മക്കയിലെ റമദാന്‍
2015 ജൂണ്‍. വീണ്ടുമൊരിക്കല്‍ കൂടി മഴക്കാലത്തെ റമദാന്‍ മടങ്ങിയെത്തുകയാണ്. കുട്ടിക്കാലത്തെപ്പോഴോ അങ്ങനെയൊരു
2015 ജൂണ്‍. വീണ്ടുമൊരിക്കല്‍ കൂടി മഴക്കാലത്തെ റമദാന്‍ മടങ്ങിയെത്തുകയാണ്. കുട്ടിക്കാലത്തെപ്പോഴോ അങ്ങനെയൊരു നോമ്പുകാലം കഴിഞ്ഞുപോയിരുന്നു. രാമനാട്ടുകരയിലെ ചന്തയിലേക്ക് ഫാറൂഖ് കോളേജില്‍നിന്ന് അമ്മാവന്റെ കൂടെ നടന്നു പോയ ദിവസമാണ് ഓര്‍മയിലെ ആദ്യത്തെ വ്രതം. അന്ന് മഴക്കാലമാണ്. റമദാന്റെ കാലചക്രം ഇതേവഴിയില്‍ ഒരിക്കല്‍ കൂടെ കറങ്ങിയിട്ടുണ്ടാവും. അത് മനസ്സിന്റെ ഡയറിയില്‍ വരവുവെച്ചിട്ടില്ല. ഇപ്പോള്‍ നോമ്പിന് വീണ്ടും മഴയുടെ നനുത്ത സാന്ത്വന സ്പര്‍ശം. നോക്കിയിരുന്നാല്‍ മനസ്സിലാവുന്ന വളര്‍ച്ച ഓരോ നോമ്പുമാസത്തിനുമുണ്ട്. കാലവും ഋതുക്കളും മാറിമാറി വരുന്ന മനുഷ്യ ജീവിതത്തിന്റെ തന്നെ കലണ്ടറാണത്.
ഭൂമിയുടെ ഏതോ അറ്റത്തായിരുന്നു അന്ന് രാമനാട്ടുകര. കോളേജിനു സമീപം അല്‍പദിവസം അക്കാലത്ത് ഞങ്ങള്‍ താമസിച്ചിരുന്നതായി ഓര്‍മ്മയിലുണ്ട്. ഓരോ ചവിട്ടടിയും കണ്ടെത്താത്ത കാതങ്ങളെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുകയാണ് ചെയ്തത്. നാലു വയസുകാരന്റെ ഒന്നാം നോമ്പിനോട് അമ്മാവന്‍ കാണിച്ച കുസൃതി ഉച്ചയോടെ തന്നെ കൊലച്ചതിയായി. ദിവസത്തിന്റെ നിഴലിന് ഒട്ടും വലിപ്പം വെക്കുന്നുണ്ടായിരുന്നില്ല. വൈകുന്നേരമായതോടെ നടക്കാനും ഇരിക്കാനും കിടക്കാനും പറ്റാതായി. വിശപ്പ്. ചെരിപ്പു പോലും തിന്നാന്‍ തോന്നുന്നത്ര ആസുരമായ വിശപ്പ്. എങ്കിലും എന്റെ മേല്‍ എല്ലാവരുടെയും കണ്ണുണ്ടായിരുന്നു. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഞാന്‍ ആ നോമ്പ് മുറിച്ചു കളയേണ്ടെന്ന് വീട്ടിലുള്ളവര്‍ നിശ്ചയിച്ചു. സമയത്തെ തോല്‍പ്പിക്കാന്‍ ഉമ്മാമ മടിയിലിരുത്തി കഥ പറഞ്ഞു തന്നു. സുലൈമാന്‍ നബി ബല്‍ക്കീസ് രാജ്ഞിയെ പരാജയപ്പെടുത്തിയ കഥ. മൃഗങ്ങളുടെ ഭാഷ അറിയുമായിരുന്ന, ജിന്നുകളെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയ പ്രവാചകനായിരുന്നു അദ്ദേഹം. നിന്ന നില്‍പ്പില്‍ സംഭവിച്ച നബിയുടെ മരണം ആര്‍ക്കും മനസ്സിലാക്കാനായില്ല പോലും. ഊന്നുവടിയിലൂടെ ചിതലുകള്‍ കയറുന്നതു വരെ! അതുകൊണ്ടെന്ത്? എന്റെ കണ്ണില്‍ അടിഞ്ഞു കൂടുന്ന ഈ ഇരുട്ട് പോവുന്നില്ലല്ലോ. വെള്ളം ഈര്‍ച്ചവാളു പോലെ അന്ന് വൈകുന്നേരം തൊണ്ടക്കുഴിയിലൂടെ പതച്ചുരുണ്ട് താഴേക്കു പോയത് ഓര്‍മയുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചവര്‍പ്പും മധുരവും ചുവക്കുന്ന കാരക്ക പോലെ വലിയൊരു ആശയക്കുഴപ്പമാണ് റമദാന്‍ ബാക്കിയാക്കുന്നത്. പട്ടിണി കിടന്ന് ശരീരം പലതും ശീലിക്കുന്നുണ്ടെന്ന് അഹങ്കാരം തോന്നും. പക്ഷെ, ആത്മാവ് പഴയ തെമ്മാടി തന്നെയാണ്. അത് വലുതായൊന്നും മാറുന്നില്ലെന്ന് എനിക്കറിയാം.
