പ്രളയ ദിനത്തിലെ ഓര്‍മകള്‍....

ഷബ്‌ന സിയാദ് (പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, മീഡിയവണ്‍ കൊച്ചി)
ഒക്‌ടോബര്‍ 2018
രാവും പകലും നിര്‍ത്താതെ പെയ്ത മഴയില്‍ എറണാകുളം ജില്ല വിറങ്ങലിച്ചു നിന്നു.

രാവും പകലും നിര്‍ത്താതെ പെയ്ത മഴയില്‍ എറണാകുളം ജില്ല വിറങ്ങലിച്ചു നിന്നു. പെരിയാര്‍ അതിന്റെ സകല മാന്യതയും വിട്ട് കരകവിഞ്ഞൊഴുകി, ഗതാഗതം സ്തംഭിച്ചു. വീടുകള്‍ വെള്ളത്തില്‍ മുങ്ങിത്താണു. ജനങ്ങള്‍ പരിഭ്രാന്തിയോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോടി. റോഡുകളും പാലങ്ങളും തകര്‍ന്നു. കര്‍ഷകന്റെ കണ്ണിലെ കനലായി കൃഷിയിടങ്ങളിലേക്ക് വെള്ളം ആര്‍ത്തു കയറി. സംസ്ഥാനത്തെ ഏറ്റവും ജലസമ്പന്നമായ നദിയെന്ന് പേരു കേട്ട പെരിയാറിലെ പ്രളയം ചരിത്രത്തിന്റെ ഭാഗമായി. ഒപ്പം മീഡിയാവണ്‍ കൊച്ചി ബ്യൂറോയും ഞാനും.
കൊച്ചി കളമശ്ശേരി കണ്ടയ്‌നര്‍ റോഡിന് പരിസരത്തെ തോടുകള്‍ നിറയാന്‍ തുടങ്ങിയതോടെ ചെറിയ തോതിലുള്ള ആശങ്ക ഞങ്ങളുടെ ഓഫീസിനെയും  ബാധിച്ചുതുടങ്ങിയിരുന്നു. വെള്ളം എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. കൊച്ചി ഓഫീസിന്റെ പടിവാതില്‍ വരെ വെള്ളം എത്തി. മനോവീര്യം മാത്രം കൈമുതലാക്കി ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ചുറുചുറുക്കോടെ രംഗത്തേക്കിറങ്ങി. മാധ്യമചരിത്രത്തിന്റെ മറ്റൊരു അധ്യായമെഴുതാനായിരുന്നു അത്. ഇരിപ്പിടമില്ലാതെ, ടോയ്‌ലെറ്റ് സൗകര്യമില്ലാതെ, വിശ്രമമില്ലാതെ ദുരന്തമുഖത്ത് ചടുലതയോടെ നില്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കേണ്ടത് ക്യത്യമായി ഞങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. ഓരോ ബുള്ളറ്റിനിലും വ്യത്യസ്തമായ വാര്‍ത്തകള്‍ എത്തിക്കുമ്പോള്‍ പാതി മുങ്ങിയ ഓഫീസിന്റെ പരിസരത്തേക്കു പോലും അടുക്കാനാവാത്ത അവസ്ഥ. ഡി.എസ്.എന്‍.ജിയും മറ്റ് ഓഫീസ് വാഹനങ്ങളും മാത്രം ആശ്രയം. ഫോണ്‍ ചാര്‍ജ് ചെയ്യലടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ വണ്ടിയിലേക്ക് മാറ്റി. കാല്‍കുഴയുമ്പോള്‍ റോഡിന് അരികില്‍ ഇരുന്ന് വിശ്രമം. എന്നിട്ടും തളരാതെ ഓരോരുത്തരും വാര്‍ത്തകള്‍ക്ക് പിന്നാലെ പാഞ്ഞു.  ബ്യൂറോ വെള്ളത്തിലായ സമയത്ത് ഓഫീസ് പോലുമില്ലാതെ പ്രയാസപ്പെട്ടിട്ടും കൃത്യമായി വാര്‍ത്തകള്‍ എത്തിക്കാന്‍ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊ് പ്രവര്‍ത്തിക്കാന്‍ മുന്‍കൈയെടുത്ത ബ്യൂറോ ചീഫ് ലിജോ വര്‍ഗീസിനെ പ്രത്യേകം ഓര്‍ക്കുന്നു.
