കഴിഞ്ഞ ദിവസം ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നു. വധുവിന്റെയും വരന്റെയും വീട്ടുകാര്‍ നല്ല മതനിഷ്ഠയുള്ളവരാണ്. ഇസ്ലാമിക മര്യാദകള്‍ പാലിക്കുന്നവരാണ്. വധുവും വരനും അങ്ങനെ തന്നെ.
വിവാഹത്തിന്റെ ഭാഗമായി മനോഹരമായ പ്രഭാഷണം നടന്നു. വിവാഹത്തെയും ദാമ്പത്യത്തെയും ദാമ്പത്യ മര്യാദകളെയും സംബന്ധിച്ച് വിശദീകരിച്ച പ്രസംഗത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും പരലോക ബോധം ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു. വിവാഹത്തോടനുബന്ധിച്ച് നടത്തേണ്ട നല്ല ഒരുദ്‌ബോധനം തന്നെയായിരുന്നു ആ പ്രഭാഷണം.
തുടര്‍ന്ന് വിവാഹവും ഭംഗിയായി നടന്നു. അവയെല്ലാം വീഡിയോയില്‍ പകര്‍ത്തി.
അല്പം കഴിഞ്ഞപ്പോള്‍ വരന്റെ കൂട്ടുകാര്‍ വിവാഹ വേദിയിലേക്ക് കടന്നുവന്നു. അവരോടൊന്നിച്ച് വരന്റെ പല പോസുകളിലുമുള്ള ഫോട്ടോകളും വീഡിയോകളുമെടുത്തു. ആഘോഷ വേളകളില്‍ അത്രയുമൊക്കെ സ്വാഭാവികവും അഭിലഷണീയവും തന്നെ.
പിന്നീട് വധുവിനെ മേലാപ്പ് ചൂടി പാട്ടും പാടി സ്റ്റേജിലേക്കാനയിച്ചു. അതിന് ശേഷം എല്ലാം നടന്നത് വീഡിയോ ഗ്രാഫറുടെ നിര്‍ദേശപ്രകാരമായിരുന്നു. അയാള്‍ വധുവിനെയും വരനെയും പല പോസുകളില്‍ നിര്‍ത്തി ഫോട്ടോകളും വീഡിയോകളുമെടുത്തു. പിന്നീട് ഇരുവരോടും ഹസ്തദാനം നടത്താന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഇരുവരോടും പരസ്പരം കെട്ടിപ്പിടിക്കാന്‍ പറഞ്ഞു. രണ്ടു പേരും അല്പനേരം മടിച്ചു നിന്നെങ്കിലും വീഡിയോഗ്രാഫറുടെ നിരന്തരമുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് പരസ്പരം കെട്ടിപ്പിടിച്ചു. മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും കുട്ടികളും മുതിര്‍ന്നവരും പുരുഷന്മാരും സ്ത്രീകളുമൊക്കെ നോക്കിനില്‍ക്കെ ഇരുവരും കാമറയുടെ മുന്നില്‍ ദീര്‍ഘനേരം അങ്ങനെ നിന്നു. ഹാളിലുണ്ടായിരുന്നവരില്‍ നല്ല സൂക്ഷ്മത പുലര്‍ത്തുന്ന ലജ്ജയുള്ളവരൊഴിച്ചെല്ലാം അത് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
കൂട്ടുകാരനോട് അതേക്കുറിച്ച് ചോദിച്ചു. അപ്പോഴാണറിയുന്നത് ഇത് പല വിവാഹ വേദികളിലും പതിവാണെന്ന്. മാന്യന്മാര്‍ക്ക് പങ്കെടുക്കാന്‍ പറ്റാത്തതായി മാറിയിരിക്കുന്നു വിവാഹ വേദികളെന്നര്‍ഥം.
ദമ്പതികള്‍ കിടപ്പു മുറിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വെച്ച് ചെയ്യുകയും അതൊക്കെയും വീഡിയോകളില്‍ പകര്‍ത്തി മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് എത്രമേല്‍ അനിസ്ലാമികവും അശ്ലീലവും നിര്‍ലജ്ജവുമാണെന്ന് ഓര്‍ക്കാത്തവരാണ് പലരുമെന്നത് ഏറെ പരിതാപകരമത്രേ.
