കേരളീയ മുസ്ലിം നവോത്ഥാനത്തില്‍ സ്ത്രീപക്ഷ രചനകള്‍

പി.ടി കുഞ്ഞാലി
ആഗസ്റ്റ് 2025
എം. അഹമ്മദ്കണ്ണിന്റെ 'കുമാരി സഫിയാ' എന്ന നോവലിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന ഒരന്വേഷണ പഠനം

കുഞ്ഞുനാളിലേ കണ്ട് മോഹിച്ച സ്വപ്നങ്ങള്‍ തല്ലിക്കൊഴിച്ച് അടുക്കളയിലേക്കും അതു വഴി കിടപ്പറകളിലേക്കും ദയനീയമായി ഉപേക്ഷിക്കപ്പെടുന്ന മുസ്ലിം ബാല്യകൗമാരങ്ങളും അവരുടെ വിഷാദ ദുരിത ഭാവങ്ങളും എന്നും സഫിയയുടെ മുന്‍ഗണനകള്‍ തന്നെയായി മാറിയത് സ്വാഭാവികം. ഇതിനെതിരെയുള്ള കുതറല്‍ കൂടിയാണ് ഈ ആത്മകഥാരൂപത്തിലെഴുതപ്പെട്ട ആഖ്യായിക. ബാല്യത്തിലേ ജീവിതം വരണ്ട മീരയെ പ്രതിയുള്ള സഫിയായുടെ ആഖ്യാനങ്ങളിലൂടെയും ആത്മഗതങ്ങളിലൂടെയും  ദീര്‍ഘതയുള്ള സംഭാഷണത്തിലൂടെയുമാണ് എഴുത്തുകാരന്‍ മുസ്ലിം സ്ത്രീ ജീവിതത്തിലെ നവോത്ഥാനത്തെ തോറ്റിയെടുക്കുന്നത്. ആഖ്യായികയില്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ മകനായ ഖാലിദ് പ്രധാന കഥാപാത്രമാണ്. ഇവന്‍ മുക്കുവ കുമാരനെങ്കിലും ബുദ്ധിയും വിവേകവും വേണ്ടുവോളമുള്ള സമര്‍ഥനായൊരു വിദ്യാര്‍ത്ഥിയാണ്. പക്ഷേ അധ്യാപകര്‍ പോലും ഇവനെ വംശീയമായി മാത്രമാണ് പരിഗണിക്കുന്നത്. മതം ഒട്ടുമേ അനുശാസിക്കാത്ത ഈ വംശീയതയെ സഫിയായും അവളുടെ പിതാവും നിരന്തരമായി തിരുത്തുന്നുണ്ട്. മാത്രമല്ല, മാഷ് ഇടപെട്ട് പണം സ്വരൂപിച്ച് ഖാലിദിനെ മേല്‍പഠിപ്പിന് സൗകര്യമൊരുക്കി അയക്കുന്നുമുണ്ട്.

