സ്ത്രീക്ക് രാഷ്ട്രീയാധികാരം എന്നുണ്ടാവും?
തല മുണ്ഡനം ചെയ്തും പൊട്ടിക്കരഞ്ഞും വനിതാ രാഷ്ട്രീയക്കാരികള്‍ ഇക്കുറി നിയമസഭാ ഇലക്ഷനെ നേരിടുന്നതിനാണ് കേരളം സാക്ഷിയായത്.
തല മുണ്ഡനം ചെയ്തും പൊട്ടിക്കരഞ്ഞും വനിതാ രാഷ്ട്രീയക്കാരികള്‍ ഇക്കുറി നിയമസഭാ ഇലക്ഷനെ നേരിടുന്നതിനാണ് കേരളം സാക്ഷിയായത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷാണ് സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് പദവി രാജിവെക്കുകയും തല മുണ്ഡനം ചെയ്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തയാറാവുകയും ചെയ്തത്. മറ്റൊരു വനിതാ നേതാവിന് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാന്‍ കഴിഞ്ഞെങ്കിലും അതിനു വേണ്ടി പൊതുവേദിയില്‍ പൊട്ടിക്കരയേണ്ടി വന്നു. തനിക്കു മത്രമല്ല തങ്ങള്‍ പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്റെ -സ്ത്രീകളുടെ-
പ്രാതിനിധ്യക്കുറവായിരുന്നു ഇതിനുള്ള കാരണമായി പറയപ്പെട്ടത്. അതെന്തായാലും വനിതകള്‍ തഴയപ്പെട്ടു എന്നത് യാഥാര്‍ഥ്യമാണ്. യുവാക്കള്‍, പുതുമുഖങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തും എന്ന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പറഞ്ഞിരുന്നെങ്കിലും വനിതകള്‍ക്ക് അര്‍ഹമായ
പ്രാതിനിധ്യം ലഭ്യമായില്ല എന്നുതന്നെയാണ് വസ്തുത.
പാര്‍ലമെന്ററി പ്രാതിനിധ്യമെന്ന സ്ത്രീകളുടെ മോഹം പൂവണിയപ്പെടാതെയാണ് സ്വതന്ത്ര ഇന്ത്യയുടെ സംസ്ഥാന നിയമസഭകളും ലോക്‌സഭയുമൊക്കെ ഇക്കാലമൊക്കെയും നിലനിന്നത്. നമ്മുടെ പാര്‍ലമെന്റിനകത്ത് ചര്‍ച്ചചെയ്യപ്പെടാതെ കിടക്കുന്ന ഒരേയൊരു ബില്ലാണ് നിയമനിര്‍മാണസഭകളിലെ സ്ത്രീ
പ്രാതിനിധ്യം. ഓരോ പാര്‍ട്ടിയിലും പുരുഷ രാഷ്ട്രീയ അധികാരമോഹികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം കുറഞ്ഞുവരിക തന്നെയാണ്. സമൂഹത്തിനകത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയവര്‍ സമൂഹമുഖ്യധാരയോട് ഇഴുകിച്ചേരണമെങ്കില്‍ അര്‍ഹതപ്പെട്ട സംവരണത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവാണ് തൊഴില്‍-വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മറ്റു പല രംഗങ്ങളിലും സംവരണം നടപ്പിലാക്കാന്‍ ഭരണഘടനാ ശില്‍
പികള്‍ മെനക്കെട്ടത്. അതിന്റെ ഗുണപരമായ വശം സമൂഹം അനുഭവിക്കുന്നുമുണ്ട്. സ്ത്രീ വിദ്യാഭ്യാസ-തൊഴില്‍ മുന്നേറ്റം ഇതിന്റെ വലിയ ഫലമാണ്. തദ്ദേശഭരണത്തിനു കീഴില്‍ മത്സരിക്കുകയും വിജയിക്കുകയും ഭരണം നടത്തുകയും ചെയ്യുന്ന
പുരുഷന്മാരോടൊപ്പം തന്നെ 50 ശതമാനം സ്ത്രീകള്‍ എത്തിയതും ഇതേ സംവരണ ബലത്തില്‍ തന്നെയാണ്. അല്ലാതെ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടികളും വകവെച്ചു നല്‍കിയതല്ല അത്. പക്ഷേ നിയമസഭാ-ലോക്‌സഭാ തലത്തില്‍ ഇത്തരമൊരു മുന്നേറ്റമുണ്ടാക്കാന്‍ തടസ്സം
നില്‍ക്കുന്നത് ഇത്തരമൊരു നിയമ
നിര്‍മാണത്തിന്റെ അഭാവമാണ്.
പാര്‍ലമെന്റില്‍ യാതൊരുവിധ ചര്‍ച്ചയും നടത്താതെ പലവിധ ബില്ലുകള്‍
പാസാക്കിയെടുത്തവര്‍ ഇത്തരമൊരു ബില്ല് കണ്ടില്ലെന്നു നടിക്കുന്നത് കാണാനുള്ള ദൗര്‍ഭാഗ്യമാണ് സ്ത്രീസമൂഹത്തിനുള്ളത്. അധികാര രാഷ്ട്രീയം കൈയാളുന്ന പുരുഷന്മാര്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ ബില്ലുകള്‍ പാസാക്കുകയും തങ്ങളുടെ പാര്‍ട്ടിയില്‍ അധികാരത്തിനുള്ള തുല്യ പങ്കാളിത്തം നല്‍കുകയുമാണ് വേണ്ടത്.