ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരില്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ നിലവിലെ
ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരില്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ നിലവിലെ പാരമ്പര്യ സങ്കല്‍പങ്ങളെയും മതാധികാരങ്ങളെയും രാഷ്ട്രീയ കീഴ്‌വഴക്കങ്ങളെയും പൊളിച്ചെഴുതികൊണ്ടാണ് മുന്നോട്ടു പോകുന്നത്. ആണധികാര അവകാശങ്ങളുടെ കീഴെ നില്‍ക്കാന്‍ വിധിക്കപ്പെട്ടിരുന്ന സ്ത്രീവിഭാഗം തങ്ങളിലെ രാഷ്ട്രീയ വിമോചനസാധ്യതകളെയും കെല്‍പുകളെയും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്.
ഫാഷിസ്റ്റനുകൂലം - ഫാഷിസ്റ്റ്‌വിരുദ്ധം എന്നിങ്ങനെ ഇന്ത്യന്‍ ജനത രണ്ടായി തിരിയുകയും ആശയത്തിനപ്പുറമുള്ള തലങ്ങളിലേക്കുവരെ സമരം വികസിക്കുകയും ചെയ്ത ഘട്ടത്തില്‍ ഇരകള്‍, വിശിഷ്യാ മുസ്‌ലിം വിഭാഗം ജീവന്മരണ പോരാട്ടത്തിലാണുള്ളത്. ലഭ്യമായ വിഭവ സാധ്യതകളത്രയും സ്വരുക്കൂട്ടി സമരരംഗത്തിറങ്ങേണ്ട സാഹചര്യമായിട്ടും മുസ്‌ലിം വനിതകള്‍ സമരരംഗത്തിറങ്ങുന്നത് വിലക്കുന്ന പണ്ഡിതവിഭാഗം യഥാര്‍ഥത്തില്‍ സഹായിക്കുന്നത് ഫാഷിസ്റ്റുകളെയാണ്. 'നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്‌തോളൂ, ഞങ്ങള്‍ ഇവിടെ ഇരുന്നോളാം' എന്നുപറഞ്ഞ ഇസ്രായേലികളെപ്പോലെ മുസ്‌ലിം വനിതകളെ നിഷ്‌ക്രിയരും നിര്‍വികാരരും ആക്കുന്നതാണ് ഈ നിലപാട്. വനിതകളെ ആദര്‍ശപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും പ്രതിരോധപരമായും ശാക്തീകരിക്കാന്‍ സഹായകമായ വാതിലുകള്‍ മാത്രമല്ല, പുണ്യപ്രധാനമായ പള്ളികളിലെ സാന്നിധ്യവും ആരാധനാ പങ്കാളിത്തവും പോലും വിലക്കുന്നവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. ജനോപകാരപ്രദമായ പ്രതിഷേധ സംരംഭങ്ങളെല്ലാം ദൈവമാര്‍ഗത്തിലുള്ള പ്രവര്‍ത്തനമാണ്.
ഇസ്‌ലാമിക വീക്ഷണത്തില്‍, പുരുഷ-സ്ത്രീ ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചുനിന്ന് നന്മ സ്ഥാപിക്കുകയും തിന്മ വിലക്കുകയും ചെയ്യേണ്ടവരാണ്. ഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളായ പുരുഷന്മാരും സത്യവിശ്വാസിനികളായ സ്ത്രീകളും അന്യോന്യം ആത്മമിത്രങ്ങളാണ്. അവര്‍ നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു....'' (തൗബ 71). സത്യവിശ്വാസികള്‍ മാത്രമല്ല, ഇസ്‌ലാമിനെ വകവരുത്താനായി ശത്രുക്കള്‍ക്ക് ഒത്താശ ചെയ്യുന്ന കപടവിശ്വാസികളും ഇതേവിധം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കപടവിശ്വാസികളായ പുരുഷന്മാരും കപടവിശ്വാസിനികളായ സ്ത്രീകളും ഇതേവിധം സഹകാരികളാണെന്നും അവര്‍ നന്മ വിലക്കുകയും നിഷിദ്ധം കല്‍പിക്കുകയും ചെയ്യുന്നുവെന്നും തൗബ 67-ാം സൂക്തം വ്യക്തമാക്കുന്നു.
