മാറുന്ന ശീലവും ഏറുന്ന രോഗവും
ഒരു കള്ളം അനേകം തവണ പറയുമ്പോള്‍ അത് സത്യമായിത്തീരുമെന്ന് ഒരു പറച്ചിലുണ്ട്. പരസ്യത്തിന്റെ മോമ്പൊടി ചേര്‍ത്തുകൊണ്ട്
ഒരു കള്ളം അനേകം തവണ പറയുമ്പോള്‍ അത് സത്യമായിത്തീരുമെന്ന് ഒരു പറച്ചിലുണ്ട്. പരസ്യത്തിന്റെ മോമ്പൊടി ചേര്‍ത്തുകൊണ്ട് ഒരുപാട് കള്ളത്തരങ്ങള്‍ നമ്മുടെ വാണിജ്യമേഖലകള്‍ ചെയ്തുകൂട്ടിയിട്ടുണ്ടെന്നും അതിന് നാം ഇരയായിട്ടുണ്ടെന്നും അറിയുക അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചുകഴിയുമ്പോഴായിരിക്കും. ചിലപ്പോള്‍ തീരെ അറിഞ്ഞിട്ടുമുണ്ടാവില്ല. അടുത്തിടെ ഞെട്ടിക്കുന്ന രണ്ടുവാര്‍ത്തകളാണ് കേട്ടത്. നിത്യഭക്ഷണമായിത്തീര്ന്ന ബഹുരാഷ്ട്രകമ്പനിയായ നെസ്ലെയുടെ ഉല്‍പ്പന്നമായ മാഗിയില്‍ അടങ്ങിയിട്ടുള്ള വിഷാംശത്തെക്കുറിച്ചുള്ളതാണ് ഒന്ന്. നിത്യവും കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും മാത്രമല്ല, ഭക്ഷണമേശകളില്‍ എത്തുന്ന എല്ലാറ്റിലും ഏതെങ്കിലും തരത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന വസ്തുതക്കു പുറമെയാണിത്. അതോടൊപ്പം തന്നെ കേട്ട മറ്റൊരു വാര്‍ത്തയാണ് രോഗചികിത്സക്കായി ഏറ്റവും അധികം പണം ചെലവിടുന്ന സംസ്ഥാനമായി കേരളം മാറുന്നുവെന്ന റിപ്പോര്‍ട്ട്. ഗ്രാമീണമേഖലയില്‍ എട്ടുശമാനവും നഗര മേഖലയില്‍ 12 ശതമാനവും ചികിത്സക്കായി പണം ചെലവിട്ട് ദരിദ്രരായിത്തീരുന്നു എന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആരോഗ്യ വിദഗ്ദസമിതി നടത്തിയ പഠനം പറയുന്നത്. എത്ര ദരിദ്രാവസ്ഥയാണെങ്കിലും ചികിത്സയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലായെന്ന മലയാളിയുടെ മനശ്ശാസ്ത്രത്തെയാണ് ആരോഗ്യരംഗത്തുള്ളവര്‍ ചൂഷണം ചെയ്യുന്നത്. മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമായ പ്രചരണ തന്ത്രങ്ങളിലൂടെ വന്‍ലാഭം കൊയ്യുകയാണ് മെഡിക്കല്‍ രംഗത്തുള്ളവരില്‍ ഭൂരിപക്ഷവും. നമ്മുടെ ക്ലിനിക്കല്‍ സംവിധാനങ്ങളും ലാബ് റിപ്പോര്‍ട്ടുകളുമൊക്കെ പൂര്‍ണമായും വിശ്വാസിക്കാന്‍ കൊള്ളാത്ത തരത്തിലാണ്. ഇത്തരക്കാര്‍ക്ക് പണി എളുപ്പമാക്കുന്ന തരത്തിലാണ് നമ്മുടെ ജീവിതരീതികളും. പല അസുഖങ്ങളും ജീവിത ശൈലിയുമായി ബന്ധപ്പെട്ടതാണ്. ഫാസ്റ്റ്ഫുഡുകളുടെ അമിതോപയോഗം ഒരു തലമുറയെ രോഗികളും നിഷ്ക്രിയരുമാക്കിത്തീര്ക്കുന്ന തരത്തിലാണ്. ഐ.എം.എ ഇറക്കിയ പത്രക്കുറിപ്പില്‍ കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തയക്കുന്ന ഭക്ഷണങ്ങളില്‍ ഒഴിവാക്കേണ്ടവയുടെ വലിയ ലിസ്റ്റുണ്ട്. അതില്‍ അധികവും സ്കൂളിലെ മില്‍ക് ടൈമിലും ഉച്ചഭക്ഷണ സമയത്തും നിത്യവും കൊടുത്തയക്കുന്നവയാണെന്നോര്ക്കുമ്പോള് നാം തന്നെയാണ് കുട്ടികളെ രോഗികളാക്കിത്തീര്ക്കുന്നതെന്ന് മനസ്സിലാവും. ഇതില്‍നിന്നും ഒരു തിരിച്ചുപോക്ക് അത്യാവശ്യമാണ്. നമ്മുടെ അടുക്കളയിലേക്ക് കുടുംബവും കുട്ടികളും മടങ്ങേണ്ടതുണ്ട്. പഴയ നാടന്‍ രുചിക്കൂട്ടുകളെ നാം നാവില്‍ ആസ്വദിച്ചറിയേണ്ടതുണ്ട്. പോഷകമൂല്യമുള്ളതും എളുപ്പത്തിലുണ്ടാക്കുന്നതുമായ ഒരു ഭക്ഷണരീതി വളര്‍ത്തിയെടുക്കണം. നാട്ടിന്‍പുറം നന്മകളാല് സമ്പന്നമെന്ന ആപ്തവാക്യത്തെ ഉണര്‍ത്തുപാട്ടായി ഏറ്റെടുത്തുകൊണ്ട് നാടന്‍ വിഭവങ്ങള്‍ കായ്ക്കുന്ന മരങ്ങളും ചെടികളും പച്ചക്കറികളും നാം നട്ടുവളര്‍ത്തേണ്ടതുണ്ട്. ഇതൊരു സംസ്കാരമായും ശീലമായും വളര്‍ന്നുവരുന്ന കുട്ടികളിലും ഉണ്ടാക്കേണ്ടതുണ്ട്. നമ്മെ തീറ്റിച്ച് നശിപ്പിക്കുന്ന ഭക്ഷണ മരുന്നു മാഫിയകളെ ഇല്ലാതാക്കാനും സ്വന്തം ആരോഗ്യം കാക്കാനും ഇതേ വഴിയുള്ളൂ.