മേഡം.. മേഡം...
അമ്മേന്ന് വിളിക്കെടീ...
ഇന്നലെ അമ്മേന്ന് വിളിച്ചപ്പോ മേഡംന്ന് വിളിക്കാനാ പറഞ്ഞേ...
അവള്‍ മുഖം വീര്‍പ്പിച്ചു.
മേഡം.. മേഡം...
അമ്മേന്ന് വിളിക്കെടീ...
ഇന്നലെ അമ്മേന്ന് വിളിച്ചപ്പോ മേഡംന്ന് വിളിക്കാനാ പറഞ്ഞേ...
അവള്‍ മുഖം വീര്‍പ്പിച്ചു.
ചുക്ക് കട്ടിയാ...
അപ്പഴക്ക് ന്റെ ചുന്നരിക്കുട്ടി പെണങ്ങിയോ...?
കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് തലമുടിയില്‍ തലോടി, കവിളില്‍ ഉമ്മ വെച്ചു.
മോള് സ്‌കൂളില്‍ത്തന്നേ അമ്മേന്ന് വിളിച്ചത്? സ്‌കൂളില്‍ അമ്മ ടീച്ചറല്ലേ? അതുകൊണ്ട്, എല്ലാ കുഞ്ഞുങ്ങളും വിളിക്കുമ്പോലെ മോളും മേഡംന്ന് വിളിക്കണം. വീട്ടിലെത്തിയാ ടീച്ചറല്ല.. അമ്മയാ... ന്റെ ചുക്കൂന് മനസ്സിലായോ?
അവളുടെ പിണക്കം തീര്‍ന്നില്ല.
....ന്നാലും കട്ടിയാ...
അതെന്തിനാ പൊന്നേ..?
...ന്നലെ രാത്രി ചുക്കൂന് തീരെ ഒറക്കം വന്നില്ല. ന്നിട്ട് മ്മ കെടന്നൊറങ്ങാനല്ലേ പറഞ്ഞേ? ന്ന് പൊലച്ചെയോ? രണ്ട് മിനുട്ടും കൂടി ഒറങ്ങാന്‍ വിട്ടില്ലല്ലോ. നല്ല ഒറക്കത്ത്ന്ന് വിളിച്ച് എണീപ്പിച്ചു. മോക്ക് നല്ല കരച്ചിലു വന്നു... എപ്പഴും അങ്ങന്യാ...
അവള്‍ ചിണുങ്ങി
എടീ കുറുമ്പീ...
കുഞ്ഞിനെ വീണ്ടും ചേര്‍ത്ത് പിടിച്ചു അവള്‍ മന്ദഹസിച്ചു
അതാണോ കാര്യം? മോള്‍ടെ സ്‌കൂള്‍ ബസ്സ് നന്നെ രാവിലെയല്ലേ വരുന്നേ... അപ്പഴക്ക് റെഡിയാവണ്ടേ? അതിന് നേരത്തെ എണീക്കണം. നേരത്തേ എണീക്കണമെങ്കില്‍ നേരത്തെ ഒറങ്ങണം... നേരത്തെ ഒറങ്ങണമെങ്കില്‍...?
അവള്‍ കുഞ്ഞിനെ കിക്കിളി കൂട്ടി ചിരിപ്പിച്ചു.
ഒറങ്ങണേല്‍ നേരത്തെ കിടക്കണം..
സബാഷ്
എന്നും എന്തെങ്കിലും പറഞ്ഞ് അവള്‍ക്ക് ചിണുങ്ങണം. അച്ഛന്റെ തനി സ്വഭാവം!
എന്തൊരു സ്‌നേഹമുള്ള ലോകമായിരുന്നു! ജീവിതം ഇത്രയും സുന്ദരമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ഡിഗ്രി കഴിഞ്ഞയുടനെ വിവാഹാലോചന, മനോരാജ്യം കണ്ട് നടക്കാന്‍ പോലും സാവകാശം കിട്ടിയില്ല. പയ്യന്‍ ഗള്‍ഫില്‍. സ്ത്രീധനം വേണ്ട. അഭിമാനത്തോടെ, തെല്ലൊരഹങ്കാരത്തോടെ കൂട്ടുകാരികളോട് പറഞ്ഞു.
ആള്‍ക്ക് അബൂദാബീലാ ജോലി. ന്നെ കൊണ്ട്‌പോകൂംന്നാ പറേന്നെ...
ആളെ നീ കണ്ടോ?
ഇല്ല... പെണ്ണ്കാണലൊന്നും വേണ്ടാത്രെ! ലീവില്ല പോലും. ഫോട്ടോ കണ്ടു.. ലേശം കറുത്തിറ്റാന്നാ തോന്നുന്നേ...