അങ്ങനെ പൊതുലോക ബോധത്തിലേക്ക് വളര്‍ന്ന ഖാലിദ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നു. ഗാന്ധിജിയില്‍  ആകൃഷ്ടനായ ഖാലിദ് ദേശീയ സമരങ്ങളുടെ ഭാഗമാവുന്നു. സമര തീക്ഷ്ണതയിലൂടെ കടന്നുപോവുകയും നിരന്തരം ജയില്‍ വാസം അനുഭവിക്കുകയും ചെയ്യുന്ന ഈ യുവാവ് മൗലാനാ അബുല്‍ കലാം ആസാദിന്റെയും മുഹമ്മദ് അബ്ദുറഹിമാന്റെയും ഇ. മൊയ്തു മൗലവിയുടെയും ഉറ്റ അനുയായിയായി തിരുവിതാംകൂറില്‍ വളര്‍ന്നു നിന്നു. അപ്പോഴും പക്ഷേ, ഖാലിദ് തന്റെ മതപരമായ സ്വത്വം നിലനിര്‍ത്താന്‍ തടവറക്കകത്തു പോലും നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്നത് കാണാം. തടവില്‍ നിന്നിറങ്ങിയ ഖാലിദ് ജാമിയ മില്ലിയ്യയില്‍ ബിരുദ പഠനത്തിന് ചേരുന്നു. ഒരു സമുദായമെന്ന നിലയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ സാധ്യതയിലേക്ക്  നിരന്തരം ഔല്‍സുക്യം പ്രകടിപ്പിക്കുന്ന ഒരു നവോത്ഥാന പ്രസരം നമുക്കീ കൃതിയില്‍ കാണാം.  പുസ്തകത്തിലെ ഈ അധ്യായങ്ങള്‍ ദേശീയ സ്വാതന്ത്ര്യം പരമ പ്രധാനം തന്നെയാണെന്നും അതിനായി  മുന്നിട്ടിറങ്ങേണ്ടത്  സമുദായത്തിന്റെ അനിവാര്യമായ ആവശ്യമാണെന്നും പ്രഖ്യാപിക്കുന്നു. അതിനായി വായനക്കാരെ പ്രേരിപ്പിക്കും വിധമാണ് ആഖ്യായികയിലെ ഖാലിദ് നമ്മെ സംബോധന ചെയ്ത് സംസാരിക്കുന്നത്. ഒപ്പം സമുദായത്തിന്റെ സാംസ്‌കാരിക സ്വത്വങ്ങള്‍ കുടഞ്ഞെറിയാതെ ആത്മത്തില്‍ നിലനിര്‍ത്താനുള്ള ധീരതയും  അനിവാര്യമാണെന്ന പാഠവും.

 ജാമിയ മില്ലിയ്യയില്‍ നിന്ന് ധനതത്ത്വശാസ്ത്രവും ഒപ്പം ഇഖ്ബാല്‍ കവിതകളും ഗഹനതയില്‍ പഠിച്ച് ജയിച്ചെത്തിയ ഖാലിദ്  നിരന്തരം ഇടപെട്ടത് തിരുവിതാംകൂറിലെ മുസ്ലിം സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നു വരുന്ന  തനിക്ക് ജീവിതം തന്ന മാഷ്‌ന്റെ മകള്‍ സഫിയാക്ക് ഖാലിദ് എഴുതുന്ന ദീര്‍ഘമായ കത്തുകളില്‍ മുസ്ലിം സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാക്കുന്ന സാഹചര്യങ്ങള്‍ നമുക്ക് ലഭ്യമാവും. സൂക്ഷ്മാര്‍ഥത്തില്‍ ആഖ്യായികയിലെ ഖാലിദ് പ്രതീകവല്‍കരിക്കുന്നത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ തന്നെയാണെന്ന് വായനക്കാര്‍ക്ക് തോന്നും വിധമാണ് അഹമ്മദ് കണ്ണ് രചന നിര്‍വഹിച്ചിട്ടുള്ളത്.

സാധാരണയായി ആ ഗ്രാമീണ മനുഷ്യര്‍ അവരുടെ അന്തഃ സംഘര്‍ഷങ്ങള്‍ ഇറക്കിവെക്കാറുള്ളത് ബദരീങ്ങളോടുള്ള ഇടതേട്ടത്തിലും ജീലാനിയുടെ ഹക്കിലും ജാഇലും തൊട്ടുള്ള തവസ്സിലൂടെയാണ്. അതാണവര്‍ക്ക് കിട്ടിയ മതശിക്ഷണം. അതു മാറി അര്‍ഥനയത്രയും പരമ കാരുണികനായ അല്ലാഹുവിനോടായതിന് പിന്നില്‍ സഫിയായുടേയും പിതാവിന്റേയും ഖാലിദിന്റെയും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഈയൊരാശയ പ്രചാരണം തന്നെയാണീ രചനയുടെ ആധാരം.