എന്റെ മകന്‍ ഇഹ്‌സാന്‍ ആദ്യത്തെ നോമ്പു നോറ്റപ്പോഴാണ് ഒരു കുട്ടിയുടെ മനസ്സിലൂടെ വീണ്ടുമൊരിക്കല്‍ കൂടി ഞാന്‍ നോമ്പിനെ നോക്കിക്കണ്ടത്. എട്ടു വര്‍ഷം മുമ്പായിരുന്നു അത്. മക്കയിലേക്കുള്ള യാത്രയിലാണ് ഇത് സംഭവിച്ചത്. യാദൃശ്ച്ഛികമായാണ് ആ യാത്രയും നോമ്പുമൊക്കെ ഉണ്ടാവുന്നത്. ദുബൈയില്‍നിന്ന് ഒന്നര ദിവസം നീളുന്ന ഈ ബസ് യാത്രക്ക് സുഹൃത്തുക്കള്‍ വട്ടം കൂട്ടുന്നുണ്ടായിരുന്നു. മറ്റൊന്നുമാലോചിക്കാതെ പുറപ്പെട്ടു. എമിറേറ്റ്‌സിലെ ചുവന്ന മരുഭൂമിയും സൗദിഅറേബ്യയുടെ വെളുത്ത സ്വഛമായ മണല്‍പരപ്പുകളും പിന്നിട്ട് മുക്കിയും മൂളിയും പായുന്ന ബസ്. ഉംറ സീസണ്‍ കൊടുമയിലെത്തിയതു കാരണം ദുബൈയില്‍ നിന്നുള്ള നല്ല സര്‍വീസുകള്‍ നേരത്തെ ബുക്ക് ചെയ്തു പോയിരുന്നു. ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത, 25 വര്‍ഷമെങ്കിലും പഴക്കമുള്ള ബസാണ് ഒടുവില്‍ തരപ്പെട്ടത്. അതിന്റെ എയര്‍ കണ്ടീഷണര്‍ മിക്കപ്പോഴും പണിമുടക്കി. ചില്ലുകള്‍ തുറന്നുവെക്കാന്‍ പോലും കഴിയില്ല. ഇടക്കിടെ വാല്‍വുകളും കുഴലുകളും തകരാറിലാവുന്ന ഈ ബസിനൊപ്പം യാത്രാസംഘവും പൊരിവെയിലില്‍ പലയിടത്ത് നടുവൊടിഞ്ഞ് കിടന്നു. മനുഷ്യശേഷിയുടെ അത്യസാധാരണമായ പ്രതീകമായിരുന്നു രാത്രിയും പകലും ഒരു പോള കണ്ണ് അടക്കാതെ വണ്ടിയോടിച്ച അതിന്റെ ഡ്രൈവര്‍. ഓരോ തവണയും ക്ഷമയോടെ കേടുപാടുകള്‍ തീര്‍ത്ത് അയാള്‍ ബസിനെ മുന്നോട്ടുരുട്ടി. ദൈവത്തിന്റെ അതിഥികളെയും കൊണ്ടുപോകുന്ന ആ വാഹനത്തിന്റെ ദുരവസ്ഥയില്‍ ഞങ്ങളോട് ഇടക്കിടെ മാപ്പു ചോദിച്ചു. യാത്ര ശിക്ഷയുടെ കഷ്ണമാണെന്ന് നബി തിരുമേനി ഒരിക്കല്‍ അനുചരന്മാരോടു പറഞ്ഞിട്ടുണ്ട്. അത് പൂര്‍ണമായ അര്‍ഥത്തില്‍ അനുഭവിച്ചു.
ജീവിതത്തിന്റെ അച്ചടക്കവും ചിട്ടവട്ടങ്ങളും മുതിര്‍ന്നവരുടേതാണ്. അവരുടേതാണ് തീര്‍ഥയാത്ര. ഇഹ്‌സാന് അതൊരു ബോറന്‍ യാത്രയായിരുന്നു. വഴിയില്‍ ഇടക്കിടെ കാണുന്ന ഒട്ടകങ്ങള്‍. ഈത്തപ്പനത്തോട്ടങ്ങള്‍, ഉണങ്ങിയ മരങ്ങള്‍. അതല്ലെങ്കില്‍ മണിക്കൂറുകള്‍ക്കിടയില്‍ വല്ലപ്പോഴും കാണാനാവുന്ന അങ്ങാടികള്‍. അവയുടെ അതിരുകളില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ കമിഴ്ത്തിവെച്ചതു പോലെയുള്ള ബദുക്കളുടെ വീടുകള്‍. അപൂര്‍വ്വമായി പൊട്ടിവീഴുന്ന നഗരങ്ങള്‍. ഋഷി കപൂര്‍ സിനിമകളില്‍ കാണാനാവുന്ന, ലോറിയുടെ വലിപ്പമുള്ള ജനറല്‍ മോട്ടോഴ്‌സിന്റെയും ഷെവര്‍ലെയുടെയും ആദ്യകാല കാറുകള്‍. അവയില്‍ കുട്ടിപ്പട്ടാളത്തെ മേയ്ക്കാനിറങ്ങിയ അറബികള്‍. ഓരോ കാറിലും പത്തും പന്ത്രണ്ടും മക്കളുണ്ടാവും. ഇങ്ങനെയുള്ള ചില നുറുങ്ങു കൗതുകങ്ങള്‍ക്കപ്പുറം ആ യാത്രയില്‍ അവന് മറ്റൊന്നും അനുഭവിക്കാനുണ്ടായിരുന്നില്ല. മരുഭൂമി മാത്രമാണ് നിരന്തരമായ കാഴ്ച.
മക്കയോടടുക്കവെ മലനിരകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മരങ്ങളില്ലാത്ത കറുത്ത മലകള്‍. അവ കാണുമ്പോള്‍ സങ്കടം തോന്നും. ഇസ്‌ലാമിന്റെ നഗരത്തിലേക്കുള്ള ആദിമമായ അടയാളങ്ങള്‍ പോലും അലങ്കാരശൂന്യമായവയാണല്ലോ ദൈവമേ എന്നോര്‍ത്ത്! ഒന്നുമില്ല മറ്റൊന്നില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന വഴിയടയാളം. ഒരേ നിരപ്പ്. ഒരേ തുടര്‍ച്ച. കെട്ടിടങ്ങളും വൈദ്യുത വെളിച്ചവും മായ്ച്ചു കളഞ്ഞാല്‍ നിലാവിനു പോലും നിഴലുള്ള നഗരമാണ് മക്ക. നഗരങ്ങളുടെ മാതാവ് എന്ന അര്‍ഥത്തിലാണ് അറബികള്‍ മക്കയെ ''ഉമ്മുല്‍ ഖുറാ'' എന്നു വിളിക്കുന്നത്. പക്ഷെ മണലാരണ്യത്തിലെ ഈ മാതൃത്വത്തിന് എന്തൊരു വരണ്ട മുഖപ്പ്! മരങ്ങളും തെളിഞ്ഞ ആകാശവും പ്രസന്നരായ മനുഷ്യരുമുള്ള പ്രവാചകന്റെ മദീനയാണ് കുറെക്കൂടി നല്ല ഉമ്മുല്‍ ഖുറാ. പോയവര്‍ക്കൊന്നും തിരിച്ചുപോരാന്‍ തോന്നാത്ത നഗരം. പട്ടണം എന്ന ഭാഷാര്‍ഥത്തില്‍ അറബികള്‍ അതിനെ മദീന എന്നു വിളിച്ചു. നഗരത്തിന് നഗരം എന്നു പേരു കൊടുത്ത ലോകത്തിലെ അത്യപൂര്‍വ്വ നഗരം.