അല്‍പ്പം കുണ്ഠിതത്തോടെ പറഞ്ഞു. മനസ്സില്‍ കുറിച്ചിട്ടു; കറുമ്പന്‍! ഇനി കുറുമ്പനും കൂടി ആയിപ്പോകുമോ?
അതിനെന്താ? നീ വെളുത്തിട്ടല്ലേ?
അതുകൊണ്ടാ...
അവള്‍ വിമ്മിഷ്ടത്തോടെ നാണിച്ചു.
ന്നാലും അബൂദാബിക്കാരനല്ലേ? വെള്ളപ്പശൂം കറുമ്പന്‍ കാളയും. നല്ല രസായിക്കും കാണാന്‍. ബ്ലാക്ക് ആന്റ് വൈറ്റ് - നന്നായി ചേരും.
കൂട്ടുകാരികള്‍ കളിയാക്കിച്ചിരിച്ചു. അവരോടൊപ്പം അവളും ചിരിച്ചു.
എന്നാലും അത്ര വലിയ കറുപ്പൊന്നും കാണില്ല. ഫോട്ടോയില്‍ കാണുന്നത് കാര്യമാക്കണ്ട. കളര്‍ ഫോട്ടോയല്ലല്ലോ!
അവള്‍ മനസ്സിന്ന് സാന്ത്വനം നല്‍കി.
വിചാരിക്കാത്ത വേഗത്തില്‍ എല്ലാം നടന്നു. ഭയപ്പെട്ടപോലെ കരിമ്പനൊന്നുമല്ല. ഇരുനിറം, ചേര്‍ന്നു നില്‍ക്കുമ്പോള്‍ അങ്ങനെ അറിയാനുമില്ല. തന്നെ ഏറെ ഇഷ്ടമാണ്, അതുകൊണ്ട് പാസ്‌പോര്‍ട്ടും വിസയും പെട്ടെന്നൊപ്പിച്ചു. തിരുവനന്തപുരം വഴിയാണ് പോകുന്നത്.
ഇതാണ് കനകക്കുന്ന് കൊട്ടാരം - ഇത് നിന്നെ ക്കാണിക്കാനാ ഇതുവഴി വന്നത്.
തിരുവിതാംകൂര്‍ രാജകുടുംബത്തിലെ സ്മാരകശിലകളിലൊന്ന്.
നമ്മുടെ വീടിന്ന് കനകക്കുന്ന് എന്നുപേരിടും. നമ്മുടെ മോള്‍ക്ക് രാജകുമാരി എന്നും. അവള്‍ അങ്ങനെ കനകക്കുന്നിലെ രാജകുമാരിയാകും.
അതാസ്വദിച്ച് മൂപ്പര്‍ വിശാലമായി പൊട്ടിച്ചിരിച്ചു. അവള്‍ക്ക് ശുണ്ഠിവന്നു. കല്യാണം കഴിഞ്ഞ് ഇപ്പോഴും ഹണിമൂണിന്റെ ലഹരി മാഞ്ഞിട്ടില്ല. അപ്പോഴേക്കും ഭാവനയില്‍ വീടായി, മോളായി, വീട്ടിന്നും മോള്‍ക്കും പേരുമായി. താന്‍ കൂടി പങ്കാളിയാവേണ്ട കാര്യത്തില്‍, തന്നോടൊന്ന് ആലോചിക്കുക പോലും ചെയ്യാതെ! താന്‍ ഗര്‍ഭിണിപോലുമല്ല. എന്നിട്ടിപ്പോള്‍...
ആദ്യത്തെ കുഞ്ഞ് പെണ്ണാണെന്ന് ആരാ തീരുമാനിച്ചേ?
അച്ഛനും അപ്പൂപ്പന്നും അമ്മാവനും ഏട്ടനും എല്ലാവര്‍ക്കും പെണ്‍കുഞ്ഞിനെയാണത്രെ ഇഷ്ടം.
ഞാന്‍
ആണിന്നെന്താ കുഴപ്പം...?
കൊഴപ്പമോ? ആരു പറഞ്ഞു? ആണിന്നാണ് പൗരുഷവും തന്റേടവും സൗന്ദര്യവും. സിംഹം, മയില്‍, പൂവന്‍കോഴി പിന്നെ എളിയവനായ ഈ ഞാനും..
അയ്യടാ... അപ്പൊപ്പിന്നെ നമ്മക്ക് മോളെന്തിനാണാവോ?
