(പൂര്‍ണ്ണചന്ദ്രനുദിച്ചേ....37)
അബ്ബാസ് ഓടിക്കിതച്ചാണ് വീട്ടിലെത്തിയത്. അദ്ദേഹം റസൂലിന്റെ പിതൃസഹോദരനാണ്. വലിയ ആഹ്ലാദത്തിലാണ് കക്ഷി. മുഖത്തിന് വല്ലാത്ത തെളിച്ചവും പ്രസന്നതയും. ഭാര്യ ഉമ്മുല്‍ ഫദ് ലിന് കാര്യം മനസ്സിലായില്ല. ഇതെന്ത് പറ്റി എന്ന് അത്ഭുതപ്പെടുകയും ചെയ്തു. കാരണം, ഖുസാഅക്കാരെ ബക് ര്‍ ഗോത്രക്കാര്‍ ആക്രമിച്ചത് മുതല്‍ വലിയ അസ്വസ്ഥതയിലും അങ്കലാപ്പിലുമായിരുന്നു തന്റെ ഭര്‍ത്താവ് അബ്ബാസ്. ഇനിയെന്തൊക്കെയാണാവോ സംഭവിക്കുക എന്ന് അദ്ദേഹം ആശങ്കപ്പെടുകയും ചെയ്തിരുന്നു. അബ്ബാസ് നിഷ്പക്ഷനായാണ് ജീവിച്ചുകൊണ്ടിരുന്നത്. അത് പലര്‍ക്കും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. തന്റെ സഹോദര പുത്രന്റെ ആശയങ്ങളോട് അദ്ദേഹം യോജിച്ചിരുന്നില്ല. എതിര്‍ക്കുകയും ചെയ്തിരുന്നില്ല. സഹോദര പുത്രനെതിരെ ഖുറൈശികള്‍ യുദ്ധത്തിനൊരുങ്ങിയപ്പോള്‍ അവരെ തടയാനും മെനക്കെട്ടില്ല. ഖുറൈശികളുടെ പൈതൃകവും ഭൂതവും ദൈവങ്ങളുമൊക്കെ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന വാദക്കാരനായിരുന്നു. എന്നാല്‍, അബൂജഹ് ലിനെയും കൂട്ടരെയും പോലെ ഈ എതിര്‍പ്പ് മറ്റു നിലക്ക് കടുപ്പിക്കുകയോ മണ്ടത്തരങ്ങള്‍ ഒപ്പിച്ചുകൂട്ടുകയോ ചെയ്തില്ല. എന്നല്ല, താന്‍ പലപ്പോഴും തന്റെ സഹോദരപുത്രനിലേക്ക് വല്ലാതെ ചാഞ്ഞുപോകുന്നില്ലേ എന്ന് വെപ്രാളപ്പെടുകയും ചെയ്തിരുന്നു. സഹോദരപുത്രനും രണ്ടായിരം അനുയായികളും ഉംറ ചെയ്യാനായി മക്കയിലേക്ക് പുറപ്പെട്ട് ഹുദൈബിയയിലെത്തി തിരിച്ചു പോയ ആ ഘട്ടമെത്തിയപ്പോഴേക്കും തന്റെ മനസ്സ് പൂര്‍ണമായും മാറിക്കഴിഞ്ഞെന്ന് അബ്ബാസ് മനസ്സിലാക്കി. അക്കാര്യം ഭാര്യയില്‍നിന്ന് മറച്ചുവെച്ചതുമില്ല. ഇസ് ലാം സ്വീകരിക്കാന്‍ തന്നെ അദ്ദേഹം തീരുമാനമെടുത്ത് കഴിഞ്ഞിരുന്നു.
വീട്ടിലെത്തിയ അബ്ബാസിനെ കണ്ടപ്പോള്‍ ഭാര്യ പറഞ്ഞു:
''എന്തോ ഒരു നല്ല കാര്യം നടന്നിട്ടുണ്ട്. താങ്കളുടെ മുഖം കണ്ടാല്‍ അറിയാം.''
