സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ല. കാലവും പ്രായവുമില്ല. സ്വപ്‌നങ്ങളോടൊപ്പം ദൃഢവിശ്വാസം കൂടിയാകുമ്പോള്‍ പ്രായത്തെയും കാലത്തെയും അതിജീവിച്ച് അത് പൂവണിയുക തന്നെ ചെയ്യും
കൂരാരി ഗ്രാമത്തിലെ നജ്മ ഇന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുമ്പോള്‍ ജീവിതത്തിന്റെ ഒപ്പം കൂട്ടിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം കൂടിയാണ്. വീട്ടുകാരുടെ സുരക്ഷാ ഭയത്താല്‍ ഉപേക്ഷിക്കേണ്ടി വന്ന ഹൈസ്‌കൂള്‍ പഠനമാണ് നജ്മ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പൂര്‍ത്തീകരിച്ചത്.
ഇരിക്കൂര്‍ കൂരാരി ഗ്രാമത്തിലെ മമ്മുട്ടി മാഷിന്റെ മകളായ നജ്മ തന്റെ വിദ്യാഭ്യാസം പകുതിക്കു വെച്ച് നിര്‍ത്തേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതായിരുന്നില്ല. ഏഴാം ക്ലാസ് വരെ വളരെ സന്തോഷത്തോടെ കൂട്ടുകാരുടെ കൂടെ സ്‌കൂളില്‍ പോയ നജ്മക്ക് ഹൈസ്‌കൂളിലെ തുടര്‍പഠനം സ്വപ്‌നം മാത്രമായി മാറിയതിന് കാരണം ഉപ്പയുടെ ആധിയായിരുന്നു. തന്റെ വീട്ടില്‍നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഹൈസ്‌കൂളില്‍ ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ ദുരനുഭവം മകളെ ആ സ്‌കൂളിലേക്ക് അയക്കുന്നതിന് മാഷിനെ വിലക്കി. കൂട്ടുകാരൊക്കെ ഹൈസ്‌കൂള്‍ അഡ്മിഷനു വേണ്ടി യു.പി സ്‌കൂളില്‍ ടി.സി വാങ്ങാന്‍ പോകുമ്പോള്‍ പ്രതീക്ഷയോടെയല്ലെങ്കിലും അവളും ടി.സി വാങ്ങാന്‍ പോയി.
കൂട്ടുകാരിയെ ചട്ടംകെട്ടി പിതാവിന്റെ സമ്മതം തരപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും 'പഠിക്കാനുള്ള ആഗ്രഹം നല്ലതാണ്, പക്ഷേ ആ ആഗ്രഹത്തേക്കാള്‍ എനിക്ക് വലുത് സുരക്ഷയാണ്' എന്ന മറുപടിയാണ് ലഭിച്ചത്.
പക്ഷേ കൂട്ടുകാരികളെല്ലാം ഹൈസ്‌കൂളിലേക്ക് തുടര്‍പഠനവുമായി പോയപ്പോള്‍ നിരാശപ്പെട്ടെങ്കിലും ഏതെങ്കിലും ഒരു കാലത്ത് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുമെന്ന വാശിയില്‍ ആ ടി.സി നജ്മ നിധി പോലെ സൂക്ഷിച്ചു. സ്‌കൂള്‍ പഠനം തുടരാന്‍ സാധിക്കാത്തതില്‍ നജ്മക്കുള്ള ദുഃഖം മനസ്സിലാക്കിയ പിതാവ് അവളെ അടുത്തുള്ള തുന്നല്‍ ക്ലാസിലേക്ക് പറഞ്ഞയച്ചു. ഒപ്പം ഒന്നുകൂടി പറഞ്ഞു; 'നീ എനിക്ക് നല്ല കുപ്പായം തുന്നി തരുന്നതുവരെ നീ നന്നായി പഠിക്കണം.' അതിനൊരു കാരണവുമുണ്ട്. പുരുഷന്മാരുടെ ഷര്‍ട്ട് തയ്ക്കാന്‍ പഠിച്ചാല്‍ ടൈലറിംഗ് പൂര്‍ത്തിയായെന്നാണ് ചൊല്ല്. പിതാവിന് കൊടുത്ത വാക്ക് തെറ്റിച്ചില്ല, നജ്മ നല്ലൊരു ടൈലറിംഗ് അധ്യാപികയായി മാറി. തുന്നല്‍ പണിയെടുക്കുമ്പോഴും പത്തൊമ്പതാമത്തെ വയസ്സില്‍ മദ്‌റസാ അധ്യാപകനായ പി.