മാനസികാരോഗ്യം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പങ്ക്

ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്‍ No image

കൗമാരപ്രായത്തില്‍ സംഘംചേരാനുള്ള താല്‍പര്യം കൂടാറുണ്ട്. അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കുമൊന്നും തങ്ങളെ മനസ്സിലാക്കാനാവില്ലെന്നും, കൂട്ടുകാര്‍ക്കു മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ എന്നും കൗമാരപ്രായക്കാര്‍ വിശ്വസിക്കുന്നു. ഇത്തരം സംഘങ്ങള്‍ സമൂഹവുമായി ബന്ധപ്പെടുത്താന്‍ സഹായിക്കുമെങ്കിലും തെറ്റായ വഴികളിലേക്ക് വഴുതിപ്പോകാനും കാരണമാവാറുണ്ട്. പുകവലി, മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, അക്രമങ്ങള്‍, വഴിവിട്ട ലൈംഗികബന്ധങ്ങള്‍ എന്നിവയിലേക്ക് ഇത്തരം സംഘംചേരല്‍ നയിക്കപ്പെട്ടേക്കാം. പുകവലി, മദ്യപാനം, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവ നിര്‍ത്താനാവാത്ത ശീലമായിത്തീര്‍ന്നാല്‍ പിന്നീട് കുറ്റബോധവും തോന്നാം. കൗമാരത്തിന്റെ ആദ്യഘട്ടത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്ന സ്വാതന്ത്ര്യവാസനയാണ് സംഘം ചേരുന്നതിന് കാരണം. തന്റെ വ്യക്തിത്വം പ്രകടിപ്പിക്കാനുള്ള ആഗ്രഹവും, മറ്റുള്ളവര്‍ തന്നെ അംഗീകരിക്കണമെന്ന ആഗ്രഹവും, അച്ഛനമ്മമാരുമായുള്ള അഭിപ്രായവ്യത്യാസവും ഇതിനു കാരണമാവാം. വിഷമഘട്ടങ്ങളില്‍ ആശ്വസിപ്പിക്കാന്‍ ചങ്ങാതിക്കൂട്ടങ്ങള്‍ നല്ലതുതന്നെ. ശരിയായ വ്യക്തിത്വവികസനത്തിനും സുഹൃദ്ബന്ധങ്ങള്‍ ആവശ്യമാണെന്നു പറയാം.
കൂട്ടുകാരുടെ പെരുമാറ്റം ശ്രദ്ധിക്കുക. ശരിയായതും ക്രിയാത്മകമായതും ആത്മാഭിമാനം വര്‍ധിപ്പിക്കുന്നതും സ്‌നേഹമുണ്ടാക്കുന്നതുമായ പെരുമാറ്റമാണെങ്കില്‍ നിങ്ങളുടെ ചങ്ങാതിക്കൂട്ടം നന്നായിരിക്കും. പക്ഷേ, തെറ്റായതും ആത്മാഭിമാനത്തിനു ക്ഷതം തട്ടുന്നതും സ്വയം നശിപ്പിക്കുന്നതുമായ പെരുമാറ്റമാണെങ്കില്‍ അത്തരം ചങ്ങാതികളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുക. ചങ്ങാതിക്കൂട്ടത്തിന് നിങ്ങളുടെമേല്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുന്ന സന്ദര്‍ഭങ്ങളും കാര്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കി നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്ന വിധത്തില്‍ കാര്യങ്ങള്‍ ചെയ്യുക. സ്വന്തം വ്യക്തിത്വം നിലനിര്‍ത്താനും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാനും ശ്രമിക്കണം. കൂട്ടുകാര്‍ പരസ്പരം ആശയവിനിമയം ചെയ്യുന്നതും വികാരവിചാരങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനപൂര്‍വം പരിഗണിക്കുന്നതുമാണ് നല്ല ബന്ധത്തിന്റെ ലക്ഷണം. പക്വതയുള്ള ബന്ധമാണെങ്കില്‍ കൂട്ടുകാര്‍ പരസ്പരം വിശ്വസിക്കും. ഒരാള്‍ക്ക് മറ്റേയാള്‍ തന്റെ വിചാരങ്ങള്‍ മനസ്സിലാക്കുമെന്ന വിശ്വാസവും ഉണ്ടായിരിക്കും.

