മാനത്തെ വെള്ളിത്തേര്'' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം.. ശോഭനയാണ് നായിക.... ഷൂട്ടിംഗ് ഇല്ലാത്ത
മാനത്തെ വെള്ളിത്തേര്'' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം.. ശോഭനയാണ് നായിക.... ഷൂട്ടിംഗ് ഇല്ലാത്ത ഇടവേളകളിലൊക്കെ അവര്‍ മാറിനിന്ന് എന്തെല്ലാമോ എഴുതുന്നു... ചിലപ്പോള്‍ കീറിക്കളയുന്നു... മറ്റു ചിലപ്പോള്‍ ഗൗരവമായി ആലോചിക്കുന്നു... സെറ്റില്‍ ആരുമായും സംസാരമോ, കളിചിരികളോ ഇല്ല... എന്താവും ശോഭനയ്ക്ക് പറ്റിയിരിക്കുക എന്നായി എല്ലാവരുടെയും ആശങ്ക... അവസാനം രണ്ടും കല്‍പ്പിച്ച് സെറ്റിലുണ്ടായിരുന്ന മുകേഷ് ശോഭനയോട് ചോദിച്ചു... എന്താണ് ശോഭന ഇങ്ങനെ മാറിനിന്ന് എഴുതുന്നതെന്ന്... താനൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു... അതിന്റെ തിരക്കഥയുടെ തിരക്കിലാണ് താനെന്നായിരുന്നു അവരുടെ മറുപടി... പിന്നെ ആരും സെറ്റില്‍ ശോഭനയെ ശല്യപ്പെടുത്താനും പോയില്ല...
കാലങ്ങള്‍ കഴിഞ്ഞു.... വീണ്ടും ശോഭനയെ കണ്ടുമുട്ടിയപ്പോള്‍ മുകേഷ് വീണ്ടും ആ തിരക്കഥയെ കുറിച്ചും സിനിമാ സംവിധാനത്തെക്കുറിച്ചും അന്വേഷിച്ചു. ഓ അതൊന്നും ശരിയാവില്ലെന്ന് പിന്നീട് മനസ്സിലായെന്ന് ശോഭന... ശോഭനയ്ക്ക് അതു പിന്നീടാണോ മനസ്സിലായത്... ഞങ്ങള്‍ക്കെല്ലാം അത് അന്നുതന്നെ മനസ്സിലായെന്ന് മുകേഷ് തിരിച്ചും. ഒരു പൊതുചടങ്ങിനിടെ മുകേഷ് തന്നെയാണ് ഈ സംഭവം വളരെ രസകരമായി അവതരിപ്പിച്ചത്...
ഇത് വിരല്‍ ചൂണ്ടുന്ന ഒരു വസ്തുതയുണ്ട്... അഭിനയത്തിനോ നൃത്തത്തിനോ അപ്പുറം, ഒരു കഥയോ നോവലോ കവിതയോ എഴുതാം എന്നല്ലാതെ, തിരക്കഥയോ സംവിധാനമോ സ്ത്രീക്ക് വഴങ്ങില്ലെന്ന ഒരു പൊതുധാരണ... ഈ അടുത്ത കാലത്താണ് കാമറയ്ക്കുമുന്നില്‍ നിന്ന് പിറകിലേക്ക് സ്ത്രീകള്‍ മാറിത്തുടങ്ങിയത്... ശോഭനയെ നായികയാക്കി മിത്ര് മൈ ഫ്രണ്ട് ഒരുക്കിയ രേവതിയും, ഫയറും കാമസൂത്രയും ഒരുക്കിയ മീരാ നായരും കടന്ന് ഇങ്ങ് കേരളത്തില്‍ അതിപ്പോള്‍ അഞ്ജലി മേനോനിലും ശ്രീബാലയിലുമെത്തിയിരിക്കുന്നു.... പഠനകാലയളവിലെ പ്രൊജക്ടുകളുടെ ഭാഗമായി സിനിമകളും ഡോക്യുമെന്ററികളുമൊരുക്കുന്നതിലും ഇന്ന് അവനുമായി അവളും മത്സരിക്കുന്നു. ചാനലുകളിലൂടെ മനുഷ്യാവസ്ഥകളെ പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കുന്നതിലും അവനെന്നോ അവളെന്നോ വ്യത്യാസമില്ലാതെയായിരിക്കുന്നു.
