സുന്നത്തിലെ സ്ത്രീസാന്നിധ്യങ്ങള്‍
അബ്ദുല്‍ ഹഫീദ് നദ്‌വി
ഏപ്രില്‍ 2021
സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്നും അവരുടെ പ്രവര്‍ത്തന മണ്ഡലം വീടിനകത്താണെന്നുമാണ് ഇസ്‌ലാമിന്റെ
സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്നും അവരുടെ പ്രവര്‍ത്തന മണ്ഡലം വീടിനകത്താണെന്നുമാണ് ഇസ്‌ലാമിന്റെ പേരില്‍ സമൂഹം വികസിപ്പിച്ചെടുത്ത കാഴ്ചപ്പാട്. കുടുംബമെന്ന മഹത്തായ പ്രക്രിയയിലേക്കാവശ്യമായ ബാഹ്യഘടകങ്ങള്‍ സംവിധാനിക്കേണ്ടത് പുരുഷന്റെയും ആഭ്യന്തരകാര്യങ്ങള്‍ നോക്കിനടത്തേണ്ടത് സ്ത്രീയുടെയും ഉത്തരവാദിത്വമാണ് എന്നത് പൂര്‍ണാര്‍ഥത്തില്‍ ശരിയാണ്. അഥവാ മാതൃത്വമാണ് പെണ്മയുടെ പ്രഥമവും പ്രധാനവുമായ ധര്‍മം.
എന്നാല്‍ 'സ്ത്രീകളെ അധികാരം ഏല്‍പ്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല' എന്ന ഹദീസ് പറഞ്ഞ് അവള്‍ക്ക് പള്ളിയും പള്ളിക്കൂടവും കൊട്ടിയടച്ച് അവളുടെ സാമൂഹികപരതയെ തന്നെ നിഷേധിച്ചു.....
ആഇശ(റ)യുടെ ഇടമാണ് സന്ദര്‍ഭം പരിഗണിക്കാതെയുള്ള പ്രമാണങ്ങളുടെ അക്ഷരവായന കൊണ്ട് നാം നടത്തുന്നത്. മഹതി ആഇശയില്ലെങ്കില്‍ ജമല്‍ യുദ്ധം തന്നെയില്ല. സഹോദരി ഇരട്ടപ്പട്ടക്കാരി അസ്മ (റ) ഇല്ലെങ്കില്‍ നബി(സ)യുടെ ഹിജ്‌റ പോലും ഏകലിംഗ പരിമിത ദേശാടനമാവും. അസ്മാ ബിന്‍ത് ഉമൈസ് (റ) ഇല്ലായിരുന്നുവെങ്കില്‍ എത്യോപ്യയിലേക്കുള്ള കടല്‍യാത്ര വിവര്‍ണമാവുമായിരുന്നു. റുഖിയ്യയും(റ) ഉമ്മുകുല്‍സൂമും(റ) ഫാത്വിമ(റ)യുമൊക്കെയാണ് വാസ്തവത്തില്‍ ഉസ്മാന്റെ(റ)യും അലിയു(റ)ടെയും മറ്റും പേരുകള്‍ അനശ്വരമാക്കിയത്. ഉഹുദ് യുദ്ധം പരാജയമായിരുന്നുവെങ്കിലും ഉമ്മു അമ്മാറ(റ)യുടെ ധൈര്യമില്ലായിരുന്നുവെങ്കില്‍ യുദ്ധപരിണതി എന്താകുമായിരുന്നുവെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഇസ്ലാമിന്റെ ശോഭനകാലത്തുണ്ടായ യുദ്ധങ്ങളില്‍ പുരുഷന്മാര്‍ അമ്പും കഠാരയുമേന്തുകയും മുറിവേല്‍ക്കുകയും ചെയ്തുവെങ്കില്‍ പരിക്കേറ്റവര്‍ക്ക് വെള്ളം കൊടുക്കുക, മുറിവ് കെട്ടുക, സമാശ്വസിപ്പിക്കുക എന്നീ കൃത്യങ്ങള്‍ സ്ത്രീകളും ചെയ്തിട്ടുണ്ട് എന്ന് റുഫൈദ അസ്‌ലമിയ്യ(റ)യുടെ ജീവചരിത്രം വ്യക്തമാക്കുന്നു. മസ്ജിദുന്നബവിയിലേക്ക് ഇടക്കിടക്കുള്ള സന്ദര്‍ശനങ്ങളിലൂടെ മാത്രം ഖാഫ് എന്ന വലിയൊരു അധ്യായം മനപ്പാഠമാക്കിയ ഹിന്ദ് ബിന്‍ത് ഉസൈദി(റ)നെ നാം വിസ്മരിക്കുന്നതെങ്ങനെ? ഏതു സ്ത്രീജന്യ വിഷയവും ലജ്ജ കൂടാതെ നബി(സ)യോട് നേരിട്ട് ചോദിച്ചിരുന്ന ഉമ്മുസുലൈമി(റ)നെ ഓര്‍ക്കാതെ ഹദീസ് ഗ്രന്ഥങ്ങളിലെ പ്രാഥമിക അധ്യായങ്ങള്‍ പോലും പഠിക്കുന്നതെങ്ങനെ?
