തണലായി തണല്‍

സാബിത് ഉമര്‍ No image

'കര്‍ത്താവാ നിങ്ങളെ ഇങ്ങാട് എത്തിച്ചത്. അമ്മച്ചീനെ എങ്ങനെ കൊണ്ടാവുന്നറിയാതെ ഇരിക്കണേര്‍ന്നു. അമ്മച്ചി മാറാതെ ഞങ്ങക്കും മാറാന്‍ പറ്റില്ലല്ലോ.'
പ്രളയം രൂക്ഷമായി ബാധിച്ച എറണാകുളം ജില്ലയിലെ പറവൂര്‍ പുത്തന്‍ വേലിക്കര സ്റ്റേഷന്‍ കടവ് പാലത്തിനു സമീപമുള്ള വലിയ പഴമ്പിള്ളി തുരുത്തിലെ ഒരു വീട്ടില്‍നിന്നും തൊണ്ണൂറു വയസ്സായ, കാലിനു സ്വാധീനമില്ലാത്ത വൃദ്ധയെയും കൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് പുറപ്പെടുകയായിരുന്ന തണല്‍ പാലിയേറ്റീവ്- ഐഡിയല്‍ റിലീഫ് വിംഗ് സംഘത്തോട് അവരുടെ മകള്‍ പറഞ്ഞ വാക്കുകളാണിത്. ശക്തമായ ഒഴുക്കില്‍ അരക്കു മുകളില്‍ വെള്ളത്തിലൂടെ രണ്ടു കിലോമീറ്ററോളം നടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഈ വീട്ടിലെത്തിയത്.
ഇവരടക്കം നൂറ്റിയറുപതോളം ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും വൃദ്ധരെയുമാണ് തണലിന്റെ നേതൃത്വത്തില്‍ ദുരന്തമുഖത്തുനിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഏതു ദുരന്തത്തിലും ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരാണ് ഭിന്നശേഷിക്കാരും കിടപ്പുരോഗികളും വൃദ്ധരും അടങ്ങുന്ന വലിയ വിഭാഗം. ദുരന്ത മേഖലകളിലും അപകട സാധ്യതകളിലും ഭിന്നശേഷിക്കാരുടെ സുരക്ഷ സാധാരണ ജീവിതം നയിക്കുന്നവരേക്കാള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്.
കോഴിക്കോട് കട്ടിപ്പാറയില്‍ കരിഞ്ചോല മല ഒന്നാകെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോവുന്ന ശബ്ദം കേട്ട് പ്രദേശവാസികള്‍ പ്രാണരക്ഷാര്‍ഥം ഓടിയിരുന്നു. എന്നാല്‍ രക്ഷപ്പെടാനാകാതെ ഒരു കുടുംബത്തിലെ എട്ടു പേര്‍ ഒന്നടങ്കം ദാരുണമായി മരണത്തിനു കീഴടങ്ങിയതിന് കേരളീയ സമൂഹം സങ്കടത്തോടെ സാക്ഷിയാകേണ്ടി വന്നിരുന്നു. 
എട്ടു പേര്‍ മരണപ്പെട്ട വീട്ടിലെ ഗൃഹനാഥന്‍ വീല്‍ ചെയറില്‍ ആയിരുന്നതിനാലാണ് ചെങ്കുത്തായ ആ പ്രദേശത്തുനിന്നും അയല്‍വാസികള്‍ എല്ലാവരും ഒഴിഞ്ഞുപോയിട്ടും അദ്ദേഹത്തെയും കൊണ്ട് എളുപ്പത്തില്‍ ഒഴിഞ്ഞു പോകാന്‍ കഴിയാതിരുന്നത്. മുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ കുട്ടനാട്ടില്‍ കിടപ്പുരോഗിയായ വൃദ്ധ മരണപ്പെട്ട് ഉറുമ്പരിച്ച നിലയില്‍ കെത്തിയിരുന്നു. വേദനയേറിയ ഇത്തരം അനുഭവങ്ങളില്‍നിന്ന് ഇങ്ങനെയൊരു സാധ്യത ഇനിയും ഉണ്ടാകരുതേയെന്ന് ഒരുകൂട്ടം ചെറുപ്പക്കാര്‍ ഉറപ്പിച്ചു. തണല്‍ പാലിയേറ്റീവ് എന്ന സംഘടന ഉദയം കൊള്ളുന്നത് അങ്ങനെയാണ്.