എന്താണ് പുരുഷന്‍ കാണിക്കുന്ന കാഴ്ചകളെ സ്ത്രീ കാണിക്കുമ്പോഴുള്ള വ്യത്യാസം... ആരും ഏറ്റെടുക്കാനില്ലാത്ത സമരങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുക സ്ത്രീ ഏറ്റെടുക്കുമ്പോഴായിരിക്കും... അതുപോലെ, ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനായാലും കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിക്കാനായാലും അവള്‍ തെരഞ്ഞെടുക്കുന്ന വിഷയത്തിനും അത് അവതരിപ്പിക്കുന്ന രീതിക്കും എന്തെങ്കിലും സവിശേഷതകള്‍ ഇല്ലാതിരിക്കില്ല... അവള്‍ക്ക് ജാതിയോ മതമോ വംശമോ ഒന്നുമില്ല.... കണ്ണീരുപ്പുണങ്ങാത്ത ഏതു ജീവിതവും അവളെ ബാധിക്കും... അവള്‍ ഏറ്റെടുക്കും.... വൃത്തിയുടെ ജാതിയെന്ത്, രാഷ്ട്രീയമെന്ത് എന്ന് ചോദിച്ചുകൊണ്ട് രംഗത്തുവരാന്‍ സമൂഹത്തില്‍ നിന്നുണ്ടായത് ഒരു വിധു വിന്‍സെന്റായതും അതുകൊണ്ടാണ്....
വൃത്തി എങ്ങനെയാണ് അയിത്തമായി മാറിയത്?
തൊട്ടുകൂടായ്മയും അയിത്തവും ഇന്നും കേരളത്തില്‍ അതിഭീകരമായി നിലനില്‍ക്കുന്നുവെന്നും എങ്ങനെയാണ് ഒരുപറ്റം ജനങ്ങള്‍ അതിന്റെ ഇരകളായി നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നതെന്നുമുള്ളതിന്റെ നേര്‍ചിത്രമാണ് വിധുവിന്റെ ''വൃത്തിയുടെ ജാതി'' എന്ന ഡോക്യുമെന്ററി.... നഗരം വൃത്തിയാക്കുന്നവര്‍, നഗരവാസികളുടെ മലം ചുമക്കുന്നവര്‍, പക്ഷേ, വൃത്തിയുടെ പേരില്‍ അകറ്റി നിര്‍ത്തപ്പെടുന്നവര്‍, സ്വന്തം ഇടത്തെ വൃത്തിയാക്കി സൂക്ഷിക്കാന്‍ അനുവാദമില്ലാത്തവര്‍ -അവരുടെ ജീവിതത്തിന്റെ നേര്‍ചിത്രമാണ് ഈ ഡോക്യുമെന്ററി പകര്‍ന്നു നല്‍കുന്നത്.
അത് ശരിയാണ്, ചിന്തിക്കേണ്ട കാര്യമാണത്'''' എന്ന മുദ്രാവാക്യത്തോടെ വന്ന വിദ്യാബാലന്റെ ശൗചാലയ പരസ്യങ്ങളെ കേരളീയര്‍ പുച്ഛിച്ചു തള്ളുന്നത്, ഇവിടെ ഇപ്പോള്‍ ആരാ സ്വന്തമായി രണ്ടു കക്കൂസെങ്കിലും ഇല്ലാത്തവര്‍ എന്ന മറുചോദ്യമെറിഞ്ഞാണ്... പക്ഷേ ഒരു ഇരുപത്തഞ്ച് മുപ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് അതായിരുന്നില്ല കേരളത്തിലെ സ്ഥിതി... പറമ്പിലും വെളിപ്രദേശത്തും തന്നെയാണ് അന്ന് ഇവിടങ്ങളിലെ ജനങ്ങളും കാര്യം സാധിച്ചിരുന്നത്... അല്ലാത്തവര്‍ക്ക് വീടുകളിലുണ്ടായിരുന്നത് കുഴിക്കക്കൂസുകളും... ഇത്തരം കക്കൂസുകളിലെ മലത്താല്‍ നിറഞ്ഞുകവിഞ്ഞിരുന്ന ബക്കറ്റുകള്‍ അതിരാവിലെ എടുത്തുകൊണ്ടുപോയി വൃത്തിയാക്കി വീടുകളിലുള്ളവര്‍ ഉറക്കമുണരുന്നതിന് മുമ്പ് തിരിച്ചുകൊണ്ടുവന്നുവെച്ചിരുന്ന ഒരു കൂട്ടരെ- തോട്ടികള്‍ എന്നു വിളിച്ചിരുന്നവരെ- ഇന്നും ഓര്‍മിക്കുന്നവര്‍ നമുക്കിടയിലുണ്ട്... പകല്‍വെളിച്ചത്തില്‍ അവര്‍ കുളിച്ച് എത്ര വൃത്തിയായി നമുക്ക് മുന്നിലൂടെ നടന്നാലും, ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ മൂക്ക് പൊത്തി, മുഖം ചുളിച്ച്, രൂക്ഷമായി നോക്കി നമ്മില്‍ പലരും അപമാനിച്ചു അവരെ.... ഇന്നും ഈ അപമാനഭാരവുമായി നമുക്കിടയില്‍ ഇവര്‍ ജീവിച്ചിരിക്കുന്നു എന്ന നഗ്നയാഥാര്‍ഥ്യമാണ് വിധു പങ്കുവെക്കുന്നത്....
