കല്ല്യാണദിവസം അടുത്തുവരുന്തോറും മനസ്സില്‍ എന്തെന്നില്ലാത്ത ആധി കയറിക്കൊണ്ടിരുന്നു.
എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
എവിടെയെങ്കിലും ഒരു നോട്ടക്കുറവുവന്നാല്‍ പ്രശ്‌നങ്ങള്‍ വഷളായതുതന്നെ. ഒരേയൊരു ആണ്‍തരിയാണുള്ളത്. അവന്‍ കണ്ണെത്താദൂരത്താണ്, മൈസൂരില്‍..
കല്ല്യാണദിവസം അടുത്തുവരുന്തോറും മനസ്സില്‍ എന്തെന്നില്ലാത്ത ആധി കയറിക്കൊണ്ടിരുന്നു.
എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
എവിടെയെങ്കിലും ഒരു നോട്ടക്കുറവുവന്നാല്‍ പ്രശ്‌നങ്ങള്‍ വഷളായതുതന്നെ. ഒരേയൊരു ആണ്‍തരിയാണുള്ളത്. അവന്‍ കണ്ണെത്താദൂരത്താണ്, മൈസൂരില്‍..
കല്ല്യാണാലോചന നടക്കുമ്പോള്‍തന്നെ അവന്‍ പറഞ്ഞത്, തന്നെ ബാപ്പ ഒന്നിനും കണക്കാക്കിയിട്ട് കാര്യമില്ലെന്നാണ്. അത്രക്കുണ്ട് അവന് പഠിക്കാന്‍. മാത്രവുമല്ല, കഴിഞ്ഞവര്‍ഷത്തെ രണ്ട് വിഷയങ്ങള്‍ എഴുതിയെടുക്കാനുമുണ്ടത്രെ.
ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞത് കല്ല്യാണത്തിന് കൂടാന്‍ പറ്റ്വോന്ന് നോക്കട്ടെ എന്നാണ്.
ഇതിനൊന്നും അവനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പ്രൊഫഷണല്‍ കോഴ്‌സാണ്. രണ്ടില്‍ കൂടുതല്‍ വിഷയം ഫെയില്‍ഡ് ആയാല്‍ ഇയര്‍ ഔട്ട് ആയിപ്പോകും. പിന്നെ വീണ്ടും താഴ്ന്ന ക്ലാസിലിരുന്ന് പഠിച്ചുതുടങ്ങണം. ലക്ഷങ്ങള്‍ വീണ്ടും മുടക്കണം. പിന്നെ നഷ്ടപ്പെട്ടുപോകുന്ന വിലയേറിയ വര്‍ഷങ്ങളും.
ഭാര്യയുടെ ഇളയ ആങ്ങളയാണ് അല്‍പം സമാധാനത്തിനുള്ളത്. എല്ലാകാര്യത്തിനും നല്ല ശ്രദ്ധയുള്ളയാളാണ്. പക്ഷേ, കരിമ്പിന് കമ്പുദോഷം എന്ന് പഴമക്കാര്‍ പറയുന്നപോലെ മൂക്കത്താണ് ദേഷ്യം. ആരോടും എന്തിനും തട്ടിക്കയറും. അത് എപ്പോള്‍ എന്ന് പ്രവചിക്കുക വയ്യ.
കഴിഞ്ഞദിവസം ബസ് കണ്ടക്ടറുമായി ഒന്നു കോര്‍ത്തു. വല്ല വിധേനയും രക്ഷപ്പെടുത്തി കൊണ്ടുപോരികയായിരുന്നു കൂട്ടുകാര്‍. കല്ല്യാണത്തിനുള്ള വിളി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
പന്തലിനും മറ്റും ഏര്‍പാട് ചെയ്യാന്‍ വേണ്ടി ഇറങ്ങുമ്പോഴാണ് ഭാര്യ ആ ആശയം മുന്നോട്ട് വെച്ചത്.