കേരളീയ സമൂഹത്തിനു പൊതുവില്‍ അപരിചിതമായ കാര്യമാണ് 'ഭിന്നശേഷി സംയോജിത ദുരന്ത-അപകട സാധ്യതാ ലഘൂകരണം' (Disability Inclusive Disaster Risk Reduction).. കേരളത്തില്‍ ഈ ആശയം പ്രയോഗവത്കരിച്ച ആദ്യ സംഘമാണ് തണല്‍ - IRW. ഭിന്നശേഷി സംയോജിത ദുരന്ത-അപകട സാധ്യതാ നിവാരണം(Disability Inclusive Disaster Risk Management) ആശയതലത്തില്‍നിന്നും പ്രയോഗതലത്തിലേക്കെത്തിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നെങ്കിലും രോഗികളെയും അവരുടെ സവിശേഷതകളുമെല്ലാം ആഴത്തില്‍ അറിയുന്ന, പാലിയേറ്റീവ് രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള തണലിന്റെ വളന്റിയര്‍മാരെയും, ദുരന്ത-അടിയന്തര ഘട്ടങ്ങളെ നേരിട്ട് പ്രായോഗിക പരിജ്ഞാനവും രക്ഷസംവിധാനങ്ങളെക്കുറിച്ചുള്ള കൃത്യമായ അവബോധവും ഉള്ള ഐഡിയല്‍ റിലീഫ് വിംഗ് വളന്റിയര്‍മാരെയും ഓരോ റസ്‌ക്യൂ ടീമുകളിലും ഉള്‍പ്പെടുത്തി. അവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും ആവശ്യമായ ഉപകരണങ്ങളും നല്‍കിയതോടെ ദുരന്തമുഖത്തുനിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആദ്യമെത്തിയവരായി ഭിന്നശേഷിക്കാരും കിടപ്പുരോഗികളും വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിഭാഗം. 160 പേരെയും അത്രതന്നെ കൂട്ടിരിപ്പുകാരെയുമാണ് ഈ പ്രളയം ആരംഭിച്ച സന്ദര്‍ഭത്തില്‍ രക്ഷപ്പെടുത്തിയത്. കിടപ്പുരോഗികളെ ക്യാമ്പിലേക്ക് മാറ്റുന്നതിന്റെ അപ്രായോഗികത ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി, വിവിധ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു. കുറഞ്ഞത് ഒരു കൂട്ടിരിപ്പുകാരനെങ്കിലും ഓരോ ഭിന്നശേഷിക്കാരനുമൊപ്പം ചേര്‍ന്നതോടെ കുടുംബങ്ങളിലെ ശേഷിക്കുന്ന അംഗങ്ങള്‍ക്ക് എളുപ്പത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് വേഗത്തില്‍ എത്താനായി. ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും വര്‍ധിക്കുന്നതിനു മുമ്പേ നടന്ന ഇത്തരം നീക്കങ്ങളാണ് ദുരന്തമേഖലയില്‍ മരണനിരക്ക് കുറക്കുന്നതിനെ ഒരു പരിധിവരെ സഹായിച്ചത്.
എറണാകുളം ജില്ലയില്‍ ഒരു ഭിന്നശേഷിക്കാരനും ഈ പ്രളയദുരന്തത്തില്‍ അപകടത്തില്‍ പെട്ടിട്ടില്ല എന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോഴാണ് ഭിന്നശേഷി സംയോജിത ദുരന്ത-അപകട സാധ്യതാ നിവാരണം എന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുന്നത്.

മറക്കാനാവാത്ത ഒരനുഭവം
'ആളുകള്‍ കൂടുന്ന സ്ഥലത്തു പോയാ ചേച്ചിക്ക് അസുഖം വരും, അതോണ്ട് ക്യാമ്പിലേക്ക് പോകാന്‍ പറ്റുന്നില്ല.' പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പുത്തന്‍വേലിക്കരയിലെ സതി ചേച്ചി പറഞ്ഞ വാക്കുകളാണിത്.
