പുരുഷന്മാരെക്കാള്‍ പക്വത പുലര്‍ത്തിയ വനിത

ശൈഖ് മുഹമ്മദ് കാരകുന്ന് No image

ഖുര്‍ആനിലെ സ്ത്രീ 15

പക്വത കൂടുതല്‍ ആണിനോ പെണ്ണിനോ? വിവേകപൂര്‍വമായ തീരുമാനമെടുക്കുന്നതില്‍ മികവ് ആര്‍ക്കാണ്? ഇതിന് ആരെന്തു മറുപടി നല്‍കിയാലും പുരുഷന്മാര്‍ വിവേകപൂര്‍വമായ തീരുമാനമെടുക്കുന്നിടത്ത് പരാജയപ്പെട്ടപ്പോള്‍ വിജയം വരിച്ച ഒരു വനിതയുടെ കഥ ഖുര്‍ആന്‍ പറഞ്ഞുതരുന്നു. അവര്‍ സാധാരണ സ്ത്രീയല്ല; നാടിന്റെ നായികയാണ്. സമര്‍ഥയും പക്വമതിയുമായ ഭരണാധികാരി.
ദക്ഷിണ അറേബ്യയിലെ വിഖ്യാതമായ വ്യാപാരസമൂഹമായിരുന്നു സബഉകാര്‍. യമനിന്റെ ഇപ്പോഴത്തെ തലസ്ഥാനമായ സന്‍ആയില്‍നിന്ന് 88 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മആരിബ് ആയിരുന്നു സര്‍ക്കാര്‍ ആസ്ഥാനം. ക്രിസ്തുവിന് 115 വര്‍ഷം മുമ്പ് ദക്ഷിണ അറേബ്യയിലെ പ്രബല ഗോത്രമായിരുന്ന ഹിംയര്‍ അവിടം കീഴ്‌പ്പെടുത്തി. യമനും ഹളറമൗത്തും ആഫ്രിക്കയിലെ അബ്‌സീനിയയും അവരുടെ ആധിപത്യത്തിലായിരുന്നു. സബഉകാര്‍ അക്കാലത്തെ അതിപ്രശസ്തമായ വ്യാപാരസമൂഹമായിരുന്നു. രാഷ്ട്രാന്തരീയ വ്യാപാരരംഗത്തുവരെ ഇടംനേടിയിരുന്നു. കച്ചവടത്തോടൊപ്പം കൃഷിയുമുണ്ടായിരുന്നതിനാല്‍ വലിയ സമ്പന്നവിഭാഗമായിരുന്നു അവര്‍. അവര്‍ ജലസേചനാവശ്യാര്‍ഥം അണക്കെട്ടുകള്‍ വരെ നിര്‍മിച്ചിരുന്നു.
സുലൈമാന്‍ നബിയുടെ കാലത്ത് സബഉകാരെ ഭരിച്ചിരുന്നത് ബില്‍ഖീസ് രാജ്ഞിയായിരുന്നു. അവര്‍ അതീവസമര്‍ഥയും ഏറെ പക്വമതിയുമായിരുന്നു. ഹുദ്ഹുദ് പക്ഷി സുലൈമാന്‍ നബിക്ക് തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കവെ പറഞ്ഞതിങ്ങനെ: 'സബഇല്‍ നിന്നുള്ള ചില വാര്‍ത്തകളുമായാണ് ഞാന്‍ വന്നിരിക്കുന്നത്. ഞാന്‍ അവിടെ ഒരു സ്ത്രീയെ കണ്ടു. അവരാണ് അന്നാട്ടുകാരെ ഭരിക്കുന്നത്. അവര്‍ക്ക് സകലസൗകര്യങ്ങളും അവിടെയുണ്ട്. ഗംഭീരമായ ഒരു സിംഹാസനവും. അവരും അവരുടെ ജനതയും അല്ലാഹുവിനുപുറമെ സൂര്യനെ സാഷ്ടാംഗം പ്രണമിക്കുന്നതായി ഞാന്‍ കണ്ടു. പിശാച് അവര്‍ക്ക് തങ്ങളുടെ ചെയ്തികളെയാകെ ചോതോഹരങ്ങളായി തോന്നിപ്പിച്ചിരിക്കുന്നു.'' (27: 22-24)