വീട്ടില്‍ നിന്നും വെറും അരക്കിലോമീറ്റര്‍ അകലെയായി പുതിയൊരു വിവാഹമണ്ഡപത്തിന്റെ പണിതീര്‍ന്നിട്ടുണ്ട്. രണ്ട് വിവാഹങ്ങള്‍ അവിടെവെച്ച് നടത്തിയിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. വെറും മുപ്പത്തയ്യായിരമാണത്രെ ഹാളിന് മൊത്തം ചിലവ്. വീട്ടില്‍ നിന്നുമായാല്‍ പെയിന്റ്, പന്തല്‍, ഭക്ഷണച്ചെലവുകള്‍, കസേരകള്‍ തുടങ്ങി ഒരു ലക്ഷത്തില്‍പരം രൂപ ഏതായാലും പൊടിക്കേണ്ടിവരും.
ഭക്ഷണച്ചെലവ് മാത്രം നോക്കിയാല്‍ മതിയാകും. പാത്രങ്ങള്‍പോലും അവിടെ തയ്യാറാണത്രെ.
ആലോചിച്ചു നോക്കിയപ്പോള്‍ ശരിയാണന്നു തോന്നി. വീടിന് തകരാറുണ്ടാകില്ല. കരിപിടിക്കില്ല.
പക്ഷേ, ഇതവള്‍ക്ക് കുറച്ച് നേരത്തെ പറയാമായിരുന്നില്ലേ. കത്തടിച്ചു. ആളുകളെ ഏതാണ്ട് പൂര്‍ണമായും ക്ഷണിച്ചുകഴിഞ്ഞു. ഇനി കല്ല്യാണമണ്ഡപത്തിന്റെ കാര്യം വരുന്നവര്‍ അറിയുന്നതെങ്ങിനെ?
അപ്പോഴാണ് അളിയന്‍ ഇടപെട്ടത്.
വീട്ടിലേക്ക് വരുന്നവര്‍ക്ക് ഒരു സസ്‌പെന്‍സ് ആയിക്കോട്ടെ. ഇവിടെ ഒരു ബോര്‍ഡ് വെച്ചാല്‍ മതിയല്ലോ. വിവാഹമണ്ഡപത്തിലേക്ക് അരക്കിലോമീറ്റര്‍. ഏവര്‍ക്കും സ്വാഗതം എന്ന്. മാന്യമല്ലാത്ത ആ പരിപാടിയോട് തീരെ യോജിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, ചെലവുകളുടെ ഭീമമായ അന്തരം അങ്ങനെയൊരു ചിന്തയില്‍ കുരുക്കിട്ടു നിര്‍ത്തി എന്നുവേണം പറയാന്‍.
പണ്ടത്തെ കല്ല്യാണാഘോഷങ്ങളെക്കുറിച്ചാണ് അപ്പോള്‍ ഓര്‍മ വന്നത്.
വിവാഹദിനത്തിന്റെ രണ്ടാഴ്ച മുമ്പെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടാകും.
മണ്ണില്‍ വലിയ കുഴികളുണ്ടാക്കി പൂവന്‍ കുലകളും മറ്റും പഴുപ്പിക്കാന്‍ വെക്കുന്നത്.
പന്തല്‍നാട്ടല്‍ ചടങ്ങ് ഏറെ ആവേശകരമായിരുന്നു. പന്തലിനുള്ള വലിയ കവുങ്ങുകളും കമ്പുകളും, ബന്ധുക്കളും നാട്ടുകാരും കൂടി ആഘോഷമായി എത്തിക്കുന്നതാണ് ഒന്നാമത്തെ ഘട്ടം. പിന്നെ, പന്തലിനുള്ള സ്ഥലം വൃത്തിയാക്കല്‍, ചെത്തിയൊതുക്കി മണ്ണിട്ട് തൂര്‍ത്ത് തറ നിരപ്പാക്കുന്നു. ഫലവൃഷങ്ങള്‍ കയര്‍കൊണ്ട് കെട്ടി ഭദ്രമാക്കുന്നു. വൃക്ഷത്തൈകള്‍ക്ക് കേട് പറ്റാതിരിക്കാന്‍ അവക്കു ചുറ്റും ഭദ്രമായി വേലികള്‍ തീര്‍ക്കുന്നു. പിന്നെ, പന്തലിന്റെ തൂണുനാട്ടല്‍ ചടങ്ങാണ്. നാട്ടുകാരണവന്‍മാരുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക.