മക്കയുടെ ഉള്ളിലെവിടെയോ പഴയ ദുസ്വഭാവങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്. തീര്‍ഥാടകനെ ദൈവത്തിന്റെ അതിഥിയായി കാണാനല്ല മറിച്ച് ഒരു കസ്റ്റമറായി കാണാനാണ് അവര്‍ക്കു താല്‍പര്യം. പരിശുദ്ധ ഹറമിന്റെ മിനാരത്തെക്കാളും പത്തിരട്ടിയെങ്കിലും ഉയരമുള്ള ടവറുകളുമായാണ് ഇന്റര്‍കോണ്ടിനെന്റലും ലീമെറിഡിയനും നില്‍ക്കുന്നത്. തട്ടുതകര്‍പ്പന്‍ ഹോട്ടല്‍ വ്യവസായം. പുറത്തെ റോഡില്‍ പോക്കറ്റടിയും പിടിച്ചു പറിയും നടത്തുന്ന ഒറ്റപ്പെട്ട സംഘങ്ങളുടെ സാന്നിധ്യമുണ്ടെന്ന് അനുഭവസ്ഥര്‍. പള്ളിയുടെ കോമ്പൗണ്ടിന് പുറത്ത് അഞ്ച് ദിര്‍ഹത്തിന് ആളെ വിളിച്ചുകയറ്റി ''രണ്ടാമതും ഉംറ'' ചെയ്യിക്കുന്നവര്‍. മക്കയിലേക്കു വരാനായി മക്കയുടെ നഗരാതിര്‍ത്തിക്കു പുറത്തുകടന്ന് തിരിച്ചുവന്നാല്‍ മതിയെന്ന സൂത്രവിദ്യയാണ് അവരുടേത്! അറിഞ്ഞുകൊണ്ടുള്ള ആത്മീയ വഞ്ചന. യാത്രക്കു വേണ്ടി ചെലവിട്ട പണവും കഷ്ടപ്പാടുകളും കൂടി ഉംറയുടെ ഭാഗമാവണമല്ലോ. ദൈവത്തെ ചുളുവില്‍ പറ്റിക്കാമെന്ന് വ്യാമോഹിക്കുന്ന വിവരദോഷികള്‍ ഈ ഡ്രൈവര്‍മാരുടെ വലയില്‍ വീണ് സമയം കളയുന്നു. മക്ക ചുറ്റിക്കാണിക്കാമെന്ന് പറഞ്ഞ് കള്ള ടാക്‌സിയില്‍ വിളിച്ചുകയറ്റി നാലും അഞ്ചും ഇരട്ടി ചാര്‍ജ് ഈടാക്കുന്ന ചതിയന്മാര്‍ വേറെ.
ഖുറൈശികളുടെ ഉപദ്രവം സഹിക്കാനാവാതെ മക്കയില്‍ നിന്നും പലായനം ചെയ്ത പ്രവാചകനെ ഇരുകൈകളും നീട്ടി സ്വീകരിച്ച മദീനയുടെ ആത്മാവില്‍ ഇന്നും പഴയ ആതിഥ്യമുണ്ട്. പള്ളിയുടെ കിലോമീറ്റററുകള്‍ അകലെ വെച്ചുതന്നെ നിങ്ങളുടെ കൈപിടിക്കാന്‍ ആരെങ്കിലുമുണ്ടാവും. പലപ്പോഴും കുട്ടികളാണ് ഓടിയെത്തുന്നത്. അവരുടെ കുടുംബത്തിന് അനുവദിച്ചു കിട്ടിയ പന്തിയില്‍ നിങ്ങള്‍ നോമ്പു തുറക്കണമെന്നതാണ് അപേക്ഷ. മദീനാ പള്ളിയിലെ ഓരോ നാലു തൂണുകള്‍ക്കിടയിലെയും സ്ഥലങ്ങള്‍ ഓരോ കുടുംബത്തിന് പതിച്ചു കൊടുത്തതാണ്. മസ്ജിദ് പുതുക്കി പണിഞ്ഞപ്പോള്‍ കുടുതല്‍ സംഭാവന നല്‍കിയ കുടുംബങ്ങള്‍ക്കാണ് ഈ അവകാശം കിട്ടിയത്. കുട്ടികള്‍ ആനയിച്ചു കൊണ്ടുവരുന്നവരെ മുതിര്‍ന്നവര്‍ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നു. കുടുംബത്തിന്റെ വല്യുപ്പ മുതല്‍ എല്ലാവരുമുണ്ടാകും. ഓരോരുത്തരുടെയും സാമ്പത്തികശേഷിക്കനുസരിച്ച വിഭവങ്ങള്‍. ടൗണില്‍ കണ്ടുമുട്ടുന്ന ഏതൊരു മദീനക്കാരനും അവരുടെ ആതിഥേയനാണ്. ജീവിതത്തിലാദ്യമായി പോലിസിനോട് സഹതാപം തോന്നിയത് മദീനയില്‍ നിന്നാണ്. ക്ഷമയുടെ കാര്യത്തില്‍ ഏതു വിശുദ്ധനെയും അവര്‍ മറികടക്കും. വെച്ചുവാണിഭക്കാരില്‍ പോലും ആന്തരികമായ പ്രകാശമുണ്ട്. ഇഹ്‌സാന്‍ വെച്ചുമറന്ന കളിക്ക്യാമറയുമായി ഞങ്ങളെ അന്വേഷിച്ച് പുറകെ വന്ന വൃദ്ധനായ വ്യാപാരിയുടെ കട അത്രയും സമയം അടഞ്ഞു കിടന്നിരിക്കണം. ഒരേ ചരക്കിന് എല്ലായിടത്തും ഒരേ വില. കടകള്‍ അടച്ചിടാതെയാണ് അവര്‍ പലപ്പോഴും പുറത്തു പോകുന്നത്. ആവശ്യക്കാര്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നു. മോഷണം മദീനയിലെ ഒരു ഏര്‍പ്പാടേ അല്ല എന്ന് തോന്നും. കുട്ടികള്‍ക്ക് പലപ്പോഴും കച്ചവടക്കാരുടെ വക സമ്മാനങ്ങള്‍ ലഭിക്കുന്നു. ചരക്കിന്റെ ഗുണവും ദോഷവും അവര്‍ സത്യസന്ധമായി വിവരിക്കുന്നു. മദീനയിലെ ഒരു കച്ചവടക്കാരന്‍ വഞ്ചിച്ചുവെന്ന് ഒരിക്കലും നമുക്ക് പരാതിയുണ്ടാവില്ല. രണ്ടോ മൂന്നോ ദിവസം കഴിയുന്നതോടെ യാത്രക്കാരന്‍ ആ നഗരത്തിന്റെ ആത്മാവില്‍ എവിടെയോ അലിഞ്ഞുപോകുന്നു. വഴിയില്‍ കാണുന്ന ഏത് മദീനക്കാരനോടും ചിരിക്കാന്‍ പഠിക്കുന്നു.
