എസ്.എസ്.എല്‍.സിക്ക് ശേഷം?

നവാസ് മൂന്നാംകൈ No image

വിദ്യാര്‍ഥിജീവിതത്തിലെ വഴിത്തിരിവായ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പുറത്തുവരുന്നതോടെ ഉപരിപഠനത്തിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള പ്രയാണമാരംഭിക്കുന്നു. ഉപജീവനത്തിനുവേണ്ടി ഏതെങ്കിലുമൊരു തൊഴില്‍ എന്ന പഴയ സങ്കല്‍പം അസ്തമിക്കുകയും അവനവന്റെ വ്യക്തിത്വം പ്രകടമാക്കുന്നതും ആത്മസംതൃപ്തി നല്‍കുന്നതുമായ തൊഴിലുകളാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. ഇഷ്ടമുള്ള ജോലി, മികവാര്‍ന്ന ജീവിതസാഹചര്യം ഇവയൊക്കെയാണ് ഏതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നം. അതിനാല്‍, വ്യക്തമായ കരിയര്‍ ലക്ഷ്യവുമായി സൂക്ഷ്മതയോടെ കോഴ്‌സുകള്‍ തെരഞ്ഞെടുക്കണം. താന്‍ ഭാവിയില്‍ ആരാകണം എന്ന് മുന്‍കൂട്ടി നിശ്ചയിച്ച് അതിന് അനുയോജ്യമായ കോഴ്‌സുകള്‍ക്ക് പ്രാമുഖ്യം നല്‍കണം. വിജയത്തിലേക്ക് നയിക്കുന്ന പ്രധാന പ്രേരകശക്തിയാണ് ആസൂത്രണം. ആസൂത്രണം ചെയ്യുന്നതില്‍ പരാജയപ്പെടുന്നവര്‍, പരാജയപ്പെടാന്‍ വേണ്ടി ആസൂത്രണം ചെയ്യുന്നവരാണ്. കരിയര്‍ രംഗത്തെ വിജയത്തിന് ശാസ്ത്രീയമായ രീതിയിലുള്ള ആസൂത്രണം അനിവാര്യമാണ്.

ഏതൊക്കെ കോഴ്‌സുകള്‍
ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി, പോളിടെക്‌നിക്, ഐ.ടി.ഐ. എന്നീ കോഴ്‌സുകളാണ് എസ്.എസ്.എല്‍.സി. വിജയിച്ചവരെ പ്രധാനമായും കാത്തിരിക്കുന്നത്. എന്‍.ടി.ടി.എഫ് നടത്തുന്ന ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, സഹകരണ സ്ഥാപനങ്ങളിലേക്ക് ക്ലറിക്കല്‍ ജോലി ചെയ്യാന്‍ സഹായകമാവുന്ന ജെ.ഡി.സി കോഴ്‌സുകള്‍, ഫുഡ് ക്രാഫ്റ്റ് കോഴ്‌സുകള്‍ എന്നിവ എസ്.എസ്.എല്‍.സിക്ക് ശേഷം കൂടുതല്‍ കാലം പഠിക്കാനാഗ്രഹിക്കാത്തവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളാണ്. പ്ലസ്ടുവിന് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഓപ്പണ്‍ സ്‌കൂളുകളിലൂടെ പ്ലസ്ടു പൂര്‍ത്തിയാക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങ് നിരവധി തൊഴിലധിഷ്ഠിത, ഐ.ടി. അധിഷ്ഠിത വെര്‍ച്വല്‍ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും നടത്തുന്നു. ഇവക്ക് സി.ബി.എസ്.ഇ, ഐ.സി.സി.ഐ. അംഗീകാരവുമുണ്ട്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ നടത്തിവരുന്നു. എത്രകാലം പഠനം തുടരും, ഏത് തൊഴില്‍ മേഖലയില്‍ പോകാനാഗ്രഹിക്കുന്നു എന്നിവയെ ആശ്രയിച്ചാണ് കോഴ്‌സുകളുടെ തെരഞ്ഞെടുപ്പ് നടത്തേണ്ടത്.

