കറ്റാര്‍ വാഴ
മുഹമ്മദ് ബിന്‍ അഹ്മദ്
ഒക്‌ടോബര്‍ 2018
പേരുകൊണ്ടുതന്നെ പുഴയുടെ സാമീപ്യം ഉണ്ടെന്ന് തോന്നുന്നു. ആറിന് സമീപം വളരുന്നതുകൊണ്ടാവാം കറ്റാര്‍ വാഴക്ക് ഈ പേര് വന്നത്. ഇടക്കിടക്ക് വെള്ളം നിര്‍ബന്ധമായും ആവശ്യമുള്ള ഒരൗഷധച്ചെടിയാണ് കറ്റാര്‍ വാഴ.
പേരുകൊണ്ടുതന്നെ പുഴയുടെ സാമീപ്യം ഉണ്ടെന്ന് തോന്നുന്നു. ആറിന് സമീപം വളരുന്നതുകൊണ്ടാവാം കറ്റാര്‍ വാഴക്ക് ഈ പേര് വന്നത്. ഇടക്കിടക്ക് വെള്ളം നിര്‍ബന്ധമായും ആവശ്യമുള്ള ഒരൗഷധച്ചെടിയാണ് കറ്റാര്‍ വാഴ. സംസ്‌കൃതത്തില്‍ കുമാരി എന്ന പേര് എല്ലാ അര്‍ഥത്തിലും അന്വര്‍ഥമാണ്.
സ്ത്രീകളുടെ മാസമുറ ശരിയാകാനും മുഖകാന്തി വര്‍ധിപ്പിക്കാനും ഇതിനു കഴിവുണ്ട്. ഈര്‍പ്പവും പശിമയുമുള്ള മണ്ണില്‍ ചെറിയ ചാലുകള്‍ കീറി നട്ടു വളര്‍ത്താവുന്നതാണ്. നടുന്നതിന് മുമ്പായി ചാലുകളില്‍ പച്ചില ഇട്ട് ചെറുതായി മൂടി അതിലാണ് വെക്കേണ്ടത്. വളര്‍ച്ചക്കനുസരിച്ച് ഇടക്കിടക്ക് ചാണകപ്പൊടി വിതറിക്കൊടുക്കാം. മാസത്തിലൊരിക്കലെങ്കിലും ഈ ചാണകപ്പൊടിയിടുന്നതിനു മുമ്പായി പച്ചില വിരിച്ച് അതില്‍ ചാണകമിട്ട് ചെറുതായി മണ്ണ് ഇറക്കിക്കൊടുക്കണം. വര്‍ഷാരംഭത്തിനു മുമ്പായി ആവശ്യമായ പശിമ ചേര്‍ത്ത് കട നല്ലവണ്ണം മൂടി വെള്ളം കടക്കല്‍ കെട്ടിനില്‍ക്കാത്ത തരത്തില്‍ മൂടണം.
ഇതിന്റെ നീരു കിട്ടണമെങ്കില്‍ വാഴ നീളത്തില്‍ കീറി അതില്‍ നെല്‍മണി ഇട്ടുവെച്ച് കുറേ നേരം കഴിഞ്ഞാല്‍ ശുദ്ധമായ നീര് കിട്ടും.
ജന്മം ഹിമാലയ പ്രാന്തപ്രദേശങ്ങളിലാണെന്ന് അനുമാനിക്കപ്പെടുന്നു. ഇപ്പോള്‍ ഔഷധ ആവശ്യത്തിനായി തോട്ടങ്ങളില്‍ ധാരാളമായി കൃഷി ചെയ്തുവരുന്നു.
കഷായം, ഗുളിക, ലേഹ്യങ്ങള്‍, അരിഷ്ടം, മുടിക്ക് വളര്‍ച്ച കിട്ടാനും തലക്ക് തണുപ്പും, ഉറക്കവും ഉണ്ടാക്കാനായി പലതരം എണ്ണ എന്നിവയില്‍ പ്രധാന ചേരുവയായി ഇതിനെ ഉപയോഗിച്ചുവരുന്നു.
ഇതിന്റെ നീരില്‍നിന്നാണ് ചെന്നിനായകം ഉണ്ടാക്കുന്നത്. ഒടിവ്, ചതവ്, വേദന, തരിപ്പ് എന്നിവക്കുള്ള തൈല, ലേപന ഔഷധങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. ആര്‍ത്തവ വേദന, വയറു വേദന, പ്ലീഹാവൃദ്ധി, നീര് എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സക്കും ഉപയോഗിച്ചുവരുന്നു. മുറിവെണ്ണയിലെ പ്രധാന ചേരുവ ഇതുതന്നെ.
ഗര്‍ഭാശയ പേശികളുടെ സങ്കോചവികാസത്തിന് ആക്കം കൂട്ടാനുള്ള വിശേഷ കഴിവും ഉണ്ട്. അത്യാര്‍ത്തവത്തിനും രക്താര്‍ശ്ശസിനും ഇതു ഉപയോഗിച്ചുവരുന്നു. കുഴിനഖത്തിന് കറ്റാര്‍ വാഴ നീരില്‍ മഞ്ഞള്‍ ചേര്‍ത്ത് ലേപനം ചെയ്യുന്നത് നല്ലതാണ്. ഗര്‍ഭിണികളില്‍ ഇതുകൊണ്ടുള്ള പ്രയോഗം ഉത്തമമല്ല. കുമാര്യാസവം തുടങ്ങി ഔഷധങ്ങളിലെല്ലാം കറ്റാര്‍വാഴ ഉപയോഗിച്ചുവരുന്നു. വില കുറഞ്ഞതും എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ പറ്റുന്നതും അധിക വളപ്രയോഗം ആവശ്യമില്ലാത്തതുമായ ഇതിനെ നട്ടുവളര്‍ത്തി പരിപോഷിപ്പിക്കാന്‍ തയാറാവുക.