വഴിപിഴച്ച ആ ജനതയെ നേര്‍വഴിയിലേക്ക് നയിക്കാനായി സുലൈമാന്‍ നബി ശേബാരാജ്ഞി ബില്‍ഖീസിന് ഒരു കത്ത് ഹുദ് ഹുദ് വശം കൊടുത്തയച്ചു. സുലൈമാന്‍ നബി ഹുദ് ഹുദിനോടുപറഞ്ഞു: 'നീ എന്റെ ഈ എഴുത്ത് കൊണ്ടുപോയി അവര്‍ക്കിട്ടുകൊടുക്കുക. പിന്നെ അവരില്‍നിന്ന് മാറിനില്‍ക്കുക. എന്നിട്ട് അവരെന്തു മറുപടിയാണ് തരുന്നതെന്ന് നോക്കുക.' (27:28)
ഹുദ് ഹുദ് കത്തുമായെത്തുമ്പോള്‍ ശേബാരാജ്ഞി സൂര്യാരാധനക്ക് പോവുകയായിരുന്നു. കത്ത് കിട്ടിയ രാജ്ഞി തന്റെ രാജ്യത്തെ പ്രമുഖരെയൊക്കെ വിളിച്ചുവരുത്തി. എന്നിട്ട് അവര്‍ പറഞ്ഞു: 'അല്ലയോ നേതാക്കളേ, മാന്യമായ ഒരെഴുത്ത് എനിക്കിതാ വന്നെത്തിയിരിക്കുന്നു. അത് സുലൈമാനില്‍ നിന്നുള്ളതാണ്. പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതും. അതിലുള്ളതിതാണ; നിങ്ങള്‍ എനിക്കെതിരെ ധിക്കാരം കാണിക്കരുത്. കീഴൊതുങ്ങിയവരായി എന്റെ അടുത്ത് വരികയും വേണം.'' (27:29-31)
പതിവനുസരിച്ച് ശേബാരാജ്ഞി ബില്‍ഖീസ് തന്റെ ഭരണത്തിലെ പ്രധാനികളുടെ അഭിപ്രായം ആരാഞ്ഞു. അവര്‍ പറഞ്ഞു: 'അല്ലയോ നേതാക്കളേ, ഇക്കാര്യത്തില്‍ നിങ്ങളെനിക്ക് ആവശ്യമായ നിര്‍ദേശം തരിക. നിങ്ങളെകൂടാതെ ഒരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ലല്ലോ ഞാന്‍.'' (27:32)
എന്നാല്‍ അവര്‍ക്ക് ഫലപ്രദമായ നിര്‍ദേശങ്ങളൊന്നും നല്‍കാനുണ്ടായിരുന്നില്ല. അതിനാലവര്‍ പറഞ്ഞു: 'നാമിപ്പോള്‍ പ്രബലരും പരാക്രമശാലികളുമാണല്ലോ. ഇനി തീരുമാനം അങ്ങയുടേതുതന്നെ. അതിനാല്‍ എന്തു കല്‍പിക്കണമെന്ന് അങ്ങുതന്നെ തീരുമാനിക്കുക.'' (27:33)
ഈ ഘട്ടത്തില്‍ യുദ്ധത്തിന് അവസരമൊരുക്കുന്നത് സര്‍വനാശത്തിനാണ് കാരണമാവുകയെന്ന് രാജ്ഞിക്കറിയാമായിരുന്നു. അവര്‍ അത്രയേറെ പക്വമതിയും ദീര്‍ഘവീക്ഷണമുള്ളവരും പ്രത്യുല്‍പന്നമതിത്വമുള്ളവളുമായിരുന്നു. അതിനാലവര്‍ പറഞ്ഞു: 'രാജാക്കന്മാര്‍ ഒരു നാട്ടില്‍ പ്രവേശിച്ചാല്‍ അവരവിടം നശിപ്പിക്കും. അവിടത്തുകാരിലെ അന്തസ്സുള്ളവരെ അപമാനിതരാക്കും. അങ്ങനെയാണ് അവര്‍ ചെയ്യാറുള്ളത്. ഞാന്‍ അവര്‍ക്കൊരു പാരിതോഷികം കൊടുത്തയക്കട്ടെ. എന്നിട്ട് നമ്മുടെ ദൂതന്മാര്‍ എന്തു മറുപടിയുമായാണ് മടങ്ങിവരുന്നതെന്ന് നോക്കാം.'' (27: 34,35)