യാത്രയില്‍ മുതിര്‍ന്നവര്‍ പലപ്പോഴും നിശ്ശബ്ദരായിരുന്നു. അവനവന്റെ ജീവിതത്തെ കുറിച്ച വിചാരണയാണത്. ആയുസിന്റെ പുസ്തകത്തില്‍ വിട്ടുപോയ കോളങ്ങളും തെറ്റിപ്പോയ കൂട്ടിക്കിഴിക്കലുകളും അന്തിമമായി ശരിപ്പെടുത്തണം. വ്യക്തികളെ ദുഷിച്ചു പറഞ്ഞ വാക്കുകള്‍ക്ക് നേരിട്ട് ക്ഷമ ചോദിക്കണം. പ്രവൃത്തികള്‍ക്ക് പിഴയൊടുക്കണം. കൊടുക്കാനുള്ള ബാധ്യതകള്‍ കൊടുത്തുതന്നെ തീര്‍ക്കണം. ദൈവത്തോടു പ്രാര്‍ഥിച്ചതു കൊണ്ടു മാത്രം മോക്ഷം ലഭിക്കില്ല. മനുഷ്യനോട് നീതി കാണിക്കുക കൂടി വേണം. ഇടപാടുകള്‍ വീണ്ടും പിശകിയെങ്കിലോ എന്നു ഭയന്നാണ് മക്കയിലേക്കുള്ള യാത്ര പലരും ആയുസിന്റെ അവസാനത്തിലേക്കു മാറ്റിവെക്കുന്നത്. ഒരുപക്ഷെ കസ്‌വ എന്ന ഒട്ടകത്തിന്റെ പുറത്തിരുന്ന് പ്രവാചകന്‍ പോയിരിക്കാനിടയുള്ള വഴികളിലൂടെയാണ് ബസ് ഓടിക്കൊണ്ടിരിക്കുന്നത്. യാത്രയും ആ മട്ടില്‍ ഒച്ചയനക്കമില്ലാതായി മാറിയിട്ടുണ്ട്. ബസിനകത്ത് വല്ലപ്പോഴും ഉയരുന്ന ശബ്ദം കുട്ടികളുടേതാണ്. അവരുടെ പുസ്തകത്തില്‍ ബന്ധങ്ങളുടെയും ഇടപാടുകളുടെയും തെറ്റും ശരിയുമില്ലല്ലോ. അവര്‍ ബഹളം വെക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്തു. ഇത്രക്ക് നിശ്ശബ്ദരായി ആളുകള്‍ യാത്ര ചെയ്യുന്നതായി ഇതിനു മുമ്പ് കണ്ടിട്ടുള്ളത് ദുബൈ നഗരത്തിലൂടെ ലേബര്‍ ക്യാമ്പുകളിലേക്കു പോകുന്ന തൊഴിലാളികളെയാണ്. തൊട്ടുതൊട്ടിരിക്കുന്നവര്‍ പോലും അവരുടെ ബസിനകത്ത് സംസാരിക്കാറില്ല. കൈകളിലേക്ക് മുഖംപൂഴ്ത്തി ചത്ത ഹമൂറിന്റെതെന്നു തോന്നിപ്പിക്കുന്ന കണ്ണുകളെ ശൂന്യതയില്‍ നാട്ടിവെച്ച് ഒറ്റയിരുപ്പ്. വൈകുന്നേരങ്ങളില്‍ സോനാപ്പൂര്‍ ക്യാമ്പിലേക്കു പോകുന്ന ഈ ബസുകള്‍ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്. സ്വന്തത്തെയാണോ ദയാശൂന്യരായ തങ്ങളുടെ മുതലാളിമാരെയാണോ ആ ഇരിപ്പില്‍ അവര്‍ വിചാരണ ചെയ്യുന്നതെന്ന്. ഒരു തമാശ പറയാന്‍ പോലും അവര്‍ക്കു കഴിയാത്തതെന്തുകൊണ്ടാവും?
ദുബൈയില്‍നിന്ന് റിയാദ് വഴിയാണ് മക്കയിലേക്കുള്ള റോഡ്. ഇടയിലെപ്പോഴോ ഒരു റോഡ് ദോഹയിലേക്കു തിരിയും; മറ്റൊന്ന് കുവൈത്തിലേക്കും. നോമ്പുകാലത്തെ പ്രഭാത ഭക്ഷണം കഴിക്കാന്‍ അര്‍റുവൈദയില്‍ നിര്‍ത്തിയപ്പോള്‍ ഇഹ്‌സാന്‍ ഒപ്പമിറങ്ങി. അവന് നോമ്പ് നോല്‍ക്കണം. എനിക്ക് തീര്‍ച്ചയായിരുന്നു, അത് സംഭവിക്കാന്‍ പോകുന്നില്ലെന്ന്. മുമ്പൊരിക്കലും അവന്‍ നോമ്പ് പിടിച്ചിരുന്നില്ല. എങ്കിലും തടസ്സം നിന്നില്ല. മാത്രമല്ല, പിന്നീടെപ്പോഴാണ് അവന് ഭക്ഷണം കിട്ടുകയെന്നും പറയാനാവില്ല. വീണ്ടും എട്ട് മണിക്കൂര്‍ യാത്രയാണ് മക്കയിലേക്ക്. ഇതിനിടയില്‍ ബസ് താഇഫിലെത്തും. അഭയം ചോദിച്ചുചെന്ന ഇസ്‌ലാമിന്റെ പ്രവാചകനെ കല്ലെറിഞ്ഞോടിച്ചവരാണ് ഈ നഗരവാസികള്‍. ഏറുകൊണ്ട് അവിടത്തെ താടിയെല്ലു പൊട്ടി ചോരയൊഴുകിയതായാണ് ചരിത്രം. താഇഫിനെ തച്ചുടക്കാന്‍ പ്രവാചകന്റെ അനുമതി തേടി ജിന്നുകള്‍ കാത്തു നിന്നുവത്രെ. പ്രവാചകന്‍ സമ്മതിച്ചില്ല. ദൈവമേ! അറിവില്ലാത്ത ഈ ജനതക്ക് പൊറുത്തു കൊടുക്കേണമേ എന്നാണ് നബി തിരുമേനി പ്രാര്‍ഥിച്ചത്. കാലാതീതമായ പാഠങ്ങളുള്ള പ്രാര്‍ഥന. പ്രവാചകനു വേണ്ടി കൈയറുക്കുന്നവരുടെ കാലത്ത് സമൂഹം വായിക്കാന്‍ വിട്ടുപോയ കരുണയുടെ അധ്യായം.
മക്കയിലേക്കുള്ള യാത്രാസംഘങ്ങളില്‍ അറേബ്യന്‍ മരുഭൂമി കടന്നെത്തുന്നവര്‍ക്കുള്ള അടയാളമാണ് ഇന്ന് ഈ നഗരം. അവിടെ നിന്ന് യാത്രികര്‍ ദുനിയാവിന്റെ പത്രാസുകള്‍ അഴിച്ചുമാറ്റണം. ശവക്കച്ചയെ ഓര്‍മ്മിപ്പിക്കുന്ന ഒറ്റ മുണ്ടുകളാണ് പിന്നീടങ്ങോട്ട്. ഒരെണ്ണം അരക്കു ചുറ്റും. മറ്റൊന്ന് ചുമലില്‍ പുതക്കാനും. മയ്യിത്തിനെ അലങ്കരിക്കുന്നതു പോലെ നഖങ്ങള്‍ വെട്ടുകയും ക്ഷൗരം ചെയ്യുകയും സുഗന്ധദ്രവ്യങ്ങള്‍ പൂശുകയും വേണം. ഇഹ്‌സാന് അവന്റെ വലിപ്പത്തിലുള്ള വെളുത്ത വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു. ആളൊന്നിന് അഞ്ച് ദിര്‍ഹം കൊടുത്താല്‍ കുളിച്ച് വൃത്തിയാകാനും വസ്ത്രം മാറാനും താഇഫില്‍ സൗകര്യമുണ്ട്. അവന്റെ നോമ്പ് അപ്പോഴും ബാക്കിയുണ്ടായിരുന്നു. മക്കാ നഗരത്തിന്റെ അതിര്‍ത്തി കടക്കുവോളമെങ്കിലും അത് നിലനില്‍ക്കണമേയെന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു.
