ബാധ്യതകളില്ലാത്ത അവകാശങ്ങള്‍
ശൈഖ് മുഹമ്മദ് കാരകുന്ന്
2015 ജൂലൈ
ഇസ്‌ലാം സമ്പൂര്‍ണമായ ഒരു ജീവിത വ്യവസ്ഥയാണ്. അത് അവിഭാജ്യമാണ്. അതിന്റെ വിവിധവശങ്ങള്‍ പരസ്പരബന്ധിതങ്ങളാണ്;
ഇസ്‌ലാം സമ്പൂര്‍ണമായ ഒരു ജീവിത വ്യവസ്ഥയാണ്. അത് അവിഭാജ്യമാണ്. അതിന്റെ വിവിധവശങ്ങള്‍ പരസ്പരബന്ധിതങ്ങളാണ്; പരസ്പരപൂരകങ്ങളും. അതിന്റെ ഏതെങ്കിലും ഒരു വശം മാത്രമെടുത്ത് വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതും തെറ്റായ ധാരണകള്‍ക്കും നിഗമനങ്ങള്‍ക്കുമാണ് ഇടവരുത്തുക. ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. സംരക്ഷണോത്തരവാദിത്തവുമായി ബന്ധിപ്പിക്കുമ്പോള്‍ മാത്രമേ അനന്തരാവകാശനിയമത്തിലെ നിസ്തുലമായ നീതിയും യുക്തിയും മികവും ബോധ്യമാവുകയുള്ളൂ.
മരണപ്പെടുന്ന വ്യക്തിയുടെ മക്കള്‍ പ്രായപൂര്‍ത്തിയെത്താത്ത അനാഥക്കുട്ടികളാണെങ്കില്‍ അവരുടെ സംരക്ഷണ ഉത്തരവാദിത്തം ആര്‍ക്കാണോ അയാള്‍ക്കായിരിക്കും മരണപ്പെട്ടയാള്‍ക്ക് ആണ്‍കുട്ടികളില്ലെങ്കില്‍ അയാളുടെ ശിഷ്ടാവകാശം ലഭിക്കുക. ഉദാഹരണമായി ഞാന്‍ മരണപ്പെടുമ്പോള്‍ എന്റെ മക്കള്‍ പ്രായപൂര്‍ത്തിയെത്താത്തവരാണെങ്കില്‍ അവരുടെ സംരക്ഷണ ബാധ്യത എന്റെ പിതാവിനായിരിക്കും. പിതാവില്ലെങ്കില്‍ സഹോദരന്മാര്‍ക്ക്; സഹോദരന്മാരില്ലെങ്കില്‍ അവരുടെ മക്കള്‍ക്ക്. ആ ഗണത്തില്‍ കീഴ്‌പോട്ട് ആരുമില്ലെങ്കില്‍ അനാഥമക്കളുടെ സംരക്ഷണ ചുമതല പിതൃവ്യനായിരിക്കും. ഇല്ലെങ്കില്‍ അവരുടെ മക്കള്‍ക്ക്. ആ ഗണത്തിലും ആരുമില്ലെങ്കില്‍ പിതാവിന്റെ പിതൃവ്യനായിരിക്കും. അയാളില്ലെങ്കില്‍ അദ്ദേഹത്തിന്റെ മക്കള്‍ക്ക്. പുരുഷ പുത്രന്മാരിലുടെ എത്ര കീഴ്‌പോട്ടുപോയാലും അവര്‍ക്കായിരിക്കും മക്കളുടെ സംരക്ഷണോത്തരവാദിത്തം.
