മലയാളക്കരയിലെ മുസ്‌ലിം വനിതാ സംഘടനകള്‍

സദ്‌റുദ്ദീന്‍ വാഴക്കാട് No image

      കേരളീയ മുസ്‌ലിം സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ മഹത്തായ ചുവടുവെപ്പാണ് വനിതാ സംഘടനകള്‍. മുസ്‌ലിം സ്ത്രീകളില്‍ ആത്മവിശ്വാസവും ആദര്‍ശബോധവും കര്‍മാവേശവും വളര്‍ത്തുന്നതില്‍ വനിതാ സംഘടനകള്‍ അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ബഹുമുഖ തലങ്ങളില്‍ പ്രസ്തുത സംഘടനകള്‍ ചെലുത്തിയ സ്വാധീനത്തിന്റെ നേട്ട കോട്ടങ്ങള്‍ വിലയിരുത്തപ്പെടേണ്ടതാണ്.
1930-കളിലാണ് കേരളത്തില്‍ ആദ്യത്തെ മുസ്‌ലിം വനിതാ കൂട്ടായ്മകള്‍ രൂപപ്പെടുന്നത്. സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്ന ടി.സി കുഞ്ഞാമ്മയുടെ നേതൃത്വത്തില്‍ 1933-ല്‍ തലശ്ശേരിയിലും പ്രമുഖ പത്ര പ്രവര്‍ത്തകയായിരുന്ന എം.ഹലീമാ ബീവിയുടെ നേതൃത്വത്തില്‍ 1938-ല്‍ തിരുവല്ലയിലും രൂപീകരിക്കപ്പെട്ടവയാണ് കേരളത്തിലെ ആദ്യത്തെ മുസ്‌ലിം വനിതാ കൂട്ടായ്മകള്‍. കേരളീയ നവോത്ഥാനത്തിന്റെ വിശേഷിച്ചും സ്ത്രീ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ഈ കൂട്ടായ്മകള്‍ക്ക് വലിയ സ്ഥാനമുണ്ട്.
1933-ല്‍ തലശ്ശേരിയിലെ ടി.സി. കുഞ്ഞാച്ചുമ്മ രൂപീകരിച്ച മുസ്‌ലിം മഹിളാസമാജം ''കേരളത്തിലെ സ്ത്രീമുന്നേറ്റ ചരിത്രത്തില്‍ സവിശേഷമായി രേഖപ്പെടുത്തേണ്ടതാണ്. മുസ്‌ലിം സ്ത്രീകളുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അക്കാലത്ത് ഒരു വനിതാസംഘടന രൂപീകരിക്കാന്‍ മുന്നോട്ടുവന്നതില്‍നിന്നുതന്നെ അവരുടെ വ്യക്തിത്വത്തെ നമുക്ക് വായിച്ചെടുക്കാം. വിദ്യാഭ്യാസരംഗത്ത് ഏറെ പുറകിലായിരുന്ന സ്ത്രീകളെ ബോധവല്‍ക്കരിക്കലായിരുന്നു സംഘടനയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. സംഘടനാബോധം സ്ത്രീകള്‍ക്ക് പകര്‍ന്നുകൊടുക്കുകയും സാമൂഹികസേവനരംഗത്തും ജനസേവനപ്രവര്‍ത്തനങ്ങളിലും ഏറെ സജീവമാവുകയും ചെയ്ത കുഞ്ഞാച്ചുമ്മക്ക് അത് പരിഗണിച്ചുകൊണ്ട് ഗവണ്‍മെന്റിന്റെ ബഹുമതിയും ലഭിക്കുകയുണ്ടായി. 1934-ല്‍ ഒരു കൊടുങ്കാറ്റ് ഏറെ ദുരിതം വിതച്ച സന്ദര്‍ഭത്തില്‍ ഇരകള്‍ക്ക് ആശ്വാസമെത്തിക്കാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്രാസ് ഗവര്‍ണര്‍ സര്‍ ആര്‍തര്‍ ഹോപ് ആണ് കുഞ്ഞാച്ചുമ്മക്ക് അവാര്‍ഡ് നല്‍കിയത്.
