പെണ്ണ് പുറത്ത് തന്നെ
വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിന്റെ വക്കിലാണ് നാടും നഗരവും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനും മുന്നണികളെ തീരുമാനിക്കാനും ഉള്ള തിക്കും തിരക്കുമാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും. ജയിക്കുന്ന സീറ്റ് തന്നെ കിട്ടണമെന്ന വാശി എല്ലാ മുന്നണികള്‍ക്കും നേതാക്കള്‍ക്കുമുണ്ട്. നാടിന്റെ ഏതുഭാഗത്തുനിന്നുനോക്കിയാലും കാണാനാവുന്ന
വീണ്ടുമൊരു തെരഞ്ഞെടുപ്പ് ചൂടിന്റെ വക്കിലാണ് നാടും നഗരവും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനും മുന്നണികളെ തീരുമാനിക്കാനും ഉള്ള തിക്കും തിരക്കുമാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും. ജയിക്കുന്ന സീറ്റ് തന്നെ കിട്ടണമെന്ന വാശി എല്ലാ മുന്നണികള്‍ക്കും നേതാക്കള്‍ക്കുമുണ്ട്. നാടിന്റെ ഏതുഭാഗത്തുനിന്നുനോക്കിയാലും കാണാനാവുന്ന ഉയരത്തിലും നീളത്തിലും സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള പ്രചരണ പോസ്റ്ററുകളും കൊടി തോരണങ്ങളുമുണ്ട്.
പക്ഷേ എല്ലാ ചുമരിലും എല്ലാ കവലയിലും എങ്ങനെ നോക്കിയാലും നിറയെ കാണുന്നത് കണ്ടുപരിചയിച്ചവരോ അല്ലാത്തവരോ ആയ പുരുഷമുഖങ്ങള്‍ തന്നെയായിരിക്കും. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ വലിയൊരു ശാപമാണ്. എത്ര പുരോഗമനം പറഞ്ഞാലും എന്തൊക്കെ ചെയ്താലും പെണ്ണിനെ അധികാരത്തിനടുത്തേക്കയക്കാനുള്ള ശക്തി നമ്മുടെ ജനാധിപത്യത്തിന് ഇനിയും കൈവന്നിട്ടില്ല. സ്‌കൂളിലും കോളെജിലും ആണും പെണ്ണും മുട്ടിയിരിക്കണമെന്ന് വാശിയോടെ പറയുമെങ്കിലും നിയമസഭയിലും പാര്‍ലമെന്റിലും ഇരിക്കണമെന്ന് എത്ര പൂതിവെച്ചാലും അത് സമ്മതിച്ചുതരാന്‍ അവര്‍ തയ്യാറല്ല. അധികാരത്തോടുള്ള ആര്‍ത്തി മാത്രമല്ല ഇതിനു കാരണം. നമ്മുടെ സാമൂഹിക ഘടനയില്‍ അലിഞ്ഞുചേര്‍ന്ന ചിന്തകളുടെ ഭാഗം കൂടിയാണ്.
സ്വാതന്ത്ര്യത്തിന്റെ അറുപത്തഞ്ച് പുലരികള്‍ കണ്‍കുളിര്‍ക്കെ കണ്ടിട്ടും മൊത്തം ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ഭാരതീയ സ്ത്രീകള്‍ക്ക് പാര്‍ലമെന്ററി പ്രാതിനിധ്യം രണ്ടക്കത്തിലപ്പുറം കടക്കാനായിട്ടില്ല. പത്ത് ശതമാനം മാത്രമാണ് ഇന്ത്യന്‍ സ്ത്രീകളുടെ പാര്‍ലമെന്ററി പ്രാതിനിധ്യം. കാബിനറ്റ് പദവിയുളള സ്ത്രീ മന്ത്രിമാര്‍ 10-ല്‍ താഴെ മാത്രമേ ഇന്നുവരെ ഉണ്ടായിട്ടുള്ളൂ 2009-ല്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ല് ഇനിയും നിയമമായി പാസായി വന്നിട്ടില്ല.
സാക്ഷരതയിലും പങ്കാളിത്തത്തിലും ഏറെ മുന്നിലെന്നു പറയുന്ന കേരളത്തിലേക്കു വരാം. ജനസംഖ്യയില്‍ 1000 പുരുഷന്മാര്‍ക്ക് 10,40 ആണ് സ്ത്രീ ജനസംഖ്യ. കേരളത്തിലെ സാക്ഷരതാ നിരക്ക് 90.6 ശതമാനമാണ്. അതില്‍ സ്ത്രീകളുടെത് 87 ശതമാനമാണ്. പുരുഷന്മാരുടെത് 94.9-ഉം. എന്നിട്ടും നിയമസഭയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇന്നും സ്ത്രീകള്‍ക്കുണ്ടായിട്ടില്ല. 1957 മുതലുളള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ നമുക്കത് ബോധ്യമാകും. ആദ്യ നിയമസഭ തൊട്ട് ഇന്ന് നിലവിലുള്ള യു.ഡി.എഫ് മന്ത്രിസഭ വരെ ആകെ ഉണ്ടായിട്ടുള്ള സ്ത്രീ സാമാജികരുടെ എണ്ണം 44 മാത്രമാണ്. ഓരോ സഭയിലും നമുക്കുള്ള ആകെ അംഗങ്ങള്‍ 140 ആണ്. 1957 മുതലിങ്ങോട്ട് കാലാവധി തികച്ചതും അല്ലാത്തതുമായ പതിമൂന്ന് നിയമസഭകള്‍ ഉണ്ടായി. വനിതാ പ്രാതിനിധ്യം 13 തികച്ചത് പത്താം നിയമസഭ മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിന്റെ സ്ഥാനാര്‍ഥിപ്പട്ടിക ഏറെക്കുറെ വന്നിരിക്കുകയാണ്. ഇതില്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളൊന്നും തന്നെ സ്ത്രീകളെ വേണ്ടത്ര പരിഗണിച്ചിട്ടുമില്ല.
സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ലിംഗസമത്വവും സ്ത്രീകളുടെ സാമൂഹിക പദവിയും ഉറപ്പുവരുത്തുന്ന ചര്‍ച്ചകളും ചിന്തകളും ഉണ്ടെങ്കിലും ഭരണഘടന ഉദ്‌ഘോഷിക്കുന്ന തരത്തിലുളള സാമൂഹ്യപരിവര്‍ത്തനം സാധ്യമായിട്ടില്ലായെന്നാണിത് കാണിക്കുന്നത്.
എന്തുകൊണ്ട് സ്ത്രീക്ക് ഈ ഗതി ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം കാണേണ്ടത് ജനാധിപത്യ ഇന്ത്യയുടെ സാംസ്‌കാരികതയില്‍ ഉള്‍ച്ചേര്‍ത്തുവെച്ച സ്ത്രീവിരുദ്ധ മനോഭാവങ്ങളിലേക്കാണ്.