എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയാണ് സഫ്രീന ലത്തീഫ്
2025 മെയ് 18 രാവിലെ 10.45, മലയാളി മങ്കയുടെ പാദമുദ്രകള്‍ ലോകത്തിന്റെ ഉച്ചിയില്‍ പതിച്ച ആദ്യ മുഹൂര്‍ത്തം. അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെയും അസാമാന്യ ഇഛാശക്തിയുടെയും ഉടമയായ കണ്ണൂര്‍ വേങ്ങാട് സ്വദേശി സഫ്രീന ലത്തീഫായിരുന്നു, മരണ മുനമ്പുകള്‍ താണ്ടി മഞ്ഞിലുറഞ്ഞ എവറസ്റ്റ് കൊടുമുടിയെ കാല്‍ ക് ഴിലാക്കി കേരളത്തിന് പുതുചരിത്രം രചിച്ചത്. സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും സമയം കണ്ടെത്തുന്നതിന് സ്ത്രീകള്‍ ആരെയും കാത്തിരിക്കരുതെന്നും കുടുംബചക്രങ്ങള്‍ സ്ത്രീയില്ലെങ്കിലും സുഖമായി കറങ്ങുമെന്നും വിശ്വസിക്കുന്ന സഫ്രീനയും, പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്കും അഭിരുചികള്‍ക്കും തന്റേതുപോലെ പ്രാമുഖ്യം നല്‍കിയ ഡോ. ഷമീല്‍ മുസ്ത്വഫയും സമന്വയിച്ചപ്പോഴാണ് ഈ നേട്ടം കൈവരിക്കാനായത്.
സാഹസികത രക്തത്തിലലിഞ്ഞ സഫ്രീന വൈവിധ്യങ്ങളുടെ കാഴ്ചപ്പാടുള്ള വനിതയാണ്. താനിഷ്ടപ്പെട്ട പഠന വിഷയങ്ങളിലും ഇടപെടുന്ന മറ്റു മേഖലകളിലും അതിന്റെ പരമോന്നതിയിലെത്തുക എന്ന ദിശാബോധമാണ് അവരെ കൊടുമുടികളിലെത്തിച്ചതും. പ്ലസ് ടു സയന്‍സിന് ശേഷം ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍ സ്വര്‍ണ മെഡലോടെ ബിരുദ ബിരുദാനന്തര പഠനം. ഉയര്‍ന്ന ജോലി വിട്ട് ബേക്കിംഗ് ആര്‍ട്ടിസ്റ്റായി മികച്ചു നില്‍ക്കുമ്പോഴാണ് കോവിഡ് ലോകത്തെ സ്തംഭിപ്പിച്ചത്.
അതൊരു സാധ്യതയാക്കി ആരോഗ്യം മെച്ചപ്പെടുത്താനും ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുമായി ജിംനേഷ്യവും മാരത്തോണ്‍ പരിശീലനവും നടത്തിയപ്പോഴാണ് മുമ്പൊരിക്കലും 100 മീറ്റര്‍ പോലും നടന്നോ ഓടിയോ, അഞ്ചുകിലോ തൂക്കിയെടുത്തോ പരിചയമില്ലാത്ത, കാല്‍നൂറ്റാണ്ടിലധികം പ്രവാസിയായ സഫ്രീനയില്‍ പര്‍വതാരോഹണ മോഹം മുളപൊട്ടിയത്.
ആഫ്രിക്കയിലെ 5895 മീറ്റര്‍ ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടിയാണ് സഫ്രീന - ഷമീല്‍ ദമ്പതികള്‍ ഒന്നിച്ച് ആദ്യമായി കീഴടക്കിയത്. പിന്നീട് ഏതൊരു സാഹസികരുടെയും മോഹം പോലെ അതിലും ഉയരമുള്ള സെവന്‍ സമ്മിറ്റിലെ രണ്ടാമതായ അര്‍ജന്റീനയിലെ അക്വാന്‍കാഗോ (6961 മീറ്റര്‍)യെ അവര്‍ കാല്‍ക്കീഴിലാക്കി. നാല് മാസത്തെ ഇടവേളയില്‍ ഒന്നിനു പിറകെ മറ്റൊന്നുകൂടി അധീനപ്പെട്ടപ്പോള്‍ ഈ ദമ്പതികള്‍ക്ക് എവറസ്റ്റല്ലാതെ മറ്റൊരു ലക്ഷ്യമുണ്ടായിരുന്നില്ല. അതിനായി റഷ്യയിലെ മൗണ്ട് എല്‍ബ്രസിനെയും (5642 മീ.) കീഴൊതുക്കി. തണുപ്പിനെ വശത്താക്കുന്നതിന് ഖസാക്കിസ്ഥാനിലെ ഉയരമേറിയ ഹിമഗിരിയിലെ ഐസ് പരിശീലനം ദുര്‍ഘടമായ ഹിമാലയത്തെ അധീനപ്പെടുത്താന്‍ അനിവാര്യമായിരുന്നു. പരിശീലന വഴിയിലേറ്റ പരിക്ക് കാരണം ഭര്‍ത്താവ് ഡോ. ഷമീലിന് എവറസ്റ്റിലേക്ക് സഫ്രീനയോടൊപ്പം ചേരാനായില്ല. കാത്തിരിപ്പ് കരണീയമല്ലെന്ന് കരുതി ഡോ. ഷമീല്‍ ഭാര്യയെ പൂര്‍ണ പിന്തുണയോടെ ഒറ്റക്ക് എവറസ്റ്റിലേക്ക് യാത്രയാക്കുകയായിരുന്നു.
