ഫലസ്തീന്‍ വിമോചന പോരാളികളുടെ മാതാവ്
ഷമീമ സക്കീര്‍
ഡിസംബര്‍ 2023
ഫലസ്തീനിൽ രക്തസാക്ഷിയായ വനിതാ നേതാവ് ഡോ. ജമീല അല്‍ ശന്‍ത്വിയെ പരിചയപ്പെടുത്തുന്നു
വംശീയ രാഷ്ട്രമായ ഇസ്രായേല്‍ പതിറ്റാണ്ടുകളായി ഫലസ്ത്വീനില്‍ നടത്തുന്ന നരനായാട്ടിനും ഉന്മൂലന അതിക്രമങ്ങള്‍ക്കും മുമ്പില്‍ സന്ധിയില്ലാ ചെറുത്ത് നില്‍പ്പ് നടത്തുന്ന ഫലസ്ത്വീന്റെ പെണ്‍മുഖമായിരുന്നു ഡോ. ജമീല അല്‍ ശന്‍ത്വി. രണ്ടു ദശാബ്ദമായ ഇസ്രായേലിന്റെ ഹിറ്റ്ലിസ്റ്റില്‍ ഉള്ള ധീരപോരാളി. ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം. ഗസ്സയിലെ വനിതാ ക്ഷേമ മന്ത്രി. ഫലസ്തീന്‍ ലജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗം.
ഫലസ്തീന്‍ വിമോചനപ്പോരാട്ടങ്ങളില്‍ മുന്‍നിര പോരാളിയായ, ശൈഖ് അഹ്‌മദ് യാസീനൊപ്പം ഹമാസ് എന്ന വിപ്ലവ - പ്രതിരോധ സംഘടന സ്ഥാപിച്ച നേതാവ്, 'ഫലസ്തീന്‍ സിംഹം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അബ്ദുല്‍ അസീസ് അല്‍ റന്‍തീസിയുടെ ഇണ.
ജൂതരാഷ്ട്രം ഏറ്റവും സൂക്ഷ്മമായി പിന്തുടര്‍ന്നു വധിച്ച ഫലസ്ത്വീന്‍ നേതാവാണ് റന്‍തീസി. 2004 ഏപ്രില്‍ 17ന് അദ്ദേഹം സഞ്ചരിച്ച കാര്‍ എ.എച്ച് സിക്സ്റ്റി ഫോര്‍ അപ്പാഷേ ഹെലികോപ്റ്ററില്‍നിന്ന് ഹെല്‍ഫയര്‍ മിസൈല്‍ വിട്ടാണ് ജൂത വംശീയത ധീരനായ വിപ്ലവ പോരാളി റന്‍തീസിയെ വധിച്ചത്.
ദശാബ്ദങ്ങളായി ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ജമീല അല്‍ ശന്‍ത്വിയെ ഇതിനു മുമ്പും ഇസ്രായേല്‍ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്.
ഇസ്രായേല്‍ അധിനിവേശവിരുദ്ധ പോരാട്ടങ്ങളില്‍ ഏറ്റവും സങ്കീര്‍ണമായ ഘട്ടങ്ങളിലെല്ലാം നേതൃത്വ പങ്കുവഹിച്ച ധീര പോരാളി. 2006 നവംബര്‍ വടക്കന്‍ ഗസ്സയിലെ ബൈത്ത് ഹനൂനിലെ അല്‍ നസ്ര് മസ്ജിദില്‍ തമ്പടിച്ച ഇസ്രായേല്‍ സേനയെ തുരത്താന്‍ വനിതാ മാര്‍ച്ചിന് നേതൃത്വം നല്‍കിയതോടെയാണ് ജമീല ഇസ്രായേലിന്റെ ഉറക്കം കെടുത്തിയത്. അനേകം പോരാളികള്‍ക്കു മേല്‍ അധിനിവേശ സൈന്യം നടത്തിയ ഉപരോധത്തിനെതിരെ വനിതകളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ആ വനിതാ മാര്‍ച്ചിനു നേരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. അന്ന് രണ്ടു വനിതാ പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. മാര്‍ച്ചിന് നേതൃത്വം നല്‍കിയതുമുതല്‍ പലതവണ വധശ്രമങ്ങള്‍ ഉണ്ടായി. അവരുടെ വീടിനു ബോംബിട്ടു. അവരുടെ സഹോദരി ആ ആക്രമണത്തില്‍ കൊലചെയ്യപ്പെട്ടു.