പുഴുങ്ങിയ കപ്പയും, മീന്‍ കറിയും, കട്ടന്‍ചായയും മുറിച്ചുവെച്ച വാഴയിലയില്‍ വിളമ്പും.
കുട്ടികള്‍ക്കായി ചില പ്രത്യേക ഡ്യൂട്ടികളുണ്ടാകും. കസേരകള്‍ തുടക്കുക, അത് നിരത്തുക, വാഴയില വെട്ടിക്കൊണ്ടുവരിക, അവ വൃത്തിയാക്കുക തുടങ്ങിയവ... കല്ല്യാണവീടിന്റെ ഗന്ധമാണ് മറ്റൊരുകാര്യം. പെയിന്റടിച്ച് വെടിപ്പാക്കിയ ചുവരുകള്‍, പുല്ലുചെത്തി വെടിപ്പാക്കിയ മുറ്റം, പഴുത്തു തൂങ്ങുന്ന വാഴക്കുലകളുടെ സ്റ്റോര്‍റൂം.
വിവാഹവീട്ടില്‍ സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും ഒരു ഗന്ധം ചൂഴ്ന്നുനില്‍ക്കുന്നുണ്ടാകും.
ഇന്ന്, അതൊക്കെ പഴങ്കഥകളായി. കെട്ടുകാഴ്ചകളുടെയും അഭിനയമികവിന്റെയും ആഭരണപ്രദര്‍ശനത്തിന്റെയും ഒരു വലിയ സ്റ്റേജാണ് വിവാഹമണ്ഡപം.
കല്ല്യാണത്തിന്റെ ഒരാഴ്ചമുമ്പാണ് സ്വര്‍ണാഭരണങ്ങള്‍ എടുക്കാനായി ജ്വല്ലറിയിലേക്ക് പോകേണ്ടത്. സ്ഥലം വിറ്റവകയില്‍ ബാക്കിതുക രജിസ്‌ട്രേഷന്റെ ദിവസം തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. റൊക്കം പണംതരാം എന്ന വാക്ക് അവര്‍ തന്നെ പിന്നീട് വിഴുങ്ങി. ഗത്യന്തരമില്ലാതെ അതു സമ്മതിക്കുകയായിരുന്നു.
വാക്കുമാറ്റുന്നത് വലിയൊരു ട്രാജഡിയാണ്. പക്ഷേ, ഇപ്പോള്‍ മറുത്തുപറയാന്‍ കഴിയില്ല. കാലം മോശമാണ്. ഈ ക്ഷോഭം ധാര്‍മികതയുമായി ബന്ധപ്പെട്ടതാണ്. ഇക്കാലത്ത് ഈ വകഗുണങ്ങള്‍ എടുക്കാത്ത നാണയങ്ങള്‍ക്ക് സമം വിലയില്ലാത്തതുമാണ്.
കല്ല്യാണപ്പെണ്ണിനുള്ള പണ്ടങ്ങള്‍ എടുക്കുന്നതിനിടയില്‍ അവളുടെ ഉമ്മയും വാങ്ങി നല്ലൊരു നെക്ലേസ്. ഒന്നും പറയാന്‍ പോയില്ല. ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ അവള്‍ക്ക് ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ആയിക്കോട്ടെ.
എങ്കിലും, പുരകത്തുമ്പോള്‍തന്നെ വാഴവെട്ടാന്‍ അവള്‍ കാണിക്കുന്ന വെപ്രാളം പിടികിട്ടിയതേയില്ല.
കൈയിലുള്ള പണം അവിടെ ഏല്‍പിച്ച് മൂന്നുനാലു ബ്ലാങ്ക് ലീഫ് ഒപ്പിട്ടുനല്‍കി.
ഇത് കണ്ട് ജ്വല്ലറിയുടമ സൈതാലിഹാജി തടഞ്ഞു. ''ആരാ.. ജമാലേ.. അന്നോട് ചെക്ക് ചോദിച്ചത്. നിന്നേം കുടുംബത്തേം അറിയാത്തോനാണോ ഞാന്‍...''
