ഉണങ്ങാത്ത മുറിവുകളും ഒത്തൊരുമയുടെ കുളിര്‍കാറ്റും

മുഹമ്മദലി ചെങ്ങമനാട് No image

മഹാപ്രളയത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍ക്കിടയിലും ഒത്തൊരുമയുടെ കുളിര്‍കാറ്റേറ്റ ആനന്ദനിര്‍വൃതിയിലാണ് പ്രളയബാധിതരായ ജനങ്ങള്‍. അകല്‍ച്ചകള്‍ അടുപ്പമായും, ഒറ്റപ്പെടലുകള്‍ ഐക്യപ്പെടലായും ഉറവ വറ്റാത്ത സ്‌നേഹവും ലാളനയും കാരുണ്യവും സമ്മാനിച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ മനുഷ്യ നന്മയുടെ മൂല്യങ്ങള്‍ പ്രകടമായ കാഴ്ചകളായിരുന്നു. പണത്തേക്കാള്‍ വില ജീവനാണെന്ന തിരിച്ചറിവ്, ഒന്നിച്ചു നിന്നാല്‍ ഏത് പ്രതിസന്ധിയും അതിജീവിക്കാം... അങ്ങനെ പ്രളയം പല പാഠങ്ങളാണ് പഠിപ്പിച്ചത്. ആദ്യപ്രളയത്തെ അതിജീവിക്കാന്‍  മുന്‍കരുതലെന്നോണം മുക്കുമൂലകളില്‍ സര്‍ക്കാര്‍ ഏജന്‍സികളെയടക്കം ഒരു കുടക്കീഴിലാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയുണ്ടാക്കിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ചാണ് കൂടുതല്‍ സമയം ചര്‍ച്ച ചെയ്തത്. ക്യാമ്പില്‍ ഭക്ഷണവും, മരുന്നും നല്‍കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. എന്നാല്‍ ജലപ്രളയത്തില്‍നിന്ന് രക്ഷ പ്രാപിക്കാനാവശ്യമായി ചുരുങ്ങിയത് 10 പേരെങ്കിലും കയറാവുന്ന വഞ്ചിയോ ബോട്ടോ മറ്റ് സംവിധാനങ്ങളോ ആവശ്യമാണെന്ന കാര്യം പലയിടത്തും ഗൗരവമായെടുത്തില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തും അക്കാര്യത്തില്‍ വേണ്ടത്ര ശുഷ്‌കാന്തിയുണ്ടായില്ല. 
അണക്കെട്ടുകള്‍ തുറക്കുന്നതും ജലവിതാനം ഉയരുന്നതും, പ്രളയത്തിന്റെ തീവ്രഭാവങ്ങളും  മാധ്യമങ്ങള്‍ യഥാസമയം നല്‍കിക്കൊണ്ടിരുന്നു. കുറേപേര്‍ക്ക് ജീവഹാനിയും നഷ്ടങ്ങളുമുണ്ടായി. എങ്കിലും മുന്‍കരുതലെടുക്കാന്‍ സാധിച്ചു. അതിനാല്‍ വന്‍ വിപത്തുകള്‍ ഒഴിഞ്ഞുമാറി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രളയം ശാന്തമായി പര്യവസാനിച്ചുവെന്ന് അധികാരികള്‍ സമാധാനിച്ചു. അത് പൊതുജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തു. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മാതൃകാപരമായ സേവനമനുഷ്ഠിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആലുവയിലെ ജില്ലാ റൂറല്‍ എസ്.പി ഓഫീസില്‍ വിളിച്ചുവരുത്തി എസ്.പി രാഹുല്‍ ആര്‍. നായര്‍ ഉപഹാരങ്ങളും മികവിന്റെ സര്‍ട്ടിഫിക്കറ്റുകളും  സമ്മാനിച്ചു. എന്നാല്‍ ഉപഹാരങ്ങള്‍ വീടുകളില്‍ എത്തുന്നതിനു മുമ്പ്തന്നെ യഥാര്‍ഥ മഹാപ്രളയം തുടക്കമിട്ടിരുന്നു. നാടിനെയൊന്നാകെ ദുരിതക്കയത്തിലാക്കിയ കേരള ചരിത്രത്തിലിന്നോളമില്ലാത്ത പ്രളയമായിരുന്നു അത്. കാറ്റും മിന്നലുമില്ലാത്ത ദിവസങ്ങളോളം കോരിച്ചൊരിഞ്ഞ തുള്ളിക്കൊരുകുടം പേമാരി. മഴ അവസാനിച്ചു കിട്ടാന്‍ അമ്പലങ്ങളിലും, മസ്ജിദുകളിലും, ചര്‍ച്ചുകളിലും കൂട്ടപ്രാര്‍ഥന. മഴയെ അതിജീവിക്കാന്‍ ആര്‍ക്കും സാധിക്കാത്ത അവസ്ഥ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി. എവിടെയും ഭീതിയുടെ കരിപുരണ്ട നിമിഷങ്ങള്‍. പലയിടത്തും വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും അവതാളത്തിലായി. 