നിര്‍ണായകമായ സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ ഇസ്രായേലിനെതിരെ യുദ്ധമുഖത്ത് ഉണ്ടായിരുന്നു. അധിനിവേശ സൈന്യം ബൈത്ത് ഹനൂന്‍ പട്ടണം ആക്രമിച്ചപ്പോഴും പോരാളികളെ ഉപരോധിച്ചപ്പോഴും പുറത്തുനിന്ന് അധിനിവേശ സൈന്യത്തിന്റെ ഉറക്കം കെടുത്തി പോരാട്ടം നയിക്കാന്‍ ശക്തമായ സാന്നിധ്യമായി അവര്‍ ഉണ്ടായിരുന്നു. മൂന്ന് ദിവസത്തെ ഉപരോധത്തിലൂടെ ബൈത്ത് ഹനൂന്‍ പട്ടണത്തെ ഒറ്റപ്പെടുത്തുകയായിരുന്നു അധിനിവേശ സൈന്യം. അതിനെതിരെ തന്ത്രപരമായ ചെറുത്തുനില്‍പ്പിനാണ് അവര്‍ നേതൃത്വം നല്‍കിയത്. വടക്കന്‍ ഗസ്സാ മുനമ്പില്‍നിന്ന് ഒരു കൂട്ടം സ്ത്രീകളെ സംഘടിപ്പിച്ച് അവര്‍ ആ ഉപരോധത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തു.
ഒരു കൈയില്‍ ഫലസ്ത്വീനിന്റെ വിമോചന പതാകയും മറുകൈയില്‍ വിശുദ്ധ ഖുര്‍ആനും പിടിച്ച് ആകാശത്തോളം ഉയരുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തക്ബീര്‍ ചൊല്ലി അവര്‍ അധിനിവേശ സൈന്യത്തിനു മുമ്പില്‍ അടിപതറാതെ മുന്നോട്ടുപോയി. ആ മുന്നേറ്റത്തെ എന്തു വിലകൊടുത്തും നേരിടാന്‍ സുസജ്ജമായി നില്‍ക്കുകയാണ് ഇസ്രായേല്‍ പട. അവര്‍ ധീര പോരാളികള്‍ക്കുമേല്‍ ക്രൂരമായ അക്രമ മര്‍ദനങ്ങള്‍ അഴിച്ചുവിട്ടു. ഭീകരമായ ബോംബ് വര്‍ഷിച്ചു. ആ പുകച്ചുഴിയില്‍ രക്തച്ചാലുകളില്‍ അവരുടെ പോരാട്ടവീര്യം അവസാനിച്ചു പോകുമെന്ന് അധിനിവേശ സൈന്യം വൃഥാ ആഗ്രഹിച്ചു. എന്നാല്‍, ആ പെണ്‍ പോരാളികളുടെ കരുത്തില്‍ 75 മുജാഹിദുകളെയും വിമോചിപ്പിക്കാന്‍ ഗതികെട്ട ഇസ്രായേല്‍ നിര്‍ബന്ധിതരാക്കപ്പെടുകയും ചെയ്തു.
കേവലം പോരാളി മാത്രമായിരുന്നില്ല; പാര്‍ലമെന്ററി- അക്കാദമിക- രാഷ്ട്രീയ- വിദ്യാഭ്യാസ മേഖലകളില്‍ നിസ്തുല സേവനമര്‍പ്പിച്ച ധീരയും ധിഷണാശാലിയുമായിരുന്നു ഡോ. ജമീല. ഫലസ്ത്വീന്‍ സ്ത്രീകള്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. ആ ഉമ്മമാരുടെ മടിത്തട്ടുകള്‍ അചഞ്ചലമായ പോരാട്ടവീര്യമുള്ള മക്കളെയാണ് ഫലസ്ത്വീന് സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഒന്നിന്റെ മുമ്പിലും അടിപതറാത്ത, ഒന്നിനോടും രാജിയാവാത്ത ധീരരായ വനിതകള്‍. ആ വനിതകളുടെ പ്രതിനിധിയും സാന്നിധ്യവുമായിരുന്നു അവര്‍ ജമീല.