മൂന്നാമതൊരു വിഭാഗമായ സത്യനിഷേധികളെ പറ്റി ഖുര്‍ആന്‍ പറയുന്നു: ''സത്യനിഷേധികള്‍ അന്യോന്യം ആത്മമിത്രങ്ങളാകുന്നു. നിങ്ങളും അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ - പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ - ഭൂമിയില്‍ കുഴപ്പമുണ്ടാവുകയും വലിയ നാശമുണ്ടാവുകയും ചെയ്യും'' (അന്‍ഫാല്‍ 73).
മുസ്‌ലിം പുരുഷനും മുസ്‌ലിം സ്ത്രീക്കും തമ്മിലെ ഈ ആത്മൈക്യം പ്രകടമാവേണ്ടത് അഞ്ചു നിലപാടുകളിലൂടെയാണെന്ന് ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്: സത്യവിശ്വാസം, ഹിജ്‌റ, ജിഹാദ്, അഭയദാനം, സഹായദാനം എന്നിവയാണവ (അന്‍ഫാല്‍: 72). ഈ അഞ്ചു കാര്യങ്ങളിലും സത്യവിശ്വാസികളും സത്യവിശ്വാസിനികളും സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.
ഈ അര്‍ഥത്തിലുള്ള സഹകരണ പ്രസ്ഥാനം സാധ്യമാവണമെങ്കില്‍ ലിംഗഭേദചിന്തകളില്ലാതെ പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീകളിലെയും സകലമാന സര്‍ഗാത്മകതകളെയും പുറത്തെടുത്ത് ഉപയോഗപ്പെടുത്താന്‍ കഴിയണം. പെണ്ണുങ്ങള്‍ വീടകങ്ങളില്‍ അടങ്ങിയിരുന്നാല്‍ മതി എന്നു പറയുന്നതോടെ, അവരിലെ എല്ലാ ശേഷികളും നിര്‍വീര്യമായിത്തീരുന്നു. യഥാര്‍ഥ നേതൃത്വം എന്നത് കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നവര്‍ മാത്രമല്ല. ഏതൊരു മനുഷ്യനിലെയും ലഘുസാധ്യതകളെ വലിയ സാധ്യതകളായി വികസിപ്പിച്ചെടുക്കുന്നവരാണ്. നേതൃത്വത്തിന്റെ കണ്ണ് എപ്പോഴും ഈ സാധ്യതകളിലായിരിക്കും. ആരില്‍ എന്തെല്ലാം കഴിവുകള്‍ ഒളിഞ്ഞിരിക്കുന്നു എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും നല്ല നേതൃപാടവമുള്ളവര്‍.
മദീനയില്‍ നബിയുടെ പള്ളിയുടെ പണി നടന്നുകൊണ്ടിരിക്കുന്ന സമയം. പലരും പല ജോലികളിലും മുഴുകിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നവ മുസ്‌ലിമായ ത്വല്‍ഖുബ്‌നു അലി രംഗം നിരീക്ഷിച്ചു. നബി(സ)ക്ക് ആളുകളുടെ ജോലി അത്ര നന്നായി തോന്നിയിട്ടില്ലെന്ന് ത്വല്‍ഖിനു മനസ്സിലായി. അദ്ദേഹം തൂമ്പയെടുത്ത് മണ്ണുകുഴച്ചു. നബിക്ക് അതിഷ്ടമായി. അവിടുന്ന് സ്വഹാബികളോടായി പറഞ്ഞു: 'ചളി പാകമാക്കാന്‍ ത്വല്‍ഖാണ് കൂടുതല്‍ യോഗ്യന്‍.' കുറച്ച് കഴിഞ്ഞ് ത്വല്‍ഖ് നബിയോട് ചോദിച്ചു: 'ഞാന്‍ തലച്ചുമടെടുത്തോട്ടെ!' നബി(സ): 'വേണ്ട, നിങ്ങള്‍ ചളി പാകമാക്കിയാല്‍ മതി. നിങ്ങള്‍ക്കാണ് അത് കൂടുതല്‍ നന്നായി ചെയ്യാനറിയുക' (അഹ്മദ്, ഇബ്‌നു ഹിബ്ബാന്‍). ഈ സംഭവം ഇത്തരം വിഷയത്തിലെ നബിയുടെ ശ്രദ്ധ എടുത്തു കാണിക്കുന്നു. ഇതുപോലെ സ്വഹാബി വനിതകളിലെ സര്‍ഗാത്മക സാധ്യതകളെയും പ്രവാചകന്‍(സ) ഉപയോഗപ്പെടുത്തുകയുണ്ടായി.