പുഞ്ചിരിയോടെയെങ്കിലും ആ നിര്‍ദേശം തള്ളാതെ ഗത്യന്തരമില്ലായിരുന്നു.
''വിശ്വാസത്തിന്റെ പ്രശ്‌നമല്ല ഹാജിയാരേ... എല്ലാറ്റിനും ഒരു വ്യവസ്ഥ നല്ലതാ. ഞാനൊരു രോഗിയാ.. നാളെക്കഴിഞ്ഞ് നിക്ക് വല്ലതും പറ്റിയാ പണം നിങ്ങള്‍ക്ക് ആരാ തര്വാ?''
ഹാജിയാര്‍ ചെക്ക് ലീഫ് വാങ്ങി.
രാത്രി ഏറെ വൈകിയിരുന്നു തിരിച്ചെത്താന്‍. വീട്ടിലെത്തി, ഉറങ്ങാന്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. വലിയ സംഖ്യക്കുള്ള സ്വര്‍ണമാണ് വീട്ടിലുള്ളത്. കഷ്ടകാലത്തിന് ഏതെങ്കിലും കള്ളന്മാര്‍ക്ക് അങ്ങനെ വല്ലപൂതിയും തോന്നിയാല്‍!
മുമ്പ്, ഒരു കുറി കിട്ടിയപ്പോള്‍ കിട്ടിയ പണംകൊണ്ട് വാങ്ങിച്ച സ്‌ട്രോങ്ങ് അലമാര വീട്ടിലുള്ളത് ഭാഗ്യമായി. നമ്പര്‍ ഒപ്പിച്ച് തിരിച്ചാല്‍ മാത്രം തുറക്കാന്‍ കഴിയുന്ന ഒരെണ്ണം. വീടിന്റെ ആധാരങ്ങളും മറ്റും സൂക്ഷിക്കുന്നത് അതിലാണ്. ആഭരണങ്ങളെല്ലാം ഭദ്രമായി അതില്‍ വെച്ചുപൂട്ടിയിട്ടുണ്ട്.
എന്നിട്ടും പേടി മാറിയിട്ടില്ല.
തമിഴ്‌നാട്ടില്‍ തിരുട്ട് ഗ്രാമം എന്ന പേരില്‍ കള്ളന്മാര്‍ക്കായി മാത്രം ഒരു ഗ്രാമമുണ്ടത്രെ. അവിടെ, കൊച്ചുപ്രായത്തില്‍തന്നെ കുട്ടികളെ കളവ് ശാസ്ത്രീയമായി പഠിപ്പിക്കുകയാണ് പതിവ്.
വിജയകരമായി ഒരു കളവ് എങ്ങനെ നടത്താം, കളവുമുതലുമായി എങ്ങനെ രക്ഷപ്പെടണം, എന്നു തുടങ്ങി ആവശ്യമെങ്കില്‍ വീട്ടുകാരനെ കൊല്ലേണ്ടതെങ്ങിനെയെന്നുവരെ അവിടെ പഠിപ്പിക്കുന്നുണ്ട് പോലും.
അവരുടെ പ്രധാന ഉന്നം സ്വര്‍ണമോഹികളായ മലയാളികളാണ്. പൊന്നിന്റെ നാട് അഥവാ വിഡ്ഢികളുടെ സ്വര്‍ഗമാണ് അവര്‍ക്ക് കേരളം! രാവുപകലാക്കി മറുനാട്ടില്‍ പോയി അധ്വാനിച്ച് കിട്ടുന്ന പണം മഞ്ഞലോഹമുരുക്കിപ്പണിത് മെയ്യിലണിഞ്ഞ്, അത് കിലുക്കി പ്രദര്‍ശിപ്പിച്ച് നടക്കുന്ന വിചിത്ര മനുഷ്യരുടെ താവളം - കേരളം.
നേരം പുലര്‍ന്നു എന്നു പറയുന്നതിനെക്കാള്‍ നേരത്തെ ഉരുട്ടിമറിച്ചിട്ടു എന്നുപറയുന്നതാകും ഭംഗി.
