നല്ലതു ഭക്ഷിക്കുക

ജാസ്മിന്‍ വാസിര്‍
ഒക്‌ടോബര്‍ 2018

ലോകങ്ങളുടെ നാഥന്‍ ഭൂമിയിലേക്ക് അവന്റെ പ്രതിനിധിയെ  സൃഷ്ടിച്ചു, അവന് ഇഴുകിച്ചേരേണ്ട ഒന്നില്‍നിന്ന്, മനുഷ്യന്റെ മോഹങ്ങളുടെ വിളവെടുപ്പു കേന്ദ്രമായ മണ്ണിന്റെ സത്തില്‍ നിന്നും.
'അതെ, നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കി ത്തരികയും നിങ്ങള്‍ക്ക് വേണ്ടി പാതകളുണ്ടാക്കിത്തരികയും ചെയ്തവന്‍' ( 43:10).
മണ്ണും വിണ്ണും അവന് വിധേയമാക്കി. വെള്ളവും വെളിച്ചവും മണ്ണിലേക്ക് പെയ്തിറങ്ങി അവള്‍ നന്ദിപൂര്‍വം  വിഭവങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു. കാലദേശ വ്യതിയാനങ്ങള്‍ക്കനുസരിച്ച് രുചിയിലും  രൂപത്തിലും വര്‍ണങ്ങളില്‍ പോലും വൈവിധ്യം. അല്ലാഹു ആദമിന്റെ മക്കളെ അനുഗ്രഹിച്ചു. അവരുടെ കണ്ണും കരളും കുളിര്‍പ്പിച്ചു. വിലക്കപ്പെട്ട കനി കഴിച്ചതിന് പുറത്താക്കപ്പെട്ടവന്റെ പ്രായശ്ചിത്തം സ്വീകരിക്കപ്പെട്ടു. അവരോടവന്‍ കരുണ ചൊരിഞ്ഞു.
'നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അവ മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുകന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍, കറുത്തിരുണ്ടവയുമുണ്ട്' (35:27).
മൃഗങ്ങളെയും കടലിനെയുമെല്ലാം മനുഷ്യന്‍ തന്റെ ജീവിതമാര്‍ഗത്തിന് ഉപയോഗിക്കാന്‍ സാധിക്കും വിധം എളുപ്പമാക്കി കൊടുത്തു. ശക്തി കൊണ്ടും ബുദ്ധി കൊണ്ടും അവനവിടെയും മേധാവിത്വമുറപ്പിച്ചു.
'രണ്ടു ജലാശയങ്ങള്‍ അവ ഒരിക്കലും ഒരുപോലെയല്ല. ഒന്ന് ശുദ്ധവും ദാഹമകറ്റുന്നതും കുടിക്കാന്‍ രുചികരവുമാണ്. മറ്റൊന്ന് ചവര്‍പ്പുള്ള ഉപ്പുവെള്ളവും. എന്നാല്‍ രണ്ടില്‍നിന്നും നിങ്ങള്‍ക്കു തിന്നാന്‍ പുതു മാംസം ലഭിക്കുന്നു. നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങളും നിങ്ങളവയില്‍നിന്ന് പുറത്തെടുക്കുന്നു. അവ പിളര്‍ന്ന് കപ്പലും സഞ്ചരിക്കുന്നത് നിങ്ങള്‍ക്കു കാണാം.  അതിലൂടെ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹം തേടാനാണത്. നിങ്ങള്‍ നന്ദിയുള്ളവരാകാനും' (35:12).