ആണായാല്‍ കൊഴപ്പമുണ്ട്. അവന്‍ എന്നെപ്പോലെ സുന്ദരനാകുമെങ്കിലും കറുമ്പനായാലോ? പെണ്ണിന് നിന്റെ കളറായിരിക്കും. നിന്നെപ്പോലെ ശാലീന, സല്‍സ്വഭാവി, സ്‌നേഹ സമ്പന്ന.
മതി... മതി... ഞാനങ്ങ് വാനിലേക്ക് പൊങ്ങിപ്പോകും. ഞാന്‍ സുന്ദരിയല്ലാന്ന് മാത്രം!
തര്‍ക്കിക്കാനൊരു വിഷയം കൊടുക്കണ്ടാന്ന് ഭയന്ന് കൂടുതല്‍ തര്‍ക്കിച്ചില്ല...
എടീ പെണ്ണേ...
ഏട്ടാ.. വേണ്ടാ... എടീ, പെണ്ണേ, എന്നല്ലാതെ എന്നെ പേരുവിളിക്കാന്‍ തോന്നുന്നില്ലേ? എനക്ക് നല്ല ഐശ്വര്യമുള്ള പേരുണ്ട്. ശ്രീദേവി. എന്റെ അമ്മയും അമ്മൂമ്മയും അച്ഛനും ശ്രീന്ന് വിളിക്കുമ്പം തേനിറ്റും.
എനക്കാ പേരിഷ്ടല്ല... ഞങ്ങള്‍ടെ നാട്ടില്‍ ചാണകം പെറുക്കി നടക്കുന്ന തള്ളേടെ പേരും ശ്രീദേവീന്നാ.. എല്ലാവരും വിളിക്കുന്നത് ചിരിതേയീന്നും...
അയ്യേ...!
നിന്നെ വിളിക്കാന്‍ ഒരു ഇമ്പമുള്ള പേര് എന്റെ മനസ്സിലുണ്ട്... ചുക്കു...
കളിയാക്ക്വാ ല്ലേ? എന്നെ ചുക്കൂ, മൊളക് എന്നൊന്നും വിളിക്കണ്ടാ... ന്നെ ഇപ്പൊത്തന്നെ ഇഷ്ടല്ലാതായി അല്ലേ?
അവള്‍ വിങ്ങിപ്പൊട്ടി.
എന്റെ പൊന്നേ, ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട്ട് കരഞ്ഞോ! വെറുതേ കണ്ണീരു പാഴാക്കണ്ട.. എടീ, പെണ്ണേ എന്നൊക്കെ വിളിക്കുന്നത് ഇഷ്ടംകൊണ്ടാ. വേറെ ആരെയെങ്കിലും എനിക്കങ്ങനെ വിളിക്കാന്‍ പറ്റ്വോ? ചുക്കൂന്ന് പറഞ്ഞാല്‍ ചുന്നരി അതായത് സുന്ദരി....ക്കുട്ടി. ഇപ്പോ ന്റെ ചുക്കൂന് സന്തോഷായോ?
പിണക്കം തീര്‍ന്ന മട്ടില്‍ അവള്‍ മനോഹരമായി പുഞ്ചിരിച്ചു.
ദിവസങ്ങള്‍ ആഴ്ചകളും മാസങ്ങളുമാകുന്നത് എത്ര പെട്ടെന്നാണ്?
ഡെലിവറിക്ക് നാട്ടില്‍ പോകുന്നെങ്കില്‍ രണ്ടാഴ്ചക്കകം പോണം. ഡോക്ടര്‍ മീനാ മാത്യു തുടര്‍ന്നു.
എല്ലാം നോര്‍മല്‍ ആണെങ്കിലും നാട്ടില്‍ പോന്നത് തന്ന്യാ നല്ലത്. നല്ല ശുശ്രൂഷയും റസ്റ്റും കിട്ടും. നോക്കാന്‍ ആളെയും കിട്ടും. ഇവിടെ ബന്ധുക്കളാരും ഇല്ലല്ലോ! പിന്നെ ഇവിടെയാണെങ്കി എല്ലാത്തിനും ചെലവ് വളരെ കൂടും.
എന്നെയെന്തിനാ നാട്ടിലയക്കുന്നേ? എനക്ക് ഏട്ടന്‍ എപ്പഴും കൂടെ വേണം. കാണണം. അവള്‍ സാമാന്യം നന്നായി കരഞ്ഞുകൊണ്ട് ചോദിച്ചു.
എനക്ക് വേണ്ടായിറ്റാണോ? ഡോക്ടര്‍ പറഞ്ഞത് കേട്ടില്ലേ? അമ്മമാര്‍ സമ്മതിക്കണ്ടേ?
