രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാളും രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും നല്ലത്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ ഏറ്റവും ആദ്യം നാം ചെയ്യണം. ആരോഗ്യം നിരന്തരമായി പ്രാക്ടീസ് ചെയ്താല്‍ മാത്രം കിട്ടുന്ന ഒന്നാണ്. എവിടെവെച്ച് പ്രക്ടീസ് നിര്‍ത്തുന്നുവോ അവിടെ വെച്ച് ആരോഗ്യം നിലയ്ക്കുകയും ചെയ്യുന്നു. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള പ്രധാന കാരണം സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണവും വ്യായാമക്കുറവുമാകുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ പകുതി കാര്‍ബോഹൈഡ്രേറ്റും (സ്റ്റാര്‍ച്ച്) ബാക്കി പഴങ്ങളും പച്ചക്കറികളും ഇലക്കറികളും നട്ട്‌സ് വര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയും ചെയ്യണം. പച്ചക്കറിയില്‍ പകുതി വേവിക്കാത്ത പച്ചക്കറികളും ഇലക്കറികളും ഉള്‍പ്പെടുത്തണം. ശരീരത്തിലെ എല്ലാ അവയവങ്ങളും ജോയിന്റുകളും ഇളകുന്ന രീതിയില്‍ വ്യായാമങ്ങള്‍ ചെയ്യണം. ശുദ്ധജലം ധാരാളം കുടിക്കണം. മുതിര്‍ന്ന ഒരാള്‍ 10-നും 15-നും ഇടയില്‍ ഗ്ലാസ് വെള്ളം കുടിക്കുക. രാത്രി 6 മണിക്കൂറിനും 8 മണിക്കൂറിനും ഇടയില്‍ ഉറങ്ങുക. ഭക്ഷണം പോലെത്തന്നെ പ്രധാനമാണ് ശാന്തമായ മനസ്സും. നിരന്തരമായി ടെന്‍ഷന്‍ വരുന്ന എല്ലാ വഴികളും ബോധപൂര്‍വം ഒഴിവാക്കുക. അതിന് ദൈവവിശ്വാസം ഏറ്റവും നല്ല വഴിയാണ്. ശരീരത്തിലെ വിസര്‍ജനാവയവങ്ങള്‍ - മലം, മൂത്രം, കഫം, വിയര്‍പ്പ്, വിസര്‍ജനം കൃത്യമാണോ എന്ന് പരിശോധിക്കുക. വിസര്‍ജനം കാര്യക്ഷമമല്ലെങ്കില്‍ അത് നടക്കാനുള്ള വഴികള്‍ ചെയ്യുക. ഇത്രയും കാര്യങ്ങള്‍ നാം ശ്രദ്ധിച്ചാല്‍ പ്രമേഹം എന്നല്ല ഒട്ടുമിക്ക ജീവിത ശൈലീ രോഗങ്ങളില്‍നിന്നും നമുക്ക് വിട്ടുനില്‍ക്കാന്‍ കഴിയും. ഇത്തരം ജീവിതശൈലി നാം സ്വാംശീകരിക്കുന്നതിലൂടെ പാരമ്പര്യരോഗങ്ങളെയും ഒരുപരിധിവരെ നമുക്ക് തടഞ്ഞുനിര്‍ത്താന്‍ കഴിയും.
കാരണം
മൂന്ന് ജോഡി ഉമിനീര്‍ ഗ്രന്ഥികളാണ് നമ്മുടെ വായിലുള്ളത്. ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ഘടകമാണ് ഡയാലിന്‍. ഈ ഡയാലിന്‍ ധാന്യാഹാരങ്ങളെയാണ് പ്രധാനമായും ദഹിപ്പിക്കുന്നത്. നന്നായി വേവിച്ച ധാന്യാഹരത്തിന് മാത്രമേ ഡയാലിന്‍ ശരിയായി പ്രവര്‍ത്തിക്കുകയുള്ളു. ഭക്ഷണം വായില്‍ വെച്ച് നന്നായി ചവച്ചരച്ചാല്‍ മാത്രമേ ഡയാലിനു ഭക്ഷണവുമായി കൂടിക്കലരാന്‍ കഴിയു. ധൃതിപിടിച്ച് ഭക്ഷണം കഴിക്കുന്നവരില്‍ ഡയാലിനുമായുള്ള ദഹനം പൂര്‍ണമായും നടക്കാറില്ല. ഇത് ദഹനേന്ദ്രിയാവയവങ്ങളുടെ മറ്റ് പ്രവര്‍ത്തനത്തെയും ബാധിക്കും. ഒരു ദിവസം ഒന്നര ലിറ്റര്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഉമിനീരിനെയും മറ്റ് ദഹനരസത്തിനെയും നേര്‍പ്പിച്ചുകളയും. ഇത് ദഹന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ, ഭക്ഷണത്തിന് ഒരു മണിക്കൂര്‍ ശേഷമോ മാത്രമേ വെള്ളം കുടിക്കാന്‍ പാടുള്ളു.
