ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്
പി.റുക്‌സാന
2016 ഏപ്രില്‍
ഇന്നേവരെയുള്ള വായനയിലെ റിയല്‍ ഹീറോ ആരെന്ന് ചോദിച്ചാല്‍, നിന്റെ ഇണ ആരെപ്പോലെയാകണമെന്നാണോ നീ കൊതിക്കുന്നതെന്നു ചോദിച്ചാല്‍ ഞാന്‍ പറയും മുഹമ്മദ് നബി എന്ന്.
നീ വായിച്ചതില്‍ വെച്ച് ഏറ്റവും ഭാഗ്യവതിയായ സ്ത്രീ ഏതെന്നു ചോദിച്ചാല്‍, അറിവില്‍, ആര്‍ജ്ജവത്തില്‍,
ഇന്നേവരെയുള്ള വായനയിലെ റിയല്‍ ഹീറോ ആരെന്ന് ചോദിച്ചാല്‍, നിന്റെ ഇണ ആരെപ്പോലെയാകണമെന്നാണോ നീ കൊതിക്കുന്നതെന്നു ചോദിച്ചാല്‍ ഞാന്‍ പറയും മുഹമ്മദ് നബി എന്ന്.
നീ വായിച്ചതില്‍ വെച്ച് ഏറ്റവും ഭാഗ്യവതിയായ സ്ത്രീ ഏതെന്നു ചോദിച്ചാല്‍, അറിവില്‍, ആര്‍ജ്ജവത്തില്‍, നിലപാടുകളില്‍ നിന്നെ സ്വാധീനിച്ച നിന്റെ ഹീറോയിന്‍ ആരെന്നു ചോദിച്ചാല്‍ വെറുതെ പറയുകയല്ല, മനസ്സുതട്ടി പറയും ആയിശ ബീവി എന്ന്.
എത്യോപ്യയില്‍ നിന്നും ഒരു സംഘം വന്നപ്പോള്‍ കളികാണണമോ എന്ന പ്രവാചകന്റെ ചോദ്യത്തിന് അതെയെന്ന ആയിശയുടെ മറുപടി. കവിള്‍ കവിളിനോട് ചേര്‍ത്തുവെച്ച് മതിയാകും വരെ അത് ആസ്വദിക്കാന്‍ പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തിയ മുഹമ്മദ് നബി......
നമുക്കൊരു ഓട്ടമത്സരം നടത്തിയാലോ എന്ന പ്രിയതമന്റെ ചോദ്യത്തിന് വേണ്ട എന്ന ആയിശയുടെ നാണം കുണുങ്ങിയ മറുപടി. പക്ഷേ നിര്‍ബന്ധിച്ചപ്പോള്‍ അതേ നാണത്തോടെ സമ്മതം മൂളി. അനുയായികളോട് മുമ്പേ നടക്കാന്‍ പറഞ്ഞ് ഓട്ടമത്സരം നടത്തി. വിജയ ശ്രീലാളിതയായി ചിരിച്ച് നില്‍ക്കുന്ന ആയിശ. ഒരിക്കല്‍ പകരം വീട്ടാം കേട്ടോ എന്ന മട്ടില്‍ നിറഞ്ഞ് ചിരിച്ച് അരികില്‍ പ്രിയതമന്‍........
ഒരിക്കല്‍ തന്റെ നേരെ വെച്ചുനീട്ടിയ മുന്തിരിപ്പാത്രം ദേഷ്യത്തോടെ തട്ടിമാറ്റി ആയിശ. പാത്രവും മുന്തിരിയും നിലത്തു വീണു. മുന്തിരികള്‍ ഓരോന്നായി പെറുക്കി പാത്രത്തിലിട്ട് അതില്‍ ഒന്നെടുത്ത് പ്രേമ പൂര്‍വ്വം പ്രിയതമയുടെ വായില്‍ വെച്ചുകൊടുത്തു പ്രിയതമന്‍......
ആര്‍ത്തവ സമയത്ത് എല്ലാ പെണ്ണിനെയും പോലെ ഭര്‍ത്താവിന്റെ മൃദുല സാമീപ്യം കൊതിച്ച് പള്ളിയിലിരിക്കുന്ന തന്നെ കണ്‍നിറയെ നോക്കുന്ന പ്രിയതമയുടെ മനസ്സ് വായിച്ചറിയുന്ന പ്രിയതമന്‍. അടുത്തിരിക്കാന്‍ വിളിച്ചപ്പോള്‍ മടിച്ചു നിന്ന പ്രിയതമയെ നിര്‍ബന്ധിച്ച് അടുത്തിരുത്തി മടിയില്‍ തലവെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന പ്രിയതമന്‍. (അശുദ്ധിയുടെയും അയിത്തത്തിന്റെയും ഭ്രഷ്ട് സ്ത്രീകള്‍ക്ക് കല്‍പ്പിക്കുന്ന പുരുഷ പ്രജകള്‍ക്ക് ഇത് മനസ്സിലാകുമോ ആവോ)
മാസ്മരിക പ്രണയത്തിന്റെ ഉദാത്ത മാതൃകകള്‍...... ഇത് ബദ്‌റുല്‍ മുനീറിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും കഥയല്ല.