കേരളത്തിലെ 61 മുനിസിപ്പാലിറ്റികളിലും 5 കോര്‍പ്പറേഷനുകളിലുമായി നഗരത്തിന്റെ ശുചീകരണജോലിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ജീവിതാവസ്ഥകളിലേക്കും ദുരിത ജീവിതത്തിലേക്കുമാണ് വിധുവിന്റെ കാമറ കടന്നുചെല്ലുന്നത്.... വോയിസ് ഓവര്‍ എന്ന മടുപ്പിക്കുന്ന ശബ്ദവിവരണമില്ലാതെ, ഈ ജനങ്ങളുടെ അനുഭവവിവരണങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും സംവിധായിക കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.... തകഴിയുടെ തോട്ടിയുടെ മകന്റെ വായനയും ദൃശ്യാവിഷ്‌കാരത്തിന്റെ വേറിട്ട അനുഭവമായി...
1921 ലാണ് ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായ, കേരളത്തിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്ന് ഇവര്‍ കേരളത്തിലെത്തുന്നത്... അക്കാലത്ത് അത് അവരെ സംബന്ധിച്ചിടത്തോളം ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കുള്ള കുടിയേറ്റമോ പലായനമോ ആയിരുന്നില്ല.. ഒരു താലൂക്കില്‍ നിന്ന് മറ്റൊരു താലൂക്കിലേക്കുള്ള വീടുമാറ്റമോ ജോലിയുടെ ഭാഗമായുള്ള സ്ഥലമാറ്റമോ മാത്രമായിരുന്നു. പക്ഷേ, ജോലിയുടെ ഭാഗമായി അന്ന് നടന്ന റിക്രൂട്ട്‌മെന്റ് ഗ്രാമത്തലന്മാരുടെ നേതൃത്വത്തിലുള്ള ഒരു അടിമക്കച്ചവടമായിരുന്നുവെന്ന് ഇവരിലെ പുതു തലമുറ ഇന്ന് തിരിച്ചറിയുന്നു. അങ്ങനെ കൊണ്ടുവന്ന് ജോലി നല്‍കി, നഗരത്തിന്റെ ഓരത്ത് താമസിപ്പിച്ചവരെ, നഗരം വികസിച്ച് ആ ഓരവും കടന്ന് പോയിക്കൊണ്ടിരിക്കുന്ന കാലത്ത്, കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് താമസസ്ഥലത്തിന് പട്ടയം കൊടുക്കാതെ കബളിപ്പിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്.... നിന്നുതിരിയാനോ, നാടും നഗരവും വൃത്തിയാക്കി തിരിച്ചെത്തി ഒന്നു കുളിച്ചാല്‍ ആ വെള്ളം ഒഴുകിപ്പോകാനോ ഇടമില്ലാത്ത, ഒരു മഴപെയ്താല്‍ കക്കൂസ് നിറഞ്ഞ് കവിഞ്ഞ് അടുക്കളയിലെത്തുന്ന ഒരു ഇടത്തിനാണ് ഇവര്‍ പട്ടയം ചോദിക്കുന്നത്.... വികസനത്തിന്റെ പേരില്‍ ആ ''ഓരത്തെ'' കോര്‍പ്പറേഷന് ഏറ്റെടുക്കേണ്ടിവരുമെന്ന മുടന്തന്‍ ന്യായമാണ് ഇവരുടെ ആഗ്രഹത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത്...
