ഹയ മോളെഴുതിയ ഒസ്യത്ത്
പി.ടി കുഞ്ഞാലി
ഡിസംബര്‍ 2023
ദാരിദ്ര്യം ഭക്ഷണമാക്കിയും ക്ഷമ വസ്ത്രമാക്കിയും ആത്മവിശ്വാസം പ്രാര്‍ഥനയാക്കിയും കഴിയുന്ന ഒരു ദേശത്തെ ജനതയെക്കുറിച്ച്
ഞാനീ തുണ്ട് കടലാസില്‍ എഴുതിവെയ്ക്കുന്നത് സ്റ്റേഹമുള്ളവരേ, എന്റെ അവസാനത്തെ ജീവിതാഭിലാഷമാണ്. ഇനി ഞാനെന്റെ കൂട്ടുകാരികളോടൊത്ത് പള്ളിക്കൂടത്തിലെത്തിയെന്ന് വരില്ല. ഞാനവരോടൊത്ത് ഗസ്സയിലെ തെരുവില്‍ കളിച്ചു രസിച്ചേക്കില്ല. വീട്ടുമുറ്റത്തെ ഒലീവ് മരത്തില്‍ കയറി കായ പറിക്കില്ല. എന്റെ മണിപ്പൂച്ചയെ ഓമനിച്ചെന്നുവരില്ല. ശത്രു ആകാശത്തുണ്ട്. ഏത് നേരവും ഞാനും മറ്റുള്ളവരെപ്പോലെ തീഗോളമായി ആകാശത്തേക്കു പറക്കാം. ഇത്രയുമൊക്കെ ആത്മഗതമായി ഉറപ്പിച്ചെടുത്താകാം കുഞ്ഞു ഹയ തന്റെ സ്വന്തം കൈപ്പടയില്‍ ഹൃദയസ്പൃക്കായ ഈയൊരു വസിയ്യത്തെഴുതിവെച്ചത്. ഈ കുഞ്ഞും അവളുടെ ഉമ്മയുമൊന്നുമിപ്പോള്‍ ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ല. മരണം പെയ്തിറങ്ങുന്ന ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് നറും ബാല്യങ്ങള്‍ക്കും അവരുടെ പ്രിയപ്പെട്ട ഉമ്മമാര്‍ക്കുമിടയില്‍ ഒരുപക്ഷേ ഹയയും ചാരമായി കരിഞ്ഞു കിടപ്പുണ്ടാവും.
'എന്റെ പണക്കുഞ്ചിയില്‍ സൂക്ഷിച്ച ഷക്കേലുകള്‍ ഞാന്‍ എഴുതിവെച്ചത് പോലെ ഓഹരിയാക്കി നല്‍കണം. ഇതില്‍ നാല്‍പത്തഞ്ച് ഷക്കേല്‍ എന്റെ പ്രിയപ്പെട്ട ഉമ്മക്ക് മാത്രം നല്‍കണം. അഞ്ചു ഷക്കേല്‍ വീതം സൈനക്കും ഹാഷിമിനും അഞ്ച് ഷക്കേല്‍ പ്രിയ ഉമ്മാമ്മക്കും കൊടുക്കണേ. പൊട്ടിയതെങ്കിലും എന്റെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ കളിക്കൂട്ടുകാരികളായ സൈനക്കും അമലിനും എത്തിച്ചുകൊടുക്കണം. പിന്നെ, എന്റെ ഉടുപ്പുകളൊക്കെയും നിങ്ങള്‍ അമ്മാവന്റെ മകള്‍ക്ക് നല്‍കാന്‍ മറക്കരുത്. എന്റെ ഷൂവും അവള്‍ക്കുള്ളതാണ്. അത് മണ്ണ് പുതഞ്ഞ് വൃത്തിഹീനമായി കിടക്കുകയാണ്. അതവള്‍ക്ക് നല്‍കുമ്പോള്‍ നിങ്ങള്‍ കഴുകി വൃത്തിയാക്കിയേ കൊടുക്കാവൂ.' വംശഹത്യകള്‍ കരുണയില്ലാതെ പുളയ്ക്കുന്ന ഫലസ്തീന്‍ ദുരിതഭൂമിയില്‍നിന്ന് കാണാമറയത്തേക്ക് പോയ ഒരു വാരിളം ബാല്യം എഴുതിവെച്ച മരണ മൊഴിയാണിത്. ഈ കത്തെഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആ കുഞ്ഞനുഭവിച്ച മനോവ്യഥകളും അന്തഃസംഘര്‍ഷങ്ങളും മാത്രം ഒന്നാലോചിച്ചു നോക്കിയാല്‍ മതി, ഫലസ്തീനിലെ ഉമ്മമാരും കുഞ്ഞുങ്ങളും മുങ്ങിമരിക്കുന്ന ദുരിതങ്ങളുടെ ചാവുകടല്‍ കാണാന്‍.