അബ്ദുല്ല മാഷിന്റെ നിസ്വാര്‍ഥമായ സാമൂഹിക പരിശ്രമങ്ങളുടെ ബലത്തിലാവാം അദ്ദേഹത്തെ മഹല്ല് ഖത്തീബായി നിയമിക്കാന്‍ ഗ്രാമത്തിലെ യുവജന സമാജങ്ങള്‍ കടുത്ത സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. യാഥാസ്ഥിതിക പുരോഹിതന്മാരുടെ രോഷവും നാട്ടു മുതലാളിമാരുടെ നീരസവും വകവയ്ക്കാതെയായിരുന്നു മാഷിന് വേണ്ടി ശിഷ്യന്മാര്‍ ഉള്‍പ്പെടുന്ന യുവജനം ഇങ്ങനെയൊരു സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടുവന്നത്. അദ്ദേഹം ആ പദവിക്ക് സര്‍വഥാ യോഗ്യനാണെന്ന് നാട്ടു കൂട്ടത്തിനൊന്നടങ്കമറിയാം. ഗ്രാമത്തിന്റെ ഈയൊരു പരിണാമ ഘട്ടം വായിക്കുമ്പോള്‍ തീര്‍ച്ചയായും നാം ആസ്വാദകര്‍ നല്ല പിരിമുറുക്കത്തിലാവും. രണ്ട് തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഗ്രാമം സാക്ഷിയാവുകയാണ്. യുവജനം മാഷിന് പിന്നില്‍ ഉറച്ചുനിന്നു. എന്നാല്‍ പള്ളിസ്ഥാനം സ്വീകരിക്കാന്‍ മാഷ് കണിശങ്ങളായ നിരവധി ഉപാധികള്‍ എഴുതി മുതവല്ലിമാര്‍ക്ക് നല്‍കി. പുരോഹിതപ്പടക്കുനേരെയുള്ള കനത്ത വെല്ലുവിളിയായിരുന്നു ആ ഉപാധി രേഖകള്‍. നാട്ടു മൂപ്പന്‍മാര്‍ ശരിക്കും ഞെട്ടി. അവര്‍ താങ്ങിനിര്‍ത്തുന്ന പുരോഹിതക്കൂട്ടവും വിഭ്രാന്തരായി. മഹല്ലിന് സമര്‍പ്പിക്കാന്‍ ഉപാധി രേഖ തയ്യാറാക്കിയത് സഫിയായും ഖാലിദും പിന്നെ അബ്ദുല്ല മാഷും ചേര്‍ന്നാണ് .