ഹയര്‍ സെക്കന്ററി
എസ്.എസ്.എല്‍.സി. വിജയിച്ച ഭൂരിഭാഗം വിദ്യാര്‍ഥികളും തെരഞ്ഞെടുക്കുന്ന വിപുലവും പ്രധാനവുമായ ഉപരിപഠന സംവിധാനമാണ് ഹയര്‍സെക്കന്ററി. സയന്‍സ് (9), ഹ്യുമാനിറ്റീസ് (32), കൊമേഴ്‌സ് (4) എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 45 സബ്ജക്റ്റ് കോമ്പിനേഷനുകള്‍ ലഭ്യമാണ്. പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധം. പാര്‍ട്ട് രണ്ടില്‍ നിര്‍ദേശിക്കപ്പെട്ട 12 ഭാഷകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. സയന്‍സ് ഗ്രൂപ്പില്‍ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ എന്‍ജിനീയറിംഗ്, ടെക്‌നോളജി, ഭൗതിക ശാസ്ത്ര പഠനം, അധ്യാപനം തുടങ്ങിയ മേഖലകളിലേക്ക് കടക്കാം. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി ഓപ്ഷനാണെങ്കില്‍  മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, അധ്യാപനം, ജൈവശാസ്ത്ര മേഖലകള്‍ എന്നിവയിലേക്ക് നയിക്കും. കണക്കും ബയോളജിയും ഒന്നിച്ചുള്ള ബയോമാത്‌സ് എടുത്താല്‍ പഠനഭാരം വര്‍ധിക്കും. ബയോളജി വിഷയങ്ങളോടാണ് താല്‍പര്യമെങ്കില്‍ കണക്ക് ഒഴിവാക്കാം. എന്‍ജിനീയറിംഗ് ലക്ഷ്യമിടുന്ന വിദ്യാര്‍ഥി ബയോളജി എടുത്ത് സമയം നഷ്ടപ്പെടുത്തേണ്ടതില്ല. എന്നാല്‍, ബയോമാത്‌സ് എടുക്കുന്നവര്‍ക്ക് ഉപരിപഠനത്തിന്റെ മേഖലയില്‍ നിരവധി കോഴ്‌സുകള്‍ക്ക് ചേരാനുള്ള അവസരം ലഭ്യമാണ് എന്നത് വിസ്മരിക്കരുത്.
സയന്‍സില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഹ്യുമാനിറ്റീസോ കൊമേഴ്‌സോ തെരഞ്ഞെടുക്കാം. ഇവര്‍ക്ക് ബിരുദതല ത്തിലെത്തുമ്പോള്‍ ഒരിക്കലും ശാസ്ത്ര വിഷയങ്ങളിലേക്കോ, എഞ്ചിനീയറിംഗ്, മെഡിസിന്‍ തുടങ്ങിയ പ്രൊഫഷണല്‍ മേഖലയിലേക്കോ കടക്കാനാവില്ല. എന്നാല്‍, സയന്‍സുകാര്‍ക്ക് മാനവിക വിഷയങ്ങളിലേക്കോ കൊമേഴ്‌സിലേക്കോ വേണമെങ്കില്‍ പോകാവുന്നതാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത എന്‍ജിനീയറിംഗ് ലക്ഷ്യമിടുന്നവര്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്നതാണ് നല്ലത്. സിവില്‍ സര്‍വീസ്, ഗവേഷണം, ജേര്‍ണലിസം, അധ്യാപനം മുതലായ സേവനമേഖലകളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പാണ് ഉത്തമം. ചാര്‍ട്ടേഡ് എക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനര്‍, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലേക്ക് കൊമേഴ്‌സാണ് അഭികാമ്യം. എല്‍.എല്‍.ബി, ഹോട്ടല്‍ മാനേജ്‌മെന്റ്, അധ്യാപനം, ട്രാവല്‍ ആന്റ് ടൂറിസം, മാനേജ്‌മെന്റ് സ്റ്റഡീസ്, ജേര്‍ണലിസം, സിവില്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലേക്ക് പ്ലസ്ടുവിന് ഏത് ഗ്രൂപ്പ് എടുത്തവര്‍ക്കും പോകാവുന്നതാണ്. ബയോടെക്‌നോളജി, ഹോം സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മനഃശ്ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജ്യോഗ്രഫി, സോഷ്യോളജി, ഫിലോസഫി, ആന്ത്രോപോളജി, സോഷ്യല്‍ വര്‍ക്ക് മുതലായവ പഠിക്കാനും കോമ്പിനേഷനുകള്‍ ഉണ്ട് എന്ന് ശ്രദ്ധിക്കണം. ഓരോ ഗ്രൂപ്പിനും സ്‌കൂളുകളിലുള്ള കോമ്പിനേഷനുകള്‍ക്ക് വ്യത്യാസമുണ്ടാകാം. എസ്.എസ്.എല്‍.സിക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഏക ജാലക സംവിധാനം വഴിയാണ് ഹയര്‍സെക്കന്ററി പ്രവേശനം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
ഹയര്‍ സെക്കന്ററിക്ക് സമാനമായതൊഴിലധിഷ്ഠിത കോഴ്‌സാണിത്. ഹയര്‍ സെക്കന്ററി വിജയിക്കുന്നവര്‍ക്ക് ലഭിക്കുന്ന എല്ലാ ഉപരിപഠന സാധ്യതകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ലഭിക്കും. ഈ വര്‍ഷം മുതല്‍ വി.എച്ച്.എസ്.ഇയില്‍ കാതലായ പരിഷ്‌കരണങ്ങള്‍ ഏര്‍പെടുത്തുകയാണ്. രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോഴ്‌സുകള്‍ നവീകരിച്ചിട്ടുള്ളത്. കാലഹരണപ്പെട്ട കോഴ്‌സുകള്‍ ഒഴിവാക്കുകയും ചിലത് കൂട്ടിയോജിപ്പിക്കുകയും ചിലത് നവീകരിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തെ കോഴ്‌സ് അഞ്ചുമാസം വീതമുള്ള നാലു മൊഡ്യൂളുകളാക്കി നൈപുണ്യവികസനം (സ്‌കില്‍ ഡെവലപ്‌മെന്റ്) ഉറപ്പാക്കുന്നു. സ്‌കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഓരോ മൊഡ്യൂളിന്റെയും അവസാനം പ്രാക്ടിക്കല്‍ പരീക്ഷയും വര്‍ഷാവസാനം തിയറി പരീക്ഷയും നടത്തും. ഇലക്‌ട്രോണിക്‌സ്, നഴ്‌സിങ്ങ്, ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്, ഫിസിയോതെറാപ്പി, അക്വാകള്‍ച്ചര്‍ എന്നിങ്ങനെ തിരഞ്ഞെടുക്കുവാന്‍ 35 മേഖലകള്‍ ഉണ്ട്. ടെക്‌നിക്കല്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍- മാര്‍ക്കറ്റിംങ്ങ് സ്‌കില്‍സ്, സാങ്കേതിക പഠനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സില്‍ സ്വന്തമായി സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ആദ്യപടി എന്ന നിലയില്‍ സംരംഭകത്വ മേഖലയും പരിചയപ്പെടുത്തുന്നു.

ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി
ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ പ്ലസ്ടുവിന് തുല്യമാണ്. ഫിസിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് സയന്‍സ് എന്നീ രണ്ട് വിഭാഗങ്ങളാണ് ഈ കോഴ്‌സിലുള്ളത്. ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍.

പോളിടെക്‌നിക്
സാങ്കേതിക തൊഴിലില്‍ താല്‍പര്യമുള്ളവര്‍ക്ക് അനുയോജ്യമായ കോഴ്‌സാണിത്. തൊഴില്‍ നൈപുണ്യവികസനത്തിലൂന്നിയുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളാണ് ഇവിടെയുള്ളത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, സിവില്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. സംസ്ഥാന സാങ്കേതിക വകുപ്പിനു കീഴിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് പോളിടെക്‌നിക്കുകളിലെ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പിക്കേണ്ടത്. സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള മോഡല്‍ പോളിടെക്‌നിക്കുകളില്‍ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്, ടെലികമ്മ്യൂണിക്കേഷണല്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകള്‍ ലഭ്യമാണ്. പോളിടെക്‌നിക് പാസായവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ബി.ടെക് കോഴ്‌സുകള്‍ക്ക് ചേരാവുന്നതാണ്.

ഐ.ടി.ഐ
സാങ്കേതിക പഠനരംഗത്ത് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളാണ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍. എസ്.എസ്.എല്‍.സിക്ക് ശേഷം കൂടുതല്‍കാലം പഠിക്കാതെ തൊഴില്‍ മേഖലയില്‍ പ്രവേശിക്കാനുതകുന്നതാണ് ഇവിടെ നടത്തുന്ന കോഴ്‌സുകള്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലും വിദേശത്തും നല്ല ശമ്പളത്തില്‍ ജോലി ചെയ്യാന്‍ ഈ കോഴ്‌സുകള്‍ സഹായിക്കും. ഒരു വര്‍ഷത്തെ, രണ്ടുവര്‍ഷത്തെ, മൂന്നു വര്‍ഷത്തെ കോഴ്‌സുകള്‍ ലഭ്യമാണ്. എന്‍ജിനീയറിംഗ്, നോണ്‍ എന്‍ജിനീയറിംഗ് മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്. സാങ്കേതിക മേഖലയില്‍ 26 കോഴ്‌സുകളും സാങ്കേതികേതര രംഗത്ത് അഞ്ച് കോഴ്‌സുകളുമാണുള്ളത്. എന്‍ജിനീയറിംഗ് ഏക മെട്രിക് വിഭാഗത്തില്‍ മെക്കാനിക്ക് ഫോര്‍ജര്‍ ആന്റ് ഹീറ്റ് ട്രീറ്റര്‍, പ്ലാസ്റ്റിക് പ്രൊസസിംഗ് ഓപ്പറേറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍ എന്നീ കോഴ്‌സുകളും എന്‍ജിനീയറിംഗ് ദ്വിവത്സര മെട്രിക് വിഭാഗത്തില്‍ ഡ്രാഫ്റ്റ്മാന്‍ (സിവില്‍), ഡ്രാഫ്റ്റ്മാന്‍ (മെക്കാനിക്ക്), സര്‍വേയര്‍, ഇലക്ട്രീഷ്യന്‍, റേഡിയോ ആന്റ് ടി.വി. മെക്കാനിക്ക്, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, ഓട്ടോമൊബൈല്‍ മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് തുടങ്ങിയ കോഴ്‌സുകളുമാണുള്ളത്. നോണ്‍ മെട്രിക് ട്രേഡുകളില്‍ എസ്.എസ്.എല്‍.സി. തോറ്റവര്‍ക്കും അപേക്ഷിക്കാം.