അണക്കെട്ടുകളില്‍ ഭീഷണിയായി ജലവിതാനം ഉയര്‍ന്നു. ഇടുക്കി അണക്കെട്ട് തുറന്നുവിടാന്‍ കെ.എസ്.ഇ.ബി ഐക്യകണ്‌ഠേന തീരുമാനിച്ചുവെന്ന് വാര്‍ത്ത വന്നു. മുല്ലപ്പെരിയാര്‍ ഡാമും തുറന്നതായി വാര്‍ത്ത. മലമ്പുഴയിലെ ഏതാനും അണക്കെട്ടുകള്‍ തകര്‍ന്നതായും, ചാലക്കുടിയാറിലെ മുഴുവന്‍ ഡാമുകളും തുറന്നതായും വാര്‍ത്ത വന്നുകൊണ്ടിരുന്നു. പലയിടത്തും ഉരുള്‍പൊട്ടല്‍. മരങ്ങള്‍ കടപുഴകി വീഴുന്നു. നിരവധി പേര്‍ക്ക് ജീവഹാനി. വളര്‍ത്തു മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊഴുകുന്നു. മലകള്‍ തകര്‍ന്നു. പുഴയുടെ തീരങ്ങള്‍ ഇടിയുന്നു. അജ്ഞാത മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. കുന്നുകര നോര്‍ത്ത് കുത്തിയതോട് ദുരിതാശ്വാസ ക്യാമ്പായിരുന്ന പള്ളിമേട ഇടിഞ്ഞു വീണ് ആറ് പേര്‍ക്ക് ജീവഹാനി സംഭവിച്ചു. എവിടെയും ജീവനു വേണ്ടിയുള്ള മുറവിളി. ജീവന്റെ വീണ്ടെടുപ്പിനു വേണ്ടിയുള്ള ചങ്കുപൊട്ടിക്കരച്ചില്‍. അയല്‍വാസികള്‍ ഒറ്റപ്പെട്ട ദ്വീപുകളില്‍ പേടിച്ചു വിരണ്ട് നിന്നു. മറ്റു ചിലര്‍ കണ്ണെത്താദൂരത്ത്  നിസ്സഹായതയോടെ പരസ്പരം നോക്കി ദുഃഖം പങ്കുവെക്കുന്നു. ദേശീയപാതകള്‍ ചെളിവെള്ളമുള്ള കുത്തൊഴുക്കുള്ള പുഴയായി. ഭീമന്‍ ചരക്കു വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്നു. ടാക്‌സി, സ്വകാര്യ വാഹനങ്ങളും മാലിന്യശേഖരത്തില്‍ ഒഴുകിയെത്തുന്നു. എവിടെയും നിസ്സഹായതയുടെ സഹായ അഭ്യര്‍ഥന. എന്ത് ചെയ്യുമെന്നറിയാതെ എവിടെയും പരക്കം പാച്ചില്‍. പ്രളയത്തില്‍ എല്ലാവരും മുങ്ങുമെന്ന അഭ്യൂഹം. പകയും വിദ്വേഷവും അടങ്ങി. പ്രളയാപകടങ്ങളില്‍പെട്ടവരെയും ദുരിതക്കയത്തില്‍പെട്ടവരെയും രക്ഷിക്കാന്‍ തിടുക്കത്തില്‍ എടുക്കുന്ന നാടന്‍ പ്രയോഗങ്ങള്‍, ദേവാലയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളാകുന്നു. മതവും ജാതിയും അയിത്തവും തൊട്ടുകൂടായ്മയും മാറ്റിവെക്കുന്നു. ആയുസ്സില്‍ സമ്പാദിച്ച സര്‍വവും നഷ്ടപ്പെട്ടവര്‍, നിസ്സഹായതയുടെ ആള്‍രൂപങ്ങള്‍. എങ്ങും വിശപ്പിന്റെ വിളിയാളങ്ങള്‍. നാണം മറക്കാന്‍ വസ്ത്രത്തിനായി കെഞ്ചുന്നവര്‍, ബാങ്കില്‍ പണമുണ്ടായിട്ടും പട്ടിണി കിടക്കുന്നവര്‍, ക്യാമ്പുകളിലും വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ മാറിമാറി താമസിക്കുന്നവര്‍. ഉറ്റവരും ഉടയവരും വിവിധ ദിക്കുകളില്‍പെട്ട് പരസ്പരം വിവരം അറിയാതെ ക്ലേശിക്കുന്നവര്‍. 
