ഞാന്‍ അദ്ദേഹത്തിന്റെ നനവ് പടര്‍ന്ന കണ്ണുകളിലേക്ക് നോക്കി. സന്തോഷമെന്ന് തോന്നിക്കുന്ന എന്തോ അവിടെയുണ്ട്. ഞാന്‍ പുഞ്ചിരിച്ചു. എല്ലായ്‌പ്പോഴും ഞാന്‍ എന്റെ പിതാവായി അറിഞ്ഞിരുന്ന മനുഷ്യന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് പൂര്‍ണമായി തിരിച്ചറിയാന്‍ കഴിയാതിരുന്ന ആ വ്യക്തിയല്ല തിരിച്ചു വന്നിരിക്കുന്നത്. മറ്റെന്തോ ചിന്തിച്ചുകൊണ്ട് ചുമരുകളിലേക്ക് നിശ്ശബ്ദം നോക്കിയിരിക്കുന്ന, വീട്ടില്‍ ആര് സംസാരിച്ചാലും ഒരു താല്‍പ്പര്യവുമില്ലാതെ തലയാട്ടിക്കൊണ്ടിരിക്കുന്ന ആളേ അല്ല അദ്ദേഹമിപ്പോള്‍. അദ്ദേഹം ശരിക്കും ഇപ്പോള്‍ ഇവിടെയുണ്ട്. സ്‌കൂളില്‍ കിട്ടിയ ഉയര്‍ന്ന മാര്‍ക്കിനെക്കുറിച്ച് ഞാന്‍ വലിയ വായില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. ഒരു ഫോണ്‍കാള്‍, പിന്നെ തുര്‍ക്കികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഏതോ ഒരു സ്ഥാപനം ഒപ്പിട്ട ഒരു കഷണം കടലാസ് - ഇത് രണ്ടുമാണ് എന്റെ പിതാവിനെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് വീണ്ടും നോക്കി, കുറെക്കൂടി സൂക്ഷ്മമായി, ആദ്യ നോട്ടത്തില്‍ എന്തോ പിശകുണ്ടായിരുന്നു എന്ന മട്ടില്‍. ആ കണ്ണുകളില്‍ കാണുന്നത് നിറഞ്ഞ സന്തോഷം തന്നെ എന്നറിഞ്ഞപ്പോള്‍ എന്റെ മുഖത്ത് അത് വലിയ പുഞ്ചിരിയായി വിരിഞ്ഞു.
ഞങ്ങള്‍ ഭൂമിദിനം ആചരിക്കാറുണ്ട്. 1976-ല്‍ ആയിരക്കണക്കിന് ദൂനം* ഭൂമി ഇസ്രയേല്‍ പിടിച്ചെടുത്തപ്പോള്‍ ഗ്രാമീണര്‍ ചെറുത്തു. ആ പോരാളികളെ ആദരിക്കാനാണ് ഭൂമിദിനം. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത ആറ് പേരാണ് രക്തസാക്ഷികളായത്. ഓരോ മാര്‍ച്ച് മുപ്പതും ആ ഭൂ സ്മരണ ഞങ്ങളിലേക്ക് കൊണ്ടുവരുന്നു. ഞങ്ങളുടെ പിതാവിനുണ്ടായിരുന്ന ഭൂമിയെക്കുറിച്ച ഓര്‍മ. ആഴ്ചകള്‍ക്ക് മുമ്പ് ഞങ്ങള്‍ക്കൊരു ഫോണ്‍കാള്‍ ലഭിച്ചു. പുനര്‍ നിര്‍മാണത്തിന് തുര്‍ക്കിയ രാജ്യം ഒരു ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഫണ്ട് ലഭിക്കുന്നവരില്‍ നിങ്ങളുടെ പിതാവുമുണ്ട്. ഇതായിരുന്നു ഫോണിലൂടെ ലഭിച്ച വിവരം. 2008-ലെ ഇസ്രയേല്‍ കടന്നാക്രമണത്തില്‍ കൃഷിഭൂമിയിലെ ഒലിവ് വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെട്ട ഗസ്സയിലെ കര്‍ഷകര്‍ക്ക് വീണ്ടും വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കാനാണ് സഹായം നല്‍കുന്നത്. വേലി കെട്ടാനുള്ള സാധന സാമഗ്രികള്‍, വിത്ത്, ചെടികള്‍, ജലസേചന സൗകര്യങ്ങള്‍ ഇതെല്ലാം നല്‍കാമെന്ന് തുര്‍ക്കിയ ഏജന്‍സി ഏറ്റിട്ടുണ്ട്. ഇത്തരം ഏജന്‍സികളോടൊന്നും അബ്ബ നഷ്ട പരിഹാരത്തിന് അപേക്ഷിക്കാറില്ല. ഭൂമിക്ക് പകരം പണം കിട്ടിയാല്‍ മതിയാകുമോ? പക്ഷേ, ഈ ഏജന്‍സി പണമല്ല നല്‍കുന്നത്. കര്‍ഷകരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ്.