ഇനിയും, വിവാഹത്തിന് മൂന്നു പകലും നാലുരാവുമുണ്ട്. പേടി, വലിയൊരു മനസ്സംഘര്‍ഷത്തിന് കാരണമാകും എന്ന് കണ്ടപ്പോള്‍, ഭാര്യതന്നെയാണ് പറഞ്ഞത് ബാങ്കുകളിലെ ലോക്കറിനെക്കുറിച്ച്.
അന്വേഷിച്ചപ്പോള്‍ കാര്യം ശരിയാണ്. ബാങ്കില്‍ അങ്ങനെ സൗകര്യമുണ്ട്. പണ്ടങ്ങളും മറ്റുവിലപിടിച്ച ഫയലുകളും ലോക്കറില്‍ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ പോയി എടുത്താല്‍ മതി.
അതോടുകൂടി മനസ്സിന് സുഖം കിട്ടി. ഇനി മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധപതിയണം.
കല്ല്യാണത്തിന് രണ്ടുദിവസമേയുള്ളൂ. തലേരാത്രി, ചെറിയതോതില്‍ ഒരു പാര്‍ട്ടി വീട്ടിലുണ്ടാവണമെന്നത് മോള്‍ക്ക് നിര്‍ബന്ധമായിരുന്നു. അവളുടെ സുഹൃത്തുക്കള്‍, അധ്യാപകര്‍, അടുത്ത ചിലബന്ധുക്കള്‍, പകല്‍ കല്ല്യാണം കൂടാന്‍ എന്തെങ്കിലും പ്രയാസമുള്ളവര്‍ - അവര്‍ക്കായി ഒരു ചായസല്‍ക്കാരം നടത്തണം.
അതിനായി ചിലസാധനങ്ങള്‍ വാങ്ങാന്‍ അങ്ങാടിയില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യയുടെ ആങ്ങള അത്യാവശ്യമാണെന്നു പറഞ്ഞ് വിളിച്ചു.
പുറത്തുചെന്നപ്പോള്‍ അയാള്‍ പത്രമെടുത്തു നിവര്‍ത്തി. ചെറിയൊരു പ്രശ്‌നമുണ്ട്. അയാളുടെ സ്വരത്തിലുണ്ടായ ബേജാറ് ശ്രദ്ധയില്‍പ്പെട്ടു.
അങ്കലാപ്പോടെ പത്രം മറിച്ചുനോക്കുമ്പോള്‍ ഞെട്ടിത്തരിച്ചുപോയി.
''കള്ളനോട്ട് കേസില്‍ അറസ്റ്റിലായി'' എന്ന തലവാചകത്തില്‍ എഴുതിയത് വായിച്ചു.
അതില്‍പെട്ടവരുടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ മനസ്സിന് ഷോക്കേറ്റ പോലെയായി.
തന്റെ സ്ഥലം വാങ്ങിച്ചയാള്‍ തന്നെ...! സൂക്ഷിച്ചുനോക്കി. അതെ, അയാളും കൂടെ മറ്റൊരാളുടേയും ചിത്രം പത്രത്തില്‍.
പടച്ചവനേ... ഇനി ബാക്കിപണത്തിന് ആരോട് ചോദിക്കും. എങ്ങോട്ട് പോകും. ഇനി അവന്‍ അഡ്വാന്‍സായി തന്ന പണം കള്ളനോട്ടാണെങ്കിലോ?
പെട്ടെന്ന് തന്നെ ജ്വല്ലറിയി ലേക്ക് ഫോണ്‍ ചെയ്യാനാണ് തോന്നിയത്.
സൈതാലി ഹാജി ഫോണെടുത്തു.
''ഹാജിയാരേ.. ഞാനൊരു ചതിയില്‍പെട്ടുപോയി.'' ''എന്താ ജമാലേ കാര്യം... പേടിക്കാതെപറ.''
കാര്യങ്ങള്‍ വിശദമായി അയാളെ ധരിപ്പിച്ചു. ഹാജിയാര്‍ സമാധാനിപ്പിച്ചു.