നബി പത്‌നിമാരും വനിതകളും
നബി(സ)യുടെ പ്രഥമ പത്‌നി ഖദീജ നമ്മില്‍ പലര്‍ക്കും 'മക്കയില്‍ വിലസി നടന്ന പെണ്ണാണ്'. എന്നാല്‍ നബി(സ) ഖദീജയെ പറ്റി പറഞ്ഞത് അവരിലെ വ്യത്യസ്ത സാധ്യതാ കഴിവുകള്‍ തനിക്കെങ്ങനെ പ്രയോജനപ്പെട്ടു എന്നതിനെ പറ്റിയാണ്. 'അവള്‍ അതായിരുന്നു, അതായിരുന്നു....' എന്ന് ഒരിക്കല്‍ പറഞ്ഞ നബി(സ), മറ്റൊരിക്കല്‍ പറഞ്ഞത്, ആളുകള്‍ എന്നെ നിഷേധിച്ചപ്പോള്‍ അവള്‍ എന്നെ വിശ്വസിച്ചു, ആളുകള്‍ എന്നെ തള്ളിപ്പറഞ്ഞപ്പോള്‍ അവള്‍ എന്നെ വിശ്വസിച്ചു, ജനങ്ങള്‍ എനിക്ക് സമ്പത്ത് നിഷേധിച്ചപ്പോള്‍ അവള്‍ എന്നെ സാമ്പത്തികമായി പിന്തുണച്ചു, മറ്റു ഭാര്യമാരില്‍നിന്ന് എനിക്ക് കുഞ്ഞുങ്ങളുണ്ടാകാതിരുന്നപ്പോള്‍ അവരില്‍നിന്ന് എന്റെ കുഞ്ഞുങ്ങളെല്ലാം ജനിച്ചു എന്നായിരുന്നു. ഇതില്‍ പറഞ്ഞ മൂന്നു കാര്യങ്ങളും ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കാര്യങ്ങളല്ല, പ്രത്യുത, ഇസ്‌ലാമിന്റെ വളര്‍ച്ചയിലും വികാസത്തിലും അവര്‍ വഹിച്ച പങ്കിനെ പറ്റിയാണ്. ഭാര്യാ-ഭര്‍തൃ ജീവിതത്തെ ലൈംഗികതയിലും സന്താന പരിപാലനത്തിലും ഗൃഹധര്‍മത്തിലും പാചകത്തിലും ശുചീകരണത്തിലും മറ്റും പരിമിതപ്പെടുത്തി ചിന്തിക്കുന്ന ശരാശരി മുസ്‌ലിംകളുടെ നിലവാരത്തിനും എത്രയോ അപ്പുറമാണ്. ഖദീജയെക്കുറിച്ച് നബി(സ)യുടെ അനുസ്മരണം. തന്റെ ഭാര്യയിലെ കഴിവുകളെയും ശേഷികളെയും കണ്ടെത്തി തന്റെ സ്വത്വസാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അവളെ സാഹായിക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ ഒരു ഭര്‍ത്താവ് തന്റെ നിയോഗം നിര്‍വഹിക്കുന്നത്.
