ഇസ്‌ലാമിക പ്രബോധകന്റെ സവിശേഷ വ്യക്തിത്വം

സുബൈര്‍ കുന്ദമംഗലം No image

ഉന്നതമായ ആദര്‍ശവും ഉല്‍കൃഷ്ടമായ ജീവിത ലക്ഷ്യവും പ്രബോധനമെന്ന മഹിത ദൗത്യവും ഏറ്റെടുത്തവരെന്ന നിലക്ക് ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം കനപ്പെട്ടതാണ്. അവര്‍ക്ക് സമൂഹവുമായി ശക്തമായ ഇഴയടുപ്പമുണ്ടാകണം. സഹജീവികളുടെ സുഖദുഃഖങ്ങളില്‍ പങ്ക്‌കൊണ്ടും ജനസേവനം ദൈവാരാധനയായി തിരിച്ചറിഞ്ഞും ജനകീയ പ്രശ്‌നങ്ങളില്‍ കലവറയില്ലാതെ ഇടപെട്ടുമല്ലാതെ ദൈവത്തിന്റെ സന്നിധിയിലേക്ക് കുറുക്കു വഴികളില്ല. അശരണരുടെ കണ്ണീരൊപ്പിയും ആലംബഹീനര്‍ക്ക് കൈത്താങ്ങായും ദുഃഖിതര്‍ക്ക് പൂമരമായും എഴുന്നേറ്റ് നില്‍ക്കേണ്ടവനാണ് ഇസ്‌ലാമിക പ്രവര്‍ത്തകന്‍.
വിശുദ്ധ ഖുര്‍ആനിന്റെ മഹിത സന്ദേശങ്ങളിലൂടെ രൂപപ്പെടുന്നതാണ് ഇസ്‌ലാമിക വ്യക്തിത്വം. 
മനസ്സംസ്‌കരണത്തിനും വ്യക്തിത്വ രൂപീകരണത്തിനും ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മൂല്യഗുണങ്ങള്‍ എണ്ണിയെണ്ണി പറയുമ്പോള്‍ അത്ഭുതം തോന്നും. ജീവിതത്തിന്റെ അതിനിസ്സാരമെന്ന് തോന്നുന്ന തലംപോലും ഇസ്‌ലാം അവഗണിച്ചിട്ടില്ല. സാംസ്‌കാരികമായും മതപരമായും അടിത്തട്ടില്‍ നില്‍ക്കുന്ന സാധാരണ പൗരനെപോലും ഉന്നത മൂല്യങ്ങളുടെ ഉടമയാക്കി പരിവര്‍ത്തിപ്പിക്കുകയെന്ന സാഹസികതയാണ് ഖുര്‍ആനും തിരുസുന്നത്തും ഇസ്‌ലാമിക പരിഷ്‌കര്‍ത്താക്കളും ചെയ്തിട്ടുള്ളത്. ദൈവത്തോടും സഹജീവികളോടും പരിസ്ഥിതിയോടും കടപ്പാടും ബാധ്യതയും തനിക്കുണ്ടെന്ന് അയാള്‍ക്ക് നല്ല ബോധ്യമുണ്ട്.

സല്‍സ്വഭാവിയായ പ്രബോധകന്‍
ഇസ്‌ലാമിക പ്രവര്‍ത്തകന്‍ സല്‍സ്വഭാവിയും വിനയാന്വിതനും ആര്‍ദ്രചിത്തനുമായിരിക്കും. പരുഷതയോ കാര്‍ക്കശ്യമോ പിടിവാശിയോ മുന്‍കോപമോ അയാളെ മലിനമാക്കുകയില്ല. ഇത്തരം ദുര്‍ഗുണങ്ങള്‍ ആളുകളെ തന്നില്‍ നിന്നകറ്റുമെന്ന് അയാള്‍ക്കറിയാം. ഉഹ്ദില്‍ മുസ്‌ലിം ഭടന്മാരായ ചിലരില്‍ നിന്നുണ്ടായ അനുസരണക്കേട് പരാമര്‍ശിക്കവെ, പ്രവാചകന്റെ സ്വഭാവ മഹിമ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെ: 'താങ്കള്‍ വളരെ സൗമ്യശീലനായത് അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ ഒരു അനുഗ്രഹമാണ്. താങ്കള്‍ കഠിന ഹൃദയനായ പരുഷ പ്രകൃതനായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റുനിന്നും അവരെല്ലാം പിരിഞ്ഞ് പോയത് തന്നെ' (ആലുഇംറാന്‍ 159).