മഹാപ്രളയം ദുരിതക്കയമാവുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമാവുകയും ചെയ്തതോടെ കണ്ടവര്‍, കേട്ടവര്‍, ഇരകളടക്കം തന്നാലായ രക്ഷാപ്രവര്‍ത്തനം ചെയ്യാന്‍ പായുകയായിരുന്നു. അതിന് ചെറുപ്പ, വലുപ്പ വ്യത്യാസങ്ങളുണ്ടായില്ല. പലയിടത്തെയും രക്ഷാപ്രവര്‍ത്തനങ്ങളും സഹായഹസ്തങ്ങളും കണ്‍കുളിര്‍മയുടെ ചിത്രങ്ങളായിരുന്നു. സാഹസിക രക്ഷാപ്രവര്‍ത്തനത്തിനിടെ പലര്‍ക്കും മരണത്തെ മുഖാമുഖം കണ്ട അനുഭവങ്ങളുമുണ്ടായി. 
ആഗസ്റ്റ് 14-ന് രാവിലെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രധാന ടൗണായ അത്താണിയില്‍  കൊച്ചിയില്‍നിെന്നത്തിച്ച മൂന്ന് ബോട്ടുകളില്‍ 40-ഓളം മത്സ്യത്തൊഴിലാളികളോടൊപ്പം ഐ.ആര്‍.ഡബ്ലിയു വളന്റിയറും, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗവുമായ  സമദ് നെടുമ്പാശ്ശേരിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു. വിമാനത്താവളത്തിനായി അനധികൃതമായി റണ്‍വേ നിര്‍മിച്ചപ്പോള്‍ പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍തോട് ഒറ്റപ്പെട്ടു. അതിനു ശേഷം കാല്‍നൂറ്റാണ്ടായി പ്രദേശം ദുരിതക്കയമാണ്. പ്രളയത്തില്‍ റണ്‍വേയിലും വെള്ളം പൊങ്ങി ഒഴുകാന്‍ ഇടമില്ലാതെ വിമാനത്താവളത്തിന്റെ മതിലിടിഞ്ഞു. പ്രദേശമാകെ വ്യാപിച്ചു. ചെങ്ങല്‍തോട് ഒറ്റപ്പെട്ട് റണ്‍വേയുടെ പിറകില്‍ കുളമായി സ്ഥിതി ചെയ്യുകയാണ്. റണ്‍വെയുടെ ചുറ്റും ഏതാനും വര്‍ഷമായി അശാസ്ത്രീയമായി സോളാര്‍ പാനലും സ്ഥാപിച്ചു. അതോടെ സമദിന്റെ ജന്മദേശമായ തുറവുങ്കരയിലും പരിസരങ്ങളിലും ചെറിയ മഴപെയ്താല്‍ പോലും വെള്ളപ്പൊക്കം സാരമായി ബാധിക്കും. 
