ചിതയെരിഞ്ഞമര്‍ന്നപ്പോള്‍
വിശപ്പാളിയുണര്‍ന്നു.
അമ്മ ബാക്കിവെച്ചതെന്തെന്നിനി
അടുക്കളത്തിണ്ണയിലെ തിരയേണ്ടു
ഉച്ചക്കഛന്‍ ഉപ്പില്ലെന്നു-
ച്ചത്തില്‍ കല്‍പ്പിച്ച പയറുപ്പേരി.
അന്തിക്കു കൂട്ടാന്‍ പാകത്തില്‍
ഒപ്പിച്ച മോരുകറി
'തണുത്തു പൊടിഞ്ഞമര്‍ന്ന'
പപ്പട കഷ്ണങ്ങള്‍...
തിളപ്പിച്ചാറ്റിയ വെള്ളം...
തെക്കേ മുറിയുടെ മൂലക്കുള്ള
അലമാരയിലെ നരച്ച സാരികള്‍...
വിരലുകളഞ്ചും പതിഞ്ഞ
നീലേം വെള്ളേം കലര്‍ന്ന ഹവായ്...
തിണ്ണേല് തൂണും ചാരിയൊരു
രാസ്നാദി കുപ്പി...
കിഴക്കോട്ടു നോക്കിയൊരു
തുളസിച്ചെടി...
മഴ വന്നാലോടിയെടുക്കാന്
പാകത്തില്‍ ചിക്കിയ ഗോതമ്പ്
രണ്ട് വാരം മുന്നെയേല്പ്പിച്ച
മരുന്നിന്റെ കുറിപ്പടി.
അമ്മക്കറിയാഞ്ഞിട്ടാണ്
ഇന്നും തിരക്കായിരുന്നു....
എന്നാലും
നാലരക്കുണര്ന്നമ്മയെ-
ഓര്‍ത്തു തേങ്ങാന്‍
രണ്ട് പാഴ്ജന്മങ്ങളുണ്ടിവിടെ
കിണറ്റിന് കരേല്
വക്കു പൊട്ടിയേടത്തു
കൂനിപ്പിടിച്ചിരിക്കുന്ന
കപ്പീം കയറും....