എന്റെ മ്മക്ക് ഞാന്‍ വെച്ചിറ്റുണ്ട്. നാട്ടിലെത്തട്ടേ. ആദ്യത്തെ പ്രസവം അമ്മേടെ കൂടെയാത്രെ!
നീയൊന്ന് സമാധാനിക്ക്... അതൊക്കെ പഴമക്കാരുടെ കീഴ്‌വഴക്കമാ.. നമ്മള്‍ എതിര്‍ത്തിട്ട് ഗുരുത്വക്കേടാവണ്ട.
പാരമ്പര്യത്തെ എതിര്‍ക്കാന്‍ സമ്മതമല്ലായിരുന്നു.
കുഞ്ഞിനെക്കാണാന്‍ ഞാന്‍ പറന്നെത്തും.
അതവളെ സന്തോഷിപ്പിച്ചില്ലെങ്കിലും, സമാധാനിപ്പിച്ചു. പറഞ്ഞതുപോലെ പറന്നെത്തുകയും ചെയ്തു. പിറന്നത് അവളെയേറെ ആനന്ദിപ്പിച്ചു.
ഏട്ടന്‍ ആശിച്ചപോലെ....
ഇക്കിളി സന്തോഷത്തോടെ അവള്‍ പറഞ്ഞു.
എന്റെ രാജകുമാരി സുന്ദരിയാ നിന്നെപ്പോലെ.
ഞാന്‍ സുന്ദരിയാണോ? പിന്നെ ശാലീന, സല്‍സ്വഭാവി, സ്‌നേഹ സമ്പന്ന അല്ലേ?
ഞാന്‍ ഭാഗ്യവാനാ
ഞാനല്ല... നമ്മള്‍
അഭിമാനത്തോടെ അയാള്‍ ഭാര്യയേയും മകളേയും ചേര്‍ത്തുപിടിച്ചു.
മോള്‍ക്ക് വിളിപ്പേരൊന്നും കിട്ടിയില്ലേ...
പിന്നെ കിട്ടാതെ! നിനക്ക് പ്രമോഷന്‍. നീ അച്ചി ചുക്കു - മോള്‍ ബേബി ചുക്കു. ചുക്കു വിട്ട് കളിയില്ല.
പ്രമോഷന്‍ ന്ന് പറഞ്ഞ് എന്നെ തഴഞ്ഞു. അല്ലേ? മോള്‍ക്കായത്‌കൊണ്ട് ഞാനങ്ങ് സഹിച്ചു.
എന്നാലും നിന്നെയും ചുക്കൂന്ന് തന്നെ വിളിക്കും. സന്ദര്‍ഭം നോക്കി വിളികേള്‍ക്കുക.
നീയൊരു കാര്യം അറിയോ? നീ വരുത്തിയ എന്റെ മോള്‍ടെ നഷ്ടം..?
ഞാനൊരു നഷ്ടവും വരുത്തീട്ടില്ല. എന്ത് നഷ്ടാ.. പറാ...!
ഒന്നര മണിക്കൂറിന്റെ നഷ്ടം. നീ പ്രസവിച്ചത് മൂന്ന് മണി ഇന്ത്യന്‍ സമയം. അവിടെയായിരുന്നെങ്കില്‍ ഒന്നര മണി. നഷ്ടം ഒന്നര മണിക്കൂര്‍...
മണ്ണാങ്കട്ട... മനിഷന്‍ പേടിച്ചു പോയ്. വട്ട് കേസ്.
എല്ലാത്തിനും വായുവിന്റെ വേഗത. ചോറൂണ്. കാതുകുത്ത്. കനകക്കുന്ന് നിര്‍മാണം.
ഒരു രണ്ട് കൊല്ലം കൂടി. അടുത്ത വര്‍ഷാവസാനത്തോടെ കനകക്കുന്ന് പൂര്‍ത്തിയാകും. മോളെ നഴ്‌സറിയില്‍ ചേര്‍ക്കുന്നത് നാട്ടില്‍. കനകക്കുന്ന് മഹാരാജാവും മഹാറാണിയും പട്ടാഭിഷേകം ചാര്‍ത്തിയ ശേഷം.
വല്ലാത്ത പൂതിയാണല്ലോ!
എല്ലാം ദൈവം കനിഞ്ഞ് അനുഗ്രഹിച്ചാല്‍... ഇത്ര മെനക്കെട്ട് ഈ ജോലി നാട്ടില്‍ ചെയ്താല്‍ ഇത്രയില്ലെങ്കിലും അന്തസ്സായി ജീവിക്കാനുള്ളത് കിട്ടും. നാട്ടില്‍ ജീവിച്ച് മരിക്കാനാണിഷ്ടം.