മഹാപ്രളയത്തില്‍ ഒറ്റപ്പെട്ട വീടുകളില്‍നിന്ന് വയോധികര്‍ അടക്കമുള്ള പ്രദേശവാസികളെ രക്ഷിക്കാനാണ് കൊച്ചിയില്‍നിന്ന് തൊഴിലാളികളോടൊപ്പം    ബോട്ടെത്തിയത്. തുറവുങ്കരയിലേക്ക് പോകാന്‍ അത്താണിയിലെത്തിയ ബോട്ട് കണ്ട് ദേശീയപാതയുടെ ഇരുവശങ്ങളിലും മറ്റ് ദിക്കുകളിലും കെട്ടിടങ്ങളുടെ മുകള്‍നിലയിലുമുള്ളവരും രക്ഷക്കായി കേഴുന്നത് സമദ് കണ്ടു. അതോടെ രണ്ട് ദിവസത്തോളം  അത്താണിയില്‍ തന്നെ സമദും സംഘവും രക്ഷാപ്രവര്‍ത്തനം നടത്തി. അതിനിടെയാണ് സമദിന്റെ സുഹൃത്തും നാട്ടുകാരനുമായ നിസാര്‍ പ്രായമുള്ള മാതാപിതാക്കളും ഭാര്യയും മക്കളും മറ്റും ഒറ്റപ്പെട്ട വീടുകളില്‍ കഴിയുന്നതറിഞ്ഞ് ഗള്‍ഫില്‍നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. കൊല്ലത്തുവന്ന്  മൂന്ന് തൊഴിലാളികളോടൊപ്പം ഇരട്ടയന്ത്രം ഘടിപ്പിച്ച ബോട്ടുമായി തുറവുങ്കരയിലേക്ക് പോകാന്‍ അത്താണിയിലെത്തി. അത്താണിയില്‍നിന്ന് സമദിനെയും സുഹൃത്തായ ആസിഫിനെയും ബോട്ടില്‍ കയറ്റി 16-ന് സന്ധ്യയോടെ തുറവുങ്കരയിലേക്ക് തിരിച്ചു. ഈ യാത്രക്കിടെയാണ് റണ്‍വേയുടെ പിറകുവശത്തെ കൂറ്റന്‍മതിലിന് മുകളില്‍ നിര്‍മിച്ച കമ്പിക്കൂടില്‍ ബോട്ട് ഉടക്കി മറിഞ്ഞത്. അപകടത്തിനിടെ തെറിച്ചു വീണ ആസിഫും തൊഴിലാളിയും ബോട്ടിന് മുകളില്‍ കയറിപ്പറ്റി. എന്നാല്‍ സമദും നിസാറും രണ്ട് തൊഴിലാളികളും കുത്തൊഴുക്കില്‍പെട്ട് വെള്ളത്തില്‍ മുങ്ങി. അതിനിടെ തോടിന് സമീപമുടനീളം സ്ഥാപിച്ചിരുന്ന സോളാര്‍ പാനലില്‍ നാല് പേര്‍ക്കും പിടിത്തം കിട്ടി. പാനലില്‍ കയറിയിട്ടും കഴുത്തോളം വെള്ളമുണ്ടായി. ബോട്ട് അപകടത്തില്‍പെട്ടത് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. ഒടുവില്‍ ആറ് പേരും ഒച്ചവെച്ചും കരഞ്ഞും മരണത്തെ മുഖാമുഖം കണ്ടു. ഈ സമയം ദുരെ നിന്ന് അപകടാവസ്ഥ അറിഞ്ഞ് ആരോ അങ്കമാലി അഗ്‌നിരക്ഷാസേനയെ അറിയിച്ചതാണ് ജീവന് തുണയായത്. 
