മനസ്സിന്റെ പരിരക്ഷ നോമ്പിലൂടെ
പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്
ഏപ്രില്‍ 2021
''ഒരുവന്‍ വ്യാജം പറയുന്നതും അതു പ്രകാരം പ്രവര്‍ത്തിക്കുന്നതും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണവും വെള്ളവും
''ഒരുവന്‍ വ്യാജം പറയുന്നതും അതു പ്രകാരം പ്രവര്‍ത്തിക്കുന്നതും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിര്‍ബന്ധവുമില്ല.'' (നബിവചനം)
ലോകത്തെ വ്യത്യസ്ത മതവിഭാഗങ്ങളെയും ജനസമുദായങ്ങളെയും പറ്റി പഠിക്കുമ്പോള്‍ ആരാധനാനുഷ്ഠാനങ്ങള്‍ അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നുവെന്നു കാണാം. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. പ്രാര്‍ഥനകള്‍, സ്തുതിഗീതങ്ങള്‍, കര്‍മങ്ങള്‍, ബലിദാനം, ദിവ്യഗ്രന്ഥങ്ങളുടെ പാരായണം തുടങ്ങി ദൈവാരാധനാപരവും ആരാധനാപരമെന്ന് സങ്കല്‍പിക്കപ്പെടുന്നതുമായ അനുഷ്ഠാനങ്ങളില്ലാത്ത മതവിഭാഗങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ലോകാരംഭം മുതലുള്ള പ്രവാചകന്മാരുടെ അനുയായികളെല്ലാം നോമ്പനുഷ്ഠിച്ചിരുന്നതായും ചരിത്രം പറയുന്നു. എല്ലാ ജനസമുദായങ്ങളിലും നോമ്പിന്റെ അനുഷ്ഠാന രീതിയില്‍ ചില വ്യത്യാസങ്ങളുണ്ടായിരുന്നു എന്നു മാത്രം. മുസ്‌ലിംകളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആനിക വചനം തന്നെ നോമ്പിന്റെ ഈ ചരിത്രം സൂചിപ്പിക്കുന്നുണ്ട്: ''വിശ്വസിച്ചവരേ! നിങ്ങള്‍ക്കു മുമ്പുള്ളവരുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ
നിങ്ങളുടെ മേലും അത് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയഭക്തിയുള്ളവരാകാന്‍ വേണ്ടി.''
നോമ്പൊഴികെയുള്ള മറ്റ് ആരാധനാ കര്‍മങ്ങളില്‍ ഒന്നിലും തന്നെ ജീവന്റെ നിലനില്‍പ്പിനാധാരമായ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കേണ്ടതില്ല. നോമ്പിലാകട്ടെ, പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായും വര്‍ജിക്കേണ്ടതുണ്ട്. നോമ്പ് മുറിഞ്ഞുപോകുമെന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്കിയിട്ടുള്ള എല്ലാ കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കുകയും വേണം. ഇത് കേവലമായ ഒരു കര്‍മം എന്നതിനപ്പുറം അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും ഭയഭക്തിയും കൊണ്ട് മാത്രം നേടിയെടുക്കാന്‍ കഴിയുന്ന ഒരനുഷ്ഠാനമാണെന്ന കാര്യത്തില്‍ സംശയമില്ല. മുസ്‌ലിം എന്ന അര്‍ഥത്തിലുള്ള ജീവിതം സമ്പൂര്‍ണമാകാനും പൈശാചികതക്കെതിരെയുള്ള പോരാട്ടം ഏറ്റവും ഫലവത്താക്കാനുമുള്ള മാര്‍ഗമായിട്ടാണ് ഇസ്‌ലാം നോമ്പ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതു സംബന്ധമായി മുഹമ്മദ് നബിയുടെ ഒരു വചനം ഇവിടെ ശ്രദ്ധേയമാണ്: ''നോമ്പ് ഒരു പരിചയാകുന്നു. അതിനാല്‍ നിങ്ങളില്‍ ഒരാള്‍ നോമ്പനുഷ്ഠിക്കുന്ന ദിവസം അസഭ്യവാക്കുകളും കലഹങ്ങളും മറ്റെല്ലാ അനാവശ്യങ്ങളും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.''
നോമ്പനുഷ്ഠിക്കുമ്പോള്‍ ദൈവഭയം നിലനിര്‍ത്താന്‍ ദൈവവിശ്വാസത്തിനെതിരായ എല്ലാ ഭാവങ്ങളെയും മനസ്സില്‍നിന്ന് പിഴുതെറിയേണ്ടതുണ്ട്. ഇങ്ങനെ പിഴുതെറിയേണ്ടവയില്‍ പ്രധാനപ്പെട്ടതാണ് പൈശാചികത. അല്ലാഹുവിലുള്ള വിശ്വാസം ദുര്‍ബലപ്പെടുത്തി പകരം തന്റെ ആധിപത്യം സ്ഥാപിക്കാന്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പിശാചിന്റെ പണിപ്പുര മനുഷ്യമനസ്സാണ്. അവിടെ പതിയിരുന്ന് മനുഷ്യനെ മാര്‍ഗഭ്രംശത്തിലാക്കുന്ന കുതന്ത്രങ്ങളും ദുഷ്‌ചെയ്തികളുമാണ് പിശാച് സദാ നടത്തിക്കൊണ്ടിരിക്കുന്നത്. നോമ്പുകാരന്റെ ഭക്തി അര്‍ഥവത്താകണമെങ്കില്‍ ഈ പിശാചിനെ മനസ്സില്‍നിന്ന് ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അതിനുള്ള പ്രതിരോധകവചമാണെന്ന ബോധമാണ് നോമ്പിന് ചൈതന്യം പകരുന്നത്.