അനസ്(റ) നിവേദനം ചെയ്ത പോലെ, ജനങ്ങളില്‍ വെച്ചേറ്റവും ഉല്‍കൃഷ്ട സ്വഭാവത്തിന്റെ ഉടമയായിരുന്നല്ലോ തിരുനബി(സ). (ബുഖാരി, മുസ്‌ലിം). ഇതില്‍ അതിശയോക്തിയില്ല. വര്‍ഷങ്ങളോളം പ്രവാചകന്റെ സന്തത സഹചാരിയായി നിഴല്‍പോലെ പിന്തുടര്‍ന്ന അനുചരനാണ് അനസ്(റ). സ്വാനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള നിരീക്ഷണമാണ് അദ്ദേഹത്തിന്റേത്. ഞാന്‍ പത്തുവര്‍ഷത്തോളം തിരുനബി(സ)ക്ക് സേവനം ചെയ്തു. അവിടുന്ന് ഒരിക്കല്‍ പോലും എന്നോട് 'ഛെ'യെന്ന് പറഞ്ഞിട്ടില്ല. വല്ലതും ചെയ്താല്‍ എന്തിന് അത് ചെയ്‌തെന്നോ ചെയ്തില്ലെങ്കില്‍ എന്തുകൊണ്ട് ചെയ്തില്ലെന്നോ ചോദിക്കുമായിരുന്നില്ല' (ബുഖാരി, മുസ്‌ലിം).
അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് റിപ്പോര്‍ട്ട് ചെയ്തത് പോലെ, അവിടുന്ന് അനുചരന്മാരെ ആവര്‍ത്തിച്ച് ഉണര്‍ത്തി: 'നിങ്ങളില്‍ ഉത്തമര്‍ സല്‍സ്വഭാവികളത്രെ' (ബുഖാരി, മുസ്‌ലിം). അവിടുന്ന് അരുളി: 'നിശ്ചയം! നിങ്ങളില്‍ എനിക്കേറെ ഇഷ്ടപ്പെട്ടവരും അന്ത്യനാളില്‍ എന്റെ സമീപസ്ഥരായിരിക്കുന്നവരും സല്‍സ്വഭാവികളായിരിക്കും. എനിക്ക് ഏറെ വെറുപ്പുള്ളവരും അന്ത്യനാളില്‍ എന്നില്‍ നിന്നേറ്റം അകന്നവരും വാചകമടിക്കാരും പൊങ്ങച്ചക്കാരുമായിരിക്കും.' (തിര്‍മിദി).
നബി തിരുമേനിയുടെ അത്യുല്‍കൃഷ്ടമായ സ്വഭാവ ഗുണങ്ങള്‍ അനുചരന്മാര്‍ സാകൂതം വീക്ഷിച്ചു. അവിടുന്ന് ആളുകളോട് മൃദുലമായും മാന്യമായും പെരുമാറി. പ്രവാചകന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം നയിച്ച അനുചരന്മാര്‍ അവിടുത്തെ കര്‍മങ്ങള്‍ വള്ളിപുള്ളി വിടാതെ ജീവിതത്തില്‍ പകര്‍ത്തി. അത് വഴി ഒരു മാതൃകാസമൂഹത്തിന് അടിത്തറയിടാന്‍ അവര്‍ക്ക് സാധ്യമായി.
അനസ്(റ) നിവേദനം ചെയ്ത ഒരു സംഭവം പകര്‍ത്താം: 'തിരുനബി(സ) കാരുണ്യവാനായിരുന്നു. അവിടുന്ന് കരാര്‍ പാലിച്ചു. അവിടുന്ന് ആരുടെയും ആവശ്യം നിറവേറ്റി കൊടുക്കാതെ വിട്ടില്ല. ഒരിക്കല്‍ നമസ്‌കാരത്തിനുള്ള സമയമായി. ആളുകള്‍ അണിചേര്‍ന്നുനിന്നു. ഇഖാമത്ത് വിളിക്കപ്പെട്ടു. അപ്പോള്‍ ഗ്രാമീണനായ ഒരു അറബി മുന്നോട്ട് വന്നു നിന്നു. അയാള്‍ തിരുനബിയുടെ കുപ്പായം പിടിച്ചു കൊണ്ടിങ്ങനെ ബോധിപ്പിച്ചു: എന്റെ ഒരു കാര്യം കൂടി പരിഹരിക്കേണ്ടതുണ്ട്. നമസ്‌കാരം കഴിയുമ്പോഴേക്കും അത് മറന്ന് പോകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. തിരുദൂതര്‍ ആ ഗ്രാമീണന്റെ ആവശ്യം നിറവേറ്റിക്കൊടുത്തു. അനന്തരം അവിടുന്ന് നമസ്‌കാരം ആരംഭിച്ചു.' (ബുഖാരി അദബുല്‍ മുഫ്‌റദില്‍).