''പെടക്കാതിരിക്കെടോ.. ഇങ്ങനെയൊക്കെ ജീവിതത്തില്‍ ഉണ്ടായെന്നും വരും. ധൈര്യമായി നേരിടണം. അഡ്വാന്‍സായി നിങ്ങള്‍ തന്ന പണം ഒറിജിനലുകള്‍ തന്നെയാണ്. ഞങ്ങള്‍ അന്നുതന്നെ ക്ലിയര്‍ ചെയ്തതാണല്ലോ. സാധാരണ ഓരോ ദിവസവും മൂന്നോ നാലോ നോട്ടുകള്‍ ഞങ്ങള്‍ക്ക് ഒറിജിനലല്ലാത്തത് കിട്ടാറുണ്ട്. കത്തിച്ചുകളയാറാണ് പതിവ്.''
ശരിയാണല്ലോ... ആശ്വാസത്തോടെ പുറത്തിറങ്ങി ഓടാന്‍ ശ്രമിച്ചതും ഇടിവെട്ടേറ്റതുപോലെയായി. ബാക്കി പന്ത്രണ്ടര ലക്ഷത്തോളം രൂപ കിടക്കുകയാണ് ജയിലിലായ ഇടപാടുകാരുമായി ഇനി കച്ചവടം നടക്കില്ലല്ലോ! മൂത്തമകളുടെ പുതിയാപ്ലയെ കാര്യങ്ങള്‍ ധരിപ്പിച്ചു.
അവന്‍ വിശദമായി അന്വേഷിച്ചപ്പോള്‍ കാര്യങ്ങള്‍ നൂറുശതമാനം സത്യമാണ്. നോട്ടിരട്ടിപ്പ് സംഘത്തില്‍ പെട്ടവരാണ് പ്രതികള്‍. അവരുടെ എല്ലാ ഇടപാടുകളും പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞു.
ഇതുംകൂടി കേട്ടപ്പോള്‍ പിടിച്ചുനില്‍ക്കാനായില്ല. പൊട്ടിക്കരഞ്ഞുപോയി. അതിനിടയിലാണ് നെഞ്ച് വേദന തുടങ്ങിയത്. ചെറുതായി തുടങ്ങി നെഞ്ചിന്‍കൂട് പൊട്ടിപ്പിളരുന്നത് പോലുള്ള വേദന.. ശരീരമാസകലം വ്യാപിക്കുന്നത് പോലെ....
പിന്നെ ഒന്നും ഓര്‍മയില്ല.
കറങ്ങും ഫാനിന്റെ ചുവട്ടില്‍, ശീതീകരിച്ച മുറിയില്‍ കിടക്കുകയാണ്. ശരീരത്തില്‍ വയറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
''ഉപ്പാ...'' ഇളയവള്‍ തേങ്ങലോടെ കൈപിടിക്കുന്നു. ''ഉപ്പാക്ക് ഒന്നൂല്ലെടീ...'' അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് തേങ്ങലമര്‍ത്തി. അരികിലായി സാബിറ നില്‍പുണ്ട്. അപ്പോഴേക്കും മൂത്തമരുകന്‍ വന്നു.
''ഉപ്പാ.. പേടിക്കാനൊന്നുമില്ല. റിസല്‍ട്ടുകളെല്ലാം നോര്‍മലാണെന്ന് ഡോക്ടര്‍ പറഞ്ഞത്. ചില ടെസ്റ്റുകളെല്ലാം ചെയ്ത് അല്‍പം പണം മുടക്കുന്നുവെന്നു മാത്രം.''
അവര്‍ക്ക് ആശ്വാസമായിക്കോട്ടെ എന്നുകരുതി ചുണ്ടില്‍ ഒരു ചെറിയ ചിരി ഫിറ്റുചെയ്തു.
''ഞാന്‍ സെയ്താലി ഹാജിയെ കണ്ടു. നമ്മള്‍ക്ക് തന്ന പണം മുഴുവന്‍ ഒറിജിനലാണ്. അതിനുശേഷമാണ് അവര്‍ തമിഴ്‌നാട്ടിലോ മറ്റോ ഉള്ള ഏതോ നോട്ടിരട്ടിപ്പു സംഘത്തിന്റെ വലയില്‍ പെടുന്നത്.''