വിഭവങ്ങളുടെ വര്‍ധനവ് മനുഷ്യരെ അഹങ്കാരികളാക്കാന്‍  തുടങ്ങി. അനുവദനീയമല്ലാത്തവ ഭക്ഷിക്കാനും വിഭവങ്ങള്‍ പൂഴ്ത്തിവെച്ച് അവകാശികളില്‍നിന്ന് അവ തടയാനും ആരംഭിച്ചു. സമഗ്രവും സമ്പൂര്‍ണവുമായ ഒരു ജീവിത വ്യവസ്ഥ എന്ന നിലയില്‍ ഇസ്‌ലാമിന് വിഭവങ്ങളുടെ ഉല്‍പാദനത്തിലും സമാഹരണത്തിലും വിതരണത്തിലും വ്യക്തമായ നിര്‍ദേശങ്ങളും നിയമങ്ങളുമുണ്ട്. ഭക്ഷ്യവിഭവങ്ങള്‍  ഉല്‍പാദിപ്പിക്കുന്നതിനും ഉപയോഗത്തിനും നിയമമുണ്ട്. എങ്ങനെ, എപ്പോള്‍, എത്ര ഉണ്ണണം എന്നും അത് പഠിപ്പിക്കുന്നുണ്ട്. ഹൃദയത്തിന്റെ അസുഖങ്ങളെയാണ് ഇസ്‌ലാം ആദ്യം ചികിത്സിക്കുന്നത്. അതുവഴി സമൂഹത്തെ സംസ്‌കരിക്കുകയും ചെയ്യുന്നു. അതിന് അവന്റെ ഭക്ഷണം ശുദ്ധവും അനുവദനീയ മാര്‍ഗത്തില്‍നിന്നുള്ളത് ആകേണ്ടത് അവന്റെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനുള്ള മാനദണ്ഡമാക്കി. അതായത് നിഷിദ്ധമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതോ ശരീരത്തിന് വളരെ ദോഷകരമായതോ ആയ ഭക്ഷണം കഴിച്ചിട്ട് ഒരാള്‍ ചെയ്യുന്ന പ്രാര്‍ഥനകളോ സല്‍ക്കര്‍മങ്ങള്‍ പോലുമോ സ്വീകരിക്കപ്പെടുകയില്ല, അവന്‍ അതില്‍ ഖേദിക്കുകയോ അതില്‍നിന്ന് പിന്തിരിയാന്‍ തീരുമാനിക്കുകയോ ചെയ്യാത്തേടത്തോളം എന്നുള്ള നിയമം ബാധകമാക്കി. 
'തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര്‍ നിന്നോട് ചോദിക്കുന്നു പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു' (5:4).
മനുഷ്യരുടെ ആരോഗ്യത്തെ അന്തസ്സിനെയും നശിപ്പിക്കുന്ന എല്ലാം ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. അത് പ്രത്യക്ഷമായ രീതിയിലോ പരോക്ഷമായ രീതിയിലോ തന്റെ ശരീരത്തില്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്.
'അല്ലാഹു തന്റെ ദാസന്മാര്‍ക്ക് ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കി കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു' (42:27).
അമിതമായ ഭക്ഷണവും മനുഷ്യരില്‍ അഹങ്കാരം നിറക്കുന്നു. അതിനാലാണ് വിശക്കുന്നവനെ കാണാന്‍ അവന് കഴിയാത്തത്. സുഭിക്ഷതയുടെ അഹങ്കാരത്തില്‍ പുളിച്ചു തികട്ടിയ സെല്‍ഫിയാണ് ഒരു ദരിദ്യ വിഭാഗത്തിന്റെ പ്രതീകമായ മധുവിന്റെ കൊലപാതകം ലോകമറിയാന്‍ കാരണമായത്. ഇതുപോലെ ഓരോ അക്രമിയില്‍നിന്നും സെല്‍ഫികള്‍ പിറക്കും സ്വന്തത്തിനെതിരെ സാക്ഷിയായി.
'പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തി#ിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്) വിരമിക്കാന്‍ ഒരുക്കമുാേ?'
ശുദ്ധവും അനുവദനീയവുമായ ഭക്ഷ്യ വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനും അവക്കു വേണ്ട പരിശ്രമങ്ങള്‍ ചെയ്യേണ്ടതും എല്ലാ സത്യവിശ്വാസികളുടെയും ബാധ്യതയാണ്. ഭൂമിയുടെയും മനുഷ്യവര്‍ഗത്തിന്റെയും തന്നെ ആരോഗ്യകരമായ നിലനില്‍പ്പിന് കൃഷിയെ പ്രോത്സാഹിക്കുകയും ഭക്ഷ്യ സ്വയം പര്യാപ്തത നേരിടേണ്ടതും വിശ്വാസിയെ സംബന്ധിച്ച് ഈ  ലോകത്തും പരലോകത്തും അവന്റെ വിജയത്തിന് ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. നബി(സ)യില്‍നിന്നും സ്വഹാബാക്കളില്‍നിന്നും ഇതിനെത്രയോ മാതൃകകളുണ്ട്.