തീര്‍ച്ചയായും ഈ രേഖ കേരളീയ മുസ്ലിം നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏട് തന്നെയാണ്. ആ രേഖകള്‍  വളരെ ഹൃദ്യമായും വിസ്താരമാര്‍ന്നുമാണ് തന്റെ ആത്മകഥാഖ്യായികയില്‍ സഫിയാ സമാഹരിക്കുന്നത്. ''ജുമുഅ ഖുതുബ വിശ്വാസികളെ സന്മാര്‍ഗികളാക്കാന്‍ ആയതുകൊണ്ട് ആയത് നാട്ടുഭാഷയിലേ  നിര്‍വഹിക്കാന്‍ പാടുള്ളൂ. അതങ്ങനെ മാത്രമേ ഞാന്‍ പൂര്‍ത്തിയാക്കുകയുള്ളൂ. അത് നിങ്ങള്‍ മഹല്ല് സമിതി സമ്മതിക്കണം. അതുപോലെ വിവാഹ ഖുത്തുബ കുടുംബ ജീവിതത്തെ പ്രതി മാത്രമായിരിക്കും. അതും നാട്ടുഭാഷയില്‍. മാലകളും മൗലിദുകളും ഓതുകയോ പാടുകയോ ഇല്ല. പകരം മഹാത്മാക്കളുടെ സത്യ ജീവിതചരിത്രങ്ങള്‍ മാത്രമേ പ്രഭാഷണങ്ങളില്‍ അവതരിപ്പിക്കുകയുള്ളൂ. പള്ളികളോട് അനുബന്ധിച്ചുള്ള ഓത്തുപുരകളില്‍ ദേശവാസികള്‍ക്കായി വായനശാലകളും ഗ്രന്ഥാലയങ്ങളും തുടങ്ങുന്നതാണ്. യുവതീ യുവാക്കള്‍ വായിച്ചു വളരാനുള്ള മാര്‍ഗം അതൊന്നു മാത്രം. സകാത്ത് മഹല്ല് നേരിട്ട് പിരിച്ചെടുത്ത്  നാട്ടിലെ ദരിദ്ര മനുഷ്യരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പൊതു ആവശ്യങ്ങള്‍ക്കും മാത്രമായി ഉപയോഗിക്കണം. മഹല്ല് വാസികള്‍ നിര്‍ബന്ധമായും സ്വദേശീ വ്രതം പരിപാലിക്കണം. പള്ളികളെ സ്രഷ്ടാവിനെ ആരാധിക്കുന്ന ഇടമായി മാത്രമേ കാണാനാവൂ. അല്ലാതെ ഉത്സവ സ്ഥലങ്ങളായോ കത്തപ്പുരകളായോ പരിഗണിക്കപ്പെടാന്‍ പാടില്ല. സ്ത്രീയും പുരുഷനും ഒരുപോലെ മത കര്‍മാനുഷ്ഠാനങ്ങളില്‍ നിഷ്ഠ പാലിക്കണം. കോഴി അറുപ്പ്, പേരിടല്‍ ചടങ്ങ് മുതലായവ പുരോഹിത സാന്നിധ്യമില്ലാതെ തന്നെ അവരവര്‍ സ്വയം നിര്‍വഹിക്കണം. മതത്തില്‍ സ്ഥാനമില്ലാത്തതും മത കര്‍മമായി ഇക്കാലത്ത് കരുതപ്പെടുന്നതുമായ സകലതും ഉപേക്ഷിക്കണം. ആഭാസപ്പറച്ചില്‍, വട്ടപ്പേര് വിളിക്കല്‍ ഇതൊക്കെയും എല്ലാവരും ഒഴിവാക്കണം''.

''ഗ്രാമത്തില്‍ ഒരു സഹകരണസംഘവും വഴക്കുകള്‍ പറഞ്ഞു തീര്‍ക്കുന്ന ഒരു നാട്ട് പഞ്ചായത്തും സ്ഥാപിക്കണം.  മഹല്ല് നിവാസികള്‍  ആവശ്യപ്പെടുമ്പോള്‍ തക്ക ഉറപ്പിന്മേല്‍ പലിശ കൂടാതെ പണം കൊടുപ്പാന്‍ ഒരു പണബാങ്കും ഉടനടി സ്ഥാപിക്കണം. ദാരിദ്ര്യവും ഭിക്ഷാടനവും ഗ്രാമത്തില്‍നിന്ന് നിശ്ശേഷം ഇല്ലാതാക്കി അവര്‍ക്കായി കൈത്തൊഴില്‍, അവശജന സംരക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തണം. സ്ത്രീധനത്തിന്റെ തുകയും ആഭരണങ്ങളുടെ വിലയും അടിയന്തരങ്ങളുടെ ചെലവും ക്ലിപ്തപ്പെടുത്തുകയും, തൊഴിലാളികളുടെ കൂലിനിരക്ക് കൂട്ടി അവരുടെ വൈവശ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം. സുന്നത്തടിയന്തരങ്ങള്‍ക്ക് നൂറു രൂപയിലും വിവാഹ സല്‍ക്കാരങ്ങള്‍ക്ക് മൂന്നൂറ് രൂപയിലും ആഭരണങ്ങള്‍ക്ക് അഞ്ഞൂറ് രൂപയിലും കവിഞ്ഞ് മഹല്ലില്‍ ആരും ചെലവിടരുത്. തൊഴിലാളികളുടെ കൂലി അമ്പത് ശതമാനം കൂട്ടി നല്‍കണം. വെള്ളിയാഴ്ചയിലെ ജുമാ നമസ്‌കാരം ഒഴികെ പ്രതിദിനം അഞ്ചുനേരത്തിലും ഇമാം ജമായത്തില്‍ സ്ത്രീകള്‍ കൂട്ടമായി വന്നു അവര്‍ ക്കൊതുക്കപ്പെട്ട സ്ഥലത്തുനിന്ന് നമസ്‌കരിക്കണം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുപ്പാന്‍ മഹല്ല് കാര്യസ്ഥന്മാര്‍ പള്ളിക്കൂടത്തില്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണം.''