മഹാനായ പ്രവാചകന്‍ ലോകത്തിനു സമര്‍പ്പിച്ച ജീവിതപാഠം....... അനുചരന്മാര്‍ക്ക് പകര്‍ന്നു പഠിപ്പിച്ച പാഠങ്ങള്‍... പ്രണയത്തിന്റെയും കാരുണ്യത്തിന്റെയും ഈ മൂര്‍ത്ത ഭാവങ്ങള്‍ ഇണകള്‍ തമ്മിലുണ്ടാവാന്‍ പ്രാര്‍ഥിക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്‍.
യുവത്വത്തിലേ ജരാനരകള്‍ ബാധിച്ച ചിലയാളുകള്‍ക്ക് ഈ ചേര്‍ത്തുപിടിക്കലുകളുടെ ജൈവികത മനസ്സിലായിക്കൊള്ളണമെന്നില്ല. അതിനാലാവാം പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചാഗവേഷണങ്ങളില്‍ അവര്‍ ആയുസ്സ് ഹോമിക്കുന്നത്.
ഇനി നിങ്ങള്‍ പറയൂ....
നിങ്ങളില്‍ എത്ര പേര്‍ക്ക് ഇത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തെക്കുറിച്ച് പങ്കുവെക്കാനുണ്ട്. നിങ്ങളുടെ രാഷ്ട്രീയ നേതാവിനെകുറിച്ച്,
ആരാധ്യ ഗുരുവിനെക്കുറിച്ച്...
മഹത്തുക്കളെ കുറിച്ച്.....
ധീര വിപ്ലവകാരികളെക്കുറിച്ച്....
ബുദ്ധി രാക്ഷസന്മാരെക്കുറിച്ച്......
ലോകത്തിലെ സകല സ്ത്രീയും തന്റെ ഇണയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഈ പരിഗണനയും സ്‌നേഹവും പ്രണയവും അഭിനന്ദനങ്ങളും, പ്രോത്സാഹനവും സമരാവേശവും സാന്ത്വനവുമാണ്...... പെണ്‍കുട്ടികള്‍ നെഞ്ചിലേറ്റുന്ന ആയിശ എന്ന വ്യക്തിത്വത്തെ പാകപ്പെടു ത്തിയത്. മറ്റുള്ള പുരുഷന്മാരെപിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയ ഹദീസ് പണ്ഡിതയും കര്‍മ ശാസ്ത്ര വിദഗ്ദയു മാക്കിയത്. ആ ഇണയില്‍ നിന്ന് പകര്‍ന്ന് കിട്ടിയ വിപ്ലവബോധമാണവരെ ടനായികയാക്കിയത്. ആ സ്‌നേഹവും ആദരവും ആവോളം നുകര്‍ന്നതിനാല്‍ തന്നെയാണ് ''നായയും സ്ത്രീയും നമസ്‌കാരത്തില്‍ നജസാണെന്ന് പറഞ്ഞ ഒരു അനുചരനെ താങ്കള്‍ക്കെങ്ങനെ ധൈര്യം വന്നു അങ്ങനെ പറയാന്‍.....? പ്രവാചകന്‍ നമസ്‌കരിക്കുമ്പോള്‍ അരികത്ത് ഞാന്‍ ചിലപ്പോള്‍ ചുരുണ്ടുമൂടിക്കിടക്കാറുണ്ടാ യിരുന്നു'' എന്ന് പറഞ്ഞ് ആ വാദത്തെ ശക്തിയുക്തം എതിര്‍ക്കാന്‍ അവരെ പ്രാപ്തയാക്കിയതും.
ഒരിക്കല്‍ കൂടി പറയട്ടെ, എന്റെ റിയല്‍ ഹീറോസ് ഇവര്‍ തന്നെയാണ്.........
ഇനി എന്റെ കൂട്ടുകാരികളോട് ചിലത് ചോദിക്കട്ടെ... ലിംഗ പദവിയുമായി ബന്ധപ്പെട്ട വാദമുഖങ്ങള്‍ നിങ്ങള്‍ കേട്ടുതുടങ്ങിയിട്ട് എത്രകാലമായി? നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആയിശ ബീവിയോട് അനുചരന്മാര്‍ ചോദിച്ചു: ''വീട്ടില്‍ ആയിരിക്കുമ്പോള്‍ പ്രവാചകന്‍ എന്താണ് ചെയ്യാറുള്ളത്?'' ആ പ്രിയതമ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ''അദ്ദേഹം ഞങ്ങളെ വീട്ടു ജോലികളില്‍ സഹായിക്കും. അദ്ദേഹത്തിന്റെ വസ്ത്രം അദ്ദേഹം തന്നെയായിരുന്നു അലക്കാറുണ്ടായിരുന്നത്.''
ലിംഗ പദവിയുമായും ലിംഗ നീതിയുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുമ്പോഴും ഈ മാസ്മരിക ദാമ്പത്യ ഭാവങ്ങള്‍ തന്നെയല്ലേ ഓരോ പെണ്ണിന്റെയും സ്വപ്നം..........