പ്രധാനമായും കോടതി വാര്‍ത്തകളുടെ ചുമതലക്കാരിയായ ഞാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഈ ദിനങ്ങളില്‍ ചേര്‍ന്നു. മഹാപ്രളയത്തിന്റെ സാക്ഷിയായ പല നിമിഷങ്ങളും മറക്കാനാവാത്തതാണ്. ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ട ആഗസ്റ്റ് എട്ടിലെ ആദ്യ ദിനങ്ങള്‍ പുലര്‍ച്ചെ തന്നെ വാര്‍ത്താശേഖരണത്തിനിറങ്ങി. പെരിയാറിന്റെ തീരത്തുനിന്നും 200 മീറ്റര്‍ മാത്രം അകലമുള്ള സ്വന്തം വീട്ടില്‍നിന്ന് നോക്കുമ്പോള്‍ പുഴയിലൊരു വലിയ പ്രളയകാഴ്ചയില്ലായിരുന്നു. ആലുവ മാറമ്പിള്ളി, ചൊവ്വര പാലത്തില്‍നിന്നുള്ള ദൃശ്യങ്ങളോടെ ആദ്യ ദിനങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ ചെറിയ തോതില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. പുഴയോട് ചേര്‍ന്ന ക്യഷിയിടങ്ങളെല്ലാം മുങ്ങിയിട്ടുണ്ട്. അവിടെ നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഒരു പ്രദേശവാസിയുടെ സംസാരം അല്‍പം കൗതുകം പടര്‍ത്തി. ഇതിനെ കൃഷിനാശം എന്നൊന്നും പറയരുത്, 'കൈയേറ്റങ്ങള്‍ പുഴയെടുത്തു' അങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. അയാള്‍ പറഞ്ഞതിലും അല്‍പം കാര്യമില്ലാതില്ലെന്ന് തോന്നി. ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മാത്രമാണ് തുറന്നത്, വെള്ളം ഒഴുകി പെരിയാര്‍ നിറയാന്‍ പോകുന്നേയുള്ളൂ, ഇനി ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ കൂടി തുറന്നാല്‍ പെരിയാര്‍ പ്രളയത്തില്‍ മുങ്ങുമെന്നൊക്കെ ആദ്യ ദിവസം റിപ്പോര്‍ട്ട് ചെയ്തു മടങ്ങി. എന്നാല്‍ പിറ്റേ ദിവസം ഇതേ സ്ഥലങ്ങളില്‍ എത്തുമ്പോള്‍ നാട്ടുകാരുടെ പരിഹാസം. വെള്ളം ഇറങ്ങി, നിങ്ങള്‍ ചാനലുകാരുടെ തള്ളല്‍ മാത്രമേ പ്രശ്‌നമുള്ളൂവെന്നായി. ഞങ്ങളെന്തോ അപരാധം ചെയ്തുവെന്ന തോന്നലിലായിരുന്നു അവിടെനിന്നുള്ള  മടക്കം. ആഗസ്റ്റ് പത്താം തീയതി മുതല്‍ പിന്നെയും സാധാരണനിലയിലേക്ക്. വാര്‍ത്തകളിലും പ്രളയം അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ജലന്ദര്‍ ബിഷപ്പിന്റെ അറസ്റ്റിലേക്കും ദിലീപിന്റെ ഹരജികളിലേക്ക് ഞാനും മടങ്ങി.
ഏതാനും ദിവസം കഴിഞ്ഞതോടെ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന അറിയിപ്പ് വരുന്നു. ഇതോടെ ഞങ്ങളുടെ ഓഫീസിലും പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും ചേര്‍ന്നു. പുലര്‍ച്ചെ മുതല്‍ ഓരോ പ്രളയ പ്രദേശങ്ങളിലും ഓരോരുത്തരായി പോയി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് പരിസരത്തെ തോടുകളില്‍ വെള്ളം കയറുന്നുവെന്നറിയിച്ച് ഒരു ഫോണ്‍ സന്ദേശം ലഭിച്ചു. ഞങ്ങള്‍ അവിടേക്ക് തിരിച്ചു. ചെല്ലുമ്പോള്‍ മുന്‍ എം.എല്‍.