ചുരുക്കിയാണ് അബ്ബാസ് മറുപടി പറഞ്ഞത്:
''എന്റെ സഹോദര പുത്രന്‍ മക്കയിലേക്കുള്ള വഴിയിലാണ്.''
അവള്‍ക്ക് അത്ഭുതമായി.
''അതെന്തിനാണ്?''
''ഒപ്പം ഒരു മഹാസൈന്യവും.''
അവള്‍ തലയാട്ടി.
''എനിക്ക് മനസ്സിലായി.''
''ഉമ്മുല്‍ ഫദ് ല്‍! ഇതിനെക്കുറിച്ച് ഒരു വിവരവും ഖുറൈശികള്‍ക്ക് കിട്ടിയിട്ടില്ല. എത്തിയിട്ടേ അവരറിയൂ. മുഹമ്മദിന് എല്ലാ വിവരങ്ങളും കിട്ടിയിട്ടുമുണ്ട്.''
അവള്‍ ഭയത്തോടെ ഒച്ചയുയര്‍ത്തി.
''എന്നിട്ട് നിങ്ങള്‍ ഖുറൈശികളെ അറിയിക്കുന്നില്ലേ?''
''എന്തിന്? എന്റെ കാര്യം നിനക്കറിയില്ലേ? ഞാനെന്റെ വഴി തെരഞ്ഞെടുത്തു കഴിഞ്ഞു. അല്ലാഹു അല്ലാതെ ദൈവമില്ല; അവന്റെ ദൂതനാകുന്നു മുഹമ്മദ്.''
അവള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.
അബ്ബാസ് തുടര്‍ന്നു:
''പക്ഷേ, മക്കയില്‍ നമ്മുടെ ബന്ധുക്കളും കുടുംബക്കാരും സഹോദരന്മാരുമുണ്ട്. അവര്‍ക്ക് ആപത്ത് വന്നുകൂടാ.''
ഉമ്മുല്‍ ഫദ് ലിന് ഒന്നും മനസ്സിലാവുന്നില്ല.
''നിങ്ങള്‍ എന്നെയിട്ട് ചുറ്റിക്കുകയാണ്. എന്താണ് നിങ്ങള്‍ പറഞ്ഞുവരുന്നത്?''
''അതായത്, ഈ ഞാന്‍ എന്റെ ബുദ്ധിയെയും ഹൃദയത്തെയും തൃപ്തിപ്പെടുത്തുന്ന ഒരു ആദര്‍ശം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍, നമ്മുടെ കുടുംബക്കാരെയും അടുപ്പക്കാരെയും സംരക്ഷിക്കേണ്ട ചുമതലയും നമുക്കുണ്ട്. അവരുടെ രക്തം ചിന്തപ്പെട്ടുകൂടാ. അവരുടെ സ്ത്രീകളെയും കുട്ടികളെയും സ്വത്തുക്കളെയും സംരക്ഷിക്കണം.''
''എനിക്കിപ്പോഴും കാര്യമായൊന്നും മനസ്സിലായില്ല.''
''നാളെ എല്ലാം മനസ്സിലാകും.''
''പക്ഷേ, മുഹമ്മദ് വരുന്നുണ്ടെന്ന് നിങ്ങള്‍ എങ്ങനെ അറിഞ്ഞു?''
''അതൊരു രഹസ്യമാണ്. ജീവനുള്ള കാലം ഞാനതാരോടും പറയില്ല. ഇത്രയേ എനിക്ക് പറയാനാവൂ- ഞാന്‍ എന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു കഴിഞ്ഞിരിക്കുന്നു.''
അല്‍പ്പനേരത്തെ ആലോചനക്ക് ശേഷം അബ്ബാസ്: 'ഭക്ഷണമെടുത്ത് വെക്കൂ. അപ്പോഴേക്ക് ഞാന്‍ വാഹനത്തെ ഒരുക്കി നിര്‍ത്തട്ടെ.''
അവള്‍ക്ക് അമ്പരപ്പ് വിട്ടുമാറുന്നില്ല.
''എങ്ങോട്ടേക്കാണ് യാത്ര?''