കൃഷിഭൂമി അതിനെ സജീവമാക്കുന്നവനുള്ളതാണ് എന്നാണ് ഇസ്ലാമിന്റെ നിയമം. ഒരാള്‍ ചെയ്യുന്ന പണികളില്‍ ഏറ്റവും മികച്ചത് കൃഷിയാണ് നബി(സ) പറഞ്ഞിരിക്കുന്നു. അത്രത്തോളം കൃഷി പ്രോത്സാഹിപ്പിക്കപ്പെട്ടു. 
വിശ്വാസികള്‍ ഒരിക്കലും അവരുടെ കര്‍മങ്ങള്‍ ഭൂമിയില്‍ ഉപേക്ഷിച്ചു പോകുന്നവരല്ല. പരലോകത്തേക്കും കൊണ്ട് പോകുന്നവരാണ്. അതാണ് അവരുടെ പ്രവൃത്തികളെ നിഷ്‌കളങ്കവും ഉന്നതവുമാക്കുന്നത്.
നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കൂ. കര്‍ഷകര്‍ എല്ലാം കൊണ്ടും പരീക്ഷിക്കപ്പെടുന്നു. സാമ്പത്തികമായും ശാരീരികമായും അവര്‍ തളര്‍ന്നിരിക്കുന്നു, അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു. മനുഷ്യരുടെ ജന്മാവകാശമാണ് ശുദ്ധവായുവും ശുദ്ധമായ വെള്ളവും പ്രകൃതി വിഭവങ്ങളും. അതു പോലും തടയപ്പെടുന്നു.
കൃഷി പാടങ്ങള്‍ വരണ്ടു കീറുന്നത് ജലദൗര്‍ഭല്യം കൊണ്ട് മാത്രമല്ല, കര്‍ഷകന്റെ ചുടുകണ്ണീര്‍ വീണിട്ടു കൂടിയാണ്. മഴ മേഘങ്ങള്‍ പോലും നിശ്ചലമായി പോകുന്ന കാഴ്ചകളാണ് നമ്മുടെ രാജ്യത്തെ കര്‍ഷക കുടിലുകളില്‍ സംഭവിക്കുന്നത്. അല്ലാഹുവിന്റെ ശാപമിറങ്ങാന്‍ ഭൂമി പാകപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കര്‍ഷക സമരങ്ങള്‍ നമുക്കും കൂടി വേണ്ടിയുള്ളതാണെന്ന് നാം തിരിച്ചറിയണം. ഭൂമിയുടെ യഥാര്‍ഥ അവകാശികളെ പുറത്താക്കി കൃഷി മേഖലയിലും കൂടി മേല്‍ക്കോയ്മ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ വിഭവങ്ങള്‍ ആരിലേക്കാണ് കുമിഞ്ഞുകൂടാന്‍ പോകുന്നത് എന്ന് നമുക്കെല്ലാം അറിയാം. നിരാലംബരായ സാധാരണക്കാരന്റെ അവസാനത്തെ അത്താണിയും കൂടി ഇല്ലാതെയാകാന്‍ പോകുന്നു. രാഷ്ട്രത്തിന്റെ വളര്‍ച്ചയുടെ നട്ടെല്ലായ കൃഷിയും കൂടി തകരാന്‍ പോകുന്നു എന്ന ഭയാനകമായ  മുന്നറിയിപ്പ്.
കര്‍ഷക സമരങ്ങള്‍ മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിന്റെ ഭാഗമാണ് എന്ന് നാം തിരിച്ചറിയുകയും പിന്തുണക്കുകയും  ചെയ്യുക. കൃഷി രാജ്യത്തിന്റെ ജീവ രക്തമാണ് എന്ന് പ്രഖ്യാപിച്ച ഭരണാധികാരിയുടെ പിന്മുറക്കാരാണ് നമ്മള്‍. ഓരോ കുടുംബവും ഓരോ പ്രദേശവുമെങ്കിലും ഭക്ഷ്യവിഭവങ്ങളില്‍ സ്വയം പര്യാപ്തരാകാന്‍ ശ്രമിക്കണം. ആരോഗ്യവാനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയേക്കാള്‍ അല്ലാഹു വിന് ഇഷ്ടം. ശരീരവും മനസ്സും ശുദ്ധമായും ആരോഗ്യത്തോടെയും സൂക്ഷിക്കാന്‍ നമ്മള്‍ ബാധ്യതസ്ഥരാണ്. നാളെ അവന്‍ നമ്മോട് അതേപ്പറ്റി ചോദിക്കപ്പെടുന്നതാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media