ചുറ്റുപള്ളിയിലൂടെ കടന്നു കയറുമ്പോള്‍ പെട്ടെന്നാണ് കഅ്ബ കണ്ണില്‍ പെടുക. സരളവും ലളിതവുമായ ഒരു ഘനസ്തൂപം. എട്ടോ പത്തോ ആളുകളുടെ ഉയരമുണ്ടാകും. അടയാളങ്ങള്‍ക്കും രൂപങ്ങള്‍ക്കും പ്രസക്തിയില്ലാത്ത ഇസ്‌ലാമിന്റെ ഏക പ്രതീകമാണിത്. വര്‍ണശൂന്യതയുടെ ഒരു തത്വമാണ് കഅ്ബ മുന്നോട്ടുവെക്കുന്നത്. അതല്ലെങ്കില്‍ എല്ലാ വൈജാത്യങ്ങളെയും ആവാഹിച്ച് വര്‍ണശൂന്യമാവുകയാണ് കഅ്ബ. ഘടികാരദിശക്കു വിപരീതമായി കാലത്തിനു പിറകോട്ടെന്നവണ്ണം മനുഷ്യര്‍ കഅ്ബയെ ചുറ്റിത്തിരിയുന്നു. ഒരിക്കലും നിലക്കാത്ത, വിലാസങ്ങളില്ലാത്ത മനുഷ്യമഹാപ്രവാഹം. ആണും പെണ്ണും എന്ന വേര്‍തിരിവ് പോലും അതിനില്ല. വല്ലാത്തൊരു വിരോധാഭാസമാണത്. പൊതുസമൂഹത്തില്‍ ആണിനെയും പെണ്ണിനെയും നിശ്ചിതമായ ദൂരം പാലിക്കാന്‍ പഠിപ്പിക്കുന്ന ഇസ്‌ലാം ദൈവത്തിന്റെ ഈ ഭവനത്തിനു ചുറ്റും മിനിമം നിയന്ത്രണം പോലും ഏര്‍പ്പെടുത്തിയിട്ടില്ല. അന്യസ്ത്രീയെ തൊട്ടാല്‍ പ്രാര്‍ഥനക്കു മുമ്പുള്ള അംഗവിശുദ്ധി നഷ്ടമാവുമെന്ന് ഭയക്കുന്ന, അവളെ പള്ളിയില്‍ കയറ്റരുതെന്ന് വാദിക്കുന്ന മൗലാനമാരും ഇവിടെ തന്നെയാണ് വട്ടംചുറ്റേണ്ടത്! പലപ്പോഴും ചുവടുകള്‍ പോലും എടുത്തുവെക്കാനാവാത്ത തിരക്ക്. നിയതമായ ഏഴ് പ്രദക്ഷിണം പൂര്‍ത്തിയാക്കുന്ന ആണും പെണ്ണും ഈ ''ഓര്‍ബിറ്റി''ല്‍നിന്ന് ജീവിതത്തിലേക്ക് തെറിച്ചു പുറത്തിറങ്ങുന്നു.
ഇസ്‌ലാം മതം ഇബ്രാഹിം എന്നും ജൂതക്രൈസ്തവ മതങ്ങള്‍ അബ്രഹാം എന്നും വിശേഷിപ്പിക്കുന്ന പ്രവാചകന്റെ പത്‌നി ഹാജറയിലേക്ക് മനുഷ്യവംശത്തെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു ചടങ്ങ് കൂടി ഉംറയില്‍ ബാക്കിയുണ്ട്. സഫാ, മര്‍വ എന്ന രണ്ടു കുന്നുകള്‍ക്കിടയില്‍ ആ ആദിമാതാവിന്റെ സ്മരണയില്‍ ഏഴുതവണ ഓടിത്തീര്‍ക്കണം. ഇസ്‌ലാം, ക്രൈസ്തവ, ജൂത സമൂഹങ്ങളുടെ പൊക്കിള്‍കൊടി ബന്ധം ഈ ചടങ്ങില്‍ ഓര്‍മിക്കപ്പെടുന്നുണ്ട്. ഇസ്മാഈല്‍ എന്ന മകനു വേണ്ടി കുടിവെള്ളം തേടിയായിരുന്നു ഹാജറയുടെ ആ നെട്ടോട്ടം. സംസം എന്ന ഉറവ പൊടിഞ്ഞത് ദാഹിച്ചു വലഞ്ഞ് കാലിട്ടടിച്ച ഇസ്മാഈലിന്റെ കാല്‍ക്കീഴില്‍ നിന്നായിരുന്നു. ഇബ്രാഹീമിന്റെയും ഇസ്മാഈലിന്റെയും സ്മരണക്കായി വലുതും ചെറുതുമായ രണ്ട് ചവിട്ടടയാളങ്ങള്‍ ഇന്നും കഅ്ബയുടെ സമീപത്ത് സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്. വിഗ്രഹാരാധന വിലക്കുന്ന ഇസ്‌ലാം മതം ബാക്കിവെച്ച അസാധാരണമായ രണ്ട് സുവര്‍ണ പാദങ്ങള്‍. അവ ഒരു കൂടിനകത്ത് അലങ്കരിച്ചു നിര്‍ത്തിയിരിക്കുന്നു. കാലടിപ്പാടിന്റെ ഈ സന്ദേശം അറേബ്യ ശരിയായി ഉള്‍ക്കൊണ്ടുവെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും മറ്റും അത് കേവലമായ ബിംബാരാധനയായി മാറി. കാലടിപ്പാട് മാത്രമല്ല, നബിയുടെ മുടിയും വടിയുമൊക്കെ ഇന്ത്യന്‍ പള്ളികളില്‍ പ്രത്യക്ഷപ്പെട്ടു. പശ്ചിമ ബംഗാളിലെ മാല്‍ദയില്‍ ''നബി തിരുമേനിയുടെ കാല്‍പ്പാദം'' പകര്‍ത്തിയ കദമെ റസൂല്‍ പള്ളിയും ശ്രീനഗറിലെ ഹസ്രത്ത്ബാല്‍ പള്ളിയും ഉദാഹരണം. ദൈവം കൂട്ടുകാരന്‍ എന്നു വിശേഷിപ്പിച്ച ഇബ്രാഹിം നബിയുടെ സ്മരണയാണ് മക്കയിലുടനീളം. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങും മക്കയിലില്ല. സഫാ-മര്‍വാ കുന്നുകളുടെ സ്ഥാനത്ത് ഇന്ന് കോണ്‍ക്രീറ്റിന്റെ ഇടനാഴികള്‍. മര്‍വയില്‍നിന്നും പുറത്തേക്കു കടക്കുന്നതോടെ ഈ ചടങ്ങുകളുടെ അവസാനമായി. ഹജ്ജിന്റെ ലളിതമായ ഒരു രൂപം മാത്രമാണ് ഉംറ. അത് നിര്‍വഹിക്കാന്‍ പ്രത്യേക കാലഗണനയില്ല. റദാനില്‍ കൂടുതല്‍ പുണ്യകരമാണെന്നു മാത്രം. പുരുഷന്‍ എന്ന നിലയിലുള്ള അഹങ്കാരം മാത്രമാണ് ഒടുവില്‍ ഉപേക്ഷിക്കാനായി ബാക്കിയുണ്ടാവുക. തലമുടി എടുത്തുകളഞ്ഞ് വിരൂപനാവുന്നതോടെ അതും പൂര്‍ത്തിയായി. സ്ത്രീകള്‍ക്ക് ഇത്രയും വേണ്ട. പ്രതീകാത്മകമായി ഒരു വിരല്‍ നീളത്തില്‍ അവര്‍ മുടിയെടുത്താല്‍ മതി.