സുഹൃത്തുക്കള്‍
സുഹൃദ്ബന്ധം വളരെ നല്ലതാണെങ്കിലും ചിലപ്പോള്‍ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. നല്ല സുഹൃത്തുക്കള്‍ നിങ്ങളെ നിങ്ങളായിത്തന്നെ (എല്ലാകുറ്റങ്ങളും കുറവുകളോടും കൂടി) സ്വീകരിക്കുകയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും പിന്തുണ നല്‍കുകയും ചെയ്യും.
യഥാര്‍ഥ സുഹൃത്ത് ഇങ്ങനെ
 പറയുന്നതു ശ്രദ്ധിച്ചുകേള്‍ക്കുന്നു.
 എപ്പോഴും സന്തോഷമായിരിക്കാന്‍ ആഗ്രഹിക്കുന്നു.
 പ്രോത്സാഹനവും പിന്തുണയും നല്‍കുന്നു.
 നിങ്ങളായിത്തന്നെ സ്വീകരിക്കുന്നു.
് എന്തെങ്കിലും നേട്ടമുണ്ടായാല്‍ സന്തോഷിക്കുന്നു.
 തെറ്റുചെയ്താല്‍ മാപ്പുചോദിക്കുന്നു.
 സ്‌നേഹപൂര്‍വം ഉപദേശിക്കുന്നു.
 രഹസ്യങ്ങള്‍ മറ്റാരോടും പറയാതിരിക്കുന്നു.
 ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കാതിരിക്കുന്നു.

സൗഹൃദംകൊണ്ടുള്ള സമ്മര്‍ദം?
സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നതുകൊണ്ടോ, അവര്‍ എല്ലാവരും ചെയ്യുന്നു എന്നു നിങ്ങള്‍ കരുതുന്നതുകൊണ്ടോ മാത്രം നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യേണ്ടിവരുന്നത് സൗഹൃദം മൂലമുള്ള സമ്മര്‍ദമാണ്. ഇത് ചെറുത്തുനില്‍ക്കാന്‍ വിഷമമാണ്. പക്ഷേ, യഥാര്‍ഥസുഹൃത്തുക്കള്‍ അത്തരം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തില്ലെങ്കിലും നിങ്ങളോടൊപ്പമുണ്ടാവും. ഇങ്ങനെയുള്ള ഘട്ടങ്ങൡാണ് മദ്യപാനം, പുകവലി, ലഹരി ഉപയോഗം എന്നീ ദുശ്ശീലങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് എനിക്ക് വേണ്ട എന്നു ദൃഢമായി പറയാന്‍ പഠിക്കണം. കൂടുതല്‍ പ്രശ്‌നമുണ്ടായാല്‍ അച്ഛനമ്മമാരോടോ വിശ്വസിക്കാന്‍ പറ്റുന്ന ഏതെങ്കിലും മുതിര്‍ന്നയാളോടോ പറയുക. അവര്‍ പറയുന്നതുചെയ്തില്ലെങ്കില്‍ ചില ചങ്ങാതിക്കൂട്ടങ്ങള്‍ നിങ്ങളെ ഗ്രൂപ്പില്‍നിന്ന് പുറത്താക്കിയെന്നും വരാം. അതില്‍ വിഷമിക്കേണ്ടതില്ല. നിങ്ങളെ സ്‌നേഹിക്കുന്ന എത്രയോ യഥാര്‍ഥസുഹൃത്തുക്കളെ കിട്ടും. എല്ലായ്‌പ്പോഴും സുഹൃത്തുക്കളുമായി നിങ്ങള്‍ക്കു യോജിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. അത് സ്വാഭാവികമാണ്. പക്ഷേ, പരസ്പരം ചിന്തകളെയും തോന്നലുകളെയും മനസ്സിലാക്കാനും ബഹുമാനിക്കാനും കൂട്ടുകാര്‍ പഠിക്കണം.