ദോഹയില്‍നിന്ന് ഏപ്രില്‍ 12-നാണ് ഏക മകള്‍ മിന്‍ഹയോടും മാതാപിതാക്കളോടും തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയില്ലാതെ യാത്ര പറഞ്ഞ് നേപ്പാളിലെ ലുക്ള എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നത്. ഏഴ് ദിവസം നടന്ന് ബെയ്സ് ക്യാമ്പിലെത്തി കൊടുമുടി കയറാനുള്ള കടമ്പകള്‍ മറികടക്കുന്നതിനുള്ള തീവ്ര പരിശീലനമായ റൊട്ടേഷന്‍ ക്ലൈമ്പുകള്‍ ആരംഭിച്ചു. ഖുംബു ഐസ് ഫാള്‍ പ്രദേശമായ, 90 ഡിഗ്രി കുത്തനെ മഞ്ഞു വീണടിഞ്ഞു കിടക്കുന്ന, റോപ്പില്‍ പിടിച്ചു തൂങ്ങി കയറുകയും ഊര്‍ന്നിറങ്ങുകയും ചെയ്യുകയെന്ന ഐസ് പാളികള്‍ക്കിടയിലൂടെയുള്ള അഭ്യാസങ്ങള്‍ പാനിക് അറ്റാക്കിലെത്തിച്ചു. അന്ന് കുടുംബം തിരിച്ചു വിളിച്ചെങ്കിലും ഭര്‍ത്താവിന്റെ പ്രചോദനം മാത്രമാണ് മുന്നോട്ട് നയിച്ചത്.
2025 മെയ് 14 വെളുപ്പിനായിരുന്നു സമ്മിറ്റിലേക്കുള്ള ത്യാഗമേറിയ യാത്ര തുടങ്ങിയത്. 12 മണിക്കൂര്‍ തുടര്‍ച്ചയായ ശ്രമത്തില്‍ ക്യാമ്പ് 4-ല്‍ എത്തിയപ്പോള്‍ 8000 മീറ്റര്‍ താണ്ടി ഏറ്റവും അപകടകരമായ ഡത്ത്സോണുകളാണ് അവശേഷിക്കുന്നത്. പ്രവചനാതീതമായ കാലാവസ്ഥ, കാറ്റും മഞ്ഞും രൗദ്രഭാവത്തിലാണെപ്പോഴും. എവറസ്റ്റ് ലക്ഷ്യമിട്ട് എത്തിയ സാഹസികര്‍ ചേതനയറ്റ് മഞ്ഞിലുറഞ്ഞ് കിടക്കുന്ന കാഴ്ചകളിലൂടെ മരണമണി മുഴങ്ങുന്നത് മാത്രം കേട്ടുകൊണ്ടാണ് ദൃഢനിശ്ചയത്തോടെ മുന്നോട്ട് നീങ്ങുന്നത്. ആ ഘട്ടത്തിലാണ് ജൈവിക ഘടന താളം തെറ്റി മാസമുറയും എത്തിപ്പെടുന്നത്. സാധാരണ ഗതിയിലാണെങ്കില്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത ശാരീരിക പ്രയാസങ്ങളുള്ള എനിക്കുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അപ്രതീക്ഷിത സന്ദര്‍ഭത്തിലെ ഈ മാറ്റം.
എവറസ്റ്റ് എന്ന തീവ്ര ലക്ഷ്യം മാത്രം മുന്നിലുള്ള സാഹസിക സഞ്ചാരി ശരീരം മറക്കുകയും മനോബലത്തിന്റെ തേരില്‍ നിര്‍ണായക മീറ്ററുകള്‍ താണ്ടുകയും ചെയ്യും. മെയ് 18 നേപ്പാള്‍ സമയം 10.45 - ന് എവറസ്റ്റ് കൊടുമുടിയുടെ മൂര്‍ധാവില്‍ സഫ്രീനയുടെ പാദങ്ങള്‍ നിലയുറപ്പിച്ചു. കണ്ണട അഴിച്ചു 45 മിനിറ്റു നേരം ഹിമ കണങ്ങളില്‍ പൊതിഞ്ഞ ഹിമാലയന്‍ സാനുക്കളെ നോക്കി സായൂജ്യത്തിന്റെ നെടുവീര്‍പ്പയച്ചു. ഇന്ത്യയുടെയും ഖത്തറിന്റെയും പതാകകള്‍ പറത്തി ദൈവത്തോട് നന്ദിയോതി.
ലോകത്തിന്റെ നെറുകയില്‍ നിന്നിറങ്ങുമ്പോള്‍ കാഴ്ച മങ്ങിയ കണ്ണുകളും കരിവാളിച്ച മുഖവും രക്തയോട്ടം നിലച്ച വിരലുകളുമായാണ് തിരിച്ച് ബെയ്സ് ക്യാമ്പിലെത്തിയതെങ്കിലും ലോക മുനമ്പില്‍ മുത്തമിട്ട നിര്‍വൃതി വാക്കുകള്‍ക്കതീതം. വനിതകള്‍ക്കായി അവര്‍ക്കുള്ള സന്ദേശം ഒന്നു മാത്രമേയുള്ളൂ; സ്ത്രീകള്‍ സ്വന്തം ഇഷ്ടത്തിനുള്ള സമയം കണ്ടെത്തിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള ഇച്ഛാശക്തി അവര്‍ക്കുണ്ടെന്നാണ് എന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നത്. പുന്നോല്‍ സ്വദേശി പി.എം ലത്തീഫിന്റെയും സുബൈദയുടെയും മകളായ സഫ്രീനക്ക് മൂന്ന് സഹോദരങ്ങളുണ്ട്