''ജഹ്ഫയിലേക്ക്... അവിടെ വെച്ച് ഞാന്‍ അദ്ദേഹത്തെ കാണും. യാത്രാസംഘം അവിടെ എത്താറായിട്ടുണ്ടാവും.''
അബ്ബാസിന്റെ കൈപിടിച്ച് ഉമ്മുല്‍ ഫദ് ല്‍ പരിഭ്രമത്തോടെ മുന്നറിയിപ്പ് നല്‍കി.
''സൂക്ഷിക്കണം. ആ അബൂസുഫ് യാന്‍ ഒന്നും അറിഞ്ഞു പോകരുത്.''
''പ്രശ്‌നമാക്കാനില്ല... കുറച്ചു കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം അബൂസുഫ് യാന്‍ അറിയും. മണം പിടിക്കാന്‍ വല്ലാത്ത കഴിവാണ് അയാള്‍ക്ക്. ഇന്നലെ തന്നെ അയാള്‍ അവിടെയുമിവിടെയും ചുറ്റിക്കറങ്ങുന്നത് കണ്ടു. എന്തെങ്കിലും വിവരം കിട്ടുമോ എന്ന് നോക്കുകയാണ്. അയാളുടെ കണ്ണുകളില്‍ ജാഗ്രതയും പേടിയുമുണ്ട്. അങ്ങാടിയില്‍ അയാളുടെ നില്‍പ്പ് കണ്ടാല്‍, എന്തോ ഒരു ദുരന്തം വരാനുണ്ടെന്നും തനിക്കത് തടയാന്‍ കഴിയില്ലെന്നുമുള്ള നിസ്സഹായത അയാളില്‍ കാണാം.''
''അല്ല, എങ്ങോട്ടാണ് യാത്ര എന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്താണ് പറയുക?''
അബ്ബാസ് ചിരിച്ചു.
''എളുപ്പമാണ്, വിവരം തിരക്കി പോവുകയാണെന്ന് പറയാം. എന്തോ വരാനുണ്ടെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടല്ലോ.''
''അല്ലാഹു കൂടെയുണ്ടാവട്ടെ.''
അബ്ബാസ് റസൂലിന്റെ സന്നിധിയിലെത്തി. എന്ത് നിലപാടെടുക്കണമെന്ന് അവര്‍ ചര്‍ച്ച ചെയ്തു. മക്കയില്‍ കടക്കണം. പക്ഷേ, യുദ്ധം കൂടാതെയാവണം. അവിടെ താമസിക്കുന്നവര്‍ക്ക് സംരക്ഷണം വേണം. ഇതാണ് ചര്‍ച്ചയുടെ മര്‍മം. മക്കക്കാര്‍ പല ചേരികളിലായി നില്‍ക്കുകയാണ്. പതിനായിരം പടയാളികളെയാണ് നേരിടാനുള്ളത്. അതോ, എന്ത് തരം പടയാളികള്‍! അവര്‍ക്ക് ഒന്നുകില്‍ വിജയം വേണം, അല്ലെങ്കില്‍ രക്തസാക്ഷിത്വം! അവരെ നേരിടാനുള്ള ഒരു മുന്നൊരുക്കവും മക്കയില്‍ ഇല്ല.
അബ്ബാസ് മക്കക്ക് നേരെ തിരിച്ച് നടന്നു. മുഹമ്മദിന്റെ സൈനിക ബലത്തെക്കുറിച്ച് മക്കക്കാരോട് പറയണം. ആ സൈന്യത്തെ ഒരു നിലക്കും കീഴ്‌പ്പെടുത്താനാവില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. രക്തം ചിന്താന്‍ ഇടവരരുത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കണം. മുതലുകള്‍ നശിപ്പിക്കപ്പെടാന്‍ ഇടയാവരുത്. തിരിച്ചെത്തുമ്പോഴേക്കും രാത്രി അതിന്റെ കരിമ്പടം പുറത്തേക്കിട്ട് കഴിഞ്ഞിരുന്നു. കുറച്ചപ്പുറത്ത് അബൂസുഫ് യാന്‍ ആരോടോ സംസാരിക്കുന്നത് കേട്ടു. ദൂരെ കുറേയധികം തീ കൂട്ടലുകള്‍ കാണുന്നുണ്ടല്ലോ എന്ന് അയാള്‍ വിസ്മയിക്കുകയാണ്.