പ്രകൃതിനിയമം തെറ്റിക്കുന്നതുകൊണ്ടാണ് മനുഷ്യശരീരത്തില്‍ വിഷസങ്കലനം ഉണ്ടാകുന്നത്. സകല രോഗങ്ങള്‍ക്കും കാരണവും അതുതന്നെയാണ്. അമിതഭക്ഷണം, അസമയത്തുള്ള ഭക്ഷണം, തെറ്റായ ചേരുവകകള്‍ ചേര്‍ത്തുകൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം ഇവയെല്ലാം രോഗകാരണമാണ്. മിതമായ ഭക്ഷണം, വ്യായാമം, ലൈംഗികത, വിശ്രമം ഇവയാണ് പ്രകൃതിനിയമം. ഇതില്‍ മനുഷ്യന്റെ ജീവിതത്തില്‍ മാറ്റം വന്നാല്‍ രോഗാവസ്ഥയിലേക്ക് തള്ളപ്പെടുന്നു. കഴിക്കുന്ന ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണം. ധാന്യം കഴിക്കുന്നതുപോലെ കിഴങ്ങു വര്‍ഗങ്ങളും പഴങ്ങളും പച്ചക്കറികളും നട്ട്‌സ് വര്‍ഗങ്ങളും അതിന്റെ കൃത്യമായ അളവില്‍ കഴിക്കേണ്ടതുണ്ട്. എരിവ്, പുളി, ഉപ്പ്, മസാലകള്‍ ഇവ പരമാവധി കുറക്കേണ്ടതുണ്ട്. നേരത്തേ ഭക്ഷണം കഴിച്ച് നേരത്തേ കിടക്കുക. രാവിലെ നേരത്തേ എഴുന്നേല്‍ക്കുക. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് വ്യായാമം ചെയ്യണം. ഇത്തരം ജീവിതശൈലിയില്‍നിന്നും മാറുന്നത് പ്രമേഹം പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു.
പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍
അതികഠിനമായ ദാഹവും നാവു വരള്‍ച്ചയും കൂടെക്കൂടെയുള്ള മൂത്രവാര്‍ച്ചയും നല്ല ക്ഷീണവുമാണ് പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങള്‍. അമിതമായ വിശപ്പ്, ശരീരം ക്ഷീണിക്കല്‍, മയക്കം, കൈകാല്‍ കഴപ്പ്, പുകച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും പ്രമേഹത്തിനുണ്ടാകാറുണ്ട്. ചിലര്‍ക്ക് ഗുഹ്യഭാഗത്ത് ചൊറിച്ചില്‍, കാഴ്ചക്കുറവ്, ലൈംഗികശേഷി കുറവ്, ഓര്‍മക്കുറവ് എന്നീ ലക്ഷണങ്ങളും ഉണ്ടാവാറുണ്ട്. ഇടക്കിടക്ക് കുരുക്കള്‍ ഉണ്ടാവുക, മുറിവ് ഉണങ്ങാന്‍ കാലതാമസം നേരിടുക ഇവയും പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം പ്രശ്‌നമുണ്ടായാല്‍ ലാബില്‍ ബ്ലഡ് ടെസ്റ്റ് നടത്തി പ്രമേഹമുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ ചികിത്സ ആരംഭിക്കാന്‍ പാടുള്ളു. രോഗകാഠിന്യം മനസ്സിലാക്കിയതിനു ശേഷമേ ഭക്ഷണക്രമവും ചികിത്സയും നിര്‍ണയിക്കാന്‍ പാടുള്ളു.
പ്രമേഹം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍
(1) ശരീരമാസകലം വേദന ഞരമ്പ് വേദന, ജോയിന്റുകള്‍ തോറും വേദന, കാലുവേദന, നടുവേദന, എല്ലുകള്‍തോറും വേദന, പല്ലുവേദന, പല്ലിന് സ്ഥാനചലനം, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ് ലക്ഷണം.
(2) ഉയര്‍ന്ന രക്ത സമ്മര്‍ദവും ഹൃദ്രോഗവും: പ്രമേഹരോഗികള്‍ക്ക് ഉണ്ടാകുന്ന മറ്റൊരു രോഗമാണ് BP-യും Heart Problem-ഉം
കണ്ണുകള്‍ക്ക്: കാഴ്ചതകരാറുകള്‍, നേത്രപടലങ്ങളില്‍ നീര്‍ക്കെട്ടും പഴുപ്പും ബാധിക്കുക, തിമിരം എന്നിവ അനുഭവപ്പെടും.