വയോജനവിദ്യാഭ്യസം, തൊഴില്‍പരിശീലനം, കുടുംബാസൂത്രണ ബോധവല്‍ക്കരണം, ആധുനികവിദ്യഭ്യസത്തിനുള്ള പ്രോല്‍സാഹനം, സംഘടിത നമസ്‌കാരം, സാമൂഹികസേവനം, സാമ്രാജ്യത്വവിരുദ്ധസമരം, സംഗീതം തുടങ്ങിയവ വഴി സ്ത്രീശാക്തീകരണത്തിന്റെ വേറിട്ട പാതകളിലൂടെ സഞ്ചരിച്ച ചരിത്രമാണ് തലശ്ശേരി, തച്ചറക്കല്‍ കണ്ണോത്ത് മാളിയേക്കല്‍ തറവാടിനും ടി.സി.കുഞ്ഞാച്ചുമ്മ, മാളിയേക്കല്‍ മറിയുമ്മ എന്നീ പ്രതിഭകള്‍ക്കും അവര്‍ രൂപീകരിച്ച സംഘടനക്കും പറയാനുള്ളത്. തലശ്ശേരിയുടെ സമ്പന്നമായ മുസ്‌ലിം പൈതൃകത്തിലെയും കേരളീയ മുസ്‌ലിം സ്ത്രീമുന്നേറ്റത്തിലെയും സവിശേഷ അധ്യായമാണ് ഇവരുടെ ജീവിതം. മുസ്‌ലിം സമുദായത്തില്‍ ഒരുഭാഗത്ത് സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോഴും മറുഭാഗത്ത് ഒട്ടേറെ വ്യക്തികളും കുടുംബങ്ങളും വിഭാഗങ്ങളും സ്ത്രീകള്‍ക്ക് നല്‍കിയ സ്ഥാനവും ആദരവും ഇവരുടെ ചരിത്രത്തില്‍നിന്ന് വായിച്ചെടുക്കാനാകും. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് മുസ്‌ലിംസ്ത്രീകള്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ തങ്ങളുടേതായ സംഭാവനകളര്‍പ്പിച്ചിരുന്നുവെന്നതാണ് ടി.സി കുഞ്ഞാച്ചുമ്മയുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്.
1930-കളില്‍ ''മഹിളാസമാജം''എന്ന സംഘടന രൂപീകരിക്കുകയും അതിന്റെ പ്രഥമ പ്രസിഡന്റാവുകയും അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ വനിതാകമ്മിറ്റി മെമ്പറാവുകയും ചെയ്തത് മലബാറിലെ ഒരു സ്ത്രീയായിരുന്നുവെന്നത് വിസ്മയാവഹമായ ചരിത്രവസ്തുതയാണ്. തികഞ്ഞ സാമൂഹിക-രാഷ്ട്രീയ ബോധത്തോടെ രൂപപ്പെട്ടതായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
തച്ചറക്കല്‍ കണ്ണോത്ത് കുടുംബത്തില്‍ 1905 കാലത്താണ് കുഞ്ഞാച്ചുമ്മ ജനിച്ചത്. അവരുടെ വിദ്യാഭ്യാസ യോഗ്യത എന്തായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല. പക്ഷേ,അവര്‍ ഇടപെട്ട മേഖലകളും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും പരിശോധിക്കുമ്പോള്‍ അക്കാലത്ത് ലഭ്യമാകുന്നത്ര ഉയര്‍ന്ന വിദ്യാഭ്യസം നേടിയിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കാരണം, മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ വനിതാസമിതിയില്‍ അംഗമാകണമെങ്കില്‍ ഇംഗ്ലീഷ് പരിജ്ഞാനമുള്‍പ്പെടെ വിദ്യാഭ്യാസപരമായ യോഗ്യതകള്‍ ആവശ്യമാണല്ലോ. ഏതാണ്ട് അവരുടെ കാലത്ത് ജീവിച്ച മറ്റുസ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുകയും ചെയ്തിരുന്നു.