''ഇത്രയധികം തീ കത്തിക്കലുകളോ! അത്ഭുതം തന്നെ. രാത്രി ഈ വിധത്തില്‍ തീ കത്തുന്നത് ഞാന്‍ മുമ്പ് കണ്ടിട്ടില്ല.'' അബൂസുഫ് യാന്റെ സുഹൃത്തും പേടിയിലും ആശങ്കയിലുമാണ്.
''ഇത് ഖുസാഅക്കാര്‍ യുദ്ധത്തിന് കോപ്പ് കൂട്ടി വരുന്നത് തന്നെ. അവരെ അന്യായമായി ആക്രമിച്ച ബനൂബക്‌റിനെ ഒരു പാഠം പഠിപ്പിക്കാന്‍. ബക്‌റുകാരെ സഹായിച്ചവരെയും അവര്‍ വെറുതെ വിടില്ല.''
അബൂസുഫ് യാന്‍ ദേഷ്യത്തോടെ അയാള്‍ക്കൊരു തട്ടുകൊടുത്തു.
''താനെന്താണിപ്പറയുന്നത്! ഇത്രവലിയ സൈന്യവുമായി വന്ന് തീ കൂട്ടി തമ്പടിക്കാന്‍ വല്ല കോപ്പും ഈ ഖുസാഅക്കാര്‍ക്കുണ്ടോ?''
അബൂസുഫ് യാന്‍ ഉമിനീര് കുടിച്ചിറക്കി.
'എനിക്ക് തോന്നുന്നു, ആ ദുരന്തം ഇതാ എത്തിക്കഴിഞ്ഞു.''
അബ്ബാസ് അങ്ങോട്ടേക്ക് ചെന്നു.
'അബൂ ഹന്‍ളലാ....''
ഇന്നേരത്ത് അബ്ബാസിനെ കണ്ടപ്പോള്‍ അബൂസുഫ് യാന് അതിശയമായി.
''ഇതാര്? അബുല്‍ ഫദ്‌ലോ?''
അബ്ബാസ് അടുത്തേക്ക് ചെന്ന് മുഖവുരയൊന്നുമില്ലാതെ പറഞ്ഞു:
''മുഹമ്മദ്, അല്ലാഹുവിന്റെ ദൂതന്‍ ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. ജനമുണ്ട് കൂടെ. അവര്‍ ബലം പ്രയോഗിക്കാന്‍ നിന്നാല്‍ ഖുറൈശികള്‍ ഒടുങ്ങിയത് തന്നെ.''
അബൂസുഫ് യാന്‍ കറങ്ങി, ഭൂമിയോടൊപ്പം. നക്ഷത്ര വെളിച്ചവും ഇരുളും കലര്‍ന്നു നിന്ന ആ രാത്രി വരാനിരിക്കുന്ന ദുരന്തങ്ങളൊക്കെയും അബൂസുഫ് യാന്‍ ചങ്കിടിപ്പോടെ മുന്നില്‍ കണ്ടു.
''ബലം പ്രയോഗിച്ച് മക്കയില്‍ കടക്കുകയോ? അതെങ്ങനെ സംഭവിക്കാന്‍?''
അബ്ബാസ് മുന്നറിയിപ്പ് നല്‍കി.
''അബൂസുഫ് യാന്‍, സ്വയം വഞ്ചിതനാകരുത്. പൊങ്ങച്ചം കാണിച്ചതുകൊണ്ടോ പഴയ വായ്ത്താരി ആവര്‍ത്തിച്ചതുകൊണ്ടോ ഒരു ഗുണവുമില്ല. മുഹമ്മദ് വരുന്നത് പതിനായിരം പടയാളികളുമായാണ്. ഏത് പ്രതിരോധത്തെയും അവര്‍ തകര്‍ത്തെറിയും. നിന്ദ്യമായ ഫലം എന്തായിരിക്കുമെന്ന് നേരത്തെ വ്യക്തമായ ഒരു യുദ്ധത്തിന് താങ്കള്‍ തുനിയുമോ, അബൂ ഹന്‍ളലാ?''