അപ്പോഴേക്കും ഡ്യൂട്ടി നേഴ്‌സ് വന്നു. ''ദയവുചെയ്ത് എല്ലാവരും പുറത്തേക്ക് പോകണം. ഡോക്ടര്‍ റൗണ്ട്‌സിനു വരാന്‍ സമയമായി.''
എല്ലാവരും പോയപ്പോള്‍ സ്വകാര്യമായി നഴ്‌സിനോടു തിരക്കി. ''സിസ്റ്റര്‍... സത്യത്തില്‍ എന്താണ് പറ്റിയത്.''
''മി. ജമാല്‍... ഹൈപ്രഷര്‍, ചെറിയൊരു സ്‌ട്രോക്കാണ്. പേടിക്കേണ്ട. താങ്കളുടെ ഭാഗ്യമായിരിക്കണം. കാര്യമായ പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് പോകാം.''
''ഹാവൂ..'' പെട്ടെന്നാണ് നിശ്ചയിച്ചുറപ്പിച്ച കല്ല്യാണത്തെക്കുറിച്ച് ഓര്‍മവന്നത്.
''സിസ്റ്റര്‍ എനിക്ക് ഡോക്ടറെ ഒന്നു കാണാമോ..''
കര്‍ശനമായ വ്യവസ്ഥകളോടെ വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്യാനൊത്തത് ഭാഗ്യമായി.
മകളുടെ കല്ല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മനസ്സലിവു തോന്നിയ ഡോക്ടര്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
വീട്ടിലെത്തിയപ്പോഴാണ് മരുമകന്‍ ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത പറയുന്നത്. ''അവരെ സമീപിച്ചപ്പോള്‍ ബാക്കി പണം തരാന്‍ യാതൊരു നിര്‍വാഹമുമില്ലെന്നാണ് പറഞ്ഞത്. അവര്‍ തന്ന അഡ്വാന്‍സ് തിരിച്ചുതരാന്‍ കനിവുകാണിക്കണമെന്നും.'' അല്‍പം നിറുത്തി മരുമകന്‍ പറഞ്ഞു.
''ഉപ്പ പേടിക്കേണ്ട. നമുക്ക് മറ്റെന്തെങ്കിലും വഴി നോക്കാം.''
''എന്തുവഴി?''
''ഇതേവിലക്ക് സ്ഥലം വാങ്ങാന്‍ പറ്റിയ ഒരാള്‍ നമ്മുടെ കൂട്ടത്തില്‍ തന്നെയുണ്ട്.''
''ആരാ...''
''ഈ ഞാന്‍ തന്നെ. ഉപ്പാക്കും മറ്റുള്ളവര്‍ക്കും പൂര്‍ണസമ്മതമാണെങ്കില്‍ ആ സ്ഥലം വാങ്ങാന്‍ എനിക്ക് സമ്മതം.''
ആഹ്ലാദത്തോടെ അവന്റെ കൈകവര്‍ന്നു.
വിവാഹത്തിനു ശേഷം മൂന്നുദിവസത്തിനകം ബാക്കിതുക ജ്വല്ലറിയില്‍ കൊടുക്കാമെന്ന് ഏറ്റിരുന്നതാണ്. വാക്ക് തെറ്റിക്കേണ്ടിവരുമോ എന്നായിരുന്നു ഇതുവരെയുള്ള ഭയം... ഹാവൂ..
''വിഷമമുള്ളതൊന്നും ഓര്‍ക്കരുതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞതാണെന്ന് കേട്ടല്ലോ...'' മരുമകന്റെ സ്‌നേഹസ്വരം കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി.
ഇല്ല. ഒരിക്കലും എന്റെ ജീവിതം വൃഥ്യാവിലായിട്ടില്ല. നഷ്ടപ്പെട്ടവനല്ല ഞാന്‍. നേടിയവനാണ്...
മനസ്സില്‍ നിന്ന് ആരോ പിറുപിറുക്കുന്നപോലെ...
(തുടരും)