കഴിവുറ്റ സാമൂഹിക പ്രവര്‍ത്തകയായിരുന്നു ടി.സി കുഞ്ഞാച്ചുമ്മ. മഹിളാ സമാജം വഴി പരിസര പ്രദേശങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളര്‍ച്ചക്കുവേണ്ടി പലവിധത്തില്‍ അവര്‍ പരിശ്രമിക്കുകയുണ്ടായി. തൊഴില്‍ പരിശീലനമായിരുന്നു അതിലൊന്ന്. പ്രത്യേക അധ്യാപകനെ ഏര്‍പ്പെടുത്തി അവര്‍ സ്ത്രീകള്‍ക്ക് തയ്യല്‍ പഠിപ്പിച്ചു. നിര്‍ധനരായ സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുക്കുകയും ചെയ്തു. പ്രായഭേദമന്യേ ആളുകള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കുന്നതിനുവേണ്ടി മഹിളാ സമാജത്തിന്റെ നേതൃത്വത്തില്‍ മാളിയേക്കല്‍ തറവാട്ടില്‍ വയോജന ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഒരുപക്ഷേ 1930 കളില്‍ ഒരുമുസ്‌ലിംസ്ത്രീ നേതൃത്വം നല്‍കി നടത്തിയ ഈ വയോജനക്ലാസ്സുകളാവണം കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യസംരംഭം. പിന്നെയും പതിറ്റാണ്ടുകള്‍ കഴിഞ്ഞാണല്ലോ ഗവണ്‍മെന്റെ് സാക്ഷരതാപദ്ധതിയും അതിന്റെ ഭാഗമായി വയോജന ക്ലാസുകളും ആരംഭിക്കുന്നത്. അക്കാലത്ത് മാളിയേക്കല്‍ തറവാട്ടിന്റെ മുറ്റത്ത് അവര്‍ കുടുംബാസൂത്രണ ക്ലാസുകളും നടത്തുകയുണ്ടായി. അതിന്റെ സ്വഭാവമെന്തായിരുന്നുവെന്ന് ഇപ്പോള്‍ കൃത്യമായി പറയാവുന്ന ആധികാരിക രേഖകളോ വ്യക്തികളൊ ഇല്ല. പില്‍ക്കാലത്ത് ഗവണ്‍മെന്റെ ് ആവിഷ്‌കരിച്ച് നടപ്പാക്കിയ മക്കള്‍ ''രണ്ടുമതി-ഒന്നുമതി'' തുടങ്ങിയ പ്രചാരണങ്ങളായിരിക്കാന്‍ തരമില്ല. കാരണം മാളിയേക്കല്‍ തറവാടില്‍ മക്കളുടെ എണ്ണം കുറക്കുംവിധമുള്ള കുടുംബാസൂത്രണമൊന്നും നടപ്പാക്കിയിരുന്നില്ലെന്നത് അവരുടെ സന്താന പരമ്പര പരിശോധിച്ചാലറിയാം. മറ്റൊരു പ്രത്യേകത സംഘടിത നമസ്‌കാരമാണ്. റമദാനിലെ രാത്രികളില്‍ തറാവീഹ് നമസ്‌കാരം സ്ത്രീകള്‍ക്കുവേണ്ടി സംഘടിതമായി നിര്‍വ്വഹിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിരുന്നു മാളിയേക്കല്‍ തറവാട്ടില്‍, അതിപ്പോഴും തുടരുന്നുണ്ട്.
മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്യകാലത്തേ ആരംഭിച്ച പ്രദേശമാണ് തലശ്ശേരി. കേരളത്തിലെ പ്രമുഖ ലീഗ് നേതാക്കളില്‍ പലരും തലശ്ശേരിക്കാരാണ്. ചന്ദിക പത്രത്തിന്റെ തുടക്കവും അവിടെ നിന്നുതന്നെ. അത്തരമൊരു പശ്ചാതലം ഉള്ളതുകൊണ്ടാകാം, കുഞ്ഞാച്ചുമ്മയും അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തകയായിരുന്നു. പാറ്റ്‌നയില്‍ നടന്ന അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ വനിതാകമ്മറ്റി യോഗത്തിലേക്ക് മലബാറില്‍നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഏകവനിതയായിരുന്നു കുഞ്ഞാച്ചുമ്മ. അക്കാലത്ത് ബോംബെയിലെ മുസ്‌ലിം നേതാവായ സര്‍ കരീംഭായി ഇബ്‌റാഹിം മലബാര്‍ സന്ദര്‍ശിച്ചപ്പോള്‍ രൂപീകരിച്ച സ്വീകരണ കമ്മിറ്റിയിലും അവരുണ്ടായിരുന്നു.