അബ്ബാസിന്റെ അടുത്തേക്ക് വന്ന് അബൂസുഫ് യാന്‍ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ കോന്തലയില്‍ പിടിച്ചു.
''എന്റെ ഉമ്മയാണ, വാപ്പയാണ! ഇനി എന്ത് ചെയ്യണമെന്ന് പറഞ്ഞുതരൂ. നിങ്ങളുടെ സഹോദരപുത്രനെ എനിക്കറിയാം. താന്‍ ലക്ഷ്യം വെച്ചത് അദ്ദേഹം നേടിയിരിക്കും. പ്രതികാരം ഉണ്ടാകാതിരിക്കില്ലല്ലോ. ചോര ചിന്തും. വാള്‍ ആദ്യം വീഴുന്നത് എന്റെ കഴുത്തിലായിരിക്കും; രണ്ടാമത് എന്റെ ഭാര്യ ഹിന്ദിന്റെ കഴുത്തിലും.''
കൂടുതല്‍ പറയാന്‍ അബ്ബാസ് അനുവദിച്ചില്ല.
''താങ്കള്‍ ഈ കോവര്‍ കഴുതപ്പുറത്ത് കയറൂ. നമുക്ക് റസൂലിന്റെ അടുത്തേക്ക് പോകാം.''
ആയിരങ്ങളുടെ ഇടയിലൂടെയാണ് ഇപ്പോള്‍ അബൂസുഫ് യാന്‍ നടക്കുന്നത്. ചുറ്റും തീനാളങ്ങള്‍ ഉയരുന്നു. ആ തീവെളിച്ചത്തില്‍ ചുവന്ന രാശി പടര്‍ന്ന വിശ്വാസികളുടെ പ്രശോഭിത മുഖങ്ങള്‍. കലിപൂണ്ട് ഉമറുബ്‌നുല്‍ ഖത്താബ് അബ്ബാസിന്റെ നേര്‍ക്ക് വന്നു. അബൂസുഫ് യാന് അബ്ബാസ് സംരക്ഷണം നല്‍കിയത് ഉമറിന് അംഗീകരിക്കാനാവുമായിരുന്നില്ല. റസൂല്‍ അനുവാദം കൊടുത്താലുടന്‍ അബൂസുഫ് യാന്റെ കഴുത്തു വെട്ടും എന്ന നിലയില്‍ നില്‍ക്കുകയാണ് ഉമര്‍. അബ്ബാസ് വിളിച്ചു പറഞ്ഞു:
''റസൂലേ, ഞാനിയാള്‍ക്ക് അഭയം കൊടുത്തിട്ടുണ്ട്.''
റസൂല്‍ വളരെ ശാന്തനായി പറഞ്ഞു:
''അബുല്‍ ഫദ് ല്‍, ഇദ്ദേഹത്തെയും കൂട്ടി താങ്കളുടെ വാഹനത്തിന്റെ അടുത്തേക്ക് പോവുക. നാളെ രാവിലെ ഇദ്ദേഹവുമായി എന്റെ അടുത്ത് വരിക.''
ഉമറിന്റെ അടുത്തേക്ക് ചാഞ്ഞ് അബൂബക്കര്‍ ചെവിയില്‍ മന്ത്രിച്ചു:
''ഇങ്ങനെ കലി തുള്ളുന്നത് എന്തിന്? അവരുടെ പടനായകന്‍ നമ്മുടെ കൈയിലായില്ലേ? ഇത് നല്ല തുടക്കമാണ്.''