ഇഹ്‌സാനെ എപ്പോഴോ വിശപ്പും ദാഹവും കീഴടക്കിയിരുന്നു. അവന്‍ ഒട്ടും നടക്കാതെയായി. ''യ്യ് ന്നെ എടുത്തോ'' എന്ന പതിവ് ശൈലിയിലുള്ള ഉത്തരവ്. ആ തിക്കിലും തിരക്കിലും അവനെ തോളിലേറ്റുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. കഅ്ബയെ വട്ടം ചുറ്റുമ്പോള്‍ എന്റെ ചുമലില്‍ അവന്‍ ഒടിഞ്ഞുമടങ്ങിയിരുന്നു. വെയിലിന്റെ കാഠിന്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. എനിക്കു തന്നെയും കാലുകള്‍ ഇടറാന്‍ തുടങ്ങി. നോമ്പ് ഏകദേശം മൂന്നു മണി മാത്രമേ പിന്നിട്ടിരുന്നുള്ളൂ. എങ്കിലും ഇനിയത് മുറിക്കാന്‍ സമ്മതിക്കേണ്ടതില്ലെന്ന് ഞാന്‍ നിശ്ചയിച്ചു. രാമനാട്ടുകരയിലേക്കുള്ള ആ യാത്രയാണ് ഓര്‍മയിലെത്തിയത്. അന്ന് അമ്മാവന്‍ എന്നെ തോളില്‍ എടുത്തിരുന്നില്ല. ഇഹ്‌സാന്‍ പറയുന്ന രീതിയില്‍ ''നീ എന്നെ എടുക്കണ''മെന്ന് ആവശ്യപ്പെടാന്‍ അന്നത്തെ ബാല്യത്തിന് കഴിയുമായിരുന്നില്ല. പക്ഷെ, ഇന്നത്തെ കുഞ്ഞുങ്ങള്‍ അങ്ങനെയല്ലല്ലോ. നോമ്പുതുറക്കാനുള്ള സമയമറിയിച്ച് മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതുവരെ ആ മനുഷ്യമഹാസഞ്ചയത്തിന്റെ ഓരത്ത് ഇടം കണ്ടെത്തി ഞങ്ങള്‍ കാത്തിരുന്നു.
ഇതിനിടയില്‍ പലതവണ ഇഹ്‌സാന്‍ കുടിവെള്ളത്തിനു നേര്‍ക്ക് പാഞ്ഞടുത്തു. സെക്കന്റില്‍ 11 മുതല്‍ 18 ലിറ്റര്‍ വരെ വെള്ളം പുറത്തേക്കു നിര്‍ഗളിക്കുന്ന, മനുഷ്യന് തടുത്തു നിര്‍ത്താന്‍ കഴിയാത്ത സംസം എന്ന മഹാ ജലധാരയുടെ വക്കത്താണ് ദാഹാര്‍ത്തനായ ഒരു ബാലനെ ഞാന്‍ അടക്കിയിരുത്തുന്നത്! സമയത്തിന്റെ ഓരോ സെക്കന്റുകളെ കുറിച്ചും അവന്‍ ചോദിക്കുന്നുണ്ടായിരുന്നു. മണിക്കൂറുകള്‍ മിനിറ്റുകളാവുന്നതും സെക്കന്റുകളാവുന്നതും ഹൃദയമിടിപ്പു പോലെ ഞാനറിഞ്ഞു. ഞങ്ങള്‍ ഇരിക്കുന്നതിന്റെ മുമ്പിലൂടെ കാരക്കയും സംസം വെള്ളവുമായി കഅ്ബയിലെ വളണ്ടിയര്‍മാര്‍ വന്നു. ഓരോ വളണ്ടിയറെയും ഇഹ്‌സാന്‍ അടുത്തേക്കു വിളിച്ചു. പലതരം കാരക്കകളുടെ ചെറിയൊരു കൂന തന്നെ അവന്റെ മുമ്പില്‍ രൂപം കൊണ്ടു. ''ഇത്രയൊക്കെ എന്തിനാണ്, നമുക്കു രണ്ട് പാക്കറ്റ് പോരേ?' ആ സമയത്ത് ഒരു അര്‍ഥവുമില്ലാത്ത ചോദ്യമാണത്. അവന്റെ മുഖത്ത് അതികഠിനമായ നീരസം. ''നെനക്ക് അറിയൂല, എത്രെങ്ങാനും ഇനിക്ക് വിശക്കുന്നുണ്ടെന്ന്''. അതില്‍ ന്യായമുണ്ടായിരുന്നു. ഞങ്ങളിരിക്കുന്നതിന്റെ അടുത്ത് തുര്‍ക്കിയില്‍ നിന്നെത്തിയ ചില വൃദ്ധന്മാരുമുണ്ട്. ബുര്‍ക്കിനോ ഫാസോയില്‍നിന്നും വന്ന നല്ല നെടുപ്പമുള്ള ഒരു തീര്‍ഥാടകനുമുണ്ട്. പിന്നെയും ആരൊക്കെയോ. അവര്‍ അരുമയോടെ ഇഹ്‌സാന്റെ തലയില്‍ കൈവെച്ച് പ്രാര്‍ഥിച്ചു. ഭാഷകള്‍ക്കതീതമായ പ്രാര്‍ഥന. അവന്റെ വെപ്രാളം ആരെയും സങ്കടപ്പെടുത്തുന്ന ഒന്നായിരുന്നു. അങ്ങനെ എപ്പോഴോ ബാങ്ക് വിളി മുഴങ്ങി. ആഘോഷത്തോടെ അവര്‍ ഇഹ്‌സാന് വെള്ളം കൊടുത്തു. ദുരിതപൂര്‍ണമായ ഒരു നോമ്പിന്റെ അന്ത്യം!
