കുടുംബ ഘടനയുടെ വേരിളക്കുന്ന നിയമം
2013-ല്‍ സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ച ഒരു വിധി റദ്ദാക്കിക്കൊണ്ടാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് മറ്റൊരു അനുകൂല വിധി സുപ്രീം കോടതി പ്രസ്താവിച്ചത്. സ്വവര്‍ഗരതി ശിക്ഷാര്‍ഹമല്ലെന്ന്
2013-ല്‍ സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ച ഒരു വിധി റദ്ദാക്കിക്കൊണ്ടാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് മറ്റൊരു അനുകൂല വിധി സുപ്രീം കോടതി പ്രസ്താവിച്ചത്. സ്വവര്‍ഗരതി ശിക്ഷാര്‍ഹമല്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആ വിധി.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി വ്യത്യസ്ത രൂപത്തിലാണ് സ്വാഗതം ചെയ്യപ്പെട്ടത്. പുരോഗമനവാദികളെന്നു വിശേഷിപ്പിക്കുന്നവര്‍ അതിനെ സ്വാഗതം ചെയ്തപ്പോള്‍ എല്ലാ വിഭാഗം മതവിശ്വാസികളും കടുത്ത ശൈലിയില്‍ അതിനെ വിമര്‍ശിച്ചിട്ടുണ്ട്. സ്വവര്‍ഗരതിക്കാര്‍ സ്വാഭാവിക ന്യൂനപക്ഷമാണെന്നും ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കനുവദിക്കുന്ന എല്ലാ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും സ്വവര്‍ഗരതിക്കാര്‍ അര്‍ഹരാണെന്നുമുള്ള നിരീക്ഷണമാണ് കോടതി നടത്തിയത്.
സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും പേരിലാണ് ഇക്കാലമത്രയും നിയമവിധേയമല്ലാതിരുന്ന സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കപ്പെട്ടത്. ഉപരിപ്ലവമായ സ്വതന്ത്രദാഹത്തിനപ്പുറം ചില ആകുലതകള്‍ ഈ വിധി മുന്നോട്ടുവെക്കുന്നുണ്ട്. ഒന്നാമതായി ജൈവിക പ്രകൃതിക്ക് വിരുദ്ധമാണ് സ്വവര്‍ഗ ലൈംഗികത. എല്ലാ വര്‍ഗത്തിലും ആണും പെണ്ണുമായി തന്നെയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്. അത് എല്ലാ വിഭാഗം ജീവികളുടെയും സ്വാഭാവികമായ വംശവര്‍ധനവിനു വേണ്ടിയാണ്.
ഇണകളെ തേടിപ്പോവുക എന്നതാണ് ജൈവിക പ്രകൃതി. അതിനപ്പുറമുള്ളത് അസ്വാഭാവികതയും അപൂര്‍വതയുമാണ്. ഇത്തരമൊന്നിനെ സാമാന്യവല്‍ക്കരിച്ച് നിയമവിധേയമാക്കുന്നതിലൂടെ സമൂഹത്തില്‍ അരാജകത്വം ഉടലെടുക്കുമെന്നതില്‍ സംശയമില്ല. സമൂഹം ഭയത്തോടെ കാണുന്ന മാരക ലൈംഗികരോഗങ്ങള്‍ പലതും ഉദാര ലൈംഗിക വാദത്തിന്റെ ഉല്‍പന്നമാണ്. എയിഡ്‌സ് പോലുള്ള രോഗങ്ങള്‍ വ്യാപകമാക്കുന്നതില്‍ വലിയ പങ്ക് സ്വവര്‍ഗലൈംഗികരാണ്. 2015-ല്‍ അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ കാണാനായത് എയിഡ്‌സ് രോഗികളില്‍ 67 ശതമാനവും സ്വവര്‍ഗ ഭോഗികളാണെന്നാണ്. എന്നും കാത്തുസൂക്ഷിക്കപ്പെടേണ്ട മൂല്യങ്ങള്‍ക്കകത്തേക്കാണ് ഇത്തരം നിയമങ്ങള്‍ ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുന്നത്. ഭദ്രതയോടെ കാത്തുസൂക്ഷിക്കപ്പെടേണ്ട കുടുംബ ഘടനയിലേക്കു കൂടിയാണ് വിള്ളലുണ്ടാക്കുന്നത്. ഇണയില്‍നിന്ന് പരസ്പരം അനുഭവിക്കേണ്ട ലൈംഗികത മറ്റു വഴികളിലൂടെ പങ്കാളി അനുഭവിക്കുമ്പോള്‍ അത് കുടുംബത്തിനകത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നുറപ്പ്. മാത്രമല്ല, ഇത്തരം നിയമത്തിന്റെ മറവില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കാനുള്ള ആവശ്യങ്ങള്‍ കുടുംബം എന്ന സ്ഥാപനത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരിക്കും.