പല്ലിറുമ്മി ഉമര്‍ പറഞ്ഞുകൊണ്ടിരുന്നു:
''അബൂസുഫ് യാന്‍ സകല ഫിത്‌നകള്‍ക്കും നേതൃത്വം കൊടുത്തയാളാണ്. യുദ്ധങ്ങള്‍ കുത്തിയിളക്കി, നിരപരാധികളെ പീഡിപ്പിച്ചു, മാന്യന്മാരെ അപമാനിച്ചു, ജൂതന്‍മാരുമായും കപടന്മാരുമായും സഖ്യമുണ്ടാക്കി... ഇതിനെക്കാള്‍ വലിയ പാതകമുണ്ടോ?''
അബൂബക്കര്‍ പുഞ്ചിരിച്ചു.
''വിട് ഉമര്‍, എല്ലാം അല്ലാഹുവിലേക്ക് വിട്.''
ആ രാത്രി അബൂസുഫ് യാന്‍ ഒരു പോള കണ്ണടച്ചില്ല. ക്ഷീണിച്ച തലക്കകത്ത് ഓര്‍മകള്‍ ഇരമ്പി മറിയുകയാണ്. കഴിഞ്ഞുപോയ ദിനങ്ങളിലെ കാഴ്ചകള്‍ ഹൃദയത്തെ ദുഃഖത്താലും അപമാന ഭാരത്താലും നിരാശയാലും മൂടുന്നു. അയാള്‍ തന്നോട് തന്നെ സംസാരിക്കാന്‍ തുടങ്ങിയിരുന്നു: ''എല്ലാം വീഴുകയാണ്, ഒടുങ്ങുകയാണ്. കരാര്‍ കാലാവധി നീട്ടിത്തരണമെന്ന് ഞാന്‍ മദീനയില്‍ ചെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ മുഹമ്മദ് നിരസിച്ചു, അപ്പോള്‍ ഞാന്‍ ഉറപ്പിച്ചതാണ് ഇത് സംഭവിക്കുമെന്ന്. മക്കയിലേക്ക് തിരിച്ചു വരുമ്പോള്‍ തന്നെ ആ വീഴ്ചയുടെ വേദന എനിക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മക്കയിലെ ആ മണ്ടന്മാരും മണ്ടത്തികളും, അവരുടെ അവിവേകവും ബുദ്ധിശൂന്യതയുമാണ് എന്നെ തോല്‍പിച്ചു കളഞ്ഞത്. ആ ഇക് രിമ വന്ന് അയാള്‍ ചെയ്തുവെച്ച അവിവേകത്തിന്റെ തീ ആളിപ്പടരുന്നത് നേരില്‍ കാണട്ടെ. നടന്ന് നടന്ന് ഞാന്‍ തളര്‍ന്നിരിക്കുന്നു. പാദങ്ങള്‍ വിണ്ടുപൊട്ടി രക്തമൊലിക്കുന്നു. ശ്വാസത്തിന് ഗതിവേഗം കൂടുന്നു. എന്റെ താടിയും മുഖവും കണ്‍പുരികവും വസ്ത്രവും പൊടിയില്‍ കുളിച്ചിരിക്കുന്നു. ഒഴിഞ്ഞ ശാന്തമായ ഒരിടം കിട്ടിയിരുന്നെങ്കില്‍ ഒന്ന് വിശ്രമിക്കാമായിരുന്നു, അല്ലെങ്കില്‍ അവിടെ കിടന്ന് മരിക്കാമായിരുന്നു. എന്തൊരു കഷ്ടമാണ്! മക്കയിലെ എന്റെയാളുകള്‍ ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല. അവര്‍ കള്ളുകുടിച്ച് ഉന്മത്തരായി ചെണ്ടകൊട്ടി വേശ്യകളോടൊപ്പം ആടിപ്പാടുന്നുണ്ടാവും.''
പ്രഭാതമായി. അബൂസുഫ് യാനെ നബിയുടെ മുമ്പില്‍ കൊണ്ടുവന്നു. മുഹാജിറുകളും അന്‍സാറുകളും ചുറ്റും കൂടി. അവര്‍ ഏന്തിനോക്കുന്നുണ്ട്. അവരുടെ മുഖങ്ങളില്‍ തന്നോടുള്ള പുഛവും നീരസവും അയാള്‍ക്ക് വായിക്കാനാവുന്നുണ്ട്. രക്തം തിളക്കുന്നുണ്ടെങ്കിലും കോപമടക്കി അബൂസുഫ് യാന്‍ ഇരുന്നു.