ഇവിടെ ബില്‍ഖീസ് രാജ്ഞി വളരെ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്. തന്റെ കൂടെയുള്ള പ്രധാനികളുടെ കരുത്തിനെയും അവകാശവാദത്തെയും കാര്യമായെടുത്തില്ല, അതോടൊപ്പം അതിനെ തള്ളിപ്പറഞ്ഞതുമില്ല. സുലൈമാന്‍ നബിയുടെ കത്തിനെ ഒട്ടും അവഗണിച്ചതുമില്ല. അതിന് നിഷേധ സ്വഭാവത്തിലോ ധിക്കാരസ്വഭാവത്തിലോ മറുപടി നല്‍കിയതുമില്ല. മറിച്ച്, സൗഹൃദപരവും അനുനയസ്വഭാവത്തിലുള്ളതുമായ സമീപനമാണ് സ്വകരിച്ചത്. അങ്ങനെയാണ് സമ്മാനം കൊടുത്തയക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, സുലൈമാന്‍ നബി പാരിതോഷികമോ മറ്റെന്തെങ്കിലും ഭൗതികനേട്ടമോ പ്രതീക്ഷിക്കുന്നവനായിരുന്നില്ല. അക്കാലത്ത് ഏതൊരാള്‍ക്കും പ്രതീക്ഷിക്കാവുന്നതിലും സ്വപ്‌നം കാണാവുന്നതിലുമപ്പുറം ഭൗതികസൗകര്യങ്ങളും സംവിധാനങ്ങളും അദ്ദേഹത്തിന്റെ സന്നിധിയില്‍ സജ്ജീകരിക്കപ്പെട്ടിരുന്നു. അതിനാല്‍, അദ്ദേഹം ഉപഹാരം മാന്യമായി നിരസിച്ചു. സംഭാഷണത്തിന് രാജ്ഞിയെ ക്ഷണിക്കുകയും ചെയ്തു.
പക്വമതിയായ ശേബാരാജ്ഞി ബില്‍ഖീസ് സുലൈമാന്‍ നബിയുടെ ക്ഷണം സ്വീകരിക്കുകയും പരിവാരങ്ങളോടൊത്ത് യാത്രപുറപ്പെടുകയും ചെയ്തു. അവര്‍ കൊട്ടാരത്തിലെത്തുംമുമ്പെ സുലൈമാന്‍ നബി അവരുടെ സിംഹാസനം തന്റെ ആസ്ഥാനത്തെത്തിച്ചു. അതില്‍ ചിലമാറ്റങ്ങളൊക്കെ വരുത്തി. രാജ്ഞി കൊട്ടാരത്തിലെത്തുമ്പോള്‍തന്നെ ശ്രദ്ധയില്‍ പെടുന്നിടത്ത് സ്ഥാപിക്കുകയും ചെയ്തു. അതൊടൊപ്പം ബില്‍ഖീസിനെ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കി. അവരെ അത്ഭുതസ്തബ്ധയാക്കലും അല്ലാഹു അവന് വഴിപ്പെട്ട് ജീവിക്കുന്നതി നാല്‍ തനിക്കേകിയ സൗകര്യങ്ങള്‍ കാണിച്ചുകൊടുക്കലുമായിരുന്നു ലക്ഷ്യം.