നല്ലൊരു പാട്ടുകാരിയായിരുന്ന അവര്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പാട്ട് എഴുതി പ്രതികരിക്കുമായിരുന്നു. ''പാട്ടുകെട്ടുക''എന്നാണ് അതിന്റെ പാരമ്പര്യ പ്രയോഗം. സ്വാതന്ത്രസമര സേനാനിയായ ''മായന്‍'' രക്തസാക്ഷ്യം വരിച്ചതിനെ കുറിച്ച് കുഞ്ഞാച്ചുമ്മ പാട്ടുകെട്ടുകയുണ്ടായി. കോട്ടയം തങ്ങളുടെ ബന്ധുവായിരുന്ന മായന്‍, 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ആവേശഭരിതനായി തലശ്ശേരിയുടെ തെരുവില്‍ ഒറ്റക്ക് തക്ബീര്‍ മുഴക്കുകയും ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോകണമെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഈ ''ഭരണകൂടവിരുദ്ധ'' പ്രവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹത്തെ പോലീസ് അറസ്റ്റുചെയ്തു. ലോക്കപ്പിലിട്ട് പീഡിപ്പിച്ചതിനെതുടര്‍ന്ന് മായന്‍ മരണപ്പെടുകയായിരുന്നു. ഈ സംഭവത്തെ ഇതിവൃത്തമാക്കി കുഞ്ഞാച്ചുമ്മ കെട്ടിയ പാട്ട് അക്കാലത്ത് കോണ്‍ഗ്രസ് സമ്മേളനവേദികളില്‍ ആവേശത്തോടെ പാടാറുണ്ടായിരുന്നു.
1938-ല്‍ തിരുവല്ലയില്‍ സംഘടിപ്പിച്ച കേരള ചരിത്രത്തിലെ ആദ്യ മുസ്‌ലിം വനിതാ സമ്മേളനത്തിലാണ് അഖില തിരുവിതാംകൂര്‍ മുസ്‌ലിം മഹിളാ സമാജം രൂപീകരിക്കപ്പെട്ടത്. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെയും മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന്റെയും ചരിത്രത്തില്‍ മാത്രമല്ല, കേരളീയ സാമൂഹിക വളര്‍ച്ചയുടെ നാള്‍വഴികളില്‍ തന്നെ അഭിമാനപൂര്‍വം രേഖപ്പെടുത്തേണ്ടതായിരുന്നു ഹലീമാബീവിയുടെയും മറ്റും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രസ്തുത സമ്മേളനവും സംഘടനയും. ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളുടെ നിര്‍ദേശത്തില്‍നിന്നുകൂടി പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരുവല്ലയില്‍ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ആലുവയില്‍ അക്കാലത്ത് നടന്ന ഒരു യുവജന സമ്മേളനത്തില്‍ പ്രസംഗിക്കവെ, മുസ്‌ലിം സ്ത്രീകളെ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അതിനുവേണ്ടി തിരുവിതാംകൂറിലെങ്കിലുമുള്ള സ്ത്രീകള്‍ക്ക് വേണ്ടി സമ്മേളനം സംഘടിപ്പിക്കാനുള്ള ആഗ്രഹവും ആറ്റക്കോയ തങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. അതിനായി ഹലീമാബീവി മുന്നോട്ടുവരണമെന്നും അദ്ദേഹം പ്രത്യാശിച്ചു. പത്രങ്ങളില്‍നിന്ന് ഈ വാര്‍ത്ത ഹലീമാബീവി വായിച്ചറിഞ്ഞു. ശേഷം, ആറ്റക്കോയതങ്ങള്‍ ഈ ആവശ്യമുന്നയിച്ചുകൊണ്ട് അയച്ച കത്തും ഹലീമാബീവിക്ക് ലഭിച്ചു. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രണ്ട് ആഴ്ചക്കകം, 200-ഓളം സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു സമ്മേളനം നടത്താന്‍ അക്കാലത്ത് ഹലീമാബീവിക്ക് സാധിച്ചത് ചെറിയ കാര്യമല്ല.