മുഹമ്മദ് നബിയുടെ നിയോഗകാലത്ത് സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ അല്‍പവും അവകാശമുണ്ടായിരുന്നില്ല. അടുത്തകാലം വരെയും ഇസ്‌ലാമികേതര സമൂഹങ്ങളിലെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ. എന്നാല്‍ ഖുര്‍ആന്‍ സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കി. അത് ശക്തിയായി തന്നെ ഖുര്‍ആന്‍ ഊന്നിപ്പറഞ്ഞു: ''മാതാപിതാക്കളും ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റ ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കൂടുതലായാലും കുറവായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്' (4:7)
''നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു പുരുഷന് രണ്ടു സ്ത്രീകളുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോര്‍ത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരിനിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ.''(4:11)
''നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോകുന്ന സ്വത്തിന്റെ നാലിലൊന്ന് ഭാര്യമാര്‍ക്കുള്ളതാണ്. അഥവാ നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ എട്ടിലൊന്നാണ് അവര്‍ക്കുണ്ടാവുക. നിങ്ങള്‍ നല്‍കുന്ന വസ്വിയത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷനോ സ്ത്രീക്കോ പിതാവും മക്കളും മാതാപിതാക്കളൊത്ത സഹോദരങ്ങളുമില്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്. അഥവാ അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അവ കഴിച്ചാണിത്. ഇതൊക്കെയും അല്ലാഹുവില്‍ നിന്നുള്ള ഉപദേശമാണ്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ'(4:12)
'അവര്‍ നിന്നോടു ചോദിക്കുന്നു: പറയുക: പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ സ്വത്ത് കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ വിധി നല്‍കുന്നു. ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് മക്കളില്ല. ഒരു സഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചുപോയ സ്വത്തില്‍ പാതി അവള്‍ക്കുള്ളതാണ്. അവള്‍ക്ക് മക്കളില്ലെങ്കില്‍ അവളുടെ അനന്തരസ്വത്ത് അയാളുടെ സഹോദരനുള്ളതാണ്. രണ്ടു സഹോദരിമാരാണുള്ളതെങ്കില്‍ സഹോദരന്‍ വിട്ടേച്ചുപോയ സ്വത്തില്‍ മൂന്നില്‍ രണ്ട് അവര്‍ക്കായിരിക്കും. സഹോദരന്മാരും സഹോദരിമാരുമാണുള്ളതെങ്കില്‍ ആണിന് രണ്ടു പെണ്ണിന്റെ ഓഹരിയാണുണ്ടാവുക. നിങ്ങള്‍ക്കു പിഴവു പറ്റാതിരിക്കാനാണ് അല്ലാഹു ഇതൊക്കെ ഇവ്വിധം വിവരിച്ചു തരുന്നത്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്'(4:176)
ഖുര്‍ആന്‍ നിശ്ചയിച്ച ഈ ദായക്രമത്തില്‍ അപൂര്‍വം സന്ദര്‍ഭങ്ങളിലൊഴിച്ച് എല്ലായ്‌പ്പോഴും സ്ത്രീക്ക് പുരുഷന്റെ പാതി സ്വത്തിനേ അവകാശമുള്ളു. പ്രത്യക്ഷത്തില്‍ ഇത് സ്ത്രീയോടുള്ള അനീതിയും അവഗണനയുമായി തോന്നാം. എന്നാല്‍ ഇസ്‌ലാം അനന്തരാവകാശത്തെ സംരക്ഷണ ബാധ്യതയുമായാണ് ബന്ധിപ്പിച്ചതെന്നതിനാല്‍ ആ തലത്തില്‍ നിന്നുകൊണ്ടാണ് ഇതിനെ വിലയിരുത്തേണ്ടത്.
ഇസ്‌ലാമിക നിയമമനുസരിച്ച് ഏതു സാഹചര്യത്തിലും സ്ത്രീക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയുമില്ല. അവകാശങ്ങളേയുള്ളൂ. സാമ്പത്തിക ബാധ്യതകള്‍ എപ്പോഴും പുരുഷനു മാത്രമാണ്.