നബി(സ)യുടെയും ഖദീജയുടെയും പ്രിയ പുത്രി ഫാത്വിമയും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. അബൂജഹ്‌ലിന്റെ നിര്‍ദേശപ്രകാരം ഉഖ്ബത്തുബ്‌നു അബീമുഐത്വ് ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല നബിയുടെ പിരടിയില്‍ കൊണ്ടുവന്നിട്ട് പീഡിപ്പിച്ചപ്പോള്‍ അതെടുത്തു മാറ്റിയത് ഫാത്വിമ എന്ന കുട്ടിയായിരുന്നു. മാതാവ് ഖദീജയെ എന്ന പോലെ, ഫാത്വിമയിലെയും ജിഹാദി ക്ഷമതയെയും ത്യാഗസന്നദ്ധതയെയും കാണാന്‍ കഴിയാത്ത ചിലര്‍ക്ക് ഫാത്വിമയുടെ മാദക സൗന്ദര്യത്തിലാണ് താല്‍പര്യം. അതുകൊണ്ടാണ് അവരെക്കുറിച്ച പാട്ടുകളില്‍ ആ ചരിത്രം ഒതുക്കാന്‍ ശ്രമിക്കുന്നത്. ചുരുക്കത്തില്‍, തലമുറകളായി സ്ത്രീകളെ പ്രാന്തവല്‍ക്കരിക്കുന്ന യാഥാസ്ഥിതിക നയങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ആരെയും കാത്തുനില്‍ക്കാതെ വനിതകള്‍ പൊതു ഇടങ്ങളില്‍ തങ്ങളുടെ സാന്നിധ്യം സ്ഥാപിച്ചുകഴിഞ്ഞിരിക്കുകയാണ്.
നുസൈബ
ഉഹുദ് യുദ്ധവേളയില്‍ സ്വഹാബികള്‍ക്ക് ജാഗ്രതക്കുറവ് സംഭവിക്കുകയും നബി(സ) ശത്രുക്കള്‍ക്കു മുമ്പില്‍ ഒറ്റപ്പെടുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിനു വേണ്ടി ജീവത്യാഗത്തിനു തയാറായി വന്ന് പ്രതിരോധം സൃഷ്ടിച്ച് പന്ത്രണ്ട് മുറിവേറ്റത് നുസൈബ എന്ന മഹതിക്കായിരുന്നു. ഇവര്‍ 'അടങ്ങി ഒതുങ്ങി' കഴിഞ്ഞിരുന്നുവെങ്കില്‍ യുദ്ധക്കളത്തില്‍ എത്തുമായിരുന്നുവോ? അഖബാ ഉടമ്പടിയുടെ ഭാഗമായി നടന്ന അനുസരണ പ്രതിജ്ഞയില്‍, ശത്രുക്കളില്‍നിന്ന് രക്ഷിക്കാന്‍ താനുമുണ്ടാകുമെന്ന് അവര്‍ നേരത്തേ നബിക്ക് വാക്ക് കൊടുത്തതായിരുന്നു. ഖാലിദി(റ)ന്റെ നേതൃത്വത്തില്‍ നടന്ന യമാമ യുദ്ധത്തിലും അവര്‍ക്ക് പന്ത്രണ്ട് മുറിവുകള്‍ ഏല്‍ക്കുകയുണ്ടായി.
ഉമ്മുസലമ
ഹുദൈബിയ സന്ധിയിലെ വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്കെതിരായതിനാല്‍ നിരാശപൂണ്ട മുസ്‌ലിംകള്‍ ഒരു ഘട്ടത്തില്‍ നബി(സ)യുടെ നിര്‍ദേശത്തോട് ഒരല്‍പം വിമുഖത കാണിച്ചപ്പോള്‍, നബി(സ) പത്‌നി ഉമ്മുസലമയെ സമീപിച്ച് സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചു. അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'താങ്കള്‍ ആരോടും ഒന്നും പറയാതെ പുറത്തേക്ക് ചെന്ന് ഒട്ടകത്തെ ബലിയറുക്കുക, ശേഷം ക്ഷുരകനെ വിളിച്ച് തലമുണ്ഡനം ചെയ്യുക.' ഇതുപ്രകാരം ചെയ്തപ്പോള്‍ എല്ലാ മുസ്‌ലിംകളും ശങ്കിച്ചുനില്‍ക്കാതെ കര്‍മങ്ങള്‍ നിര്‍വഹിച്ചു. പ്രമുഖ സ്വഹാബികളുള്ള അവസരത്തില്‍ നബിക്ക് സ്വീകാര്യമായ അഭിപ്രായം, അഥവാ നബിയെ ഉത്തേജിപ്പിക്കുന്ന നിലപാടെടുക്കാന്‍ മാത്രം ഉമ്മുസലമക്ക് കഴിവുണ്ടായിരുന്നു എന്നതാണ് ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്.