സുലൈമാന്‍ നബി തന്റെ മാനസികാവസ്ഥ ഇങ്ങനെ വെളിപ്പെടുത്തുന്നു. 'ഇത് എന്റെ നാഥന്റെ അനുഗ്രഹം കൊണ്ടാണ്. എന്നെ പരീക്ഷിക്കാനാണിത്. ഞാന്‍ നന്ദികാണിക്കുമോ അതോ നന്ദികേട് കാണിക്കുമോയെന്ന് അറിയാന്‍. നന്ദികാണിക്കുന്നവര്‍ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് നന്ദികാണിക്കുന്നത്. എന്നാല്‍ ആരെങ്കിലും നന്ദികേടു കാണിക്കുന്നുവെങ്കില്‍ സംശയംവേണ്ട, എന്റെ നാഥന്‍ അന്യാശ്രയമില്ലാത്തവനാണ്. അത്യുല്‍കൃഷ്ടനും.'' (27:40)
ഇപ്രകാരം തന്നെ രാജ്ഞിയുടെ സിംഹാസനത്തില്‍ മാറ്റം വരുത്തിയത് അവരെ പരീക്ഷിക്കാനായിരുന്നു. അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ അവരുടെ സിംഹാസനം അവര്‍ക്ക് തിരിച്ചറിയാനാവാത്ത വിധം രൂപമാറ്റം വരുത്തുക. നമുക്ക് നോക്കാമല്ലോ; അവള്‍ വസ്തുത മനസ്സിലാക്കുമോ, അതല്ല നേര്‍വഴി കണ്ടെത്താത്തവരില്‍ പെട്ടവരാകുമോയെന്ന്'' (27:41). അങ്ങനെ ശേബാരാജ്ഞി ബില്‍ഖീസ് കൊട്ടാരത്തിലെത്തിയപ്പോള്‍ സുലൈമാന്‍ നബി ചോദിച്ചു: 'നിങ്ങളുടെ സിംഹാസനം ഇതുപോലെത്തന്നെയാണോ?''
അതീവ ബുദ്ധിമതിയും വിവേകശാലിയുമായിരുന്ന രാജ്ഞിപറഞ്ഞു. ''ഇത് അതുപോലെത്തന്നെയാണല്ലോ. ഇതിനുമുമ്പുതന്നെ ഞങ്ങള്‍ക്ക് വിവരം കിട്ടിയിരുന്നു. ഞങ്ങള്‍ മുസ്‌ലിംകളാവുകയും ചെയ്തിരുന്നു.'' (27:42)
കൊട്ടാരത്തിലെത്തിയ ശേബാരാജ്ഞിക്ക് ഹൃദ്യവും മാന്യവും ഉജ്വലവുമായ വരവേല്‍പ്പ് ലഭിച്ചു. അവര്‍ അവിടെ വെച്ച് തന്റെ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. അവരോട് പറഞ്ഞു: 'കൊട്ടാരത്തില്‍ പ്രവേശിക്കുക.''
അങ്ങനെ അവര്‍ സ്ഫടികം പതിച്ചതുകണ്ടപ്പോള്‍ തെളിനീര്‍ തടാകമാണെന്നു ധരിച്ചു. തന്റെ കണങ്കാലില്‍നിന്ന് പുടവ പൊക്കി. അപ്പോള്‍ സുലൈമാന്‍ നബി അറിയിച്ചു. 'ഇത് സ്ഫടികക്കഷ്ണങ്ങള്‍ പതിച്ചുണ്ടാക്കിയ കൊട്ടാരമാണ്.''
സുലൈമാന്‍ നബിയുടെ തന്ത്രങ്ങളൊക്കെ ഫലിച്ചു. ശേബാരാജ്ഞി തന്റെ പൂര്‍വകാലത്തെ തള്ളിപ്പറഞ്ഞ് സന്മാര്‍ഗം സ്വീകരിച്ചതായി വിളംബരം ചെയ്തു. 'എന്റെ നാഥാ, ഞാന്‍ എന്നോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം പ്രപഞ്ചനാഥനായ അല്ലാഹുവിന് പൂര്‍ണമായും വിധേയമായിരിക്കുന്നു.'' (27:44)
ശേബാരാജ്ഞിയെ ഇവ്വിധം സന്മാര്‍ഗത്തിലും അതുവഴി വിജയത്തിലും എത്തിച്ചത് അവരുടെ പക്വമായ സമീപനവും ദീര്‍ഘവീക്ഷണവും ക്രാന്തദര്‍ശിത്തവും വിവേകപൂര്‍വമായ തീരുമാനവുമായിരുന്നു. കൊട്ടാരത്തിലെ പ്രമാണിമാര്‍ തങ്ങളുടെ കരുത്തിലും ധീരതയിലും അഹന്ത നടിച്ചപ്പോള്‍ വിനയത്തോടെ ഉചിതമായ മാര്‍ഗമവലംബിക്കാനവര്‍ക്കു സാധിച്ചു. വിശുദ്ധഖുര്‍ആന്റെ പ്രശംസക്ക് അവര്‍ അര്‍ഹമായതും അതിലൂടെ ചരിത്രത്തില്‍ അനശ്വരയായതും അതുകൊണ്ടുതന്നെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top