അബ്ബ ജനിച്ചത് കര്‍ഷക കുടുംബത്തിലാണെങ്കിലും അദ്ദേഹം കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞില്ല. ഈജിപ്തിലേക്ക് പോയി സാമ്പത്തിക ശാസ്ത്രവും രാഷ്ട്രമീമാംസയും പഠിച്ചു. യുവത്വ കാലത്ത് പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. അദ്ദേഹം മുഖ്യമായും ഒരു കോളമിസ്റ്റ് ആയിരുന്നു. പിന്നെ കുവൈത്തിലെത്തി അവിടത്തെ പത്രങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങള്‍ അവലോകനം ചെയ്ത് കോളങ്ങള്‍ എഴുതി. അദ്ദേഹം ഗസ്സയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഞങ്ങളുടെ വല്യുപ്പയില്‍ നിന്ന് അനന്തരമായി കിട്ടിയ കൃഷിഭൂമി അദ്ദേഹത്തിന് നോക്കി നടത്തേണ്ടതായി വന്നു. പിന്നെപ്പിന്നെ ഭൂമി അദ്ദേഹത്തിന് വല്ലാത്തൊരു വികാരമായി. അത് അദ്ദേഹത്തിന് കേവലം തൊഴിലായിരുന്നില്ല. അദ്ദേഹം നന്നായി ശ്രദ്ധ കൊടുത്ത അല്‍പം കാര്യങ്ങളില്‍ ഒന്നായിരുന്നു കൃഷി. പകല്‍ മുഴുവന്‍ കൃഷിത്തോട്ടത്തിലായിരിക്കും. അത് ഭൂമിയിലെ സ്വര്‍ഗം ആയിരുന്നു.
ഇരുപത്തിയൊന്ന് ദിവസം നീണ്ട ഇസ്രയേല്‍ കടന്നാക്രമണ കാലത്ത്, ഗസ്സയിലെ കൃഷി ഭൂമികളിലൂടെ ബുള്‍ഡോസറുകള്‍ മേയുകയാണെന്നും ഒന്നും ബാക്കിയാവില്ലെന്നും ഞങ്ങളോട് പലരും പറയുന്നുണ്ടായിരുന്നു. ആയിരക്കണക്കിന് മരങ്ങള്‍ പോയി. നിങ്ങളുടെ അമ്മാവന്റെ മരങ്ങള്‍ പോയി. നിങ്ങളുടെ മരങ്ങളും പോയി. ഷര്‍ഗ എന്നറിയപ്പെടുന്ന ജില്ലയിലെ കിഴക്കുള്ള കൃഷിത്തോട്ടങ്ങളില്‍ ഇനിയൊന്നും ബാക്കിയില്ലെന്നും അവര്‍ പറഞ്ഞു. എല്ലാം ഊഹാപോഹങ്ങള്‍ - അബ്ബ അങ്ങനെ വിശ്വസിക്കാനാണ് ശ്രമിച്ചത്. ഞങ്ങളുടെ തോട്ടം ഒന്നും പറ്റാതെ മുമ്പത്തെപ്പോലെ തന്നെ അവിടെ ഉണ്ടാവുമെന്ന് ഞങ്ങളും വിശ്വസിച്ചു. മറ്റുള്ളവരുടെ തോട്ടങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകാം. ഞങ്ങളുടെ ആ മനോഹര തോട്ടം ആര്‍ക്ക് നശിപ്പിക്കാന്‍ തോന്നും! അത് പോലുള്ള ഒലിവ് മരങ്ങള്‍ മറ്റെവിടെയെങ്കിലുമുണ്ടോ! 'മുന്നും പിന്നും നോക്കാതെ കറുത്ത സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന നാട് വിട്ടു പോന്നതിന്' ചിലരൊക്കെ അബ്ബയെ കുറ്റപ്പെടുത്താമായിരുന്നു. കുവൈത്തിലെ എണ്ണക്കുളങ്ങളില്‍ ദിവസവും നീന്തിത്തുടിക്കുകയല്ലേ അദ്ദേഹം എന്നാണവര്‍ കരുതിയിരുന്നത്. പക്ഷെ അദ്ദേഹം എല്ലാറ്റിനെയും മറ്റൊരു രീതിയിലാണ് കണ്ടത്. അദ്ദേഹത്തിന് ഗസ്സയിലെ 'സൈത്തുല്‍ മുഖദ്ദസി' (വിശുദ്ധ ഒലിവെണ്ണ)ല്‍ മാത്രമായിരുന്നു വിശ്വാസം.