നഗരങ്ങളിലെ ചേരികളെകുറിച്ചോ, ആ ചേരികള്‍ക്കുള്ളിലെ ജീവിതങ്ങളെ കുറിച്ചോ അല്ല വിധു പറയുന്നത്... അത്തരം വിഷയങ്ങളെ പലരും ചര്‍ച്ചയ്‌ക്കെടുത്ത് കഴിഞ്ഞതുമാണ്... നാടും നഗരവും വൃത്തിയാക്കി, തൊണ്ട ഒന്നു നനയ്ക്കണമെന്ന് ആഗ്രഹം തോന്നിയാല്‍, ദാഹം വലച്ചാല്‍, കയ്യില്‍ കാശുണ്ടെങ്കിലും വെള്ളം തരാതെ പൊതുജനം ക്രൂരമായി ആട്ടിയോടിക്കുന്നതിന്റെ വേദനയെ കുറിച്ചാണിത്.... കുടിയേറിയതിനും പൂര്‍വികര്‍ ചെയ്ത തൊഴിലുകള്‍ക്കും രേഖകളില്ലാതായതിന്റെ പേരില്‍ മറ്റ് സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ഇവര്‍ മാറ്റിനിര്‍ത്തപ്പെടുന്നുവെന്ന സത്യത്തെ കുറിച്ചാണ്.... ഭര്‍ത്താക്കന്മാര്‍ മഞ്ഞപ്പിത്തം വന്നോ, കാന്‍സര്‍ ബാധിച്ചോ, മാന്‍ഹോളില്‍ ശ്വാസം മുട്ടിയോ തീ പടര്‍ന്നോ മരിക്കുമ്പോള്‍ ഭാര്യമാര്‍ക്ക് ആശ്രിതനിയമനം വഴി അതേ ജോലി സ്വീകരിക്കേണ്ട വരുന്ന ഗതികേടിനെ കുറിച്ചാണിത്.. കമ്പ്യൂട്ടറുകളും റോബോര്‍ട്ടുകളും ജോലിഭാരം ലഘുകരിക്കുന്ന നൂറ്റാണ്ടിലും ഇന്നും മനുഷ്യധ്വാനം വേണ്ടിവരുന്ന സെപറ്റിക് ടാങ്ക് ക്ലീനിംഗ് തൊഴിലാളികള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുന്ന നരകയാതനയെ കുറിച്ചാണിത്.... റോഡരികിലും റെയില്‍വെ പ്ലാറ്റ്‌ഫോമിലും ചൂലുംപിടിച്ചു നില്‍ക്കുന്ന ഇവരുടെ കൈകളിലെ സ്വര്‍ണംപൂശിയ വളകള്‍ കണ്ട് എല്ലാം സ്വര്‍ണമാണെന്നേ... നല്ല ശമ്പളമല്ലേ ഇവളുമാര്‍ക്ക് കിട്ടുന്നത് എന്ന കുശുമ്പിന് കിട്ടുന്ന പ്രഹരം കൂടിയാണിത്....
ഇന്നും സിനിമകളില്‍ പോലും ഇവരുടെ പ്രതിനിധിയായെത്തുന്നത് സലീം കുമാറോ സുരാജ് വെഞ്ഞാറമൂടോ ഹരിശ്രീ അശോകനോ ഒക്കെയാണ്.. ''അയ്യപ്പനെത്ര സെപ്റ്റിക് ടാങ്ക് കണ്ടതാ'' (ടു ഇന്‍ഹരിഹര്‍നഗര്‍- സലിം കുമാര്‍) എന്ന് ചോദിച്ചുവന്നവന്റെ നിറം വെളുപ്പാകരുതെന്നത് ആ പൊതുധാരണയാണ്... ദേശീയ അവാര്‍ഡു വരെ എത്തിയെങ്കിലും ''പേരറിയാത്തവന്‍'' സുരാജ് വെഞ്ഞാറമൂട് ആയതും ഇതൊക്കെകൊണ്ടുതന്നെ.. പക്ഷേ വൃത്തികേടിന്റെ നിറം വെളുപ്പായതുകൊണ്ടാണ് വൃത്തിയുടെ നിറം കറുപ്പായതെന്ന് ആരും ചിന്തിക്കുന്നില്ല...