റസൂല്‍ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചത്:
''അല്ലാഹുവല്ലാതെ ഇലാഹില്ല എന്ന് മനസ്സിലാക്കാന്‍ ഇനിയും താങ്കള്‍ക്ക് സമയമായിട്ടില്ലേ?''
അബൂസുഫ് യാന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
''എന്റെ വാപ്പയാണ, ഉമ്മയാണ! എത്ര മാന്യനും ക്ഷമാശീലനുമാണ് അങ്ങ്! അല്ലാഹുവല്ലാതെ ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം മതിയാവുമല്ലോ ഒരു കാര്യത്തിന്.''
''കഷ്ടമാണ് അബൂസുഫ് യാന്‍, താങ്കളുടെ കാര്യം. ഒരു ചോദ്യം കൂടി: ഞാന്‍ റസൂലാണെന്ന് ഇനിയും മനസ്സിലായിട്ടില്ലേ?''
''താങ്കളെത്ര മാന്യന്‍, ക്ഷമാശീലന്‍... പ്രവാചകനാണോ എന്ന കാര്യത്തില്‍ ഇപ്പോഴും മനസ്സില്‍ എന്തോ ഉള്ളതു പോലെ...''
റസൂല്‍ അപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരുന്നു. അബ്ബാസ് അബൂസുഫ് യാന്റെ നേരെ തല ചായ് ച സ്വരം കടുപ്പിച്ചു.
''സത്യവചനം ഉച്ചരിക്കുന്നതില്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു തടസ്സമേയുള്ളൂ- നിങ്ങളുടെ അഹങ്കാരം. സത്യവും അസത്യവും ഏതാണെന്ന് നിങ്ങളെപ്പോലെ തിരിച്ചറിയുന്നവര്‍ മക്കയില്‍ വേറെയില്ല. പക്ഷേ, അഹങ്കാരം നിങ്ങള്‍ അലങ്കാരമായി കൊണ്ടുനടക്കുകയാണ്. എന്നിട്ട് സ്വന്തത്തെ നാശത്തില്‍ കൊണ്ടിടുകയാണ്.
യഥാര്‍ഥത്തില്‍ മുഹമ്മദിനെതിരില്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ വല്ല വൈകല്യവുമുണ്ടോ? അല്ലെങ്കില്‍ അദ്ദേഹം പറയുന്ന തത്ത്വങ്ങള്‍ തെറ്റിയിട്ടുണ്ടോ? അതിനാല്‍ ഉണര്, സത്യത്തിന് സഹായിയാവ്, ഇരുണ്ട ഭൂതകാലം കൈയൊഴിയ്.''
അബൂസുഫ് യാന്‍ ലജ്ജയിലെന്ന പോലെ തലതാഴ്ത്തി. കണ്ണുകളില്‍ ഒരു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞുനിന്നു.
''താങ്കള്‍ ദൈവപ്രവാചകനാണെന്ന് ഞാന്‍ സാക്ഷി പറയുന്നു.''
അബ്ബാസ് വിജയാരവം മുഴക്കി.
''ഇനി താങ്കള്‍ മക്കയിലേക്ക് പോവുക. സംഭവ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുക. അത് ചെയ്താല്‍ ദിവ്യപ്രകാശം കടന്നുവരാന്‍ സ്വന്തം ഹൃദയത്തെ തുറന്നിടുകയാണ് താങ്കള്‍ ചെയ്യുന്നത്.'' പിന്നെ അബ്ബാസ് റസൂലിന് നേരെ തിരിഞ്ഞു:
''ദൈവദൂതരേ, അബൂസുഫ് യാന്‍ വല്ലാത്ത അഭിമാനിയാണ്. അയാള്‍ക്ക് വേണ്ടി വല്ലതും ചെയ്തുകൊടുത്താലും.''