എ ജോസ് തെറ്റയില്‍ അടക്കമുള്ളവര്‍ അവിടെയുണ്ട്. എയര്‍പോര്‍ട്ടിന്റെ പിറകുവശത്തെ റോഡ് പൂര്‍ണമായും വെള്ളത്തിലായി. നിര്‍മാണത്തിന്റെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ അവിടെ വലിയ പ്രതിഷേധമാണുണ്ടാക്കുന്നത്. റോഡിലെല്ലാം വെള്ളം കയറി തുടങ്ങിയിരിക്കുന്നു. വാഹനം ഒരു വിധത്തില്‍ ഗതാഗതയോഗ്യമായ സ്ഥലത്തെത്തിച്ചു. അവിടെനിന്നും ആലുവ തുരുത്ത് എന്നറിയപ്പെടുന്ന പെരിയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലെത്തി. അവിടെയെത്തുമ്പോള്‍ വൈകുന്നേരമായി. റോഡരികില്‍ ജനങ്ങളെല്ലാവരും ഒത്തുകൂടിയിരിക്കുന്നതു കണ്ട് കാര്യം തിരക്കിയപ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും ആ നാട്ടിലെ ജനങ്ങളുമെല്ലാം അവിടെയുണ്ടെന്നറിയുന്നത്. അവര്‍ പ്രളയം വന്നാല്‍ തങ്ങളെങ്ങനെ രക്ഷപ്പെടുമെന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ആ മനുഷ്യരില്‍ കണ്ട അങ്കലാപ്പും ഭയവും വാക്കുകള്‍ക്കപ്പുറമായിരുന്നു. പിന്നീട് പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്കായി യാത്ര. അവിടെയെത്തുമ്പോള്‍ കാണാന്‍ കഴിഞ്ഞത് പെരുമ്പാവൂര്‍ പാലയ്ക്കാട്ടുതാഴം ഏതാണ്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളാരും ജോലിക്ക് പോയിട്ടില്ല. അവര്‍ എന്ത് ചെയ്യണമെന്നറിയാതെ കൂട്ടം കൂടി നില്‍ക്കുന്നു. മലയാളികള്‍ പരസ്പരം സംസാരിച്ചും സഹകരിച്ചും ഒരുമിച്ചുനീങ്ങുമ്പോള്‍ അവര്‍ പകച്ചുനില്‍ക്കുന്നു. പിന്നെ കൈയില്‍ കിട്ടിയതെടുത്ത് ക്യാമ്പുകളിലേക്ക് നീങ്ങുന്നു. അവരോടൊപ്പവും സ്ത്രീകളും കുട്ടികളും. ദയനീയത ആ മുഖങ്ങളിലെല്ലാം കണ്ടു. സഹതപിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനായില്ല. 
ഞങ്ങളുടെ യാത്രകള്‍ പിറ്റേ ദിവസവും തുടര്‍ന്നു. വാഹനങ്ങളിലും നടന്നും എത്തിപ്പെടാവുന്നിടങ്ങളിലെല്ലാം ഞങ്ങളെത്തി. നെടുമ്പാശ്ശേരി വിമാനത്താവളമായിരുന്നു പിന്നെ ലക്ഷ്യം. അവിടെ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് വിമാനത്താവളത്തിന്റെ അകത്തുനിന്നും വെള്ളം പമ്പ് ചെയ്യുന്നതാണ്. സമീപത്തെ തോടുകളിലെല്ലാം വെള്ളം കയറി നിറഞ്ഞു. ഇഴജന്തുക്കള്‍ ചിലയിടങ്ങളില്‍ വെച്ച് ഞങ്ങളുടെ കാലിലും ചുറ്റി. എന്നിട്ടും വെള്ളത്തില്‍ നിറഞ്ഞ വിമാനത്താവളത്തിന്റെ ഉള്‍ഭാഗത്തെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥനോട് ഞങ്ങള്‍ അനുവാദം ചോദിച്ചു. അയാളുടെ കൈയിലിരുന്ന വലിയ തോക്ക് കണ്ട് ക്യാമറമാന്‍ മുഹമ്മദ് ബുനയ്യ പിന്തിരിഞ്ഞപ്പോഴാണ് പെട്ടെന്നൊരു ശബ്ദം കേട്ടത്. വിമാനത്താവളത്തിന്റെ മതിലുകള്‍ 200 മീറ്ററോളം തകര്‍ന്നു വീണിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ച് അത് സന്തോഷകരമായിരുന്നുവെന്ന് വേണം പറയാന്‍. കാരണം തടസ്സങ്ങളില്ലാതെ അകത്തുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനായി എന്നതായിരുന്നു അത്. എന്നാല്‍ പിന്നീടാലോചിച്ചപ്പോഴാണ് അതിന്റെ ഭീകരത മനസ്സിലാകുന്നത്. മതിലുകള്‍ തകര്‍ത്ത് വെള്ളം കുത്തൊഴുക്കോടെ പുറത്തേക്കൊഴുകുന്നു. വെള്ളം അതിന്റെ എല്ലാ സീമകളും ലംഘിച്ച് ഒഴുകുമ്പോള്‍ നിസ്സഹായതയോടെ മോട്ടോറുകള്‍ എടുത്തു മാറ്റുന്ന തൊഴിലാളികളെയാണ് പിന്നെയവിടെ കണ്ടത്. 