യുദ്ധഭൂമിയില്‍ ഏത് പ്രാകൃത കാലത്തും മനുഷ്യര്‍ പവിത്രമായേറ്റ ചില പൊതു നിശ്ചയങ്ങളുണ്ട്. അതില്‍ പ്രധാനം കുഞ്ഞുങ്ങളും സ്ത്രീകളും പടപ്പറമ്പുകളില്‍ സുരക്ഷിതരായിരിക്കുമെന്ന തീര്‍പ്പാണ്. സയണിസ്റ്റ് യുദ്ധനിയമങ്ങളില്‍ പക്ഷേ, ഇങ്ങനെയൊരേട് പണ്ടേയില്ല. ഒരു തരം മാനവികതയും അവരില്‍ പ്രവര്‍ത്തിക്കുകയുമില്ല. 'നിങ്ങളവരെ ആസകലം അരിഞ്ഞു തള്ളുക, സ്ത്രീകളേയും ഒപ്പം പുരുഷരേയും, വൃദ്ധജനതകളേയും കുഞ്ഞുങ്ങളേയും ഒരു പോലെ. ഒപ്പം അവരുടെ കന്നുകാലികളേയും യാത്രാ മൃഗങ്ങളേയും. അവരുടെ ഒട്ടകങ്ങള്‍ക്കും ഒലീവു മരങ്ങള്‍ക്കും തീ വെക്കാം. യഹോവയുടെ തന്നെ അനുമതി ഇതിനുണ്ടെന്നാണല്ലോ സയണിസ്റ്റ് സംഘത്തലവന്റെ പുതിയ പ്രഖ്യാപനം.
കൂട്ടക്കുരുതിക്കുള്ള വിഷപ്പന്തങ്ങളുമായി കൊള്ളച്ചട്ടമ്പിമാര്‍ ഇവിടം ചാമ്പലാക്കാന്‍ എത്തുമെന്ന് കുഞ്ഞു ഹയക്കുമറിയാം. അതുകൊണ്ടാണ് അവള്‍ ഇങ്ങനെയൊരു ഒസ്യത്ത് നേരത്തേ എഴുതിവെച്ച് അനശ്വര ജീവിതത്തിന്റെ ആരാമത്തിലേക്ക് മടങ്ങാനൊരുങ്ങിയത്. ബോംബ് വര്‍ഷത്തിന്റെ ഏതോ ഒരു ഇടവേളയിലായിരിക്കാം അവള്‍ തന്റെ നിറം മങ്ങിയ സ്‌കൂള്‍ സഞ്ചി തുറന്നത്. അവളുടെ പള്ളിക്കൂടം എന്നേ താഴിട്ട് പൂട്ടിപ്പോയതാവാം. ആ വാരിളം ബാല്യം എഴുതിവെച്ചത് വിടര്‍ത്തി വായിച്ചാല്‍ അതിലുണ്ട് ഒരു ജനതയുടെ സഹനപര്‍വമപ്പാടെ. ഹയയുടെ ഉപ്പയും ഉമ്മയും ഉമ്മൂമ്മയും എങ്ങനെയൊക്കെയാണ് ജീവിതം തുന്നിയതെന്ന് കൃത്യമായി നമുക്കറിയില്ല. പക്ഷേ, ഒന്നറിയാം; ദാരിദ്ര്യം ഭക്ഷണമാക്കിയും ക്ഷമ വസ്ത്രമാക്കിയും ആത്മവിശ്വാസം പ്രാര്‍ഥനയാക്കിയുമാണ് ആ ദേശത്തെ ജനതയപ്പാടെ കരഞ്ഞു കഴിയുന്നത്.