റസൂല്‍ അതിന് സന്നദ്ധനായിരുന്നു.
''അതെ. ആര്‍ അബൂസുഫ് യാന്റെ വീട്ടില്‍ അഭയം തേടിയോ അവന്‍ സുരക്ഷിതനാണ്. ആര്‍ വാതിലടച്ച് അകത്തിരുന്നുവോ അവന്‍ സുരക്ഷിതനാണ്. ആര്‍ മസ്ജിദുല്‍ ഹറാമില്‍ കടന്നുവോ അവന്‍ സുരക്ഷിതനാണ്...''
അബൂസുഫ് യാന്‍ മക്കയിലേക്ക് കടക്കുന്നതിന് മുമ്പ് മുസ് ലിം സൈന്യത്തെ ഒന്നുകൂടി തിരിഞ്ഞു നോക്കി. റസൂലിന്റെ പിന്നില്‍ അവര്‍ സുസജ്ജരായി നില്‍ക്കുകയാണ്. അബൂസുഫ് യാന്‍ അബ്ബാസിന്റെ നേരെ തിരിഞ്ഞു:
''അബുല്‍ ഫദ്ല്‍, ഇവരെ തടുക്കാന്‍ ആരാലും സാധ്യമല്ല. നാളെ താങ്കളുടെ സഹോദര പുത്രന് ലഭിക്കുന്ന അധികാരം, അത് വളരെ മഹത്തരമായിരിക്കും.''
അബൂസുഫ് യാന്‍ നേരെ മക്കയിലെത്തി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: ''ഖുറൈശികളേ, മുഹമ്മദ് ഇതാ എത്തിക്കഴിഞ്ഞു. നിങ്ങള്‍ക്ക് തടുക്കാനോ ചെറുക്കാനോ കഴിയില്ല. നിങ്ങള്‍ എന്റെ വീട്ടില്‍ കടന്നുകൊള്ളുക, എന്നാല്‍ സുരക്ഷിതരായിരിക്കും. അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ വാതിലടച്ച് ഇരിക്കുകയോ മസ്ജിദുല്‍ ഹറാമിലേക്ക് നീങ്ങുകയോ ചെയ്യുക. അപ്പോഴും സുരക്ഷിതരായിരിക്കും.''
ഒരു വൃദ്ധന്‍ വിറകും ചുമന്ന് ആ വഴി പോകുന്നുണ്ടായിരുന്നു.
''നിങ്ങള്‍ വരും മുമ്പേ ഞങ്ങള്‍ റസൂലില്‍ വിശ്വസിച്ചു കഴിഞ്ഞല്ലോ, അബൂസുഫ് യാന്‍. ഈമാനില്‍ സുരക്ഷിതത്വവുമുണ്ടല്ലോ. ഞങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. അദ്ദേഹത്തിന്റെ സൈന്യത്തെ ഞങ്ങള്‍ ഭയക്കേണ്ട കാര്യമില്ല. ഒരു പിതാവിനെയും സഹോദരനെയും മകനെയും കൂട്ടുകാരനെയുമാണ് ഞങ്ങള്‍ അദ്ദേഹത്തില്‍ കാണുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഞങ്ങള്‍ ദിവ്യപ്രകാശം കാണുന്നു. വഴി കാണാതലയുന്നവരുടെയും പീഡിതരുടെയും സഹോദരനാണ് അദ്ദേഹം. മക്കയിലെത്തുന്നതിന് മുമ്പേ അദ്ദേഹം ഹൃദയങ്ങളില്‍ എത്തിയിട്ടുണ്ടല്ലോ.''
വൃദ്ധന്റെ വാക്കുകള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞുപോയില്ല. അത് മക്കയിലെ തെരുവുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും പ്രതിധ്വനിച്ചു.
ചരിത്ര ആഖ്യായിക അടുത്ത ലക്കം അവസാനിക്കും
വിവ: അഷ്‌റഫ് കീഴുപറമ്പ്
വര: നൗഷാദ് വെള്ളലശ്ശേരി