പിന്നെയും വലിയ വെളളക്കെട്ടുകള്‍ക്ക് നടുവിലൂടെ ഓടിനടന്ന് വാര്‍ത്തകളെടുത്തു മടങ്ങി. മടങ്ങിയെത്തുമ്പോള്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഏറക്കുറെ നിലച്ച മട്ടായി. ഞങ്ങളെത്തുമ്പോള്‍ ആലുവ കമ്പനിപ്പടിയില്‍ വലിയൊരാള്‍ക്കൂട്ടം. മെട്രോ സ്റ്റേഷനോട് ചേര്‍ന്ന പരിസരത്തെ വീടുകളിലെല്ലാം പെട്ടെന്ന് വെള്ളം കയറിയിരിക്കുന്നു. വലിയ വീടുകളില്‍നിന്നും കൈയില്‍ കിട്ടിയതുമാത്രം എടുത്ത് പ്രാണരക്ഷാര്‍ഥം ഓടുന്ന കുറേ ആളുകള്‍. ജനിച്ച് ദിവസങ്ങളായ കുട്ടികളെ ചേര്‍ത്തു പിടിച്ച് അമ്മമാര്‍, കരച്ചിലിന് വക്കിലെത്തിയ കുഞ്ഞുങ്ങള്‍. തകര്‍ത്തു പെയ്യുന്ന മഴ. വല്ലാത്തൊരു കാഴ്ചയായിരുന്നു അത്. ചില സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള രംഗങ്ങള്‍. നാട്ടുകാരും പോലീസും ചേര്‍ന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു. കൂടുതല്‍ സമയം അവിടെ നില്‍ക്കാന്‍ തോന്നിയില്ല.
പെരിയാറിനോട് ചേര്‍ന്നുള്ള എന്റെ വീടിനെ കുറിച്ചായി ചിന്ത. എന്റെ വീടും വഴികളും മാത്രം സുരക്ഷിതമായിരിക്കുമെന്ന എല്ലാവരെയും പോലുള്ള വിശ്വാസം എന്നെയും പിടികൂടി. വണ്ടിയില്‍ കയറി ആലുവ-പെരുമ്പാവൂര്‍ റൂട്ടില്‍ അല്‍പം എത്തിയപ്പോഴേക്കും റോഡില്‍ മുഴുവന്‍ വെള്ളം നിറഞ്ഞുവെന്നറിഞ്ഞു. എനിക്ക് വീട്ടിലെത്തിയേ തീരൂ. വലിയ ഒഴുക്കോടെയാണ് വെള്ളം കുത്തിയൊലിക്കുന്നത്. റോഡിലേക്കിറങ്ങാന്‍ അവിടെയുള്ളവരൊന്നും സമ്മതിക്കുന്നില്ല. പക്ഷേ എന്റെ മക്കള്‍ വീട്ടിലുണ്ട്. ആ ഒരു ചിന്തയില്‍ ഞാന്‍ മറ്റൊന്നുമാലോചിക്കാതെ ആ വലിയ വെള്ളത്തിലേക്കിറങ്ങി. നല്ല കുത്തൊഴുക്ക്. ഞാന്‍ ദിവസവും പോകുന്ന റോഡ് പുഴക്ക് സമാനമായി ഒഴുകുന്നു. ചില നേരങ്ങളില്‍ ചില വികാരങ്ങള്‍ ഭയത്തെ മാറ്റിനിര്‍ത്തുമല്ലോ. അതുകൊണ്ടു മാത്രമാണ് കോരിച്ചൊരിയുന്ന മഴയത്ത് കിലോമീറ്ററുകളോളം കുടയും നിവര്‍ത്തി, ബാഗ് ഉയര്‍ത്തിപ്പിടിച്ച് ആ വഴികളിലൂടെ നിസ്സംഗതയോടെ നടന്നത്. പെരിയാര്‍ അപ്പോഴും വീട്ടില്‍നിന്ന് നോക്കിയാല്‍ കാണുന്ന രീതിയില്‍ തന്നെയുണ്ട്. ക്ഷീണംകൊണ്ട് തളര്‍ന്നുറങ്ങിപ്പോയതറിഞ്ഞില്ല. സമയം രാത്രി പത്തരയോടടുത്തു, പെട്ടെന്ന് എഴുന്നേറ്റ് നോക്കുമ്പോള്‍ വീട്ടുമുറ്റത്ത് വെള്ളം എത്തിനില്‍ക്കുന്നു. ഉറക്കച്ചടവില്‍ മഴവെള്ളമാണെന്ന് തോന്നിയെങ്കിലും പെട്ടെന്നാണ് പുഴയില്‍നിന്നും വെള്ളം കയറുന്നുവെന്ന് മനസ്സിലാക്കുന്നത്. പിന്നെ മറിച്ചൊന്നും ആലോചിച്ചില്ല, ഭര്‍ത്താവും കുട്ടികളും ഞാനും വീട്ടില്‍നിന്നിറങ്ങി. വണ്ടിയില്‍ കയറി രക്ഷപ്പെട്ടു എന്നു വേണമെങ്കില്‍ പറയാം. ഞങ്ങള്‍ ഓമനിച്ച് വളര്‍ത്തുന്ന പൂച്ച ഞങ്ങളിറങ്ങുന്നതും നോക്കി അവിടെ തന്നെ നില്‍ക്കുന്നു. നമ്മള്‍ രക്ഷപ്പെട്ടാല്‍ നമ്മുടെ പൂച്ചയെന്ത് ചെയ്യുമെന്ന മകന്റെ ചോദ്യമായിരുന്നു എന്നെ അപ്പോള്‍ അലട്ടിക്കൊണ്ടിരുന്നത്. വെള്ളം നിറഞ്ഞ റോഡുകളും ഇടവഴികളും താണ്ടി ഇടപ്പള്ളിയിലെ ബന്ധുവീട്ടിലെത്തി. നേരം പുലര്‍ന്നതും വീണ്ടും വീടിനടുത്തെത്താനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. 
പിന്നെയും വാര്‍ത്തകളിലേക്കുള്ള ഓട്ടം. ആലുവ ടൗണിലെത്തിയപ്പോള്‍ കണ്ട കാഴ്ചയായിരുന്നു കരളലിയിപ്പിക്കുന്നത്. ആശുപത്രികളില്‍ വെള്ളം കയറി ഐ.സി.യുവില്‍നിന്നുള്ള രോഗികളെ മാറ്റുകയാണ്. വലിയ വള്ളങ്ങളിലും ചങ്ങാടങ്ങളിലുമായി രോഗികളെ എത്തിക്കുന്നു. രണ്ട് കാലുകളുമൊടിഞ്ഞ രോഗിയെ സ്ട്രച്ചറില്‍ എത്തിച്ചു. അവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാനാവാതെ വിഷമിക്കുമ്പോള്‍ കൊച്ചി മെട്രോ സൗകര്യമൊരുക്കുന്നു. ഇത്തരം കാഴ്ചകള്‍ പലതരമായിരുന്നു. മെട്രോ മാത്രമായിരുന്നു അപ്പോഴുള്ള ആശ്രയം. ആലുവ മാര്‍ത്താണ്ഡ വര്‍മ പാലത്തിലെത്തുമ്പോള്‍ കണ്ടത് പുഴ അതിന്റെ രൗദ്ര ഭാവത്തില്‍ കുത്തിയൊലിക്കുന്നതാണ്. പാലവും തകര്‍ത്ത് ഞങ്ങളെയും വലിച്ച് ആ ആഴങ്ങളിലേക്ക് ഇടുമോയെന്നു പോലും ഭയന്നു. അത്ര ഭയാനകമായ കുത്തൊഴുക്ക്. ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വെള്ളത്തിന്റെ സംഹാരതാണ്ഡവം. 
ഞാനടക്കമുള്ള കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണിലേക്ക് വന്ന ജീവനു വേണ്ടി കേഴുന്ന ആ ദയനീയ ശബ്ദങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍നിന്നും മായുന്നില്ല. സ്വന്തം വീട് വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍, നൂറുകണക്കിനാളുകളുടെ കണ്ണീര് കാണുമ്പോള്‍ ഞാന്‍ വലിയൊരു മാനസിക സമ്മര്‍ദത്തിനടിപ്പെട്ടു. ബന്ധുക്കള്‍ പലപ്പോഴും ആശങ്കയോടെ എന്നെ വിളിച്ചു വിവരങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. എന്നാല്‍ അവരോട് കൃത്യമായ മറുപടി പറയാന്‍ പോലുമാകാതെ വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. പ്രശ്‌നങ്ങളെ കരുത്തോടെ നേരിടണമെന്ന് ആഗ്രഹിക്കുന്ന ഞാനും പതുക്കെ തളരുന്നപോലെ തോന്നി. 
എല്ലാത്തിനെയും അതിജീവിക്കും, അതിജീവിച്ചേ മതിയാകൂ. എന്നാല്‍ ഇനിയുമൊരു പ്രളയം താങ്ങാന്‍ നമുക്കാവുമോ?!
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media