ഇതിനകം നിരവധി പുരസ്‌കാരങ്ങളാണ് മീഡിയവണ്‍ ചാനലിന് വേണ്ടി തയ്യാറാക്കിയ ഈ ഡോക്യുമെന്ററി കരസ്ഥമാക്കിയത്... കേരളത്തിലെ ആദ്യകാല മാധ്യമപ്രവര്‍ത്തകയായ വിധുവിന്‍സെന്റ് നീണ്ട മൗനത്തിന് ശേഷം തിരിച്ചുവന്നത് തന്റെ ഉള്ളില്‍ ആളിക്കത്തിക്കൊണ്ടിരുന്ന പൊതുനന്മയെന്ന തീയെ ആളിപ്പടര്‍ത്താന്‍ വേണ്ടിയായിരുന്നു എന്നതിന് തെളിവാണ് തുടര്‍ന്ന് വിധു ഏറ്റെടുത്ത് ചെയ്ത വിഷയങ്ങളോരോന്നും... സ്ത്രീകള്‍ ഏറ്റെടുക്കുന്ന വിഷയമാണെങ്കില്‍ അത് സ്ത്രീകളുടെ മാത്രം പ്രശ്‌നങ്ങളായിരിക്കും എന്ന പൊതുധാരണയെ വെല്ലുവിളിക്കുക കൂടിയാണ് വിധു ഈ ഡോക്യുമെന്ററിയിലൂടെ...
സ്ത്രീകള്‍ക്ക് ഇതിന് മാത്രം പ്രശ്‌നങ്ങളുണ്ടോ?
സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എണ്ണാന്‍ തുടങ്ങിയാല്‍ പലരും ഒരു ലൈംഗികപീഡനവും സ്ത്രീധന പീഡനവും മാത്രമായി ഒതുക്കും... പക്ഷേ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരിക്കലും വിരലിലെണ്ണിയാല്‍ നില്‍ക്കില്ല എന്നതിന്റെ തെളിവാണ് നിഷ പൊന്തതിലിന്റെ മൗനം പേശുപോത് എന്ന ഡോക്യുമെന്ററി.
ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയതാണ് ഈ ഡോക്യുമെന്ററിയെന്ന് തുടക്കത്തില്‍ തെറ്റിദ്ധരിക്കപ്പെടാമെങ്കിലും സംവിധായിക കടന്നു ചെല്ലുന്നത് തമിഴ്‌നാട്ടിലെ സ്ത്രീ അവസ്ഥകളിലേക്കാണ്.
തമിഴ്‌നാട്ടില്‍ 2014 ല്‍ മാത്രം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 1174 ബലാത്സംഗ കേസുകളാണ്... 2013 ല്‍ 923 ഉം 2011 ല്‍ 677 ഉം ആയിരുന്ന സ്ഥാനത്താണ് കേസുകളില്‍ ഇരട്ടിയിലധികം വര്‍ധനയുണ്ടായിരിക്കുന്നത്. ഇതില്‍ 60 ശതമാനം ഇരകളും കുട്ടികളാണ്... അതില്‍ തന്നെ 80 ശതമാനമാവട്ടെ പാവപ്പെട്ടവരും... എന്നാല്‍ കേസുകളില്‍ പലതും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നില്ലെന്നതാണ് വസ്തുതയെന്നാണ് ഇവിടങ്ങളിലെ ആക്ടിവിസ്റ്റുകള്‍ പറയുന്നത്... ദളിതരുടെ കാര്യത്തില്‍ 100ല്‍ 15 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്.. ലൈംഗിക അതിക്രമങ്ങള്‍ മാത്രമല്ല സ്ത്രീകള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലേക്കുമാണ് നിഷ തന്റെ ഡോക്യുമെന്ററിയിലൂടെ ശ്രദ്ധതിരിക്കുന്നത്...
പ്രണയം നിരസിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍, മാനം കാക്കാന്‍ കൊലയുടെ ഇരയായി ജീവന്‍ പോയവര്‍, പെണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ അനുവാദമില്ലാത്തവര്‍, പെണ്ണായതിന്റെ പേരില്‍ പിറക്കാനേ അനുമതിയില്ലാതെ പോയവര്‍, പെണ്ണായി ജനിച്ച കുറ്റത്തിന് ജനിച്ച ഉടനെ മരിക്കേണ്ടിവന്നവര്‍ -കഴിഞ്ഞില്ല പെണ്ണായി ജനിച്ചുപോയതിന്റെ ദുരിതങ്ങള്‍...