വിവാഹവേളകളില്‍ വരന്റെയും വധുവിന്റെയും വസ്ത്രങ്ങളും വിവാഹസദ്യയുമുള്‍പ്പെടെ എല്ലാവിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. അതോടൊപ്പം പുരുഷന്‍ വധുവിന് നിര്‍ബന്ധമായും മഹര്‍ നല്‍കുകയും വേണം. ജീവിതപങ്കാളിയെന്ന നിലയില്‍ തന്റെ ഇണയുടെ സംരക്ഷണ ബാധ്യതകളൊക്കെയും താന്‍ വഹിക്കാമെന്നതിന്റെ പ്രതീകാത്മകമായ പ്രഖ്യാപനം കൂടിയാണ് മഹര്‍. സ്ത്രീകളുടെയും കുട്ടികളുടെയും മുഴുവന്‍ സാമ്പത്തിക ബാധ്യതകളും സംരക്ഷണവും നിര്‍വഹിക്കേണ്ടത് കുടുംബനാഥനായ പുരുഷനാണ്. സ്ത്രീയും പുരുഷനും ഒരേ പോലെ വരുമാനമുള്ള ഡോക്ടര്‍മാരോ അധ്യാപകരോ ആരായിരുന്നാലും സ്ത്രീ തന്റേതുള്‍പ്പെടെയുള്ള ആരുടെയും സാമ്പത്തിക ബാധ്യത വഹിക്കേണ്ടതില്ല. ഉദ്യോഗസ്ഥയായ ഭാര്യയുടെ പോലും ഭക്ഷണവും വസ്ത്രവും ചികിത്സയുമുള്‍പ്പെടെയുള്ള ചെലവുകളൊക്കെ വഹിക്കേണ്ടത് ഭര്‍ത്താവാണ്. അഥവാ ഭര്‍ത്താവ് മരണമടഞ്ഞാല്‍ അയാള്‍ക്ക് സ്വത്തില്ലെങ്കില്‍ അയാളുടെ അനാഥകുട്ടികളെ സംരക്ഷിക്കേണ്ടത് പിതാവാണ്. പിതാവില്ലെങ്കില്‍ സഹോദരന്മാരാണ്. അവരുമില്ലെങ്കില്‍ സഹോദരന്മാരുടെ മക്കള്‍. അവരുമില്ലെങ്കില്‍ പിതൃവ്യന്‍. അദ്ദേഹവുമില്ലെങ്കില്‍ അദ്ദേഹത്തിന്റെ മക്കള്‍. എന്നിങ്ങനെയാണ് സംരക്ഷണോത്തരവാദിത്തം. ദായക്രമത്തിലെ ശിഷ്ടാവകാശികളാകുന്നത് ആരാണോ അയാള്‍ക്കായിരിക്കും അനാഥമക്കളുടെ സംരക്ഷണച്ചുമതല.
സ്ത്രീ വിവാഹിതയാണെങ്കില്‍ ഭര്‍ത്താവിനാണ് എല്ലാവിധ സാമ്പത്തിക ബാധ്യതകളും. അവിവാഹിതയാണെങ്കില്‍ പിതാവിനും. പിതാവ് ഇല്ലെങ്കില്‍ സഹോദരന്മാര്‍ക്കായിരിക്കും സാമ്പത്തിക ബാധ്യതകളൊക്കെയും. മാതാവിന്റെ സംരക്ഷണച്ചുമതല മക്കള്‍ക്കാണ്. അതിനാല്‍ ഏതവസ്ഥയിലും നിയമപരമായി സ്ത്രീക്ക് സാമ്പത്തിക ബാധ്യതയൊട്ടുമില്ല. പരസ്പര സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും പേരില്‍ സ്ത്രീ സമ്പത്ത് ചെലവഴിക്കുന്നുവെങ്കില്‍ അത് മറ്റൊരുകാര്യമാണ്. നിയമപരമായ ചുമതലയല്ല.
ഒരുവിധ സാമ്പത്തിക ഉത്തരവാദിത്വവുമില്ലാത്ത സ്ത്രീക്ക് എന്നിട്ടും എന്തിന് അനന്തരസ്വത്ത് അനുവദിക്കുന്നുവെന്നതാണ് പരിശോധനാ വിധേയമാക്കേണ്ടത്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്താനും ഉറപ്പ് വരുത്താനുമാണത്. സ്വന്തം സ്വത്ത് സംരക്ഷിക്കാനും സൂക്ഷിക്കാനും വര്‍ധിപ്പിക്കാനും സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്. മകള്‍, മാതാവ്, സഹോദരി, ഭാര്യ പോലുള്ള ഏതവസ്ഥയിലും സംരക്ഷണവും സാമ്പത്തിക സുരക്ഷിതത്വവും പൂര്‍ണമായും ഉറപ്പുവരുത്തപ്പെട്ടശേഷവും ഭൗതിക മാനദണ്ഡമനുസരിച്ച് സ്വത്ത് ഒട്ടും ആവശ്യമില്ലാതിരുന്നിട്ടും ഇസ്‌ലാം സ്ത്രീക്ക് അനന്തരസ്വത്ത് അനുവദിച്ചു നല്‍കിയത് സ്ത്രീത്വത്തിന്റെ മഹത്വവും ആദരവും ആത്മാഭിമാനവും സുരക്ഷിതത്വബോധവും ഉറപ്പുവരുത്താനാണ്. സാമ്പത്തികമായി സ്ത്രീക്ക് ബാധ്യതകളില്ല; അവകാശങ്ങളേയുള്ളുവെന്നര്‍ത്ഥം.