ക്ഷയരോഗങ്ങള്‍: പ്രമേഹ രോഗികള്‍ക്ക് ശ്വാസകോശത്തില്‍ ക്ഷയത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.
ത്വക്ക് രോഗങ്ങള്‍: പ്രമേഹരോഗികള്‍ക്ക് പലതരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ശരീരമാസകലം ചൊറിച്ചില്‍, താരന്‍, മുടികൊഴിച്ചില്‍, എക്‌സിമ സോറിയാസിസ്, തൊലി വരണ്ടുപോവുക, ചുളിവ് വീഴുക ഇവ പ്രധാന ലക്ഷണങ്ങളാണ്.
വന്ധ്യത: സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത, ലൈംഗിക മരവിപ്പ്, ലൈംഗികതയോട് വെറുപ്പ്, ഉദ്ധാരണമില്ലായ്മ, യോനിസ്രവങ്ങള്‍ വരാതിരിക്കുക തുടങ്ങിയവ അനുഭവപ്പെടാറുണ്ട്.
വൃക്കരോഗം: വൃക്കരോഗങ്ങള്‍ ഒരു പ്രധാന എതിരാളിയാണ്. പലപ്പോഴും ഇതിന് കാരണം പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളാണ്.
ഗാന്‍ഗ്രീന്‍: കൈകാലുകളിലും ധമനികളിലും മാലിന്യം അടിഞ്ഞുകൂടി രക്തചംക്രമണം കുറയുന്ന അവസ്ഥയാണ് ഗാന്‍ഗ്രീന്‍. ഈ സ്ഥലത്തുള്ള കോശങ്ങള്‍ നിര്‍ജീവമാവുകയും കറുത്ത് ഉണങ്ങിവരണ്ടു പോവുകയും ചെയ്യുന്നുണ്ട്. പുകവലി, മുറുക്ക്, മദ്യപാനം ഉള്ളവര്‍ക്ക് ഇത് പതിന്മടങ്ങാണ്. ചിലപ്പോള്‍ കേടുവന്ന ഭാഗം മുറിച്ചുകളയേണ്ടതായും വരും.
വിസര്‍ജന തകരാറുകള്‍: ഞരമ്പുകളുടെ പ്രവര്‍ത്തനത്തകരാറുകൊണ്ട് വിസര്‍ജനാവസ്ഥ സാധാരണ പോലെ നടക്കാതിരിക്കുമ്പോള്‍ മലബന്ധം ഉാകുന്നു. കഫവിസര്‍ജനവും മൂത്രവും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നു. ഇത് പാദങ്ങളിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാതിരിക്കാനും ശരീരത്തില്‍ അങ്ങിങ്ങ് കുരുക്കള്‍ രൂപപ്പെടുന്നതിനും കാരണമാകുന്നു.
പ്രമേഹത്തിന് പ്രകൃതിചികിത്സ
സ്റ്റാര്‍ച്ച് അടങ്ങുന്ന ഭക്ഷണം മാത്രം ശീലമാക്കുന്നവരിലാണ് പ്രമേഹം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയില്‍ കേരളത്തിലാണ് പ്രമേഹരോഗികള്‍ കൂടുതല്‍. സ്റ്റാര്‍ച്ച് അടങ്ങുന്ന ഭക്ഷണം ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്നതിന്റെ പകുതിമാത്രമേ കഴിക്കാവു. ബാക്കി കഴിക്കുന്ന ഭക്ഷണത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, നട്ട്‌സ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണം. ചിട്ടയായ വ്യായാമം വളരെ അനിവാര്യമാണ്. മനസ്സന്തോഷത്തോടെയുള്ള ഉറക്കം കൂടിയായാല്‍ പ്രമേഹത്തെ ഒരുപരിധിവരെ നമുക്ക് തടഞ്ഞുനിര്‍ത്താന്‍ കഴിയും. പ്രമേഹരോഗികള്‍ ഉലുവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഉലുവയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുകയും പയര്‍ വര്‍ഗങ്ങള്‍, നിലക്കടല എന്നിവ മുളപ്പിച്ച് കഴിക്കണം. അതിനോടൊപ്പം ഉലുവ മുളപ്പിച്ച് ചേര്‍ക്കണം. പോഷണദാരിദ്ര്യം അനുഭവപ്പെട്ട് പ്രമേഹം പിടിപെട്ടാല്‍ അത് ഇതിലൂടെ പരിഹരിക്കാം. കൂടാതെ കോവക്ക വൈറ്റമിന്‍ അടങ്ങിയ നെല്ലിക്ക + മഞ്ഞള്‍പ്പൊടി + ഉലുവപ്പൊടി ചേര്‍ത്ത് ജൂസ് ദിവസം ഒന്നോ രണ്ടോ പ്രാവശ്യം കുടിക്കുന്നതും നല്ലതാണ്. അതുപോലെ മല്ലിച്ചെപ്പ് ജൂസാക്കി കുടിക്കുന്നതും നല്ലത്.