ഇതൊക്കെ തന്നെയല്ലേ നവോത്ഥാനം കൊണ്ട് അര്‍ഥമാക്കുന്നത്. അക്കാല മുസ്ലിം പരിഷ്‌കരണ സംഘങ്ങള്‍ മുന്നോട്ട് വെച്ച സര്‍വ മൂല്യങ്ങളും സങ്കല്പനങ്ങളും ഒന്നൊഴിയാതെ ഈ ഉപാധികളിലുണ്ട്. നിര്‍ബന്ധിത സാഹചര്യത്തില്‍ ഉപാധികളത്രയും അംഗീകരിച്ച് മഹല്ല് നായകര്‍ മാഷ്‌നെ ഖത്തീബാക്കി നിയമിച്ചു. അതോടെ അവരുടെ ഗ്രാമം പതിയേ സാംസ്‌കാരിക അഭ്യുന്നതിയിലേക്ക് നടന്നടുക്കുന്ന കാഴ്ച പുസ്തകം പറഞ്ഞുതരുന്നു. മഹാത്മാ ഗാന്ധിയുടേയും മൗലാനാ ആസാദിന്റെയും മുഹമ്മദ് അബ്ദുര്‍റഹിമാന്റെയും ഇ. മൊയ്തു മൗലവിയുടെയും അനുചാരികളായി മാറിയ നാട്ടുകാര്‍ ദേശീയ പ്രസ്ഥാനത്തില്‍ കൗതുകപൂര്‍വം പങ്കെടുത്തുതുടങ്ങി. ഒപ്പമവര്‍ മതസാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്കും പടരാന്‍ തുടങ്ങി. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ കേവലാനുഷ്ഠാന പ്രധാനമായ മതത്തെയല്ല നാം കാണുന്നത്. മറിച്ച്, മതത്തിന്റെ അനുഷ്ഠാനപരവും മാനവികവും സാമൂഹികവും രാഷ്ട്രീയവുമായ സര്‍വ മണ്ഡലങ്ങളേയുമാണ് സമീകൃതവും സമ്യക്കുമായി നാമിവിടെ കാണുന്നത്.  

സ്വദേശീ വ്രതം നിര്‍ബന്ധമാകണമെന്ന ഉപാധിവെച്ചതോടെ  ദേശവാസികളെ ഒട്ടാകെ ഇവര്‍ സ്വാതന്ത്ര്യസമരത്തിന്റെ അനിവാര്യ ഭാഗമാക്കി മാറ്റുകയായിരുന്നു. ഗ്രാമത്തെയും അവിടുത്തെ മതപൗരോഹിത്യത്തേയും വില കൊടുത്ത് മേടിച്ചിരുന്ന പണക്കാരനായിരുന്നു നൂര്‍ജഹാന്റെ പിതാവ് അടിമമുതലാളി. പുരോഹിതന്മാര്‍ ഇയാള്‍ക്കെതിരെ സംസാരിച്ചതേയില്ല. ഇദ്ദേഹം നടത്തുന്ന തൊഴിലാളി ചൂഷണങ്ങളൊന്നുമവര്‍ കണ്ടതുമില്ല. കാരണം പ്രാര്‍ഥനക്കായി പള്ളിയിലേക്ക് പോകുമ്പോള്‍ മുസ്ല്യാര്‍ മുന്നിലാണെങ്കില്‍, ചെലവ് വീട്ടിലേക്ക് ഭക്ഷണത്തിന് പോകുമ്പോള്‍ ഹാജിയാവും മുന്നില്‍. അപ്പോള്‍ മുതലാളിയുടെ വളരേ പിന്നില്‍ യാതൊരു നിര്‍വാഹകത്വവുമില്ലാതെ കൂനിനടക്കുന്ന പുരോഹിത ദീനതയാണ് ദൃശ്യപ്പെടുക. അക്കാല ഗ്രാമക്കാഴ്ചകളൊക്കെയും അങ്ങനെയാവാനേ തരമുള്ളൂ.