ഗസ്സയുടെ ആകാശത്തിന് വീണ്ടും നീലത്തെളിമ. യുദ്ധമൊക്കെ കഴിഞ്ഞിരിക്കുന്നു- വാര്‍ത്ത വന്നു. അദ്ദേഹം കൃഷിത്തോട്ടത്തിലേക്ക് പോയി. തന്റെ ഒലിവുകള്‍ക്ക് ഒന്നും പറ്റില്ല എന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ട്. ബുള്‍ഡോസര്‍ ഓടിക്കുന്നവന്റെ മനസ്സാക്ഷിയില്‍ അബ്ബാക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ല. അയാളുടെ മനസ്സാക്ഷി അയാളോട് പറയില്ലേ, ഇത്ര മൊഞ്ചുള്ള മരങ്ങളെ പിഴുതെറിയരുതെന്ന്. മനുഷ്യനന്മയില്‍ അബ്ബാക്ക് വിശ്വാസമുണ്ട്. ദൈവത്തില്‍ വിശ്വാസമുണ്ട്. അങ്ങനെ അരുതാത്തതൊന്നും സംഭവിക്കില്ല എന്ന വിശ്വാസത്തോടെ അവിടെ ചെന്നപ്പോള്‍ ... ആ യാത്രയില്‍ എന്റെ സഹോദരനും കൂടെയുണ്ടായിരുന്നു. അവനാണ് പറഞ്ഞ് തന്നത് അവിടെ കണ്ട കാഴ്ചകള്‍. ബുള്‍ഡോസര്‍ സകല മരങ്ങളും പിഴുതെറിഞ്ഞിരിക്കുന്നു. തലങ്ങും വിലങ്ങും മരത്തടികള്‍ കൂമ്പാരമായി കിടക്കുകയാണ്. അവ വിറകാക്കിയാല്‍ ആ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളോളം വിറക് വേണ്ടി വരില്ല. സഹോദരന്‍ പറയുകയാണ്. ആളുകള്‍ കരയുന്നത് കണ്ട് അബ്ബയും കരഞ്ഞു. അവര്‍ കുറെ ദൂരം നടന്നു. എവിടെയും പിഴുത് മാറ്റിയ മരങ്ങള്‍; അവയുടെ വാടിത്തുടങ്ങിയ ഇലകള്‍. അവര്‍ പിന്നെയും നടന്നു. ഇതൊരു സ്വര്‍ഗമായിരുന്നു. ആ സ്വര്‍ഗം, ഞങ്ങളുടെ തോട്ടം, അതും അപ്രത്യക്ഷമായിരിക്കുന്നു. അതിന്റെയും വിധി വേറൊന്നല്ല. അബ്ബയുടെ സകല വിശ്വാസങ്ങളും ചിതറിത്തെറിച്ച് പോയിരുന്നു. ലോകം ഒരു വൃത്തികെട്ട ഇടമായിത്തോന്നി.