ആഗസ്റ്റ് 15 ബുധനാഴ്ച രാവിലെ പറവൂര്‍ പുത്തന്‍ വേലിക്കര സ്റ്റേഷന്‍ കടവ് പാലത്തിനു സമീപത്തു പഴമ്പിള്ളി തുരുത്തില്‍നിന്നാണ് തണല്‍-ഐഡിയല്‍ റിലീഫ് വിംഗ് ദൗത്യം ആരംഭിക്കുന്നത്. തൊണ്ണൂറിനു മുകളില്‍ പ്രായമുള്ള വൃദ്ധരായ രണ്ടു കിടപ്പുരോഗികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി, തിരികെ ഞങ്ങളുടെ വാഹനത്തിനടുത്തേക്ക് വരുമ്പോഴാണ് ഒരു വീട്ടില്‍ ഒരു സ്ത്രീ ഒറ്റക്ക് നില്‍ക്കുന്നത് കണ്ടത്. രക്ഷാ സംഘത്തിലെ രഹ്‌നാസ് എടത്തല, മന്‍സൂര്‍ പള്ളുരുത്തി എന്നിവര്‍ ആ വീട്ടിലേക്ക് ചെന്നു. ഓടു മേഞ്ഞ ഒരു പഴയ വീടായിരുന്നു. അരക്കൊപ്പം വെള്ളമുണ്ടായിരുന്നു വഴിയില്‍. മുറ്റത്തേക്കു വെള്ളം കയറിക്കൊണ്ടിരുന്നു. ഒരു നായയും ഉണ്ടായിരുന്നു. ചേച്ചിയോട് വിവരങ്ങള്‍ അന്വേഷിച്ചുകൊിരിക്കെ അകത്തുനിന്നും വേറെയും രണ്ടു സ്ത്രീകള്‍ വന്നു. സഹോദരിമാരാണ് മൂന്നു പേരും. അവിവാഹിതരും. ഒരാള്‍ മാനസികവിഭ്രാന്തി ഉള്ള ആളാണ്. ആള്‍ക്കൂട്ടത്തെ കാണുന്നത് ഭയമായതുകൊണ്ട് മാനസിക വിഭ്രാന്തിയുള്ള ചേച്ചി 10 വര്‍ഷത്തിലേറെയായി വീടിനു പുറത്തേക്കു പോയിട്ടില്ല. അതേ കാരണത്താലാണ് ക്യാമ്പിലേക്ക് പോവാത്തതും.
വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നും ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ആദ്യം സൗമ്യമായും പിന്നെ അല്‍പം പരുഷമായും പറഞ്ഞപ്പോള്‍ പോകാമെന്നു സമ്മതിച്ചു. അവര്‍ തന്ന നമ്പറില്‍ ചെറായിയില്‍ ഉള്ള അവരുടെ ബന്ധുവിനെ ഫോണില്‍ വിളിച്ചു മാഞ്ഞാലിക്കു സമീപം എത്താന്‍ പറഞ്ഞു. ഉടനെ വസ്ത്രം മാറ്റി ഇറങ്ങി. നായ നിര്‍ത്താതെ കുരക്കുന്നു. അതിനെയും കൈയില്‍ എടുത്തോളാന്‍ പറഞ്ഞു.
പതുക്കെ ഇടവഴിയിലേക്ക് ഇറങ്ങി. വെള്ളം കുറച്ചുകൂടി കൂടിയിരുന്നു. മാനസിക വിഭ്രാന്തിയുള്ള ചേച്ചിക്ക് വഴിയെ പറ്റി യാതൊരു ധാരണയും ഇല്ലാത്തതിനാല്‍ രണ്ടു തവണ വീഴാന്‍ പോയി. രഹ്‌നാസ് അവരുടെ സഞ്ചികളും മറ്റും പിടിച്ചു. മെയിന്‍ റോഡില്‍ എത്തി ബസില്‍ കയറ്റി ഇരുത്തി. പോവുന്ന വഴി ബന്ധുവിന്റെ വീടിന്റെ അടുത്ത് ജംഗ്ഷനില്‍ ആക്കിക്കൊടുത്തു. ഓട്ടോയിലിരുന്നു മൂന്നു പേരും ഒരുപോലെ ചിരിക്കുന്നുണ്ടായിരുന്നു. പഴമ്പിള്ളി തുരുത്ത് പിറ്റേന്ന് പൂര്‍ണമായും വെള്ളത്തില്‍ ആയിരുന്നു.
ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍. ജനിച്ചു പതിനേഴു ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുമായി കൊതുകുവല മാത്രം കൈയിലെടുത്ത് തണലിന്റെ ആംബുലന്‍സിലേക്ക് ഓടിക്കയറിയ മാഞ്ഞാലി സ്വദേശിനി സുമതി, 97 വയസ്സുള്ള കേശവന്‍ തുടങ്ങി ഒട്ടേറെ പേര്‍.
ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഈ വിഷയത്തില്‍ ജില്ലകളില്‍ ഭിന്നശേഷിക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമൊക്കെ പരിശീലനം നല്‍കുന്നുണ്ട്. പൊതുസമൂഹത്തിന്റെ നിരന്തര ജാഗ്രതയാണ് ഇനിയുള്ള ആവശ്യം. അതതു പ്രദേശത്തെ വിവിധ തരത്തിലുള്ള വിഷമതകള്‍ അനുഭവിക്കുന്ന ഭിന്ന ശേഷിക്കാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ദുരന്ത-അപകട സാധ്യത ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ തന്നെ പ്രഥമ പരിഗണന നല്‍കി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുക എന്നതാണ് പ്രായോഗികമാവുക.
വൃദ്ധര്‍, കിടപ്പുരോഗികള്‍, ശാരീരിക-മാനസിക പരിമിതികള്‍ ഉള്ളവര്‍ എന്നിങ്ങനെ ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുംവിധം ശേഖരിക്കുകയും ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നതിലൂടെ സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങള്‍ക്ക് ഇത് സംബന്ധിയായ പരിശീലനം നല്‍കാനാവും. ഇതിനായി പ്രത്യേകം ചുമതല ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക. അതിലൂടെ ഒരുപരിധിവരെ വരുംനാളുകളില്‍ ദുരന്തങ്ങളുടെ തീവ്രത കുറക്കാന്‍ കഴിയും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ടാല്‍ അതത് പ്രദേശങ്ങളില്‍ പരിശീലനം സംഘടിപ്പിക്കാവുന്നതാണ്.
എറണാകുളം ജില്ലയില്‍ പത്തുവര്‍ഷമായി തണല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇരുപത്തിയൊന്ന് യൂനിറ്റുകളാണ് ഉള്ളത്. അഞ്ഞൂറിലധികം പരിശീലനം ലഭിച്ച വളന്റിയര്‍മാര്‍, പന്ത്രണ്ട് ഇടങ്ങളില്‍ ഒ.പി ക്ലിനിക്കുകള്‍, 15 ആംബുലന്‍സ്, അഞ്ചു സ്ഥലങ്ങളില്‍ എക്വിപ്‌മെന്റ് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങള്‍ തണലിനുണ്ട്. ആഴ്ചയില്‍ അറുപത് ഹോം കെയര്‍ യൂനിറ്റുകള്‍ ജില്ലയിലുടനീളം പ്രവര്‍ത്തിക്കുന്നു. നിലവില്‍ ഒമ്പതിനായിരത്തോളം രോഗികള്‍ തണലില്‍ രജിസ്റ്റര്‍ ചെയ്തവരുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ സാന്ത്വനം പകരാന്‍ തണലിനായത്.
നട്ടെല്ലിനു ക്ഷതം ബാധിച്ച് വീല്‍ചെയറില്‍ ജീവിക്കുന്നവരുടെ കൂട്ടായ്മയായ തണല്‍ പാരാപ്ലീജിക് കെയര്‍ തണലിന്റെ ഉപവിഭാഗമാണ്. ആയിരത്തോളം വരുന്ന ആളുകള്‍ ഈ കൂട്ടായ്മയില്‍ അണി ചേര്‍ന്നിട്ടുണ്ട്. സ്വയംതൊഴില്‍ പദ്ധതികള്‍, പഠന സഹായം, ചികിത്സാ സഹായം, സൗജന്യ റേഷന്‍ തുടങ്ങിയ പദ്ധതികള്‍ ഇതിന്റെ കീഴില്‍ വ്യവസ്ഥാപിതമായി നടന്നുവരുന്നു.
ആഘോഷ വേളകളിലും ഒഴിവു വേളകളിലും ഭിന്നശേഷിക്കാരുടെ സംഗമങ്ങള്‍ തണലിനു കീഴില്‍ നടന്നുവരുന്നു. എറണാകുളത്തും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന ഈ പരിപാടികള്‍ വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ജീവിതം ഒതുങ്ങിപ്പോയവര്‍ക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top