സൗഹൃദം അവസാനിപ്പിക്കേണ്ടിവരുന്നതെപ്പോള്‍?
അധികം സൗഹൃദങ്ങളും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കണമെന്നില്ല. ചില സുഹൃത്തുക്കള്‍ കുറേക്കാലം കഴിയുമ്പോള്‍ തനിയേ അകന്നുപോവും. ചിലപ്പോള്‍ നിങ്ങള്‍ക്ക് സൗഹൃദം അവസാനിപ്പിക്കേണ്ടിവരും.
നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവരോടുപറയുക.
നിങ്ങളോട് മോശമായി പെരുമാറുക.
 മറ്റുസുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടാകുന്നത് ഇഷ്ടപ്പെടാതിരിക്കുക.
നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കുക.
 അപകടകരമായ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളെ നിര്‍ബന്ധിക്കുക.
 സ്വന്തം ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം നിങ്ങളാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തുക.
നിങ്ങള്‍ ചെയ്യുന്നതു നിയന്ത്രിക്കാന്‍ ശ്രമിക്കുക.
മേല്‍പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ട് നിങ്ങള്‍ക്ക് അവസാനിപ്പിക്കേണ്ടിവരും. ഒന്നുകില്‍ ഒരുതരത്തിലുമുള്ള ബന്ധം പുലര്‍ത്താതിരിക്കാം. അല്ലെങ്കില്‍ സുഹൃത്തിനോട് തുറന്നു പറയാം. തുറന്നുപറയുകയാണെങ്കില്‍, ഒരു പക്ഷേ സുഹൃത്തിന് തന്റെ തെറ്റുകള്‍ തിരുത്താനുള്ള സന്ദര്‍ഭം കിട്ടുകയും ചെയ്യും.
പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതെങ്ങിനെ?
നമ്മളില്‍ പലര്‍ക്കും പലകാര്യങ്ങള്‍ ചെയ്യാന്‍ പലതരത്തിലുള്ള സുഹൃത്തുക്കള്‍ വേണം.

പുതിയ സൗഹൃദം തുടങ്ങാന്‍
 നിങ്ങള്‍ക്കിഷ്ടമുള്ള ഹോബികള്‍ ചെയ്യുന്ന ഏതെങ്കിലും ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ അതില്‍ നിങ്ങളുടെ അതേ താല്‍പര്യമുള്ള കൂട്ടുകാരെ കിട്ടും.
 ഏതെങ്കിലും കൂട്ടുകാരുടെ അടുത്തുചെന്ന് സ്വയം പരിചയപ്പെടുത്തി സുഹൃദ്ബന്ധം തുടങ്ങാം.
 ചിലര്‍ക്ക് സ്വന്തം കാര്യങ്ങള്‍ പറയാന്‍ താല്‍പര്യമുണ്ടാവും. അങ്ങനെയുള്ളവരോട് അവരുടെ കാര്യങ്ങള്‍ ചോദിക്കുക. (ഉദാ. ഈ ഡ്രസ്സ് എവിടെനിന്നു വാങ്ങി, ഈ കമ്മല്‍ നല്ലതാണല്ലോ, തുടങ്ങിയവ)
 ശ്രദ്ധിച്ചുകേള്‍ക്കുക. മറ്റുള്ളവര്‍ പറയുമ്പോള്‍ അവരുടെ മുഖത്തുനോക്കി ശ്രദ്ധിക്കണം. മൊബൈലിലോ മറ്റെവിടെയെങ്കിലുമോ നോക്കാതിരിക്കുക. പലര്‍ക്കും ദയാപൂര്‍ണമായ ഒരു വാക്കോ സൗഹൃദം തോന്നുന്ന ഒരു പുഞ്ചിരിയോ ഇഷ്ടപ്പെടും. അവര്‍ നിങ്ങളെ കൂട്ടുകാരിയാക്കുകയും ചെയ്യും.
 ആരെങ്കിലും നിങ്ങളെപ്പറ്റി പ്രശംസിച്ചാല്‍ ഉടനെ നന്ദി പറയുക.
 സംസാരിക്കാന്‍ നിങ്ങള്‍ക്ക് മടിയുണ്ടെങ്കില്‍ ഒന്നിച്ചു നടക്കാന്‍ പോവുകയോ സിനിമക്കു പോവുകയോ ചെയ്യുന്നതിനെപ്പറ്റി നിര്‍ദേശിക്കാം.
 ക്ഷമയോടെ ബന്ധമുണ്ടാക്കുക. ഒരു സുഹൃദ്ബന്ധം വളര്‍ത്തിയെടുക്കാന്‍ അല്‍പം സമയം വേണ്ടിവരും. നിങ്ങള്‍ ശ്രമിച്ചില്ലെങ്കില്‍, ഒരു പക്ഷേ ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നും വരാം.