സ്വത്തിന് അവകാശമില്ലാത്തവര്‍, ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനും മര്‍ദ്ദനത്തിനും വഴങ്ങി കിഡ്‌നികളും അണ്ഡവും വില്‍ക്കാന്‍ തയ്യാറാകേണ്ടിവന്നവര്‍, ഭര്‍ത്താവിനാല്‍ പോലും ക്രൂരമായി ബലാത്സംഗത്തിനിരയാകേണ്ടിവന്നവര്‍- വല്ലാത്തൊരു നടുക്കമാണ് ഡോക്യുമെന്ററി പകര്‍ന്നുനല്‍കുന്നത്.
12 ആണ്‍കുട്ടികളെ വരെ മരുമകള്‍ പ്രസവിച്ചോട്ടെ. പക്ഷേ ഒരു പെണ്‍കുട്ടി പോലും വേണ്ട- എന്നു പറയുന്ന മുതിര്‍ന്ന സ്ത്രീ, ഗര്‍ഭിണിയാണെന്നറിഞ്ഞ മുതല്‍ പ്രസവത്തിന്റെ തലേ ദിവസം വരെയും പ്രസവം ഓപ്പറേഷന്‍ ആയിരുന്നിട്ടുകൂടി ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ അന്നുമുതലും ക്രൂരമായി ഭര്‍ത്താവിന്റെ ബലാത്സംഗത്തിനിരയാകേണ്ടിവന്ന, ഇനിയും വിവാഹമോചനം അനുവദിച്ചു കിട്ടാത്ത യുവതി, ഭര്‍ത്താവ് ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ കാണുന്നത് കണ്ട് മനംമടുത്ത് കുട്ടികളുടെ ഭാവിയെ കരുതി വിവാഹമോചനത്തിന് കേസ് കൊടുത്തതിന് പ്രതികാരമായി തന്നെ ദ്രോഹിക്കുന്ന ഭര്‍ത്താവിന്റെ ദുരിതങ്ങള്‍ വിവരിക്കുന്ന സ്ത്രീ, സ്വന്തം ശമ്പളം ചെലവഴിക്കാതെ വീടുവെക്കാനും കാറുവാങ്ങാനും ഭാര്യയെക്കൊണ്ട് ലോണ്‍ എടുപ്പിക്കുന്ന ഭര്‍ത്താവിനെ കൊണ്ടുള്ള പീഡനങ്ങള്‍ വിവരിക്കുന്ന ഭാര്യ- ഇതൊക്കെ വീട്ടകങ്ങളിലെ ക്രൂരതകളാണെങ്കില്‍ ഒരുപടിയും കൂടി കടന്ന് സ്ത്രീകളുടെ സുരക്ഷയ്ക്ക് കാവലാളാകേണ്ട പോലീസുകാരുടെ ക്രൂരതയിലേക്കും നിഷ കാമറ തിരിച്ചുവെച്ചിരിക്കുന്നു. രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറിയും സിഗരറ്റ് വെച്ച് പൊള്ളിച്ചും തേയിലതൊഴിലാളികളായ സ്ത്രീകളുടെ മേല്‍ തോട്ടം മേഖലകളിലെ കാവല്‍ക്കാരായ പോലീസുകാര്‍ ആനന്ദം കണ്ടെത്തിയപ്പോള്‍ അതിനിരകളായ സ്ത്രീകള്‍ പലരും ഇന്നും നരകയാതന അനുഭവിക്കുകയാണ്..
സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളില്‍ സമ്പന്നനെന്നോ ദരിദ്രനെന്നോ, വിദ്യാസമ്പന്നനെന്നോ പഠിപ്പില്ലാത്തവനെന്നോ വേര്‍തിരിവുകളില്ല.... കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ പോലും ദേശഭേദമന്യേ ഈ ആണ്‍പെണ്‍ വേര്‍തിരിവുകള്‍ പ്രകടമാണ്... വിദ്യാലയങ്ങളില്‍, ജോലിസ്ഥലങ്ങളില്‍ എല്ലാം അവള്‍ രണ്ടാം കിടക്കാരിയാണ്... പ്രസവാവധിയുടെ പേരിലും കുട്ടികളുടെ ശ്രുശ്രൂഷയുടെ പേരിലും അവള്‍ക്കൊപ്പം നില്‍ക്കുകയല്ല, അവളെ മാറ്റിനിര്‍ത്തുകയാണ്.... ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെയും ലൈംഗികതൊഴിലാളികളുടെ മേലും അവന്റെ അതിക്രമത്തിന്റെ കടന്നുകയറ്റം എത്രഭീകരമാണ് എന്നും ഡോക്യുമെന്ററി പറയുന്നു.