ദിനത്തില്‍ ഒരുവട്ടം തളികയില്‍ വരുന്ന പരുക്കന്‍ റൊട്ടിയും ഒലീവിന്റെ ഇത്തിരി എണ്ണയുമായിരിക്കാം ഹയയുടെയും കൂട്ടുകാരുടേയും കുഞ്ഞു ദേഹത്തെ പോറ്റിയത്. അറേബ്യന്‍ ശൈത്യത്തെ വെല്ലാന്‍ അവരുടെ കുഞ്ഞു കൂടാരത്തില്‍ കട്ടിക്കമ്പളങ്ങള്‍ ഇല്ലായിരിക്കാം. പക്ഷേ, ഹരിത വില്ലീസുകളുമായി ഹയയെ പുതപ്പിക്കാന്‍ മാലാഖമാര്‍ പറന്നിറങ്ങുന്നത് ഉപ്പയും ഉമ്മയും പറഞ്ഞുകൊടുത്ത രാക്കഥകളില്‍ അവര്‍ അറിഞ്ഞുകാണും.
തീഗോളങ്ങളുമായി യന്ത്രക്കഴുകന്‍ കറങ്ങിയിറങ്ങുന്ന ഏതോ ഒരു അഭിശപ്ത നേരത്തായിരിക്കാം ഹയ കൂടാരം പരതി ഒരു കടലാസ് തുണ്ട് തരപ്പെടുത്തിയത്. അതില്‍ അവളെഴുതിയത് തന്റെ അന്ത്യാഭിലാഷങ്ങള്‍ മാത്രമല്ല, സ്‌നേഹത്തിന്റെ ഒരുപാട് അടയാള വാക്യങ്ങളുമാണ്. ഇല്ലായ്മയിലും ഉമ്മയും ബാപ്പയും നല്‍കിയ നാണയത്തുട്ടുകള്‍ ഏത് കുഞ്ഞുങ്ങളെയും പോലെ ഇവളും കുഞ്ചിയില്‍ സൂക്ഷിച്ചതാണ്. അന്നാ നാണയത്തുട്ടുകള്‍ പ്രിയ മകളുടെ കൈവെള്ളയില്‍ വെച്ചുകൊടുക്കുമ്പോള്‍ ആ കുരുന്നു കവിളില്‍ വിടരുന്ന മാരിവില്ലിന് പകരം ആ ഉമ്മയും വാപ്പയും അവരുടെ എത്രയെത്ര ആഹ്ലാദങ്ങള്‍ ബലിയാക്കിയിട്ടുണ്ടാവാം. അങ്ങനെ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളോടൊപ്പം ആ ഇളം പൈതലിന്റെ മനസ്സില്‍ ഏഴഴകുള്ള അസര്‍മുല്ലകള്‍ വിരിഞ്ഞുകാണും!
താനുപയോഗിച്ച കുഞ്ഞുടുപ്പുകളും അവള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് ആ കുറിപ്പില്‍ വരഞ്ഞ ഉടുപ്പിന്റെ ചിത്രം നമ്മളോട് പറയുന്നു. തന്റെ ഷൂ താന്‍ മരിച്ചാല്‍ കഴുകി വൃത്തിയാക്കി മാത്രമേ നിങ്ങള്‍ നല്‍കാവൂ എന്നെഴുതി, തന്റെ അരുമയായ ഒറ്റ ജോഡി ഷൂവിന്റെ ചിത്രവും ഈ പൂമ്പാറ്റ അതില്‍ കോറി വരച്ചു വെച്ചിട്ടുണ്ട്. ഏത് ഇല്ലായ്മയിലും ഉദാരമാകേണ്ടതെങ്ങിനെയെന്ന് ആ കുഞ്ഞിനറിയാം.
ഇങ്ങനെ എത്രയെത്ര കത്തുകളും ഒസ്യത്തുകളുമാകാം ഇളം ദേഹങ്ങളോടൊപ്പം ഗസ്സയിലെ കല്‍ക്കൂമ്പാരങ്ങളില്‍ ചാരമാക്കപ്പെട്ടത്! ജൂതപ്പടയുടെ വെടിയുണ്ടകള്‍ നെഞ്ച് പിളര്‍ത്തിയ പതിനാലുകാരനായ ആദം അല്‍ഖമൂറിന്റെ ദേഹം തെരുവോരത്ത് ചിതറി കിടക്കുന്നു. വെടിയൊച്ചകള്‍ അടങ്ങിപ്പാത്ത ഹ്രസ്വ ഇടവേളകളില്‍ സന്നദ്ധ മനുഷ്യര്‍ ആരൊക്കെയോ ആ ഇളം ദേഹം വാരിക്കൂട്ടി മണ്ണിലേക്ക് എടുത്തു വെച്ചു. അവന്റെ കാലുറകളിലെ കീശയില്‍ അപ്പോഴും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍. ആളുകളതില്‍ പരതി നോക്കി. അവര്‍ ഒരു നിമിഷം സ്തബ്ധരായി. അതില്‍ വീട്ടുകാര്‍ക്ക് വേണ്ടി ഈ ബാല്യം ഒരു സന്ദേശം എഴുതിവെച്ചിട്ടുണ്ട്; 'അല്ലാഹുവിന്റെ ഉതവികൊണ്ട് ഞാന്‍ രക്തസാക്ഷിയായാല്‍ നിങ്ങള്‍ വേദനിക്കരുത്. അത് ഞാന്‍ കാത്തിരിക്കുന്ന ശുഭദിനമാണ്.'