ഞങ്ങളുടെ തോട്ടത്തില്‍ ബാക്കിയായ ഒരു മരത്തെ ചുറ്റിപ്പറ്റി ഗ്രാമത്തില്‍ മുഴുവന്‍ സംസാരമാണ്. വളഞ്ഞ് നീണ്ട് കിടക്കുന്ന മരമാണ്. അത് മുറിച്ച് മാറ്റണമെന്ന് കഴിഞ്ഞയാഴ്ചയാണ് അബ്ബ എന്റെ സഹോദരനോട് പറഞ്ഞത്. രണ്ട് പേരും ചേര്‍ന്ന് അത് മുറിക്കാന്‍ നില്‍ക്കുകയായിരുന്നു. വിധി വൈപരീത്യം എന്നല്ലാതെ എന്ത് പറയാന്‍. ആ മരം മാത്രമാണ് ഇസ്രയേലി ബുള്‍ഡോസര്‍ പിഴുതെറിയാതിരുന്നത്. ബുള്‍ഡോസര്‍ ഓടിച്ചയാള്‍ക്ക് ബോറടിച്ചോ, അതോ വളഞ്ഞ മരത്തോട് കാരുണ്യം തോന്നിയോ... ആര്‍ക്കറിയാം! ആ മരം അവിടെത്തന്നെ നില്‍ക്കുകയാണ്. ഞങ്ങളുടെ സമപ്രായക്കാര്‍ അബ്ബയെ കളിയാക്കാനായി പറയുമായിരുന്നു:' അല്ല അങ്കിളേ, നിങ്ങളത് മുറിക്കാന്‍ വെച്ചതാണെന്ന് ജൂതപ്പട്ടാളം എങ്ങനെ അറിഞ്ഞു?' അത് പറഞ്ഞ് എല്ലാവരും ചിരിക്കും. അബ്ബ ചിരിക്കില്ല. കൃഷിഭൂമിയും അതിലെ ഒലിവ് മരങ്ങളും അദ്ദേഹത്തിന് ചിരിക്കാനുള്ള വകയല്ല.
അബ്ബയും എന്റെ സഹോദരനും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവനാണ് എല്ലാം വിശദമായി പറഞ്ഞത്. 'അശ്ശജര്‍ തജ്‌റഫ്'- മണ്ണില്‍ നിന്ന് പിഴുതുമാറ്റിയ മരങ്ങള്‍! ആ വാക്കുകള്‍ അവന്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അബ്ബ അപ്പുറത്തെ മുറിയിലാണ്. അദ്ദേഹം കരയുകയാണ്. കൃഷി ഭൂമി കണ്ട് തിരിച്ചെത്തിയ ശേഷം പിതാവിന്റെ ദിനചര്യ ഇങ്ങനെയാണ്: രാവിലെ പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും. രാത്രി തേങ്ങിത്തേങ്ങിയുള്ള കരച്ചില്‍.
ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം കഴിഞ്ഞ് കൃഷി നഷ്ടത്തിന്റെയും മറ്റു സാമ്പത്തിക നഷ്ടങ്ങളുടെയും കണക്ക് പറയുന്നത് സ്വാര്‍ഥത കൊണ്ടാണെന്ന് പലര്‍ക്കും തോന്നും. അത്തരക്കാര്‍ അതിനേക്കാള്‍ വലിയ ദുരന്തങ്ങളില്‍ നിസ്സംഗരാണ് എന്നും പറഞ്ഞേക്കും. ജനങ്ങള്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭൂമിയിലേക്ക് നിരപ്പാക്കപ്പെട്ട നിങ്ങളുടെ മനോഹരമായ വീടിനെക്കുറിച്ച് പറയാന്‍ പറ്റുമോ? ആളുകള്‍ക്ക് കൈയും കാലും നഷ്ടപ്പെട്ട് അവര്‍ ആജീവനാന്തം ഒരു തൊഴിലുമെടുക്കാന്‍ കഴിയാത്തവരായിത്തീരുമ്പോള്‍, തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന ഫാന്‍സി കാര്‍ ചാര നിറമുള്ള ഇരുമ്പു കൂടായി മാറിയതിനെ പറ്റി സംസാരിക്കാനാവുമോ? ഒരു ഉമ്മ വിട ചൊല്ലല്‍ വാക്യം പോലും പറയാനാവാതെ തന്റെ കുഞ്ഞിനെ മറമാടുമ്പോള്‍ കൃഷി ഭൂമിയില്‍ പിഴുതെടുക്കപ്പെട്ട മരങ്ങളെക്കുറിച്ച് പറയുന്നതെങ്ങനെ? അവര്‍ കരയുന്നു. ദുഃഖമാചരിക്കുന്നു. സംസാരിക്കുന്നു. നിങ്ങള്‍ കേള്‍ക്കുന്നു. നിങ്ങള്‍ക്കുണ്ടായ ചെറിയ നഷ്ടങ്ങളെയോര്‍ത്ത് നിങ്ങള്‍ നിശ്ശബ്ദം സങ്കടപ്പെടുന്നു. ഈയൊരു അവസ്ഥ കൂടിയാണ് അബ്ബയുടെ സങ്കടം ഇരട്ടിക്കാന്‍ കാരണം.
പിന്നീടൊരിക്കല്‍, പിഴുത് മാറ്റപ്പെട്ട മരങ്ങളുടെ കൃത്യമായ കണക്ക് കിട്ടാന്‍ ഞാന്‍ അബ്ബയുടെ അടുത്ത് ചെന്നു.