എല്ലാ ജോയിന്റും ചലനം ലഭിക്കുന്ന തരത്തില്‍ വ്യായാമം ദിവസവും ഒരു മണിക്കൂര്‍ ചേയ്യേണ്ടതാണ്. നടത്തം നല്ലൊരു വ്യായാമമാണ്. കൈയും കാലും നീട്ടി നടക്കുന്നത് വളരെ നല്ലത്. ദിവസവും 30 മിനിറ്റ് ശരീരത്തില്‍ സൂര്യപ്രകാശം കൊള്ളിക്കേണ്ടതാണ്. ശുദ്ധജലം (പച്ചവെള്ളം) ആവശ്യാനുസരണം കുടിക്കാനും കുളിക്കാനും ഉപയോഗിക്കണം. ചൂടുവെള്ളം ഇവ രണ്ടിനും ഉപയോഗിക്കരുത്. തുടക്കത്തില്‍ മരുന്ന് ഉപയോഗിക്കുന്നവര്‍ ഇന്‍സുലിനോ ഇംഗ്ലീഷ് മരുന്നുകളോ പെട്ടെന്ന് നിര്‍ത്തരുത്. പ്രമേഹം നിയന്ത്രണത്തിലായാല്‍ സാവകാശം മരുന്നുകള്‍ കുറച്ചുകൊണ്ടുവരികയുമാണ് ചെയ്യേണ്ടത്.
പ്രമേഹം നിയന്ത്രണവിധേയമായാല്‍ അനുബന്ധമായി ഉണ്ടായ മറ്റ് രോഗങ്ങളും പതുക്കെ കുറഞ്ഞുവരുന്നതായി കാണാം. ഉദാഹരണത്തിന് കാഴ്ചത്തകരാര്‍ (റെറ്റിനോപ്പതി), ഞരമ്പ് തളര്‍ച്ച (ന്യൂറോപ്പതി), കൈകാല്‍ തരിപ്പ്, മരവിപ്പ്, കഴപ്പ്, ബി.പി, ബ്ലഡ് സര്‍ക്കുലേഷന്‍, ഹൃദ്രോഗം തുടങ്ങി പ്രമേഹത്തോട് അനുബന്ധിച്ചുള്ള എല്ലാ അസുഖങ്ങളും കുറയുന്നതായി അനുഭവപ്പെടും.
പ്രമേഹരോഗികള്‍ക്ക് പഴവര്‍ഗങ്ങള്‍ യഥേഷ്ടം ഉപയോഗിക്കാവുന്നതാണ്. രക്തത്തില്‍ പഞ്ചസാര അളവ് വളരെ കൂടിയിരിക്കുന്ന സന്ദര്‍ഭത്തില്‍ മധുരമുള്ള പഴങ്ങള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുകയും പ്രമേഹം നിയന്ത്രണത്തിലായാല്‍ മധുരമുള്ളപഴങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. പുളിയുള്ള പഴങ്ങള്‍ പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. മാതളം പ്രമേഹത്തിന് അത്യുത്തമം. അതുപോലെ നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാന്‍ അനിവാര്യമാണ്. നിലക്കടല, ചെറുപയര്‍, കടല, മുതിര തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് പച്ചയ്ക്കും വേവിച്ചും കഴിക്കുന്നത് പോഷണദാരിദ്ര്യം ഇല്ലായ്മചെയ്യുന്നതിനും ശരീരം ശോഷിക്കാതിരിക്കുന്നതിനും നല്ലതാണ്. പ്രമേഹരോഗികള്‍ ആഴ്ചയില്‍ ഒരിക്കല്‍ വേവിച്ച ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് നല്ല വിശ്രമം ലഭിക്കുന്നതിനും മെറ്റാബോളിസം ശരിയാക്കുന്നതിനും നല്ലതാണ്. ബേക്കറി സാധനങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, പാമോയില്‍, ഐസ്‌ക്രീം, കോളകള്‍, മൈദ, സംസ്‌കരിച്ച് ടിന്നിലടച്ച സാധനങ്ങള്‍ ഇവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. എന്നാല്‍ ഇറച്ചിയും മീനും മുട്ടയും ഉച്ചക്ക് ഗ്രീന്‍സലാഡിനോടും ഇലക്കറികളോടുമൊപ്പം അനുവദനീയമായ അളവില്‍ ഉപയോഗിക്കുന്നതിന് വിരോധമില്ല.