മുസ്‌ലിം സ്ത്രീകളുടെ ഉന്നമനത്തിനായി ഒരു സംഘടനക്ക് രൂപം നല്‍കുകയെന്നതായിരുന്നു സമ്മേളനം വിളിച്ചുകൂട്ടിയതിന്റെ പ്രധാന ലക്ഷ്യമെന്ന് ഹലീമബീവി സൂചിപ്പിച്ചിട്ടുണ്ട്. ''അഖില തിരുവിതാംകൂര്‍ മുസ്‌ലിം വനിതാ സമാജം'' ആയിരുന്നു അവരുടെ സ്വപ്നം. കരകള്‍തോറും, താലൂക്കുതോറും വനിതാസമാജം രൂപീകരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. വനിതകള്‍ക്ക് മാത്രമായി ഒരു സംഘടനയെന്ന കാഴ്ചപ്പാട് 1930-കളില്‍ മുന്നോട്ടുവെച്ച ഹലീമാബീവിക്ക്, സ്ത്രീവിമോചനത്തെക്കുറിച്ച് എത്ര ഉയര്‍ന്ന ചിന്തയാണ് അക്കാലത്തുണ്ടായിരുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. സമ്മേളനത്തെ തുടര്‍ന്ന് തിരുവല്ല കേന്ദ്രമാക്കി രൂപംകൊണ്ട ''വനിതാ സമാജ''ത്തിന്റെ ആദ്യ പ്രസിഡന്റും ഹലീമാബീവിയായിരുന്നു. നാട്ടിലുടനീളം തിരുവിതാംകൂര്‍ വനിതാസമാജത്തിന് ശാഖകള്‍ രൂപീകരിക്കണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും അത് വിജയിക്കുകയുണ്ടായില്ല. പക്ഷേ, 1000-ഓളം സ്ത്രീകള്‍ കേന്ദ്രസംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നു. തിരുവല്ലയില്‍ സമാജത്തിന്റെ ഓഫീസ് സജീവമായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അവിടെ പലപ്പോഴായി വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തോളം സമാജം നന്നായി പ്രവര്‍ത്തിക്കുകയുണ്ടായി. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കാന്‍ സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. പെണ്‍കുട്ടികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുക, താഴ്ന്ന ക്ലാസുകളിലെ നിര്‍ധന വിദ്യാര്‍ഥിനികള്‍ക്ക് ധനസഹായം നല്‍കുക, ഉയര്‍ന്ന ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് മുസ്‌ലിം പ്രമുഖരില്‍നിന്നും മറ്റും ധനസഹായം ലഭ്യമാക്കുക, ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പുകള്‍ യഥാസമയം ലഭ്യമാക്കാന്‍ നടപടികള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ രംഗത്ത് സമാജം ചെയ്തിരുന്നത്. പല ഭാഗങ്ങളിലെയും സ്ത്രീകള്‍ക്ക് പരസ്പരം അറിയാനും സാമൂഹിക പ്രവര്‍ത്തനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ സഹായകമായിട്ടുണ്ട്.
മലബാറിലേക്കു കൂടി ''തിരുവിതാംകൂര്‍ വനിതാസമാജ''ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് ഹലീമാബീവി ആഗ്രഹിച്ചിരുന്നു. അന്ന് തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ''മുസ്‌ലിം മഹിളാ സമാജ''വുമായി ബന്ധപ്പെട്ട് ഇതിനുവേണ്ടി അവര്‍ പരിശ്രമിച്ചു. പലതവണ കത്തിടപാടുകള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ ഹലീമാബീവി തന്നെ നേരിട്ട് തലശ്ശേരിയില്‍ പോവുകയും മുസ്‌ലിം മഹിളാ സമാജം പ്രസിഡന്റായിരുന്ന കുഞ്ഞാച്ചു സ്വാഹിബയെ കാണുകയും ചെയ്തു. പക്ഷേ, അന്നത്തെ സാഹചര്യത്തില്‍ അവരുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ല. 1959-ലെ തന്റെ ഒരു പ്രസംഗത്തില്‍ ഹലീമാബീവി തന്നെ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
തലശ്ശേരിയിലെയും തിരുവല്ലയിലെയും വനിതാകൂട്ടായ്മകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പിന്നീട് കേരളത്തില്‍ മുസ്‌ലിം സ്ത്രീ സംഘടനകള്‍ രൂപപ്പെട്ടത്. 1960-കളില്‍ എറണാകുളം, തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രൂപീകരിക്കപ്പെട്ട ഇത്തരം മുസ്‌ലിം സ്ത്രീകൂട്ടായ്മകളെക്കുറിച്ചാണ് ഇനി പറയാനുള്ളത്.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top