'നീ എന്തിനാണ് അതിന്റെ കണക്കുകള്‍ അറിയുന്നത്? വല്ലതും തരപ്പെടുമോ എന്ന് നോക്കാന്‍ വല്ല ചാരിറ്റിക്കാരുടെ അടുത്തും പോകാന്‍ വിചാരിക്കുന്നുണ്ടോ? ആ പണം നമുക്ക് വേണ്ട. പറ്റുമെങ്കില്‍ അവര്‍ മരങ്ങള്‍ വീണ്ടും വെച്ചുപിടിപ്പിക്കാന്‍ സഹായിക്കട്ടെ. തോട്ടം പുനര്‍ നിര്‍മിച്ചു തരാമെന്ന് ഒരു ഏജന്‍സി കഴിഞ്ഞയാഴ്ച വിളിച്ചു പറഞ്ഞിരുന്നു. അവര്‍ തൊഴിലാളികളെ അയച്ചു കഴിഞ്ഞിട്ടുണ്ടത്രെ. ഏതായാലും സൗജന്യങ്ങളൊന്നും നമുക്ക് വേണ്ട. വേണോ?'
'ബാബാ, അതിന് വേണ്ടിയൊന്നുമല്ല. എനിക്ക് എന്റെ ബ്ലോഗില്‍ എഴുതാനാണ്. '
'ബ്ലോഗോ? അതെന്താ? എന്തെങ്കിലുമാകട്ടെ. നീ ചോദിക്ക്.'
'എത്ര മരങ്ങളാണ് പിഴുത് മാറ്റിയത്? 180 ഒലിവ് മരങ്ങള്‍ എന്നാണ് എന്റെയൊരു ഊഹം ....'
'189 ഒലീവ് മരങ്ങള്‍. 160 ചെറുനാരങ്ങാ മരങ്ങള്‍. 14 പേരമരങ്ങള്‍ .....'
അദ്ദേഹം ശബ്ദമുയര്‍ത്തിയാണ് സംസാരിച്ചത്. ഞാന്‍ മരങ്ങളുടെ കണക്ക് തെറ്റിച്ചത് അദ്ദേഹത്തെ ശുണ്ഠി പിടിപ്പിച്ചിട്ടുണ്ട്.
ഞാന്‍ അങ്കലാപ്പിലായി. തല താഴ്ത്തി ഇരുന്നു. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. എന്റെ ആലോചനകളെ ഭേദിച്ച് അദ്ദേഹം വീണ്ടും -
'ഇനി എന്ത് കാര്യം ചെയ്യുമ്പോഴും കണക്ക് തെറ്റിയിട്ടില്ല എന്ന് ഉറപ്പ് വരുത്തണം.'
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.
'ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ? 189 ഒലിവ് മരങ്ങള്‍. 180 അല്ല. 181 അല്ല. 188 പോലുമല്ല. 189 ഒലിവ് മരങ്ങള്‍.'
കുറച്ച് കഴിഞ്ഞ് അദ്ദേഹം മുറി വിട്ടുപോയി. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.
ഒരു ഇസ്രയേലി പട്ടാളക്കാരന്‍ 189 ഒലിവ് മരങ്ങള്‍ പിഴുത് മാറ്റി. അതും 'ദൈവദത്ത ഭൂമി'യിലെ ഒരു കൃഷിത്തോട്ടത്തില്‍ നിന്ന്. എനിക്കത് ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല. ആ പ്രവൃത്തി ദൈവ കോപത്തിനിടയാക്കുമെന്ന് അയാള്‍ക്കറിയില്ലേ? താന്‍ കിളച്ച് മറിച്ചിടുന്നത് ഒരു മരമാണെന്ന ബോധം അയാള്‍ക്കില്ലേ? ഇനി ഒരു ഫലസ്തീനി ബുള്‍ഡോസര്‍ ( ഹ ഹ ഹ ...) ഉണ്ടായെന്ന് വെക്കുക. അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഞാനാണ് ഇരിക്കുന്നത്. ഹൈഫയിലെ ഒരു തോട്ടത്തിലേക്കാണ് എന്നെ പറഞ്ഞയക്കുന്നത്. എങ്കില്‍ ഇസ്രയേലികള്‍ നട്ട ഒരു മരവും ഞാന്‍ പിഴുത് മാറ്റുകയില്ല. ഒരു ഫലസ്തീനിയും അത് ചെയ്യുകയില്ല. ഫലസ്തീനികള്‍ക്ക് ഓരോ മരവും വിശുദ്ധമാണ്, പവിത്രമാണ്. ആ മരത്തെ വഹിക്കുന്ന മണ്ണും പവിത്രമാണ്. ഞാനിപ്പോള്‍ ഗസ്സയെ പറ്റിയാണ് സംസാരിക്കുന്നത്. ഗസ്സ ഫലസ്തീന്റെ ചെറിയൊരു ഭാഗമാണ്. ഫലസ്തീന്‍ ഗസ്സയേക്കാള്‍ എത്രയോ വലുതാണ്. ഫലസ്തീന്‍ പടിഞ്ഞാറെ കരയാണ്. ഫലസ്തീന്‍ റാമല്ലയാണ്. ഫലസ്തീന്‍ നബുലുസാണ്. ഫലസ്തീന്‍ ജനീനാണ്. ഫലസ്തീന്‍ തുല്‍ക്കറമാണ്. ഫലസ്തീന്‍ ബത്‌ലഹേമാണ്. ഫലസ്തീന്‍ യാഫയാണ്, ഹൈഫയാണ്, അക്കയാണ്....ഞങ്ങള്‍ മറക്കണമെന്ന് ഇസ്രയേല്‍ ആഗ്രഹിക്കുന്ന എല്ലാ നഗരങ്ങളുമാണ്.
