'ചൈനയില്‍ പോയിട്ടാണെങ്കിലും അക്ഷരം തേടണം' എന്ന പ്രവാചകപ്രഖ്യാപനം, അക്കാലം 'കാത്തായി' (ചൈനയില്‍) എത്താനുള്ള ദുരിതങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു. വിദ്യതേടലും യാത്രയും പരസ്പരപൂരകങ്ങളാണ്. 'യാത്രയിലാണ് ഒരു ചങ്ങാതിയെ അടുത്തറിയുക' എന്ന ചൊല്ലും കൂട്ടി വായിക്കുക. പ്രവാചക വചനങ്ങള്‍ക്ക് നിരവധി ശിഖരങ്ങളുണ്ട്. സാധൂകരണം ലഭിച്ച മിക്ക ഹദീസുകളിലും 'യാത്ര' ഒരു സംസ്‌കാരമായി ഉന്നയിക്കുന്നുണ്ട്. സുഹൃത്തും സഹപ്രവര്‍ത്തകനും ആയിരുന്ന ജലീല്‍ ഒതളൂരിന്റെ 'ഓര്‍മയിലെ ഉംറകള്‍ അവസാനിക്കുന്നില്ല' എന്ന 'നാനോ' ഗ്രന്ഥം രണ്ടാവൃത്തി വായിച്ചപ്പോള്‍ തോന്നിയ ചില ആമുഖ വിചാരങ്ങളാണ് ഇതില്‍.
'ഹജ്ജ്'- 'ഉംറ' ലോകസാഹിത്യത്തില്‍ വിശേഷപ്പെട്ടൊരു വിഷയമാണ്. അലി ശരീഅത്തി, മുഹമ്മദ് അസദ് എന്നിവരുടെ ഗ്രന്ഥങ്ങള്‍ ഹജ്ജിന്റെ, മക്കയുടെ, മദീനയുടെ ആത്മാവ് വെളിപ്പെടുത്തുന്ന ഗ്രന്ഥങ്ങളാണ്. ലോകഭാഷകളില്‍ അയ്യായിരത്തിലധികം ഹജ്ജ്, ഉംറ അനുഭവ വിവരണങ്ങളുള്ളതായി 'ഇസ്‌ലാം ഓണ്‍ലൈന്‍' പറയുന്നു. ജലീല്‍ ഭാഷാസാഹിത്യത്തില്‍ നിരവധി പ്രൗഢരചനകളെ സ്വന്തം തൊഴിലുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട വ്യക്തിയാണ്. 'കൂട്ടത്തിലെ ഏറ്റവും നിശ്ശബ്ദനായ അംഗമായിരുന്നു ശംസുദ്ദീന്‍ സാഹിബ്. അദ്ദേഹവും ഭാര്യ ജമീലയും സ്വന്തത്തിലുള്ള മറ്റുള്ളവരും എപ്പോഴും എല്ലായിടത്തും കൂട്ടം തെറ്റാതെയും വിഷമതകള്‍ നേരിടാതെയും കൂടെയുണ്ട് എന്ന് സദാ ജാഗ്രത പൂണ്ടിരുന്നു.' ഒരു വ്യക്തിയുടെ സ്വഭാവത്തെ വിവരിക്കുന്നതിലൂടെ ഉംറ തീര്‍ഥാടനത്തിലെ 'സൂക്ഷ്മത'യെ കൂടി ജലീല്‍ ഈ വാചകങ്ങളില്‍ ഉണര്‍ത്തുന്നു.
മലയാളത്തില്‍ ഹജ്ജ്-ഉംറ തീര്‍ഥാടന വിവരണങ്ങള്‍ അധികവും ഹജ്ജ്, ഉംറ ഞാന്‍ കണ്ടതും കേട്ടതും എന്ന നിലക്ക് ആത്മപ്രഘോഷണങ്ങളുടെയും സ്വന്തം പര്‍ച്ചേസ് സാമര്‍ഥ്യങ്ങളുടെയും വിവരണമാണ്.
ജലീലിന്റെ അനുഭവകഥനം ഭാര്യയുടെ ഉംറ ആവേശത്തില്‍നിന്ന് ഉത്ഭൂതമാണ്. 'പെരുമ്പിലാവില്‍ നഷ്ടപ്പെട്ട ആ സ്വര്‍ണാഭരണം' പോലും മികച്ചൊരു ദൃശ്യബിംബമായി ഉണര്‍ന്നു നില്‍ക്കുന്നു. വിശുദ്ധ മിനാരങ്ങളുടെ പ്രഥമ കാഴ്ച വാഹനത്തിലിരിക്കെ ദര്‍ശിച്ച നല്ല ആത്മീയ വിഷ്വല്‍ എഫക്ട് ഉള്ള ബിംബങ്ങള്‍ കൂടി ഈ കൊച്ചു യാത്രാനുഭവ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു. 'പുണ്യം തേടിയുള്ള യാത്ര' എന്നിടത്താണ് ജലീല്‍-ത്വാഹിറ ദമ്പതികളുടെ ഈ ഉംറ അനുഭവം മികച്ച വായനാനുഭവം ആകുന്നത്. ഒരു വരി നോക്കൂ; 'യാത്ര കഴിഞ്ഞ് വരുമ്പോള്‍ വീട്ടിലെത്താന്‍ ധൃതി കാണിക്കുന്നതില്‍നിന്നും വ്യത്യസ്തമായി, യാത്ര അവസാനിക്കരുതേ എന്നും സംഘത്തെ പിരിയരുതേ എന്നും ആയിരുന്നു മനസ്സിലെ ചിന്ത...' അതൊരു സാമൂഹികബോധം ആകുന്നു. ആ ഉംറ തീര്‍ഥാടനം പകര്‍ന്ന ആത്മബന്ധങ്ങളുടെ നിര്‍വൃതിയും ആ വരികളിലുണ്ട്.
ജലീലിന്റെ ഉംറ വിവരണങ്ങള്‍ക്കു താലിമാല പോലെ സബീല്‍ പൊന്നാനി, റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ എന്നിവരുടെ പൂമുഖക്കുറിപ്പുകളും പുസ്തകത്തെ മിഴിവുറ്റതാക്കുന്നു. 'ത്വാഹിറയുടെ മനസ്സില്‍ എന്നോ നാമ്പിട്ട ഉംറ മോഹം' യാഥാര്‍ഥ്യമാക്കിയതും അവള്‍ തന്നെ. അതുകൊണ്ട് മഹിളകള്‍ക്കും ഇതൊരു പ്രചോദന പുസ്തകമാണ്. നല്ല ഉംറ വിവരണം എന്നതിലുപരി, ഒരു വിശുദ്ധ സംഘത്തിന്റെ (ഹജ്ജ് ഗ്രൂപ്പ്) യാത്രികരെ കഷ്ടപ്പെടുത്താത്ത ബുദ്ധിപൂര്‍വകമായ സംഘാടക രീതിയും പുസ്തകത്തില്‍ വിശദമാക്കുന്നു ജലീല്‍. ഹജ്ജ്-ഉംറ ഗ്രന്ഥ പട്ടികയില്‍ ഈ 'നാനോ' ഗ്രന്ഥത്തിനും ഇരിപ്പിടമുണ്ട് എന്നതാണെന്റെ ആശംസ.