പക്ഷേ, എവിടെയോ ആരുടെയോ ദൃഷ്ടിപെട്ടു.
സൈറ്റില്‍ പരിശോധനക്ക് പോയതാണ്. വരാന്‍ വൈകുമെന്ന് പറഞ്ഞിരുന്നു. സന്ധ്യ മുതല്‍ കാറ്റും മഴയും തുടങ്ങി. അസമയത്തുള്ള കാലാവസ്ഥാ വ്യതിയാനം ആശങ്ക വളര്‍ത്തുന്നു. ഫോണ്‍ വിൡച്ചിട്ട് കിട്ടുന്നില്ല. നേരം ഏറെ കഴിഞ്ഞിട്ടും കാണാതായപ്പോള്‍ പരിഭ്രമമായി. കൂടെ പോയിരുന്ന അടുത്ത ഫഌറ്റിലെ ലോറന്‍സ് അങ്കിളും വന്നില്ല. അന്വേഷിച്ചുപോയ കമ്പനി അധികൃതര്‍ മുന്നോട്ട് പോകാന്‍ കഴിയാതെ അന്വേഷണം നിര്‍ത്തിവെച്ചു. അത് അറിഞ്ഞതോടെ ബോധം നഷ്ടപ്പെട്ടു.
പ്രതീക്ഷയില്ലെങ്കിലും ഒരാഴ്ച കാത്തുനിന്നു. കിഴക്കന്‍ പ്രവിശ്യകളില്‍ പെട്ടെന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ശ്രീദേവി ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് അധികൃതകര്‍ വ്യക്തമാക്കി. ദോഷമില്ലാതെ പാക്കേജ് കിട്ടിയെങ്കിലും നഷ്ടപ്പെട്ടത് നികത്താനാവാത്തതായിരുന്നു.
രാജാവില്ലാത്ത കനകക്കുന്നില്‍ റാണിയും ചുക്കു എന്ന രാജകുമാരിയും മാത്രം. ചെറുതല്ലാത്ത തുക സംഭാവന കൊടുത്തപ്പോള്‍ അടുത്തുള്ള മേനേജ്‌മെന്റ് സ്‌കൂളില്‍ ജോലി കിട്ടി. അച്ഛന്‍ ലീവ് കിട്ടാത്തത് കൊണ്ടാണ് നാട്ടില്‍ വരാത്തതെന്ന് ചുക്കു വിശ്വസിക്കുന്നു.
രണ്ട് വീടപ്പുറമുള്ള ജമീലയുടെ അച്ഛന്‍ വന്നതാണ് വീണ്ടും പ്രശ്‌നമായത്. അവളുടെ അച്ഛന്‍ ഇന്നലെ ഗള്‍ഫില്‍ നിന്ന് വന്നു. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് അവര്‍ വന്നതാണ്. സംഭവം ചുക്കുവിന്റെ ശ്രദ്ധയില്‍പെട്ടു.
ചുക്കുവിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം ശ്രീദേവിയെ തളര്‍ത്തി. അവള്‍ക്ക് ചെയ്യാ വുന്നത് ഒരേ ഒരു കാര്യം; കരയുക! അവളത് മുറപോലെ നടത്തി. അത് കേട്ട് ചുക്കുവും കൂടെ കരഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ, അവള്‍ക്ക് സങ്കടം സഹിക്കാനായില്ല. അവളുടെ മനസ്സ് തേങ്ങി; ദൈവമേ! ഈ കുരുന്നിനോട് ഞാനെങ്ങനെ പറയും അച്ഛന്‍ ഒരിക്കലും വരില്ലാന്ന്...
ചുക്കു അവളെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു.
മ്മ കരേണ്ട... ചുക്കു അച്ഛന്റെ കാര്യം എനി പറയൂല്ല. മ്മ പറയുമ്പോലെ അച്ഛന് ലീവ് കിട്ടായ്റ്റായിരിക്കും.
അവള്‍ക്ക് കരച്ചില്‍ അടക്കി നിര്‍ത്താനായില്ല. കുഞ്ഞിനെ ഗാഢം പുണര്‍ന്ന് അവള്‍ ഓര്‍ത്തോത്ത് എങ്ങിയേങ്ങി കരഞ്ഞു.
അങ്ങ് അകലെനിന്ന് ഒരാത്മാവ് അവളെ ശാസിക്കുന്നതായി തോന്നി;
എന്റെ ചുക്കുവിനെ കരയിക്കാതെടീ....
ആ സ്വരത്തിനും ഒരു വിതുമ്പലിന്റെ ചുവയില്ലേ?