ഇന്നെനിക്ക് മനസ്സിലായി, ആ ഫോണ്‍കാള്‍ കിട്ടിയത് കൊണ്ടല്ല അബ്ബ വീട്ടിലേക്ക് തിരിച്ചുവന്നത്. ഏതോ സ്ഥാപനം ഒപ്പ് വെച്ച കടലാസ് കിട്ടിയതു കൊണ്ടുമല്ല. തന്റെ ഭൂമിയെക്കുറിച്ച ഓര്‍മകളാണ് അദ്ദേഹത്തെ തിരിച്ചെത്തിച്ചിരിക്കുന്നത്. ഒലിവ് മരത്തണലില്‍ ഇരിക്കുമ്പോള്‍ താന്‍ അനുഭവിച്ചിരുന്ന മനശ്ശാന്തിയെക്കുറിച്ച ഓര്‍മകളാണ്, താന്‍ സ്വന്തക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കിയിരുന്ന സ്വര്‍ണ്ണനിറമുള്ള, സ്വഛമായ ആ ഒലിവെണ്ണയെക്കുറിച്ച ഓര്‍മകളാണ് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവന്നിരിക്കുന്നത്. ഭൂമിയെ പരിപാലിച്ച് പരിപാലിച്ച് അതിന്റെ തന്നെ ഭാഗമായിത്തീര്‍ന്ന ഒരാളുടെ തിരിച്ച് വരവ്.
എന്റെ പിതാവിനും ഫലസ്തീന്‍ മണ്ണിനുമിടയില്‍ മുറിച്ച് മാറ്റാനാവാത്ത ഒരു ബന്ധമുണ്ട്. ഓരോ ഫലസ്തീനിക്കും തന്റെ മണ്ണിനോട് ആ ബന്ധമുണ്ട്. മരങ്ങള്‍ വീണ്ടും വീണ്ടും പിഴുതു മാറ്റി ആ ബന്ധം മുറിച്ച് മാറ്റാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. എന്നിട്ട് തങ്ങളുടെ വ്യവസ്ഥകളും നിയമങ്ങളും അടിച്ചേല്‍പ്പിക്കാനും. അങ്ങനെ ഫലസ്തീനികളെ നിരാശയിലേക്ക് കൂപ്പ് കുത്തിക്കാനും. വീണ്ടും വീണ്ടും മരങ്ങള്‍ നട്ടുപിടിപ്പിച്ച് ഫലസ്തീനികള്‍ ഇസ്രായേലിന്റെ നിയമങ്ങളെ തള്ളുകയാണ്.
'എന്റെ ഭൂമി, എന്റെ നിയമങ്ങള്‍ '
അബ്ബ പറയുന്നു.
* ആയിരം ചതുരശ്ര മീറ്ററാണ് ഒരു ദൂനം
( 'ഗസ്സ റൈറ്റ്‌സ് ബാക്ക് ' എന്ന കഥാസമാഹാരത്തില്‍ നിന്ന്. ഗസ്സയിലെ കൗമാര പ്രായക്കാർ ഇംഗ്ലീഷിലെഴുതിയ കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയമിക്ക രചനകളും.)
വിവ: അബൂ സ്വാലിഹ