1955 മാര്‍ച്ച് 15ന് ജബാലിയ ക്യാമ്പിലാണ് ജമീല അല്‍ ശന്‍തിയുടെ ജനനം. 1948ലെ നക്ബക്ക് ശേഷം നശിപ്പിക്കപ്പെട്ട ജിയ ഗ്രാമത്തിലെ ശന്‍ത്വി കുടുംബാംഗമാണ് അവര്‍.
ജാമിഅ ഐനുശ്ശംസില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദം കരസ്ഥമാക്കിയ ജമീല ദുബായ് യൂനിവേഴ്സിറ്റിയില്‍നിന്ന് എജുക്കേഷനല്‍ അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. സുഊദി അറേബ്യയില്‍ 10 വര്‍ഷക്കാലം ഇംഗ്ലീഷ് അധ്യാപികയായി. 1990ല്‍ ഗസ്സ മുനമ്പിലേക്ക് മടങ്ങി. 1977ല്‍ ഈജിപ്തിലെ ഐനുശ്ശംസ് യൂനിവേഴ്സിറ്റി പഠനകാലത്താണ് ജമീല സജീവ രാഷ്ട്രീയത്തില്‍ എത്തുന്നത്. 1987ല്‍ ഹമാസ് രൂപീകരിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ അവിഭാജ്യ ഘടകമായി. രണ്ടുതവണയാണ് ഹമാസിന്റെ കീഴിലുള്ള വനിതാ ശൂറാകൗണ്‍സിലിന്റെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. 2006ല്‍ ഹമാസ് മൂവ്മെന്റിന്റെ ഭാഗമായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഓഫ് ചെയ്ഞ്ച് ആന്‍ഡ് റിഫോംസിലെത്തിയ ജമീല 2013ല്‍ വനിതാ ക്ഷേമ വകുപ്പ് മന്ത്രിയായി. 2021 മാര്‍ച്ചില്‍ ഹമാസിന്റെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോയില്‍ എത്തി.
മൊത്തം പാര്‍ലമെന്റ് അംഗ പട്ടികയില്‍ മൂന്നാമത്തേതായിരുന്നു അവരുടെ സ്ഥാനം. 2006 ല്‍ തെരഞ്ഞെടുക്കപ്പെട്ട ഹമാസ് പ്രതിനിധികളില്‍ ഏറ്റവും സീനിയര്‍ അംഗമാണ് അവര്‍. ഫലസ്ത്വീന്‍ വിമോചനപ്പോരാളികളുടെ മാതാവ്. പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതോടൊപ്പം വിവിധ യൂനിവേഴ്സിറ്റികളുടെയും ദാറുല്‍ ഖുര്‍ആന്റെയും ചുമതലയും ഏറ്റെടുത്തു.
'ഹമാസിലെ സ്ത്രീകള്‍ക്ക് മഹത്തായ സ്ഥാനമുണ്ട്, അവര്‍ സംഘടനാ ശക്തിയുടെയും മനുഷ്യ വിഭവത്തിന്റെയും വലിയ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. പുരുഷന്മാര്‍ക്ക് സമാന്തരമായി ഞങ്ങള്‍ക്ക് സ്വന്തമായി സമാന്തര സംഘടനാ ശൂറാ സംവിധാനമുണ്ട്. ഞങ്ങള്‍ അവരുമായി ജനറല്‍ ശൂറയില്‍ കൂടിക്കാഴ്ച നടത്തുന്നു.'
ധീരരായ പോരാളികളുടെ നിര്‍മാതാവ് തലമുറകളുടെ പോറ്റമ്മ എന്നെല്ലാം ഫലസ്ത്വീകള്‍ വിശേഷിപ്പിക്കുന്ന ആ വിപ്ലവ വനിത അവര്‍ കൊതിച്ച അതേ രക്തസാക്ഷിത്വം ഏറ്റുവാങ്ങി ഈ ദുനിയാവില്‍നിന്ന് പ്രവര്‍ത്തന പഥം പൂര്‍ത്തീകരിച്ചുകൊണ്ട് വിടവാങ്ങിയിരിക്കുകയാണ്.
l