ഇങ്ങനെ എത്രയെത്ര സന്ദര്‍ഭങ്ങള്‍. ഉമ്മയും മക്കളും തമ്മില്‍ ആശ്ലേഷങ്ങള്‍ പുളക്കുന്ന സമ്മോഹന ജീവിതമാണ് നാടുകളിലും വീടുകളിലും സാധാരണ സംഭവിക്കുന്നത്. ഗസ്സയിലെ ഉമ്മമാര്‍ തലമുറകളായി അങ്ങനെയാണ്. ജീവിതത്തിന്റെ സര്‍വ സഹന തീക്ഷ്ണതയും അവര്‍ക്കറിയാം.
അവിടെ കുഞ്ഞുങ്ങളിപ്പോള്‍ പാഠശാലകളില്‍ പോകുന്നില്ല. പഠിക്കാന്‍ കുഞ്ഞുങ്ങളില്ലെങ്കില്‍ പിന്നെന്തിന് പള്ളിക്കൂടങ്ങള്‍. അവര്‍ക്ക് ഉടുപ്പും കളിക്കോപ്പുകളുമില്ല. അവര്‍ക്കായി ഭക്ഷണത്തളികകള്‍ നിരക്കുന്നില്ല. അവരുടെ കുഞ്ഞു കുഞ്ചികളില്‍ ഇന്ന് നാണയത്തുട്ടുകള്‍ വീഴുന്നേയില്ല. അവരുടെ കൈകളില്‍ വളകിലുക്കങ്ങളോ കാലുകളില്‍ കൊലുസ്സിന്റെ കിന്നാരമോ ഇല്ല. അരയില്‍ കുത്തരഞ്ഞാണങ്ങളുടെ നൃത്തവിസ്മയങ്ങളില്ല. വയര്‍ നിറയെ ആഹാരം നല്‍കി നുണക്കുഴികളില്‍ ഉമ്മ വെച്ച് സ്വന്തം കുഞ്ഞുങ്ങളെ താരാട്ടുപാടി ഉറക്കാന്‍ ഫലസ്തീനിലെ മാതാക്കള്‍ക്ക് എന്നേ ആവതില്ലാതായിരുന്നല്ലോ. ആ കുഞ്ഞുവിരലുകളിലിന്ന് പേനത്തലപ്പുകള്‍ നൃത്തം ചെയ്യുന്നില്ല. കടലാസുകളില്‍ ഒട്ടകവും ഒലിവു മരത്തോപ്പുകളും ചിത്രങ്ങളായി വിരിയുന്നില്ല. പക്ഷേ, ഊനമാര്‍ന്നതെങ്കിലും തങ്ങളുടെ സര്‍വ സ്ഥാവരജംഗമങ്ങളും മറ്റുള്ളവര്‍ക്ക് ഉദാരമായെഴുതിക്കൊടുത്ത് ക്രൂരതയുടെ ഈ ലോകത്തുനിന്ന് മറുലോകത്തിന്റെ തുറസ്സാര്‍ന്ന സാന്ദ്ര വിമലതകളിലേക്ക് പറന്നു പോകാന്‍ അവര്‍ തിടുക്കപ്പെടുന്നു.