ഇതിനിടയില്‍ നാട്ടില്‍ വസൂരി രോഗം പടര്‍ന്നു പിടിക്കുന്നു. അത് നേരാംവണ്ണം ചികിത്സിക്കുന്നതിന് പകരം ബൈത്തും പാട്ടും മാലകളുമായി ഓടിനടന്നിരുന്ന പൊതുജനത്തില്‍ നിന്നും ഭിന്നമായി സഫിയായും കൂട്ടുകാരും സന്നദ്ധ സേവനത്തിന് ഇറങ്ങുന്ന ഒരു ഭാഗമുണ്ട് ഈ ആത്മകഥാഖ്യാനത്തില്‍. മാലയും മൗലിദും പരിഹാരമല്ലെന്നും ആരോഗ്യപരിപാലനവും ഒപ്പം സ്രഷ്ടാവിനോട് നേരിട്ട് നടത്തുന്ന അകമഴിഞ്ഞ പ്രാര്‍ഥനയുമാണ് ഇത്തരം സന്ദിഗ്ധകള്‍ ആവശ്യപ്പെടുന്നതെന്നുമുള്ള ഇസ്ലാമിക പാഠം അവരെ പഠിപ്പിച്ചത് സഫിയായും സംഘവുമാണ്. ഇതും കൂടിത്തന്നെയാണ് നവോത്ഥാനം. ദേശീയ സ്വാതന്ത്ര്യം ലഭിക്കാനുള്ള തീക്ഷ്ണ പ്രക്ഷോഭം നടക്കുന്ന നാല്പതുകളില്‍ ആയിരിക്കാം ആത്മകഥാരൂപത്തിലെഴുതിയ ഈ ആഖ്യായിക ആദ്യമായി പ്രകാശിതമാകുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകോട് ഗാന്ധി എന്ന് പരക്കേ അറിയപ്പെട്ടിരുന്നവരുമായ ഐക്യഭവനത്തില്‍ എം. അഹമ്മദ് കണ്ണ് സാഹിബാണീ സമഗ്ര ആഖ്യായിക എഴുതിയത്. ദേശീയ സ്വാതന്ത്ര്യ സമര പ്രവര്‍ത്തകനും മതപരിഷ്‌കരണ വാദിയുമായിരുന്ന  അഹമ്മദ് കണ്ണ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.എം ഹസ്സന്റെ പിതാമഹന്റെ സഹോദരപുത്രനാണ്. അന്ന് സ്വന്തം വീട്ടിന് അഹമ്മദ് കണ്ണ് പേര് വെച്ചത് ഐക്യ ഭവനം എന്നായിരുന്നു. 'ഇസ്ലാം മതവും സ്ത്രീകളും, മുഹമ്മദ് നബിയും ക്രിസ്തുവും തുടങ്ങി നിരവധി കൃതികള്‍ രചിച്ച അഹമ്മദ് കണ്ണ് അക്കാലത്തെ ഉജ്ജ്വല പ്രഭാഷകന്‍ കൂടിയായിരുന്നു. ഒരു പ്രഭാഷണ വേദിയില്‍ വെച്ചാണദ്ദേഹം ഹൃദയസ്തംഭനം വന്ന് മരിക്കുന്നത്.