എന്‍.ടി.ടി.എഫ് കോഴ്‌സുകള്‍
നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ്ങ് ഫൗണ്ടേഷന്‍ ഡിപ്ലോമ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നടത്തുന്നുണ്ട്. ടൂള്‍ ആന്‍ഡ് ഡൈ, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, മെക്കാട്രോണിക്‌സ് (ഡിപ്ലോമ കോഴ്‌സുകള്‍), ടൂള്‍ ആന്റ് ഡൈ മേക്കിങ്ങ്, ഇലക്‌ട്രോണിക്‌സ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍) എന്നിവയാണവ.

ഫുഡ് ക്രാഫ്റ്റ് കോഴ്‌സുകള്‍
ഫുഡ് പ്രോഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷണറി, ഹോട്ടല്‍ അക്കമൊഡേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് ബേക്കറി, ഹോട്ടല്‍, ടൂറിസം മേഖലകളില്‍ തൊഴില്‍ നേടാന്‍ സഹായകമാണ്. പതിനഞ്ച് മാസത്തെ കാലയളവുള്ള ഈ കോഴ്‌സ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളാണ് നടത്തുന്നത്.

കോഴ്‌സുകളുടെ തെരഞ്ഞെടുപ്പ്

വ്യക്തിത്വ സവിശേഷതകള്‍, താല്‍പര്യം, കഴിവ്, അഭിരുചി, സാമ്പത്തിക അടിത്തറ, ഭാവിയിലെ സാധ്യതകള്‍, ധാര്‍മിക പിന്‍ബലം എന്നിവ പരിഗണിച്ചാണ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്. കുട്ടിയുടെ അഭിരുചി കണക്കിലെടുക്കാതെ തങ്ങളുടെ താല്‍പര്യങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന രക്ഷിതാക്കള്‍ പിന്നീട് ദു:ഖിക്കേണ്ടിവരും. രക്ഷിതാവിന്റെ താല്‍പര്യത്തിന് വഴങ്ങി തനിക്ക് താല്‍പര്യമില്ലാത്ത വിഷയം പഠിക്കേണ്ടിവരുമ്പോള്‍ ഒരു പക്ഷെ, കുട്ടിക്ക് പഠനം വിരസമാവുകയും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരികയും ചെയ്യുമെന്ന യാഥാര്‍ഥ്യത്തിന് നേരെ മുതിര്‍ന്നവര്‍ കണ്ണടക്കരുത്. തനിക്ക് നേടാന്‍ കഴിയാത്ത സ്വപ്നം തന്റെ മകനിലൂടെ/മകളിലൂടെ നേടണമെന്നാഗ്രഹിക്കുന്ന രക്ഷിതാവ് കുട്ടിയുടെ കഴിവ് പരിഗണിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം. രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയും താല്‍പര്യം മാത്രം പരിഗണിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് ബുദ്ധിയല്ല എന്ന തിരിച്ചറിവുണ്ടാകണം. വ്യക്തമായ ദിശാബോധത്തിന്റെ അഭാവത്തിലുള്ള ഇത്തരം പ്രശ്‌നങ്ങള്‍ തലമുറകള്‍ക്ക് നിരാശയുടെ വിത്തുപാകലാണ് എന്ന ബോധത്തോടെ കോഴ്‌സുകള്‍ തെരഞ്ഞെടുക്കലാണ് അഭികാമ്യമായ മാര്‍ഗം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top