എന്നിട്ടും ബുദ്ധി / ദീന്‍ കുറവ് എന്ന ആരോപണം ഉന്നയിച്ച് ഹദീസുകള്‍ സ്ഥാനത്തും അസ്ഥാനത്തും ഇട്ട് അലക്കി ഇസ്‌ലാമിന്റെ പേരില്‍ ലിംഗവ്യത്യാസം പ്രഘോഷിക്കാന്‍ ഹദീസ് പഠിച്ചവര്‍ക്കെങ്ങനെ കഴിയും?! ഹദീസ് ബലാബല ശാസ്ത്രമനുസരിച്ച് ലക്ഷക്കണക്കിന് പുരുഷനിവേദകരെ ഒഴിവാക്കിയിട്ടുള്ള പണ്ഡിത കേസരികള്‍ ഒരു വനിതാ ഹദീസ് റിപ്പോര്‍ട്ടറെ പോലും തള്ളുകയോ മറ്റാരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹദീസിന്റെ ഇമാമുമാരായ അസ്ഖലാനിയും ദഹബിയും അഭിപ്രായപ്പെടുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ വേണം 43 വാള്യങ്ങളിലായി പതിനായിരം സ്ത്രീരത്‌നങ്ങളെ പരിചയപ്പെടുത്തുന്ന ഒരു മഹദ് ഗ്രന്ഥ പരമ്പര സുഊദി അറേബ്യയിലെ ജിദ്ദ കേന്ദ്രമായ ദാറുല്‍ മിന്‍ഹാജ് പ്രസിദ്ധീകരണം ആരംഭിച്ചിട്ടുള്ളത് നാമറിയാന്‍. ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീസാന്നിധ്യം ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന ആദ്യകാല്‍വെപ്പ്. അല്‍വഫാഉ ബി അസ്മാഇന്നിസാ (സ്ത്രീപേരുകളോടുള്ള കൂറ്) എന്ന പേരില്‍ ഇറങ്ങുന്ന ഈ വനിതാ സ്‌പെഷല്‍ ഹദീസ് വിജ്ഞാനകോശം അന്താരാഷ്ട്ര പുസ്തക പ്രദര്‍ശന - വിപണന മേളകളിലേക്ക് തയാറായിവരുന്നു. ഇന്ത്യക്കാരനായ ഓക്‌സ്‌ഫോര്‍ഡ് സ്‌കോളര്‍ ഡോ. മുഹമ്മദ് അക്‌റം നദ്വിയാണ് പ്രസ്തുത ഭഗീരഥ യത്‌നത്തിന്റെ ആസൂത്രകനും രചയിതാവും.
ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ 1964-ലാണ് ഡോ. മുഹമ്മദ് അക്‌റം നദ്വിയുടെ ജനനം. ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമായില്‍നിന്ന് ഹദീസില്‍ ഉന്നത ബിരുദം നേടിയ ശേഷം ഏതാനും വര്‍ഷങ്ങള്‍ അതേ സ്ഥാപനത്തില്‍ തന്നെ അധ്യാപകനായി തുടര്‍ന്നു. പിന്നീട് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തില്‍ ചേര്‍ന്നു. പി.എച്ച്.ഡി എടുത്ത ശേഷം അവിടത്തെ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം തലവനും നിരവധി ഗവേഷണ പഠനങ്ങളുടെ നിരീക്ഷകനുമാണ്.