ശതാവരി
ഡോ: മുഹമ്മദ് ബിൻ അഹമ്മദ്
2015 ജൂലൈ
പ്രാചീനകാലം മുതല്‍ക്കുതന്നെ ഭാരതീയര്‍ ശതാവരി ഔഷധമായും, ഔഷധങ്ങളില്‍ ചേരുവയായും സര്‍ബ്ബത്ത്, അച്ചാര്‍ എന്നിവ
പ്രാചീനകാലം മുതല്‍ക്കുതന്നെ ഭാരതീയര്‍ ശതാവരി ഔഷധമായും, ഔഷധങ്ങളില്‍ ചേരുവയായും സര്‍ബ്ബത്ത്, അച്ചാര്‍ എന്നിവ ഉണ്ടാക്കുന്നതിനും വിവിധ രീതിയില്‍ ഉപയോഗിച്ചുവന്നിരുന്നു. അനേകം കിഴങ്ങുകളും മുള്ളുകളും ഉള്ളതുകൊണ്ടാവണം ശതാവരി എന്ന പേര് ലഭിച്ചത്. ആയുര്‍വേദശാസ്ത്രത്തില്‍ ഇത് കഷായമായും, ലേഹ്യമായും ചൂര്‍ണ്ണമായും കല്‍പ്പമായും ഉപയോഗിച്ചുവരുന്നു. അരിഷ്ടം, തൈലം, എണ്ണ തുടങ്ങിയവ ഉണ്ടാക്കുന്നതിലും ശതാവരിക്ക് പങ്കുണ്ട്.
ലില്ലിയേസി കുടുംബത്തില്‍പെട്ട ഇതിന്റെ ശാസ്ത്രനാമം ആസ്പരാഗസ് റസിമോസസ് വില്‍ഡ് എന്നാണ്. ഫലഭൂയിഷ്ഠമായ വെള്ളം കെട്ടിനില്‍ക്കാത്ത മണ്ണില്‍, പടര്‍ന്നു പന്തലിക്കാന്‍ സൗകര്യമുള്ളിടത്ത് സമൃദ്ധിയായി വളരുന്ന ഔഷധസസ്യമാണ് ശതാവരി. മുള്ളുകളോടു കൂടിയ ചെടിയാണിത്. ഇതിന്റെ കിഴങ്ങാണ് ഉപയോഗിച്ചുവരുന്നത്. മണ്ണിന് ഈര്‍പ്പവും ഫലഭൂയിഷ്ഠതയുമുണ്ടെങ്കില്‍ സമൃദ്ധിയായി കിഴങ്ങുകളുണ്ടാകും. പശിമയുളള മണ്ണില്‍ ആവശ്യത്തിന് ആഴമുള്ള കുഴിയുണ്ടാക്കി അതില്‍ വെച്ച് സ്വല്‍പം വെള്ളവും കൊടുത്താല്‍ ഇവനെ പറിക്കുന്ന കാലത്ത് തിരിഞ്ഞുനോക്കിയാല്‍ മതി. ഭംഗിയുള്ള കുഞ്ഞിലകളുളള ശതാവരി വീടിനു മുന്നില്‍ നല്ല പന്തലിട്ടു അതിലേക്ക് പടര്‍ത്താം.
ശരീരത്തിന് കുളിര്‍മയേകാനും ധാതുപുഷ്ടിയുണ്ടാക്കാനും, ബീജത്തിന്റെ അളവുകൂട്ടാനും പറ്റുന്നു. ജീവകം എ, ബി, സി, പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.
സ്ത്രീകള്‍ക്കുണ്ടാകുന്ന അമിതാര്‍ത്തവം, അസ്ഥിസ്രാവം, മൂത്രം ചുട്ടുനീറല്‍, നാഭിവേദന, വയറു കാളിച്ച, രക്താതിസാരം എന്നീ രോഗങ്ങള്‍ക്ക് ശതാവരി ഒന്നാന്തരം ഔഷധമാണ്.
ശതാവരിക്കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീരില്‍ സമം കരിമ്പിന്‍ നീരും പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നതും, ശതാവരിനീരില്‍ ശര്‍ക്കര ചേര്‍ത്ത് കാച്ചി ലേഹ്യം പാകമാകുമ്പോള്‍ തേന്‍ ചേര്‍ത്തുകഴിക്കുന്നതും, ശതാവരി നീരില്‍ സമം തേന്‍ ചേര്‍ത്ത് അതില്‍ പ്രവാളഭസ്മം അര ഗ്രാം ചേര്‍ത്തു രണ്ടുനേരം കഴിക്കുന്നതും അമിതാര്‍ത്തവത്തിന് ഫലപ്രദമായ ചികിത്സയാണ്. ശതാവരി ഗളം 15 ഗ്രാമില്‍ ശൃംഗഭസ്മം അര ഗ്രാം ചേര്‍ത്ത് കഴിക്കുന്നത് അസ്ഥിസ്രാവത്തിനുള്ള ചികിത്സയാണ്. ശതാവരിക്കിഴങ്ങും ഉണ്ണിപ്പിണ്ടിയും ഇടിച്ചുനീരെടുത്തു ദിവസത്തില്‍ മൂന്ന്് നേരം കഴിക്കുന്നതും, ശതാവരിയും ഞരിഞ്ഞിലും കൂട്ടിച്ചേര്‍ത്ത കഷായവും മൂത്രതടസ്സത്തിനും ശുഷ്‌കിച്ചു മൂത്രം ഒഴിക്കുന്നതിനും മൂത്രം ഒഴിക്കുമ്പോഴുള്ള കടച്ചില്‍, കോച്ചല്‍ എന്നിവക്കും ഫലപ്രദമാണ്.