ലജ്ജാ ബോധം
സദാചാര ബോധത്തിന്റെയും ധര്‍മ നിഷ്ഠയുടെയും അടിസ്ഥാനം ലജ്ജാ ബോധമാണ്. മനുഷ്യനെ മറ്റു ജീവികളില്‍നിന്ന് വേര്‍തിരിക്കുന്ന അതിമഹത്തായ സവിശേഷത കൂടിയാണത്. അതു കൊണ്ടു തന്നെ ഇസ്ലാം ലജ്ജയെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമായാണ് പരിചയപ്പെടുത്തുകയും നിശ്ചയിക്കുകയും ചെയ്തത്. പ്രവാചകന്‍ പറയുന്നു:
'ലജ്ജ സത്യവിശ്വാസത്തിന്റെ ഭാഗമാണ്' (ബുഖാരി, മുസ്ലിം).
'ലജ്ജ ഇല്ലെങ്കില്‍ തോന്നിയതൊക്കെ ചെയ്യുക' എന്നത് പൂര്‍വ പ്രവാചക വചനങ്ങളില്‍നിന്ന് ജനങ്ങള്‍ പഠിച്ചതാണ് (ബുഖാരി).
ഇബ്‌നു ഉമറില്‍നിന്ന് നിവേദനം: 'ഒരിക്കല്‍ നബി (സ) അന്‍സാരികളില്‍പെട്ട ഒരാളുടെ അരികിലൂടെ നടന്നു പോയി. അയാള്‍ തന്റെ സഹോദരനെ ലജ്ജയുടെ കാര്യത്തില്‍ ഉപദേശിക്കുകയായിരുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'താങ്കള്‍ അവനെ വിട്ടേക്കൂ. തീര്‍ച്ചയായും ലജ്ജ സത്യവിശ്വാസത്തിന്റെ ശാഖയാണ്' (ബുഖാരി, മുസ്ലിം).
പിതാവിന്റെ നിര്‍ദേശം അറിയിക്കാന്‍ മൂസാ നബിയെ സമീപിച്ച സ്ത്രീയെ സംബന്ധിച്ച് പരാമര്‍ശിക്കവേ, വിശുദ്ധ ഖുര്‍ആന്‍ അവരുടെ ലജ്ജാ ശീലത്തെ വാഴ്ത്തിയതായി കാണാം.
'അപ്പോള്‍ ആ രണ്ടു സ്ത്രീകളിലൊരുവള്‍ ലജ്ജയോടെ അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ''താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി വെള്ളം കുടിപ്പിച്ചു. അതിനുള്ള പ്രതിഫലം തരാനായി താങ്കളെ എന്റെ പിതാവ് വിളിക്കുന്നുണ്ട്'' (28:25).
കുത്തഴിഞ്ഞ ലൈംഗികതയെയും അരാജകത്വത്തെയും പ്രോത്സാഹിപ്പിക്കുന്നവര്‍ ഏറ്റവുമാദ്യം ചെയ്യാറുള്ളത് മനുഷ്യന്റെ ലജ്ജാ ബോധത്തെ നശിപ്പിക്കലാണ്. സദാചാരത്തെയും ധാര്‍മികതയെയും കപടമെന്ന് വിശേഷിപ്പിച്ച് അവയെ ലംഘിക്കാനും നിരാകരിക്കാനും നിരന്തരം ആഹ്വാനം നടത്തുകയും പ്രചാരണം സംഘടിപ്പിക്കുകയും ചെയ്യുന്നവര്‍ എന്തും ചെയ്യാന്‍ മടിക്കാത്ത നിര്‍ലജ്ജമായ സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ കലാലയാന്തരീക്ഷമുള്‍പ്പെടെ പൊതുരംഗം നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവര്‍ സദാചാര പരിധികള്‍ പാലിക്കണമെന്നോ ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കണമെന്നോ താല്പര്യമുള്ളവരോ നിഷ്‌കര്‍ഷ പുലര്‍ത്തുന്നവരോ അല്ല. ഈ സാഹചര്യം മുസ്ലിം സമൂഹത്തെയും അഗാധമായി സ്വാധീനിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ വളരെ വിശുദ്ധമായിരിക്കേണ്ട വിവാഹ വേദികള്‍ പോലും അനിസ്ലാമിക പ്രവണതകളുടെയും പ്രവര്‍ത്തനങ്ങളുടെയും രംഗവേദിയായി മാറിയിരിക്കുന്നു.