റമദാന്‍ മാസപ്പിറവി ദര്‍ശിക്കുന്നതു മുതല്‍ ഈ കവചവുമണിഞ്ഞുകൊണ്ടുള്ള ഒരു വലിയ പോരാട്ടത്തിലേക്കാണ് മുസ്‌ലിം പ്രവേശിക്കുന്നത്. പകല്‍സമയത്ത് ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുകയും രാത്രികളെ പ്രാര്‍ഥനാനിര്‍ഭരമാക്കുകയും ചെയ്യുന്നതോടുകൂടി നോമ്പിന്റെ പ്രത്യക്ഷ നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. പക്ഷേ നാം അണിയുന്ന നോമ്പെന്ന പരിച തിന്മയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുമ്പോള്‍ മാത്രമേ പ്രവാചകന്‍ പ്രഖ്യാപിച്ചതുപോലുള്ള പോരാട്ടമാവുകയുള്ളൂ. ഈ പോരാട്ടം തുടരേണ്ടത് സ്വന്തത്തില്‍നിന്നാണ്. ഒന്നാമതായി മറ്റ് പതിനൊന്നു മാസങ്ങളില്‍നിന്ന് ഭിന്നമായി നമ്മുടെ വിശ്വാസം തീക്ഷ്ണമായ ഒരു പരീക്ഷണത്തിന് വിധേയമാകുന്നു എന്ന ബോധം ഉണ്ടാകണം. ഇത് ഭയഭക്തി വര്‍ധിപ്പിക്കുന്നു. പാപങ്ങളില്‍നിന്ന് മോചിതമാകാനും ജീവിത പരിശുദ്ധി കരഗതമാക്കാനും ഇടവരുത്തുന്നു.
ഒരു മാസക്കാലം മുസ്‌ലിം സമൂഹം മുഴുവനായും നോമ്പനുഷ്ഠിക്കുകയും അനുബന്ധ ഇബാദത്തുകള്‍ നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ നോമ്പിന് ഒരു സാമൂഹികസ്വഭാവം കൈവരുന്നു. വാക്കുകൊണ്ടോ ചിന്തകൊണ്ടോ പ്രവൃത്തികൊണ്ടോ അല്ലാഹുവിന് ഇഷ്ടമല്ലാത്ത ഒന്നിനും മനുഷ്യന്‍ ഇടമില്ലാതാക്കുന്നു. ഇങ്ങനെ മനുഷ്യമനസ്സില്‍നിന്ന് ഇബ്‌ലീസിനെ ആട്ടിയോടിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ നമ്മുടെ നോമ്പ് ഒരു പരിചയായിത്തീരുന്നുള്ളൂ.
ദേഹേഛയും ദൈവേഛയും തമ്മിലുള്ള പോരാട്ടം നോമ്പുകാരനിലും ചിലപ്പോഴൊക്കെ പ്രകടമാകുന്നു. പൊരിഞ്ഞ വിശപ്പും ശമിപ്പിക്കാന്‍ കഴിയാത്ത ദാഹവുമുണ്ടാകുമ്പോഴും നോമ്പുകാരന്‍ എന്ന നിലയില്‍ നാം ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നു, ദൈവേഛയെ ഉള്‍ക്കൊള്ളുന്നു. പക്ഷേ ജീവിതത്തിന്റെ മറ്റ് മേഖലകളിലേക്കും വ്യവഹാരങ്ങളിലേക്കും ഇറങ്ങിച്ചെല്ലുമ്പോള്‍ ദേഹേഛയെ തള്ളാനും ദൈവേഛയെ ഉള്‍ക്കൊള്ളാനും കൂടി മനുഷ്യന്‍ തയാറാകേണ്ടതുണ്ട്. അതിനു കഴിയുന്നില്ലെങ്കില്‍ നോമ്പിന്റെ അന്തസ്സത്ത നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. നോമ്പനുഷ്ഠിച്ചുകൊണ്ടുതന്നെ കളവ് പറയുക, തെറ്റായ പ്രവൃത്തികള്‍ ചെയ്യുക, പരദൂഷണം പറയുക, അസഭ്യങ്ങളും അശ്ലീല വാക്കുകളും ഉപയോഗിക്കുക തുടങ്ങിയവയെല്ലാം നോമ്പിന്റെ പുണ്യം നഷ്ടപ്പെടുത്തുന്ന ചെയ്തികളാണ്. അങ്ങനെയുള്ളവന്റെ നോമ്പ് ഒരാത്മവഞ്ചനയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
ദൈവഭക്തിയുടെ പൂര്‍ണമായ പ്രസ്ഫുരണമാണ് നോമ്പ്. എല്ലാ മുസ്‌ലിംകളും നോമ്പനുഷ്ഠിക്കുന്നതോടെ സമൂഹത്തില്‍ ഇസ്‌ലാമിന്റെ ചൈതന്യവും തേജസ്സും പ്രകടമാവുന്നു. നോമ്പാകുന്ന പരിച ഉപയോഗിച്ച് തിന്മയും പൈശാചികതയും വിപാടനം ചെയ്യാന്‍ കഴിഞ്ഞ ഒരു സന്തുഷ്ട സമുദായം, നോമ്പിനു ശേഷവും തിന്മയുടെ ശക്തികള്‍ക്ക് തലപൊക്കാന്‍ കഴിയാത്ത അവസ്ഥാവിശേഷം സംജാതമാക്കാന്‍ കഴിഞ്ഞാല്‍ നോമ്പ് അതിന്റെ ഫലപ്രാപ്തിയിലെത്തിയെന്ന് നമുക്കാശ്വസിക്കാം.