അബ്‌സീനിയയിലേക്ക് രണ്ടു തവണ പലായനം ചെയ്ത ഉമ്മുസലമ നിശ്ശബ്ദ സാന്നിധ്യമായിട്ടല്ല അവിടേക്കു പോയതും അവിടെ നിന്നു മാറിയതും. പലായനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും നമുക്ക് കൈമാറിത്തന്നത് ഉമ്മുസലമ നേരിട്ടാണ് (ഇവയിലെ ചില വിവരങ്ങള്‍ ഇപ്പോഴും മലയാളത്തില്‍ വന്നിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.)
ഖൈബര്‍ യുദ്ധത്തിലെ വനിതാ സാന്നിധ്യം
ഖൈബര്‍ യുദ്ധവേളയില്‍ ഏതാനും വനിതകള്‍ നബി(സ)യെ സമീപിച്ച് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! താങ്കളോടൊപ്പം വരാന്‍ ഞങ്ങള്‍ക്കും താല്‍പര്യമുണ്ട്.' നബി(സ); 'എന്താണ് കാര്യം?' അവര്‍: 'മുറിവേറ്റവരെ ചികിത്സിക്കാന്‍. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, മുസ്‌ലിംകളെ കഴിവിന്‍പടി സഹായിക്കാന്‍.'
അങ്ങനെ അവര്‍ യാത്രയായി. യാത്രകഴിഞ്ഞ് ഒട്ടകക്കട്ടിലില്‍നിന്നിറങ്ങിയപ്പോള്‍ അവരിലെ ഗിഫാര്‍ ഗോത്രജയായ ഒരു വനിതയുടെ വസ്ത്രത്തില്‍ ആര്‍ത്തവ രക്തം കണ്ടു (ഒന്നാമത്തെ ആര്‍ത്തവമായിരുന്നു). അവര്‍ നാണത്തോടെ ഒട്ടകത്തോട് ചേര്‍ന്നുനിന്നു. രക്തം ശ്രദ്ധയില്‍പെട്ട നബി ചോദിച്ചു: 'എന്തുപറ്റി? ആര്‍ത്തവമുണ്ടായോ?' പ്രവാചകന്‍ അവരെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു, 'സ്വയം വൃത്തിയാക്കുക. വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കഴുകുക. ഒട്ടകക്കട്ടിലിലെ രക്തപ്പാടുകളും കഴുകിക്കളയുക. എന്നിട്ട് കൂടാരത്തിലേക്ക് കയറി ഇരിക്കുക.'
യുദ്ധം കഴിഞ്ഞു. യുദ്ധമുതലുകളിലെ ഒരു മാല നബി(സ) തന്റെ കൈകൊണ്ട് അവരുടെ കഴുത്തിലിട്ടു കൊടുത്തു. മരിക്കുവോളം അത് അവരുടെ കഴുത്തിലുണ്ടായിരുന്നു (അബൂദാവൂദ്).
ഇത്തരം വനിതകളുടെ യുദ്ധത്തിലെ പരസ്യ പങ്കാളിത്തത്തിന് ഇനിയും ധാരാളം തെളിവുകളുണ്ട്. സഹോദരിമാരായ സുലൈം, ഉമ്മുഹറാം ബിന്‍തു മില്‍ഹാന്‍ മുതലായവര്‍ ഉദാഹരണം. ഭരണാധികാരികളുടെ തെറ്റുതിരുത്താന്‍ തെരുവുകളിലെ പ്രതിഷേധസാന്നിധ്യങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നിരിക്കെ, തങ്ങളുടെ കൂടി ജീവല്‍ പ്രശ്‌നമായ പൗരത്വ വിഷയത്തില്‍ വനിതകളെ പ്രതിഷേധിക്കാന്‍ അനുവദിക്കാത്തത് മിതമായി പറഞ്ഞാല്‍, പൗരോഹിത്യ ദുഷ്പ്രഭുത്വത്തിന്റെ യജമാന മനോഭാവം മാത്രമാണ്.