സൗഹൃദം എന്നുവെച്ചാല്‍ എന്താണ്?
ഒരു നല്ല സുഹൃത്ത് ആരാണെന്ന ചോദ്യത്തിന് പലതരത്തിലുള്ള ഉത്തരമായിരിക്കും തരിക. യഥാര്‍ഥസൗഹൃദം കണ്ടെത്താന്‍ വിഷമം തന്നെയാണ്. ചിലരെ സംബന്ധിച്ചിടത്തോളം നല്ല സുഹൃത്ത് വിഷമഘട്ടങ്ങളില്‍ നിങ്ങളോടൊപ്പമുണ്ടാവുകയും, രോഗിയായി കിടക്കുമ്പോള്‍ ആസ്പത്രിയില്‍ കൂടെയിരിക്കുകയും, കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ വേര്‍പാടിന്റെ ദുഃഖം മാറ്റാന്‍ സഹായിക്കുകയും ചെയ്യുന്നവരാണ്. മറ്റുള്ളവര്‍ക്ക് സുഹൃത്തുക്കള്‍ ചെറിയകാര്യങ്ങളില്‍പോലും സൗഹൃദം തെളിയിക്കുന്നവരാണ്. നിങ്ങള്‍ക്ക് ഒറ്റക്കാണെന്ന് തോന്നുന്ന സമയത്ത് കൂടെയിരുന്നിട്ടോ ഫോണിലൂടെയോ മണിക്കൂറുകളോളം സംസാരിക്കുക, സ്വന്തം ഹോംവര്‍ക്ക് ചെയ്യാതെ നിങ്ങളെ ഹോംവര്‍ക്കില്‍ സഹായിക്കുക, നിങ്ങള്‍ക്കിഷ്ടമുള്ള എന്തെങ്കിലും സാധനം കാണാതായാല്‍ അത് അന്വേഷിക്കാന്‍ നിങ്ങളോടൊപ്പം കൂടുകയുമെല്ലാം ചെയ്യുന്ന സുഹൃത്തുക്കള്‍; ഇവരെല്ലാം ഇതിനുദാഹരണമാണ്. അതായത് ചെറുതായാലും വലുതായാലും എന്തുകാര്യങ്ങള്‍ അവര്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തു എന്നതാണ് പ്രധാനം. നിങ്ങള്‍ക്ക് സഹായമാവശ്യമുള്ളപ്പോള്‍ തങ്ങളുടെ സത്യസന്ധതയും വിശ്വസ്തതയും കൂറും ത്യാഗസന്നദ്ധതയുമെല്ലാം കാണിക്കുന്നവരാണ് സുഹൃത്തുക്കള്‍ എന്നുപറയാം. പലപ്പോഴും തങ്ങള്‍ ചെയ്യുന്നതിനു പ്രതിഫലമായി ഒന്നുംതന്നെ (നന്ദിപോലും) പ്രതീക്ഷിക്കാത്തവരായിരിക്കും ആത്മാര്‍ഥസുഹൃത്തുക്കള്‍. നിങ്ങളെ പൂര്‍ണമായി മനസ്സിലാക്കുന്ന ഒരു ആത്മാര്‍ഥസുഹൃത്തെങ്കിലും ഉണ്ടാവുന്നത് നല്ലതാണ്.

ബന്ധങ്ങള്‍
ആരോഗ്യകരമായ ബന്ധങ്ങള്‍ മനസ്സിനു സന്തോഷം തരും. അച്ഛനമ്മമാര്‍, ബന്ധുക്കള്‍, സഹോദരങ്ങള്‍, കൂട്ടുകാര്‍  എന്നിങ്ങനെ ആരോടും അടുത്ത ബന്ധം സ്ഥാപിക്കാം. ബന്ധത്തില്‍ ഏറ്റവും പ്രധാനം ആശയവിനിമയമാണ്. നിങ്ങള്‍ നിങ്ങളെക്കുറിച്ചും നിങ്ങളുടെ തോന്നലുകള്‍, സംശയങ്ങള്‍, ആശങ്കകള്‍ എന്നിവയെക്കുറിച്ചും അവരോട് തുറന്നുപറയുക. അവര്‍ പറയുന്നതു ശ്രദ്ധിച്ചുകേള്‍ക്കുക. വിഷമഘട്ടത്തില്‍ നിങ്ങള്‍ക്കു പിന്തുണ നല്‍കുവാനും നിങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ചചെയ്തു പരിഹാരം നിര്‍ദേശിക്കാനും അവരുണ്ടാവുമെന്ന് ഉറപ്പുണ്ടാവണം. പക്ഷേ, അനാരോഗ്യകരമായ ബന്ധങ്ങള്‍ നിങ്ങളെ ശാരീരികമോ വൈകാരികമോ ആയി മുറിപ്പെടുത്താനുമിടയുണ്ട്.
ബന്ധങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാനഭാഗമാണ്. പ്രത്യേകിച്ചും കൗമാരപ്രായത്തില്‍ അവ നമ്മളെ വളരെയധികം ബാധിക്കാറുണ്ട്. അതുകൊണ്ടാണല്ലോ, ഒരു അടുത്ത കൂട്ടുകാരി പിണങ്ങിയാല്‍ നമുക്ക് സങ്കടം തോന്നുന്നതും, സഹോദരനെയാണ് അമ്മ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നു കരുതി വിഷമിക്കുന്നതും, അച്ഛനമ്മമാര്‍ നമ്മെ മനസ്സിലാക്കുന്നില്ല എന്ന തോന്നല്‍ നമ്മെ അസ്വസ്ഥരാക്കുന്നതും!