പുതിയ പ്രവണതകള്‍
വിവാഹം വിശുദ്ധമായ കര്‍മമാണ്. ഏറെ പുണ്യകരമായ അനുഷ്ഠാനം. പ്രവാചകന്‍ അതിനെ ദീനിന്റെ പാതിയെന്നാണ് വിശേഷിപ്പിച്ചത്. കുടുംബം എന്ന മഹത്തായ സ്ഥാപനത്തിന്റെ അടിക്കല്ലാണ് വിവാഹം. അതിലൂടെ രൂപപ്പെടുന്ന കുടുംബത്തെ പൂര്‍ണമായും ഇസ്ലാമികമാക്കിത്തീര്‍ക്കാന്‍ പ്രതിജ്ഞയെടുക്കേണ്ട സന്ദര്‍ഭമാണത്. ആത്മാര്‍ഥമായി പ്രാര്‍ഥിക്കേണ്ട വേളയും വേദിയും. നിര്‍ഭാഗ്യവശാല്‍ അതിന്ന് ആഭാസങ്ങളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. ജെ.സി.ബിയില്‍ കോലം കെട്ടി വരുന്ന വരന്‍, കൃത്രിമലങ്കാരങ്ങളോടെ ജനങ്ങള്‍ക്കു മുമ്പില്‍ ആഭാസ പ്രകടനം നടത്തുന്ന വധു, പടക്കവും പൂത്തിരിയുമുള്‍പ്പെടെയുള്ള കരിമരുന്ന് പ്രയോഗം നടത്തുന്ന ബന്ധുക്കള്‍, ചെണ്ട കൊട്ടുന്ന കൂട്ടുകാര്‍; അങ്ങനെ എന്തെല്ലാം അനാവശ്യങ്ങളും അനിസ്ലാമിക ചടങ്ങുകളും.
ആദര്‍ശ വിശ്വാസങ്ങള്‍ക്കും സദാചാര നിഷ്ഠക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും പോറലേല്‍പ്പിക്കുന്ന സാംസ്‌കാരിക അധിനിവേശമാണ് സമുദായം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത വെല്ലുവിളി. അതാണ് വിവാഹവേദികളെ അനിസ്ലാമിക പ്രവണതകളുടെ രംഗവേദികളാക്കി മാറ്റുന്നത്. പലപ്പോഴും അവയെ നിയന്ത്രിക്കാറുള്ളത് വീഡിയോഗ്രാഫര്‍മാരും വ്ളോഗര്‍മാരുമാണ്. അവരെ സംബന്ധിച്ച് പണക്കൊതിയല്ലാത്ത ഒരു മൂല്യവും പരിഗണിക്കേണ്ടതില്ല. യഥാര്‍ഥത്തില്‍ വിവാഹ ഫോട്ടോകളും വീഡിയോകളും സ്വന്തത്തിനും അടുത്ത ബന്ധുക്കള്‍ക്കും മാത്രം കാണാനും സൂക്ഷിക്കാനുമുള്ളതാണല്ലോ. അവയില്‍ സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്ത പലതുമുണ്ടാകുമല്ലോ. തീര്‍ത്തും അന്യരായ വീഡിയോഗ്രാഫര്‍മാരെ ഉപയോഗിച്ച് അവയൊക്കെ പകര്‍ത്തുന്നതും മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതും ഗുരുതരമായ തെറ്റും കുറ്റവുമാണ്. അത്യാവശ്യമുള്ള ചിത്രങ്ങളും വീഡിയോകളുമെടുക്കാന്‍ അടുത്ത ബന്ധുക്കളില്ലാത്ത ആരും ഇക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയില്ല. എന്നിട്ടും മതനിഷ്ഠയുള്ളവര്‍ പോലും വീഡിയോഗ്രാഫര്‍മാരെ ക്ഷണിച്ചു വരുത്തി അവരുണ്ടാക്കുന്ന നിര്‍ലജ്ജമായ കാട്ടിക്കൂട്ടലുകളില്‍ അകപ്പെടുന്നുവെന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ അതിശക്തമായ ബോധവല്‍ക്കരണം അനിവാര്യമായിരിക്കുന്നു