ചെങ്ങമനാട് പാലപ്രശ്ശേരിയിലെ ആദം ട്രേഡേഴ്‌സ് ഉടമ പി.എസ് ഷിജുവിന്റെ നേതൃത്വത്തില്‍ 200-ഓളം യുവാക്കള്‍ യുദ്ധമുഖത്തെന്നപോലെ നാല് ടോറസുകളും ടിപ്പര്‍ ലോറികളും മറ്റും ഉപയോഗിച്ച് നടത്തിയ അതിസാഹസിക ജീവന്‍ രക്ഷാപ്രവര്‍ത്തനം അനേകര്‍ക്കാണ് തുണയായത്. പ്ലാറ്റ്‌ഫോം വരെ വെള്ളം കയറിയ റോഡിലൂടെ അടിയന്തര ശസ്ത്രക്രിയക്കും മറ്റുമായി അനേകം ആളുകളെയാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. ഭക്ഷണം, വസ്ത്രം, മരുന്ന്, പഠനോപകരണങ്ങള്‍, സാമ്പത്തിക സഹായം എന്നിവയും എത്തിച്ചു. നാടെങ്ങും ഷിജുവിനും കൂട്ടര്‍ക്കും പൗരാവലിയുടെ അനുമോദനങ്ങളും ലഭിച്ചു.  പ്രളയം കുന്നുകര പഞ്ചായത്തിലെ ഏറിയ ഭാഗവും വെള്ളത്തില്‍ മുക്കി. പെരിയാറും ചാലക്കുടിപ്പുഴയും മാഞ്ഞാലിത്തോടും സംഗമിക്കുന്ന കായലിനടുത്തെ കുന്നുകര പഞ്ചായത്തിലെ നോര്‍ത്ത് കുത്തിയതോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ക്യാമ്പ് തുറന്നു. പല ക്യാമ്പുകളിലും വെള്ളം കയറിത്തുടങ്ങിയതോടെ എല്ലാവരും പള്ളിയിലേക്ക് പ്രവഹിച്ചു. പള്ളിക്കകത്തും വെള്ളം കയറിയതോടെ പള്ളിവളപ്പിലെ 200 വര്‍ഷം പഴക്കമുള്ള ചെങ്കല്ല് കൊണ്ട് നിര്‍മിച്ച പിറകുവശം സിമന്റ് തേക്കാത്ത, വൈദികന്‍ വിശ്രമിക്കുന്ന പള്ളിമേടയിലേക്കും ജനക്കൂട്ടം പ്രവേശിച്ചു. വികാരിയുടെ താക്കീത് രക്ഷക്കായി പായുന്നതിനിടെ ആരും ചെവിക്കൊണ്ടില്ല. മേഖലയിലെ ഏക ഉയര്‍ന്ന പ്രദേശം പള്ളിയും പരിസരവുമായിരുന്നു. 
പള്ളിമുറ്റവും പരിസരവും പുഴയായി തീര്‍ന്നിരുന്നു. അതിനിടെ വയോധികരടക്കം കുറേപേര്‍ സുരക്ഷിത സ്ഥാനം നോക്കി മുകള്‍ നിലയിലെ വരാന്തയില്‍ നിലയുറപ്പിച്ചു. അതോടെ അടിത്തൂണില്ലാത്ത വരാന്ത നിലംപൊത്തുകയും, എല്ലാവരും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങുകയുമായിരുന്നു. ആറ് പേരാണ് ദുരന്തത്തില്‍ ദാരുണമായി മരിച്ചത്. 16-ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. പിറ്റേ ദിവസം രണ്ട് പേരുടെ മൃതദേഹം വെള്ളം കെട്ടിയ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍നിന്ന് തല തകര്‍ന്ന നിലയില്‍ കണ്ടെടുത്തു. കുമിഞ്ഞുകൂടിയ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലായ നാല് പേരെ കണ്ടെത്താനായില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്ന് അഭ്യൂഹവും പരന്നു. നാടാകെ ദുഃഖസാന്ദ്രമായി.  ദുരന്തം പുറംലോകത്തെ അറിയിക്കാന്‍ സംവിധാനമുണ്ടായിരുന്നില്ല. മൂന്ന് ദിവസമായി ജനക്കൂട്ടത്തിന് കുടിവെള്ളം പോലും കിട്ടിയിരുന്നില്ല. അതിനിടെ സ്ത്രീകളടക്കം പലരും വാട്‌സാപ്പിലൂടെ കരഞ്ഞ് ദയനീയാവസ്ഥ മാലോകരെ അറിയിച്ചു. സംഭവമറിഞ്ഞ് കൊച്ചി നാവിക സേന ഹെലികോപ്ടറില്‍ ഭക്ഷണപ്പൊതിയുമായി വന്നെങ്കിലും കാറ്റിന്റെയും ശബ്ദത്തിന്റെയും തരംഗം ഭീഷണിയാകുമെന്നു കണ്ട് ഭക്ഷണം നല്‍കാതെ മടങ്ങി. രണ്ട് ദിവസം കഴിഞ്ഞാണ് നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധരെത്തി സാഹസികമായി രണ്ട് ദിവസം ശ്രമം നടത്തി കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് നാല് പേരുടെയും മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം നിലംപൊത്താറായ പള്ളിമേടക്കകത്ത് നിന്ന് വിലപ്പെട്ട ചരിത്ര രേഖകളും ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടര്‍, ഇന്‍വെര്‍ട്ടര്‍ അടക്കമുള്ള സാധന സാമഗ്രികളും കേടു കൂടാതെ പുറത്തെടുക്കുകയുണ്ടായി. 