ഈ പഠനകുറിപ്പിനായി അന്വേഷിച്ചപ്പോള്‍ ലഭ്യമായത് ആയിരത്തിതൊള്ളായിരത്തി അമ്പത്തിമൂന്നില്‍ പ്രകാശിതമായ പുസ്തകമാണ് എന്നാണ്. അത് പുനപ്രകാശനമാണെന്ന് ധരിക്കാവുന്ന നിരവധി ന്യായങ്ങള്‍ പുസ്തകത്തിലുടനീളമുണ്ട്. തിരുവിതാംകൂറിലെ പഴയ ഗ്രന്ഥപ്പുരകളും മച്ചിന്‍പുറങ്ങളും പരതിപ്പോയാല്‍ ആദ്യ പതിപ്പുകള്‍ തന്നെ നമുക്ക് ലഭ്യമായേക്കും. ഈ പുസ്തകത്തിന്റെ പ്രസാധനം നിര്‍വഹിച്ചത് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.എം ഹസ്സന്റെ പിതാമഹനായ എ.എം ഹസന്‍ സാഹിബാണ്. എം.എം ഹസന്റെ ആത്മകഥയായ 'ഓര്‍മ്മചെപ്പി''ല്‍ ഈ പുസ്തകത്തെയും പിതാമഹന്റെ സഹോദര പുത്രനായ അഹമ്മദ് കണ്ണിനേയും പ്രതി വിശദമായി വിവരിക്കുന്നുണ്ട്. അവരൊക്കെയുമന്ന് ഗാന്ധിയന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സജീവ ഭാഗമായിരുന്നു. ഒപ്പം ഇസ്ലാമിക നവോത്ഥാനത്തിന്റെ ഉറച്ച പ്രചാരകരും. എങ്ങനെയാണ് നാല്പതുകളിലെ ഒരു മുസ്ലിം യുവതി കാലത്തോടും തന്റെ മതപരിസരത്തോടും അതില്‍ അള്ളി നിന്നിരുന്ന അന്ധബോധ്യങ്ങളോടും സര്‍ഗാത്മകമായി പെരുമാറുന്നതെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. തീര്‍ച്ചയായും ഇത് ഒരു അതിശയമാണ്. മുക്കാല്‍ നൂറ്റാണ്ടിനപ്പുറത്ത് കേരളീയ മുസ്ലിം സാമൂഹികജീവിതം എങ്ങനെയൊക്കെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും, അതില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചതെങ്ങനെയെന്നും പുതുകാല മനുഷ്യര്‍ക്കറിയാന്‍ ഈ ആത്മകഥാഖ്യായിക വലിയ തോതില്‍ ഉപകരിക്കും.

ഇന്ന് നാം കാണുന്ന മുസ്ലിം നവോത്ഥാന കേരളം പ്രാപ്യമാവാന്‍ എന്തെന്ത് സഹനപര്‍വങ്ങളാണ് അക്കാല പരിഷ്‌കര്‍ത്താക്കള്‍ താണ്ടിക്കടന്നതെന്നും, അതില്‍ നമ്മുടെ ഭാവനാ സമ്പന്നരായ സര്‍ഗാത്മക എഴുത്തുകാര്‍ നല്‍കിയ സംഭാവനകള്‍ എന്തൊക്കെയാണെന്നും ഈ പുസ്തകം നമ്മോട് പറയുന്നു. നൂറ്റിഎഴുപതിലേറെ പുറങ്ങളിലേക്ക് വികസിക്കുന്ന ഈ ആത്മകഥാഖ്യാനം നമുക്ക് നല്ലൊരു വായനാനുഭവം തരുന്നു. അന്നതിന് വിലയിട്ടിരിക്കുന്നത് ഒരു രൂപയും നാലണയുമാണ്. അണയെന്ന നാണയ വ്യവസ്ഥ തന്നെ നാം എന്നോ ഉപേക്ഷിച്ചതാണ്. കൗതുകം നിറഞ്ഞതാണ് പുസ്തകത്തിന്റെ ഭാഷയും ആഖ്യാന പരിസരവും. അതൊരു കാലവും ചരിത്രവും മനുഷ്യാനുഭവവുമാണ്; അനുഭൂതിയും.

[ഈ പഠനം തയ്യാറാക്കാനായി അഹമ്മദ് കണ്ണിന്റെ കുമാരി സഫിയാ ലഭ്യമാക്കിയത് മുസ്ലിം പൈതൃക രേഖാ സൂക്ഷിപ്പുകാരനും എഴുത്തുകാരനുമായ പ്രിയ സുഹൃത്ത് അബ്ദുറഹ്‌മാന്‍ മങ്ങാടാണ്.]

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media