കെ അലിയെ വിവാഹം ചെയ്യുമ്പോഴും മൂന്ന് കുട്ടികള്‍ ജനിച്ചു കുടുംബമായി മുന്നോട്ടുപോകുമ്പോഴും നജ്മ തന്റെ സ്വപ്‌നത്തെ വഴിയില്‍ ഉപേക്ഷിച്ചില്ല. എവിടെയെങ്കിലും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സാധ്യതയുണ്ടോ എന്ന് എല്ലായ്‌പ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു. എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയെക്കുറിച്ച് കേട്ടത് അങ്ങനെയാണ്. പക്ഷേ അപ്പോഴും ചെറിയ കുട്ടികളെ വീട്ടിലാക്കി അല്‍പദൂരം പോലും പോയി പഠിക്കാനുള്ള സാഹചര്യം നജ്മക്കുണ്ടായിരുന്നില്ല. പക്ഷേ അറിവ് നേടാനുള്ള ആഗ്രഹം ഖുര്‍ആന്‍ പഠനത്തിലൂടെ പൂര്‍ത്തീകരിച്ചു. വീടിനടുത്ത് ഖുര്‍ആന്‍ അര്‍ഥസഹിതം പഠിപ്പിക്കുന്ന സ്റ്റഡി സെന്ററില്‍ പോയി. എട്ടു വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനായും അര്‍ഥം മനസ്സിലാക്കി പഠിക്കാന്‍ സാധിക്കും എന്നുള്ളത് നജ്മയെ സംബന്ധിച്ചേടത്തോളം വലിയൊരു കാര്യമായിരുന്നു. എന്നാല്‍ പലപ്പോഴും അവിടെ പോയുള്ള പഠനവും മുടങ്ങിയെങ്കിലും ഓരോ വര്‍ഷവും ഖുര്‍ആന്‍ പഠനത്തിന് രജിസ്റ്റര്‍ ചെയ്യുകയും പരീക്ഷയെഴുതി ഖുര്‍ആനില്‍നിന്ന് ധാരാളം പഠിച്ചെടുക്കാനും കഴിഞ്ഞു.
ഇതിനിടയില്‍ സംഘാടന മികവും പുറത്തെടുത്തു. സഹായം ചോദിച്ചു വരുന്ന അശരണരെ ഒരിക്കലും നജ്മ വെറുംകൈയോടെ പറഞ്ഞയച്ചില്ല. സര്‍ക്കാര്‍ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ആവശ്യക്കാര്‍ക്ക് തന്നെക്കൊണ്ട് അറിയുന്ന കാര്യങ്ങളില്‍ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനും മടിച്ചില്ല. ടൈലര്‍മാരെ സംഘടിപ്പിക്കുകയും ക്ഷേമനിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാനുമായി മുന്നിട്ടിറങ്ങി. പല സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് സ്വയംതൊഴിലെന്ന പലരുടെയും സ്വപ്‌നങ്ങള്‍ക്കു ചിറകു വിരിയിച്ചതും നജ്മയുടെ സംഘാടന മികവ് തന്നെ.
ദിനേനയുള്ള പത്രവായനയും ആനുകാലിക വായനയും നജ്മയെ നല്ലൊരു രാഷ്ട്രീയ നിരീക്ഷക കൂടിയാക്കി മാറ്റിയിരുന്നു. കഴിഞ്ഞ 40 വര്‍ഷവും പത്രത്തിലൂടെ കണ്ണോടിച്ചിരുന്നത് പ്രധാനമായും ഒരേയൊരു വാര്‍ത്തക്കു വേണ്ടിയായിരുന്നു, തന്റെ പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നതിന് വല്ല വഴിയും ഉണ്ടോ എന്നറിയാന്‍. അതിനുള്ള ഉത്തരമായി, ഒരു വര്‍ഷം മുമ്പ് പത്രത്തിന്റെ ഒരു മൂലയില്‍ കണ്ട വാര്‍ത്ത നജ്മയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. നജ്മ താമസിക്കുന്ന വീടിനടുത്തു തന്നെ എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുങ്ങിയിരിക്കുന്നു. വാര്‍ത്ത കാണേണ്ട താമസം, ഫോണ്‍ നമ്പര്‍ കറക്കി നജ്മ അവിടേക്ക് വിളിച്ചു, അഡ്മിഷന്‍ എടുത്ത് പഠനവും ആരംഭിച്ചു.