പക്ഷേ, എന്നിട്ടും പ്രശ്‌നം കന്യകാത്വം തന്നെ
പെണ്ണിനെതിരായ അതിക്രമങ്ങള്‍ക്ക് ഒരു കുറവുമില്ല, പക്ഷേ അപ്പോഴും പ്രശ്‌നം പെണ്ണിനാണ്... പെണ്ണിന്റെ ചാരിത്രശുദ്ധിക്കാണ്, നഷ്ടപ്പെടുത്തിയ കന്യകാത്വത്തിനാണ്..... അത് വളരെ പരിശുദ്ധമായ ഒരു പളുങ്കുപാത്രം പോലെയാണ്.. അത് സൂക്ഷിക്കേണ്ടത് അവളുടെ ഉത്തരവാദിത്വമാണ്.... വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍ അവളുടെ കന്യാചര്‍മ്മം പൊട്ടി രക്തം വന്നില്ലെങ്കില്‍ അവള്‍ പിഴച്ചവളാണ്.. അന്ന് തന്നെ അവളുടെ സ്ഥാനം ഭര്‍തൃവീട്ടിന് പുറത്താണ്.... രാവിലെ ഉറക്കമുണര്‍ന്നാല്‍ ഭര്‍തൃവീട്ടുകാര്‍ കാണുന്ന രക്തം പടര്‍ന്ന കിടക്കവിരിയാണ് അവളുടെ കന്യാകാത്വത്തിന് തെളിവ്.... ആ തെളിവാണ് അവളുടെ ഭര്‍തൃവീട്ടിലെ തുടര്‍ന്നുള്ള ജീവിതം തീരുമാനിക്കുന്നത്.
രണ്ടു അമ്മമാരിലൂടെയാണ് പ്രിയ തൂവശേരി തന്റെ മൈ സേക്രട് ഗ്ലാസ് ബൗള്‍ എന്ന ഡോക്യമെന്ററി മുന്നോട്ടു കൊണ്ടുപോകുന്നത്... കന്യാകാത്വം പുനഃസ്ഥാപിച്ചു കിട്ടാനുള്ള ശസ്ത്രക്രിയകളുടെ കാലത്ത് വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍ കന്യാചര്‍മ്മം പൊട്ടി രക്തം വന്നില്ല എന്നതിന്റെ പേരില്‍ ജീവിതം തന്നെ നഷ്ടപ്പെടുന്ന ഗ്രാമീണ പെണ്‍കുട്ടികളെ കുറിച്ചും കന്യാകാത്വം നഷ്ടപ്പെടുമെന്ന് ഭീതിയില്‍ പെണ്‍മക്കളെ സംരക്ഷിച്ചുകൊണ്ടേയിരിക്കുന്ന നഗരത്തിലെ അമ്മമാരെ കുറിച്ചും ചിത്രം പറയുന്നു.
വിവാഹവും കന്യകാത്വവും സ്ത്രീയുടെ സ്വഭാവഗുണവും തമ്മില്‍ പരസ്പരം അത്രയേറെ ബന്ധപ്പെടുത്തിവെച്ചിരിക്കുന്നു സമൂഹം.... വിവാഹം കഴിഞ്ഞവളെങ്കിലും പിന്നീട് കാമുകന്‍ അവളെ സ്വീകരിക്കണമെങ്കില്‍ പോലും ഒന്നുകില്‍ ആദ്യരാത്രിയില്‍ തന്നെ ഒന്നുകില്‍ ഭര്‍ത്താവ് മരിച്ചിരിക്കണം, അല്ലെങ്കില്‍ കഴുത്തിന് താഴോട്ട് തളര്‍ന്നവനായിരിക്കണം... ഇതാണ് നമ്മുടെ സിനിമകള്‍ പോലും നമുക്ക് നല്‍കുന്ന സന്ദേശം.... അമ്മേയെന്ന് വിളിക്കുന്ന മക്കളുണ്ടെങ്കിലും സിനിമയ്ക്ക് അവസാനമേ അറിയു, അത് മറ്റാരുടെയെങ്കിലുമായിരുന്നുവെന്ന്. പുരാണങ്ങളില്‍ പോലും കാണാം കന്യകരായ അമ്മമാരെ... വിവാഹിതയാകുന്നതിന് മുമ്പ് അമ്മയായതുകൊണ്ടാണ് കുന്തി കര്‍ണന് ജന്മം നല്‍കിയത് ചെവിയിലൂടെയായത്....