ശ്രീമൂലനഗരം പഞ്ചായത്തിലെ കൊണ്ടോട്ടി ജുമാമസ്ജിദിലെ ക്യാമ്പില്‍ പ്രളയത്തെത്തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട പൂര്‍ണഗര്‍ഭിണിയായ ചെങ്ങമനാട് കളത്തിങ്കല്‍ ജബില്‍ കെ. ജലീലിന്റെ ഭാര്യ സാജിത പ്രസവവേദനയെത്തുടര്‍ന്ന് അവശയായതോടെ കൊച്ചി നാവിക സേനയിലെ മെഡിക്കല്‍ വിഭാഗം  ഹെലികോപ്ടറില്‍ വന്ന് പൊക്കിയെടുത്ത് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാമതും ജന്മം നല്‍കിയത് ആണ്‍കുഞ്ഞിനെ. സുഖപ്രസവവുമായിരുന്നു. സൈനികരുടെ സര്‍വസംരക്ഷത്തില്‍ പ്രസവം സൈനിക ആശുപത്രിയിലാകാന്‍ സാജിതക്ക് ഭാഗ്യം ലഭിച്ചു. കുഞ്ഞിന് മുഹമ്മദ് സുബ്ഹാനെന്ന് ആശുപത്രി അധികൃതരാണ് പേരിട്ടത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മാതാവും കുഞ്ഞും സുഖമായിരിക്കുന്നു. പ്രളയം ബാധിച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസമായി ചാലാക്കല്‍ ശ്രീനാരായണ മെഡിക്കല്‍ കോളജിലെ  14-ാം നിലയില്‍ നിലയുറപ്പിച്ച വിദ്യാര്‍ഥിക്കൂട്ടം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനാകാതെ, ദാഹജലം പോലും കിട്ടാതെ മൂന്ന് ദിവസം ഒറ്റപ്പെട്ടു. കുട്ടികളുടെ രോദനം കേട്ട് ഹെലികോപ്ടറിലാണ് ഒടുവില്‍ ഭക്ഷണപ്പൊതി നല്‍കിയത്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അകത്തും പുറത്തുമുള്ള മനുഷ്യസ്‌നേഹികള്‍ ഇപ്പോഴും കുടുംബങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മത്സര ബുദ്ധിയോടെ നല്‍കിവരുന്നുണ്ടെങ്കിലും മനസ്സില്‍ കുടികൊള്ളുന്ന തീരാനൊമ്പരത്തില്‍നിന്ന് മോചനം കിട്ടാന്‍ സര്‍വേശ്വരന്‍ തന്നെ കനിയണം. പരമ്പരാഗത കര്‍ഷകരും സാധാരണക്കാരും ഇടകലര്‍ന്ന് ജീവിക്കുന്ന എറണാകുളം ജില്ലയിലെ പ്രധാന കാര്‍ഷിക കേന്ദ്രവും സംസ്ഥാനത്തെ ഏക ക്ഷീര ഗ്രാമവുമായ കുന്നുകരയെ പഴയ പ്രതാപത്തില്‍ വീണ്ടെടുക്കാന്‍ ഇനിയും അനേക നാളുകള്‍ കാത്തിരിക്കണം. അതിനിടെ കഴിഞ്ഞ ദിവസം കണ്ണൂരില്‍നിന്ന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ 20-ഓളം ഏജന്‍സികളെ ഏകോപിപ്പിച്ച് പ്രദേശത്തെ കുടുംബങ്ങളില്‍ നടത്തിയ കൗണ്‍സലിംഗ് കുറേ സമാധാനം പകര്‍ന്നു നല്‍കിയിട്ടുണ്ട്. ആലുവ, കീഴ്മാട്, ചെങ്ങമനാട്, മുടിക്കല്‍, എടവനക്കാട്, മൂലമ്പിള്ളി, പറവൂര്‍, കാലടി, പെരുമ്പാവൂര്‍, കരുമാല്ലൂര്‍, ആലങ്ങാട്, പാറക്കടവ്, പുത്തന്‍വേലിക്കര തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോഴും കഷ്ട നഷ്ട, ദുരിത ജീവിതം അഭിമുഖീകരിക്കുകയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top