോക മര്യാദകളും യുദ്ധനീതികളും അതിലംഘിച്ചു കൊണ്ട്, നിരോധിത വൈറ്റ് ഫോസ്ഫറസ് എന്ന മാരക രാസവസ്തു അവര്‍ ഫലസ്തീനിനു നേരെ വ്യാപകമായി ഉപയോഗിക്കുന്നത്. വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവ വിച്ഛേദിക്കല്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിവ ബോംബിട്ടു തകര്‍ക്കല്‍ തുടങ്ങിയ കൊടും ഭീകര പ്രവൃത്തികളാണ്  നിസ്സഹായരായ ഒരു ജനതയ്ക്ക് മേല്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീനികളെ മുഴുവന്‍ കൊന്നൊടുക്കി അവരുടെ അവശേഷിക്കുന്ന ഭൂമി കൂടി സ്വന്തമാക്കുക എന്ന ഹീന തന്ത്രമാണ് ഇസ്രായേല്‍ പയറ്റുന്നത്.
ശക്തരുടെ കടന്നാക്രമണങ്ങളെ ന്യായീകരിക്കുകയും, ദുര്‍ബലരുടെ ചെറുത്തുനില്‍പ്പിനെ ഭീകരപ്രവര്‍ത്തനമായി മുദ്രകുത്തുകയും ചെയ്യുന്ന പാശ്ചാത്യ ക്രൈസ്തവ വേദ ശാസ്ത്രം അംഗീകരിക്കുന്നില്ലെന്ന് ഫലസ്തീനിലെ ക്രൈസ്തവ സഭകള്‍ ഒറ്റക്കെട്ടായി ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ക്രൈസ്തവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തദ്ദേശീയര്‍ പ്രാണരക്ഷാര്‍ഥം അഭയം തേടിയ ഗസ്സയിലെ പുരാതന ചര്‍ച്ചിനുമേല്‍ ബോംബുകള്‍ വര്‍ഷിച്ചു സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരാലംബരായ മനുഷ്യരെ കൊന്നൊടുക്കിയ ഇസ്രായേല്‍ ഭീകരത അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറയുന്നു..
ലോകത്തിലെ ഏറ്റവും വലിയ ആയുധ നിര്‍മാതാക്കളാണ് ഇസ്രായേല്‍. ഏറ്റവും ആധുനികവും മാരക ശേഷിയുള്ളതുമായ ആയുധങ്ങളാണ് അവരുടെ കൈയിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും വലിയ ശമ്പളവും ആനുകൂല്യങ്ങളും അനുഭവിക്കുന്നവരാണ് ഇസ്രായേലി പട്ടാളക്കാര്‍. പക്ഷേ, അവര്‍ക്ക് അവരുടെ ആയുധ ബലവും പട്ടാളക്കരുത്തും ഉപയോഗിക്കാന്‍ പറ്റിയ ശത്രുക്കളില്ല. ലോകത്ത് സംഘര്‍ഷമുണ്ടായാലേ അവരുടെ ആയുധ വിപണി വിപുലമാകൂ. നിരായുധരായ ഫലസ്തീനികളെ അവര്‍ നിഷ്‌കരുണം കൊന്നൊടുക്കുന്നതിന്റെ മൂന്നാമത്തെ കാരണം അതാണ്. ഫലസ്തീനിലെ നിസ്സഹായരായ ജനതയെ ഉപയോഗിച്ച് അവര്‍ അറബ് രാഷ്ട്രങ്ങളെ വെല്ലുവിളിക്കുകയാണ്. കൊച്ചു കുട്ടികള്‍ കളിത്തോക്കുകള്‍ ഉപയോഗിച്ച് കളിക്കുന്നതു പോലെ തിന്നു കൊഴുത്തു മദിച്ചിരിക്കുന്ന ഇസ്രായേലി പട്ടാളക്കാര്‍ ഫലസ്തീനി കുട്ടികളുടെ നെഞ്ച് പിളര്‍ത്തുന്ന വെടിയുണ്ടകള്‍ വര്‍ഷിച്ചു കളിച്ചു രസിക്കുകയാണ്. കുട്ടികളുടെ ആര്‍ത്തനാദങ്ങള്‍ അവരെ കൂടുതല്‍ ഉന്മത്തരാക്കുന്നു.
   അവസാനത്തെ ഫലസ്തീനിയും മരിച്ചുവീഴുന്നത് വരെ അവര്‍ ഈ യുദ്ധക്കളി കളിച്ചുകൊണ്ടിരിക്കും. അമേരിക്കയിലും ബ്രിട്ടനിലും മറ്റു രാജ്യങ്ങളിലും അരങ്ങേറുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. ലോകത്തു യുദ്ധങ്ങള്‍ ഉണ്ടാവേണ്ടത് ആയുധ നിര്‍മാതാക്കളായ ഇസ്രായേലിന്റെ ആവശ്യമാണ്. അതുണ്ടാകുന്നില്ലെങ്കില്‍, അവര്‍ ഫലസ്തീനിനെ ഉപയോഗിച്ചുകൊണ്ട് ലോകത്തെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കും, ഫലസ്തീന്‍ അധീനപ്പെടുത്തിക്കഴിഞ്ഞാല്‍ അവര്‍ പുതിയ യുദ്ധ മുന്നണികള്‍ തുറക്കും.
ചരിത്രത്തില്‍ അഹങ്കാരികളായ നിരവധി ഏകാധിപതികള്‍ കടന്നുപോയിട്ടുണ്ട്. അവരുടെയൊക്കെ ഭീകരമായ അന്ത്യം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അയച്ചുവിടുന്ന ചരടുകള്‍ വലിക്കാന്‍ സ്രഷ്ടാവിന് ഒരു നിമിഷം മതി. അങ്ങനെയൊരു അപ്രതീക്ഷിത അന്ത്യം ഇസ്രായേലിനെയും കാത്തിരിപ്പുണ്ട്.
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media