കന്യകാത്വം അഭിമാനപ്രശ്‌നമാണ് ഇന്നും രാജ്യത്തിന്റെ പലഭാഗങ്ങളിലും. വിവാഹസമയത്ത് വന്‍ സമ്മാനങ്ങള്‍ പെണ്‍കുട്ടിക്ക് കിട്ടണമെങ്കില്‍ അതിന് മാനദണ്ഡമാകുന്നതും ഈ കന്യകാത്വം തന്നെ.. വന്‍ തുക മുടക്കി വാങ്ങുന്ന പെണ്‍കുട്ടിക്ക് ആദ്യരാത്രിയില്‍ കന്യാചര്‍മ്മം പൊട്ടി രക്തം വന്നില്ലെങ്കില്‍ ഭര്‍തൃവിട്ടുകാരെ സംബന്ധിച്ചിടത്തോളം അത് നഷ്ടക്കച്ചവടമാണ്... പെണ്ണിനല്ല, പെണ്ണിന്റെ കന്യാചര്‍മ്മത്തിനാണ് അവര്‍ മുതല്‍മുടക്കിയിരിക്കുന്നത്. അതില്ലെങ്കില്‍ പിന്നെ അവര്‍ വഞ്ചിക്കപ്പെട്ടു എന്നാണ് അര്‍ത്ഥം... അങ്ങനെ ആരെയും വഞ്ചിക്കാന്‍ പാടില്ല, അത് പെണ്‍വീട്ടുകാരെ സംബന്ധിച്ചിടത്തോളവും അഭിമാനപ്രശ്‌നമാണ്... അതുകൊണ്ടാണ് അവര്‍ ജനനം മുതല്‍ വിവാഹം വരെ തങ്ങളുടെ പെണ്‍കുഞ്ഞിന് കാവലിരിക്കുന്നത്....
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ് പ്രിയ തുവശേരി. സോളിഡാരിറ്റി സംഘടിപ്പിച്ച യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച വുമണ്‍ ഫിലിം മേക്കര്‍ക്കുള്ള പുരസ്‌കാരം മൈ സേക്രട് ഗ്ലാസ് ബൗളിന്റെ സംവിധായികയായ പ്രിയയ്ക്കായിരുന്നു.... വൃത്തിയുടെ ജാതിയും, മൗനം പേശുംപോതും മൈ സേക്രട് ഗ്ലാസ് ബൗളും കൂടാതെ ഒരു വീഡിയോ ആല്‍ബവും ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ഒരു ഡോക്യുമെന്ററിയും വനിതാ സംവിധായികമാരുടെതായി യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരുന്നു.
കോഴിക്കോട് ദേവഗിരിയിലെ ആശാകിരണ്‍ വിദ്യാലയത്തിലെ ഓട്ടിസം ബാധിതരായ വിദ്യാര്‍ഥികളിലൂടെ ഈ രോഗത്തെ കുറിച്ചും അവരുടെ വീട്ടുകാരുടെ അവസ്ഥകളെ കുറിച്ചും പറഞ്ഞുതരുന്നത് ഫസിലുല്‍ ഫാരിസയാണ്. എംബിഎല്‍ മീഡിയ സ്‌കൂളിലെ മാധ്യമപഠനകാലയളവിനുള്ളിലാണ് ഫാരിസ തന്റെ 'ഹ്യൂമണ്‍ ഐലന്റ'എന്ന ഡോക്യുമെന്ററി പൂര്‍ത്തിയാക്കുന്നത്. 'നിലാവ് അന്നും ഇന്നും' എന്ന വീഡിയോ ആല്‍ബമാകട്ടെ എല്ലാ മാതാപിതാക്കള്‍ക്കുമായാണ് സമര്‍പ്പിച്ചിരിക്കുന്നത്. പ്രണയത്തിന് വേണ്ടി മാതാപിതാക്കളെ ഉപേക്ഷിക്കുകയാണെങ്കില്‍, ആ വേദന നമുക്ക് തരാനായി നമ്മുടെ അടുത്ത തലമുറയുണ്ടെന്ന് സന്ദേശമാണ് 5 മിനിറ്റിനുള്ളില്‍ ഡോക്ടര്‍ ഗൗരി ലക്ഷ്മി പകര്‍ന്നു നല്‍കുന്നത്...