അന്ന് രാ്രതിയാണ് ഞാന്‍ ഹജറുല്‍ അസ്‌വദ് മുത്താന്‍ പോയത്. ഇഹ്‌സാന്‍ ഹോട്ടല്‍ മുറിയില്‍ ഉറക്കമാരംഭിച്ചിരുന്നു. കറുത്തകല്ല് എന്ന ഹജറുല്‍ അസ്‌വദ് ഭക്ത പ്രദക്ഷിണത്തിന്റെ ഒരു കടശ്ശിമൂലയാണ്. ഓരോ പ്രദക്ഷിണവും പൂര്‍ത്തിയാകുന്നതിന്റെ അടയാളം. അവിടെയെത്തുമ്പോള്‍ ഒന്നു കൈവീശി കാണിക്കുകയും വേണം. പ്രവാചക തിരുമേനിയുടെ ഒരേയൊരു ഹജ്ജില്‍ അദ്ദേഹം ഈ കല്ലില്‍ മുത്തിയിരുന്നുവെന്നാണ് ഐതിഹ്യം. ആ പ്രവൃത്തിയെ അതേപടി അനുകരിച്ച പില്‍ക്കാല മുസ്‌ലിം ജനത ചുംബിച്ചു ചുംബിച്ച് ഇന്ന് ആ കല്ല് തേഞ്ഞുപോയിരിക്കുന്നു. ചുംബനം പതിഞ്ഞ് ഒരു പാറക്കഷണം തേഞ്ഞുപോകുക! സങ്കല്‍പ്പിക്കാനാവുന്നുണ്ടോ അത്? മലവെള്ളം നദിയിലെ പാറക്കല്ലുകളെ ഉരുട്ടിയെടുക്കുന്നത് അതിന്റെ പ്രക്ഷുബ്ധമായ പ്രവാഹരൗദ്രത കൊണ്ടാണെങ്കില്‍ മനുഷ്യബന്ധങ്ങളുടെ പശിമയാര്‍ന്ന അധരക്ഷതങ്ങളാണ് നൂറ്റാണ്ടുകള്‍ കൊണ്ട് ആ കല്ലിനെ ഇങ്ങനെയാക്കിയത്. സ്വര്‍ഗത്തില്‍നിന്നും പതിച്ചതെന്ന് കരുതപ്പെടുന്ന ഈ കൃഷ്ണശിലയുടെ വശ്യത ഹാജിമാരുടെ ചുണ്ടുകളിലൂടെ മനുഷ്യമഹാസഞ്ചയത്തിലേക്ക് വ്യാപരിച്ചു. തിരിച്ചെത്തുന്ന ഹാജിമാരെ ഉമ്മവെച്ചായിരുന്നില്ലേ സ്വീകരിക്കാറുണ്ടായിരുന്നത്? ഒരാളുടെ തല പൂര്‍ണമായും അകത്തേക്കിടാവുന്ന അത്രയും വലിപ്പത്തില്‍ ഇന്ന് ആ അടയാളം വലുതായിരിക്കുന്നു. കല്ലിന്റെ കവിളില്‍ വലിയൊരു മുറിവു പറ്റിയതുപോലെ. പാപമോചനത്തിന്റെയും പ്രത്യാശയുടെയും കണ്ണീരും ഉമിനീരും വീണു കുതിരുന്ന വലിയൊരു ദ്വാരം. ഹജറുല്‍ അസ്‌വദ് മുത്താത്തവന്റെ പ്രദക്ഷിണം പൂര്‍ണമായില്ലെന്ന തോന്നല്‍ ഇസ്‌ലാംമത വിശ്വാസികളില്‍ മഹാ ഭൂരിപക്ഷത്തിനുമുണ്ട്. അതിനെ വെറുമൊരു കല്ലായും പ്രവാചക തിരുമേനിയുടെ ചുംബനത്തെ നിര്‍ദ്ദോഷമായ ഒരു എണ്ണംവെക്കലായും കണക്കിലെടുക്കാന്‍ പ്രവാചക ശിഷ്യന്മാരും പണ്ഡിതവര്യന്മാരുമൊക്കെ ഉപദേശിച്ചിട്ടും ജനങ്ങള്‍ക്കു കഴിഞ്ഞില്ല. എക്കാലത്തും ആ കല്ലിനു ചുറ്റും പുരുഷാരം തിക്കും തിരക്കും കൂട്ടി. സ്ത്രീജനം പലപ്പോഴും ദൂരത്തുനിന്നും കണ്ടു കണ്ണീരൊഴുക്കി. കായബലമുള്ളവന്‍ മാത്രം ''പുണ്യം'' കൊയ്യുന്ന ഇടമായിരുന്നു ഹജറുല്‍ അസ്‌വദ്. അതൊരു വിശുദ്ധ ചുംബനമായിരുന്നു. നുകരാനാഗ്രഹിച്ച സ്വര്‍ഗത്തിന്റെ തൂവല്‍ സ്പര്‍ശം. അതില്‍ മുത്തിയവന്‍ സ്വര്‍ഗവുമായി നാഭീനാള ബന്ധം സ്ഥാപിച്ചെടുത്തു. ഉത്തരീയം കഅ്ബയുടെ ചുറ്റുമതിലില്‍ ഉരച്ചും കഅ്ബ തൊട്ട കൈകൊണ്ട് ശരീരമാസകലം ഉഴിഞ്ഞും മക്കയില്‍ നിന്നും കൊണ്ടുവന്ന മണ്ണെടുത്തു മരിക്കുമ്പോള്‍ ഒരുപിടി ഖബറിലേക്കിടീച്ചുമൊക്കെ ''വസ്തുപരമായ'' പുണ്യം തേടുന്ന എത്രയോ പേര്‍ ഇന്നും മക്കയിലെത്തുന്നുണ്ട്.
ഈ ഉന്തിലും തിരക്കിലും പോയി ഹജറുല്‍ അസ്‌വദിനെ മുത്തണമെന്ന് ത്വവാഫ് ചെയ്യുമ്പോള്‍ എനിക്ക് തോന്നിയിരുന്നില്ല. അങ്ങനെ ചെയ്യുന്നതു കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടെന്നു വിശ്വസിച്ചു കൊണ്ടായിരുന്നില്ല ഒടുവില്‍ ഈ സാഹസത്തിനു പുറപ്പെട്ടതും. പുണ്യത്തിനു വേണ്ടിയുള്ള ലോകത്തെ ഏറ്റവും കടുത്ത ഈ കായികമല്‍സരത്തില്‍ ജയം സാധ്യമാവുമോ എന്നു പരീക്ഷിക്കാനായിരുന്നു. അതികായന്മാരായ ആഫ്രിക്കക്കാരും പത്താനികളുമായിരുന്നു അവിടെ ഉന്തും തള്ളുമുണ്ടാക്കുന്നവരുടെ മുമ്പന്തിയില്‍. അവരുടെ കായികശേഷിയുടെ മുമ്പില്‍ മറ്റുള്ളവര്‍ വെറും അശുക്കളായി മാറി. പക്ഷെ, അവരുണ്ടാക്കുന്ന തിരക്കില്‍ ഒഴുക്കില്‍ പെട്ട മരക്കൊള്ളി പോലെ അങ്ങനെ നിന്നു കൊടുക്കുകയേ വേണ്ടിയിരുന്നുള്ളൂ. എല്ലാ ദിശയില്‍ നിന്നുമുള്ള ബലപ്രയോഗവും ഒരേയൊരു കോണിലേക്ക് സംക്രമിക്കുന്നതു കൊണ്ട് എല്ലുറപ്പുണ്ടെങ്കില്‍ നിശ്ചയമായും ആ കല്ലിനടുത്തേക്ക് എത്തിപ്പെടാനാവുമായിരുന്നു. ഞാനല്‍പം