വളരെയധികം സന്തോഷത്തോടും ആവേശത്തോടും കൂടിയാണ് നജ്മ ക്ലാസിലേക്ക് കയറിയത്. നാട്ടിലെയും വീട്ടിലെയും എന്തു പരിപാടി വരുമ്പോഴും നജ്മക്ക് ഒരു ആധിയേ ഉള്ളൂ; തന്റെ ക്ലാസ് മുടങ്ങി പോവാതെ നല്ല നിലയില്‍ നടന്നുപോകണം. ഈ കാലയളവിലാണ് തന്റെ മൂന്നാമത്തെ മകന്‍ അബ്ദുര്‍റഹ്മാന്റെ കല്യാണം വരുന്നത്. കല്യാണത്തിന് ഡേറ്റ് നിശ്ചയിക്കുമ്പോള്‍ നജ്മക്ക് ഒരേയൊരു ഡിമാന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഞായറാഴ്ച ദിവസം കല്യാണം വെക്കരുത്. ആഴ്ചയിലൊരു ദിവസം മാത്രമാണ് ക്ലാസ്സ്. ആ ദിവസം ലീവ് എടുക്കാന്‍ സാധിക്കില്ല. ഉമ്മയുടെ ആഗ്രഹപ്രകാരം ക്ലാസ്സ് അവധിയായ ദിവസമാണ് കല്യാണം നടന്നത്. ഉമ്മയുടെ വിദ്യാഭ്യാസത്തോടുള്ള താല്‍പര്യം അഞ്ച് ആണ്‍മക്കളെയും ഉയര്‍ന്ന തലത്തില്‍ എത്തിച്ചു. മൂത്ത മകന്‍ മിസ്ഹബ് ജെ.എന്‍.യുവില്‍നിന്ന് ഡോക്ടറേറ്റും രണ്ടാമത്തെ മകന്‍ മുഹ്‌സിന്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.ഫില്‍ ബിരുദവും മൂന്നാമത്തെ മകന്‍ അബ്ദുര്‍റഹ്മാന്‍ തിരുവനന്തപുരം ലോ കോളേജില്‍നിന്ന് എല്‍.എല്‍.ബിയും പൂര്‍ത്തിയാക്കി. നാലാമത്തെ മകന്‍ മുബശ്ശിര്‍ ബി.പി.എഡ് ബിരുദവും അഞ്ചാമത്തെ മകന്‍ മുനവ്വിര്‍ അസ്ഹര്‍ കോളേജില്‍നിന്ന് ഡിഗ്രിയും പൂര്‍ത്തിയാക്കി. പ്രിയതമനും അഞ്ച് ആണ്‍മക്കളും പഠനത്തിന് എല്ലാ നിലക്കും കൂടെ നില്‍ക്കുകയും സഹായിക്കുകയും ചെയ്തതോടെ 53-ാമത്തെ വയസ്സില്‍ എസ്.എസ്.എല്‍.സി എന്ന ജീവിതസ്വപ്‌നം യാഥാര്‍ഥ്യമായി.
എസ്.എസ്.എല്‍.സിയോടെ വിദ്യാഭ്യാസം നിര്‍ത്താനല്ല, ഇനിയും ഉയര്‍ന്നു പഠിക്കാന്‍ തന്നെയാണ് നജ്മ തീരുമാനിച്ചിരിക്കുന്നത്. ഇനിയുള്ള സ്വപ്‌നമെന്താണെന്നു ചോദിച്ചാല്‍ അവര്‍ പറയും; പ്ലസ് ടു കഴിഞ്ഞ്, ഡിഗ്രി എടുത്ത് ഒരു ജോലി നേടണം. സ്വയംപര്യാപ്തത കൈവരിക്കണം. നാല്‍പതു വര്‍ഷത്തോളം താലോലിച്ച തന്റെ ലക്ഷ്യം നജ്മ പൂര്‍ത്തീകരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. ചരിത്രം കുറിക്കുന്നത് കാണാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കാം.