നല്ല ബന്ധങ്ങളുണ്ടാവാന്‍
നല്ല ബന്ധങ്ങളുണ്ടാകുന്നതിന്റെ ആദ്യത്തെ പടി നിങ്ങളെ സ്വയം ഇഷ്ടപ്പെടുക എന്നതാണ്. ആരോഗ്യകരമായ ബന്ധമാണെങ്കില്‍ നിങ്ങളും മറ്റേ വ്യക്തിയും സത്യസന്ധമായി സംസാരിക്കുകയും പരസ്പരം പറയുന്നതുകേള്‍ക്കുകയും പരസ്പരം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യും.

സത്യസന്ധമായി സംസാരിക്കുമ്പോള്‍
 നിങ്ങളുടെ അനുഭവങ്ങളും ചിന്തകളും തോന്നലുകളും പങ്കുവെക്കാന്‍ മടി തോന്നില്ല.
 നിങ്ങള്‍ പങ്കുവെക്കുന്ന രഹസ്യങ്ങള്‍ നിങ്ങള്‍ രണ്ടുപേര്‍ക്കുമാത്രമേ അറിയുകയുള്ളൂ.
 മറ്റേ വ്യക്തിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ നിങ്ങള്‍ എന്തുപറ്റി എന്നുചോദിക്കും.
  വഴക്കിട്ടാലും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കും.
 നിങ്ങളുടെ തോന്നലുകള്‍ ഒളിച്ചുവെക്കുന്നതിനേക്കാള്‍ നല്ലത് സത്യസന്ധമായി തുറന്നുസംസാരിക്കുന്നതാണ്.
 വിശ്വാസവും ബഹുമാനവും നിങ്ങളെന്ന വ്യക്തിക്ക് മറ്റേയാള്‍ മതിപ്പു നല്‍കുന്നു (നിങ്ങളുടെ വസ്ത്രധാരണം, പൈസ, ഭംഗി എന്നിവക്കല്ല).
 മറ്റേ വ്യക്തി നിങ്ങളോട് ചെയ്ത വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പുണ്ടാവുന്നു.
നിങ്ങള്‍ എന്തെങ്കിലും വീഴ്ചവരുത്തിയാല്‍ അത് മറ്റേ വ്യക്തി മനസ്സിലാക്കുമെന്ന് നിങ്ങള്‍ക്കു വിശ്വസമുണ്ടാവും.
നല്ല കാലത്തിലും ചീത്തകാലത്തിലും ഒരുപോലെ മറ്റേവ്യക്തി നിങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു.
 വഴക്കുകള്‍ ശാന്തമായി പറഞ്ഞുതീര്‍ക്കുക. വഴക്കിടുമ്പോള്‍ പോലും ബഹുമാനം കാണിക്കല്‍ പഠിക്കുക.
 പരസ്പരം കൊടുക്കലും വാങ്ങലും
 ബഹുമാനപൂര്‍വം മറ്റേവ്യക്തിയോട് ചോദിക്കുന്നതില്‍ നിങ്ങള്‍ക്ക് മടിതോന്നുന്നില്ല. ദൃഢവിശ്വാസത്തോടെ ചോദിക്കും.
 നിങ്ങള്‍ ദേഷ്യപ്പെടാറില്ല. മറ്റേ വ്യക്തിയെ ഭീഷണിപ്പെടുത്തിയോ മുറിപ്പെടുത്തിയോ എന്തെങ്കിലും നേടിയെടുക്കുവാന്‍ നിങ്ങള്‍ ശ്രമിക്കില്ല.
 പരസ്പരം സംസാരിച്ചുകൊണ്ട് ആശയങ്ങള്‍ കൈമാറും.
 രണ്ടു പേരും പൊരുത്തപ്പെടാന്‍ ശ്രമിക്കും വിട്ടുവീഴ്ച ചെയ്തുകൊണ്ട് ഒരു തീരുമാനത്തിലെത്തിച്ചേരും.
നിങ്ങളെ നല്ലതരത്തില്‍ വളര്‍ത്തിയെടുക്കുന്നതാവണം. അല്ലാതെ തകര്‍ക്കുന്നതാവരുത് ബന്ധങ്ങള്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top