അതുകൊണ്ടുതന്നെയാണ് അവിടത്തെ കുട്ടികള്‍ കൈത്തണ്ടകളില്‍ പേരും വിലാസവും കൊത്തിവെച്ച് കെട്ടിടാവശിഷ്ടങ്ങളിലേക്ക് കളിക്കാനിറങ്ങുന്നത്. അവര്‍ കളിക്കുന്നതോ കള്ളനും പോലീസുമല്ല. അവര്‍ കളിക്കുന്നത് കൊളോണിയല്‍ യജമാനന്മാരുടെ ക്രിക്കറ്റും ടെന്നീസുമല്ല. അവര്‍ കളിക്കുന്നത് ഭാവനയില്‍ മാത്രം രക്തസാക്ഷികളായ തന്റെ കളിക്കൂട്ടുകാരനെ എങ്ങനെ പുടവയുടുപ്പിച്ച് ഖബറടക്കണമെന്ന് പഠിപ്പിക്കുന്ന കളികളാണ്. ഈ കളിയില്‍ ഏര്‍പ്പെട്ട കുട്ടികളെ നോക്കി അഭിമാനികളായി പ്രാര്‍ഥിക്കുന്ന അവരുടെ ഉമ്മമാരുടെ ചിത്രമാണിന്ന് ഗസ്സയില്‍ നിന്നെത്തുന്നത്.
പീഡാകരത്തിന്റെ ഇക്കാലത്ത് നാം രണ്ടു കുട്ടികളെ തീര്‍ച്ചയായും ഓര്‍ത്തെടുക്കണം. നാസി പീഡന ക്യാമ്പില്‍ അകപ്പെട്ടുപോയ ഒരു ജൂത പെണ്‍കൊടി ഹിറ്റ്‌ലറുടെ തടവില്‍ ലഭ്യമായ ചേല് ചോര്‍ന്ന കടലാസില്‍ കുറ്റിപ്പെന്‍സില്‍കൊണ്ട് എഴുതിവെച്ച ദിനസരികളാണ്. അവള്‍ ആന്‍ ഫ്രാങ്ക്. ഇതീ കുഞ്ഞെഴുതിയതോ എന്ന് ചരിത്രപരമായി കൃത്യപ്പെട്ടിട്ടില്ലെങ്കിലും ഈ പേരില്‍ പുറത്തുവന്ന കുറിപ്പുകള്‍ എത്ര ഭാഷയിലും പരിഭാഷകളിലുമായാണ് ലോകമാസകലം യൂറോപ്പ് പ്രചരിപ്പിച്ചത്. അന്ന് അമേരിക്കക്കും ഇംഗ്ലണ്ടിനും മറച്ചുപിടിക്കാന്‍ ആറ്റംബോംബിന്റെ കുറ്റമുണ്ടായിരുന്നു. ജര്‍മനിയപ്പാടെ ഉഴുതുമറിച്ച വേവലാതിയുണ്ടായിരുന്നു. അത് ലോകം കാണാതിരിക്കാന്‍ എടുത്തുമറച്ച ഒരു പഴമുറമായിരുന്നു ഈ ദിനസരിയപ്പാടെ. ഇക്കാലത്തും ലോകമിത് കൊണ്ടാടുന്നു. ആ പീഡാകരങ്ങളില്‍നിന്ന് നീന്തിക്കയറിയ ഒരു ജനസമൂഹത്തിന് എങ്ങനെയാണ് ഗസ്സക്കുരുതിക്ക് കരളുറക്കുന്നത്? അന്നാ ക്യാമ്പുകളില്‍ നരകിച്ച കുരുന്നുകളെ നോക്കി എങ്ങനെയാവാം അവരുടെ അമ്മമാര്‍ ദിനങ്ങള്‍ തള്ളിയത്? അക്കഥകളും ചരിത്രത്തിലുണ്ടല്ലോ.
ദൈവകല്‍പനയാല്‍ തന്നെയെന്ന് ഉറപ്പുണ്ടായിട്ടും നൈല്‍ നദിയുടെ കല്ലോലങ്ങളിലേക്ക് യൂക്കാബദ് തന്റെ ഇളം പൈതല്‍ മൂസായെ സ്വയം ഒഴുക്കി അയക്കുമ്പോള്‍ പോലും, ആ മാതാവിന്റെ കരള്‍ ചിതറിയത് തോറാ പുസ്തകത്തില്‍ വായിച്ചു കരയുന്ന ഒരു വിഭാഗത്തിന് എങ്ങനെയാണ് കുഞ്ഞുങ്ങളോടും അവരുടെ പാല്‍ചുരത്തുന്ന മാതൃത്വത്തോടും ഇങ്ങനെ കൊടൂരത കാട്ടാന്‍ കഴിയുന്നത്? അവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ തീ കോരിയെറിഞ്ഞ് ചിരിക്കാന്‍ കഴിയുന്നത്?
l