കുനിഞ്ഞുനിന്നു. ഒരു പടുകൂറ്റന്‍ കാന്തത്തില്‍ കുടുങ്ങി അതിന്റെ അകക്കാമ്പിലേക്ക് ആവാഹിക്കപ്പെടുന്നതു പോലെയാണത്. കല്ലിലേക്ക് കയ്യെത്തിക്കാന്‍ കാത്തുനിന്ന രണ്ട് ആജാനുബാഹുക്കളുടെ കക്ഷത്തിനടിയിലൂടെ സ്റ്റീലിന്റെ ചട്ടയിട്ടു സംരക്ഷിച്ച ഹജറുല്‍ അസ്‌വദ് എനിക്ക് സൂക്ഷ്മമായി കാണാമായിരുന്നു. രണ്ടും കല്‍പ്പിച്ച് ഒന്നുകൂടി മുന്നോട്ടാഞ്ഞു. അതിലേക്കു സ്വാഭാവികമായി എത്തുകയല്ല; മുഖമിടിച്ചു വീഴുകയാണുണ്ടായത്. പക്ഷെ, കണ്ണീരില്‍ കുതിര്‍ന്ന ഒരു സ്ത്രീയുടെ മുഖവും എന്നോടൊപ്പം ആ കല്ലിന്റെ മറ്റേ പകുതിയിലുണ്ടായിരുന്നു. എന്റെത് വെറും കൗതുകമായിരുന്നുവെങ്കില്‍ കാഴ്ചയില്‍ ഒരു പാകിസ്താനിയെ പോലെ തോന്നിച്ച അവര്‍ക്ക് ആ ബഹളത്തെ അതിജയിച്ചെത്താന്‍ പ്രേരിപ്പിച്ച അഗാധമായ ആവലാതി ഉണ്ടായിരിക്കണം. ഒരു നിമിഷാര്‍ധമേ എനിക്ക് ഹജറുല്‍ അസ്‌വദില്‍ മുഖമമര്‍ത്താനുള്ള ഭാഗ്യം ലഭിച്ചുള്ളൂ. ആരോ ഒരാള്‍ എന്നെ തൂക്കി പുറത്തേക്കിട്ടു. ചുഴിയിലമര്‍ന്നു മലരിയില്‍ പൊങ്ങുന്നതു പോലെ ഞാന്‍ തെറിച്ചുവീണു. ആ പ്രയത്‌നത്തിനിടയില്‍ വിജയിച്ചെങ്കിലും എന്റെ മൊബൈല്‍ ഫോണ്‍ തിരക്കിനിടയില്‍ കാണാനില്ലാതെയായി. പോക്കറ്റടി ഏറ്റവുമധികം നടക്കുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ഹജറുല്‍ അസ്‌വദിന്റെ പരിസരമെന്ന് പലരും പറയാറുണ്ട്. എങ്കിലും അങ്ങനെയൊരു മോഷ്ടാവ് വിശുദ്ധിയുടെയും പശ്ചാത്താപത്തിന്റെയും ആ മൂലയില്‍ വന്നിട്ടുണ്ടാവരുതേയെന്നും ആ നഷ്ടം എന്റെ കൈപ്പിഴയാവണമേ എന്നും ഞാന്‍ ആശിച്ചു.
പ്രവാചകന്റെ നഗരത്തിലായിരുന്നു അക്കൊല്ലത്തെ ഈദ്. പള്ളിയുടെ മട്ടുപ്പാവിലൊരിടത്ത് സൂര്യനുദിക്കുന്നതും കാത്ത് സുബ്ഹി മുതല്‍ ഇരുന്നതും മാസം പിറക്കുന്നതു പോലെ പ്രഭാതം മരുഭൂമിയുടെ അക്കരെ ഉദിച്ചുയര്‍ന്ന് ഈദിന്റെ തുടക്കമായതുമൊക്കെ ജ്വലിപ്പിക്കുന്ന ഓര്‍മകള്‍. എത്രയേറെ ആളുകളെയാണ് അന്ന് കെട്ടിപ്പിടിച്ചതെന്ന് ഓര്‍മ്മയിലില്ല. ഇഹ്‌സാന്റെ ജീവിതത്തിലെ രണ്ടാമത്തെ നോമ്പ് തുറന്നതും മദീനയിലായിരുന്നു. ആ നോമ്പിനുമുണ്ടായിരുന്നു മദീനയുടെ കയ്യൊപ്പുവെച്ച ഓര്‍മ്മകളിലൊന്ന്. അസര്‍ നമസ്‌കരിക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെ പള്ളിയിലെ പരവതാനിയില്‍ അവന്‍ ചര്‍ദ്ദിച്ചപ്പോള്‍ ഞാന്‍ ആദ്യമൊന്ന് ഭയന്നു. പക്ഷെ ഓടിയെത്തിയ മസ്ജിദിന്റെ ചുമതലക്കാരിലൊരാള്‍ സ്വന്തം കൈകൊണ്ടത് തുടച്ചുമാറ്റുകയാണ് ചെയ്തത്. പിന്നീട് അദ്ദേഹം ഒരു ഗ്ലാസില്‍ വെള്ളം കൊണ്ടുവന്നു. കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമല്ലെന്നും അല്ലാഹു അനുഗ്രഹിക്കുമെന്നുമാണ് ആ മനുഷ്യന്‍ അറബിയില്‍ പറഞ്ഞതെന്ന് എനിക്ക് തോന്നി. അവനത് നിരസിച്ചപ്പോള്‍ അദ്ദേഹം അവനെ ഉമ്മ വെക്കുകയും രണ്ടു കൈകളുമുയര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്തു. മസ്ജിദുല്‍ ഹറമിലെ കാലത്തിന്റെ തിരിമുറിയാത്ത പ്രവാഹത്തിലും മദീനയുടെ മാനവിക ഐക്യത്തിലും കണ്ണിചേരാനുള്ള ഭാഗ്യം നേടി ഞങ്ങളിരുവരും മടങ്ങി. പിന്നീടുള്ള കാലത്ത് വ്യക്തികളോടും സമൂഹങ്ങളോടും തെറ്റു ചെയ്യാനുള്ള ദൗര്‍ഭാഗ്യം ഉണ്ടാവരുതെന്നാണ് ആഗ്രഹിക്കുകയെങ്കിലും അതല്ല സംഭവിക്കുക. മുഴുവന്‍ വര്‍ണപ്പൊലിമയുമായി ലോകം പുറത്തു കാത്തുനില്‍ക്കുകയായിരുന്നല്ലോ. ഹജ്ജ് എന്ന അന്തിമമായ പാപമോചനയാത്രയല്ലായിരുന്നു ഇത്. എങ്കിലും കൊടും ഗ്രീഷ്മത്തില്‍ വഴി തെറ്റി വന്നെത്തുന്ന ചാറ്റല്‍മഴ പോലെ മക്കയിലേക്കു ള്ള ഓരോ ഉംറയും സാന്ത്വനമാണ്. ഹജ്ജിന്റെ വലിയ തീര്‍ഥയാത്ര വരാനിരിക്കുന്നു. പാപിയുടെ അവസാനിക്കാത്ത ഒട്ടപ്പാച്ചിലിനിടെ അതായിരിക്കണം ദൈവാനുഗ്രഹത്തിന്റെ ഇടവപ്പാതി...