ഉല്‍കൃഷ്ട ഗുണങ്ങളുള്ള സമൂഹസൃഷ്ടിക്ക് വേണ്ടി പാടുപെടുന്ന പ്രവാചകന്റെ ഉത്തമ മാതൃകയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. മികച്ച വിദ്യാഭ്യാസം കൊണ്ടോ ഉന്നത ബിരുദങ്ങളും സാക്ഷ്യപത്രങ്ങളും വഴിയോ കരഗതമാകുന്ന ഒന്നല്ല സല്‍സ്വഭാവം. ഇസ്‌ലാമിക ദര്‍ശനം സമര്‍പ്പിക്കുന്ന മൂല്യബോധത്തിനേ വ്യക്തിയുടെ അന്തരാത്മാവിനെ ചലിപ്പിക്കാനാവൂ. അത്തരം സ്വഭാവ ഗുണങ്ങള്‍ ഒരാളുടെ ഐഹിക ജീവിതം അലംകൃതമാക്കും. പരലോകത്ത് അയാളുടെ പ്രതിഫലം വര്‍ധിക്കും. തിരുനബി(സ) അരുളി: 'അന്ത്യനാളില്‍ സത്യവിശ്വാസിയുടെ തുലാസ്സില്‍ സല്‍സ്വഭാവത്തേക്കാള്‍ കനം തൂങ്ങുന്ന മറ്റൊന്നും തന്നെയില്ല. അശ്ലീലക്കാരനായ മ്ലേഛനെ അല്ലാഹു വെറുക്കുന്നു' (തിര്‍മിദി). വിശ്വാസത്തിന്റെ പൂര്‍ത്തീകരണമാണ് സല്‍സ്വഭാവം. 'വിശ്വാസികളില്‍ ഈമാന്‍ പൂര്‍ത്തീകരിച്ചവര്‍ ഉത്തമ സ്വഭാവികളത്രെ' (തിര്‍മിദി). അപ്രകാരം, അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട അടിമകളാണ് സല്‍സ്വഭാവികള്‍. ഉസാമതുബ്‌നു ശുറൈകി(റ)ല്‍നിന്ന്: 'ഞങ്ങള്‍ ഒരിക്കല്‍ നബി(സ)യുടെ ചാരത്ത് ഇരിക്കുകയായിരുന്നു. ഞങ്ങളുടെ ശിരസ്സില്‍ പറവ ഇരിക്കുന്നത് പോലുള്ള ശാന്തത. ആരും ഒന്നും ഉരിയാടുന്നില്ല. തദവസരം ഒരു സംഘം ആളുകള്‍ നബി(സ)യെ സമീപിച്ച് ചോദിച്ചു: അല്ലാഹുവിന് ഏറ്റവുമധികം ഇഷ്ടപ്പെട്ട അടിമകള്‍ ആരാണ്? അവിടുന്ന് പ്രതിവചിച്ചു: സല്‍സ്വഭാവികള്‍.' (ത്വബറാനി).
സല്‍സ്വഭാവത്തിന് നമസ്‌കാരത്തിന്റെയും നോമ്പിന്റെയും പദവി നല്‍കപ്പെട്ടിരിക്കുന്നു. 'സല്‍സ്വഭാവത്തേക്കാള്‍ കനം കൂടിയ മറ്റൊന്നും തുലാസ്സില്‍ വെക്കപ്പെടുകയില്ല. ഒരാളുടെ ഉത്തമ സ്വഭാവം അയാളെ നോമ്പിന്റെയും നമസ്‌കാരത്തിന്റെയും സ്ഥാനത്ത് എത്തിക്കുന്നു. (തിര്‍മിദി) മറ്റൊരു നിവേദനത്തില്‍: 'നിശ്ചയം! ഒരടിമ തന്റെ ഉല്‍കൃഷ്ട സ്വഭാവം കാരണം നോമ്പുകാരന്റെയും നമസ്‌കാരക്കാരന്റെയും പദവിയില്‍ എത്തിച്ചേരും എന്നാണുള്ളത്.
തിരുദൂതര്‍ അനുചരന്മാരെ ഉത്തമ സ്വഭാവത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. അത് വ്യക്തിയുടെ തിലകക്കുറിയാണെന്ന് ഉണര്‍ത്തി മനസ്സംസ്‌കരണത്തിനും സ്വഭാവശുദ്ധിക്കും അനിവാര്യമായ മാതൃക വരച്ചുകാട്ടി. ഒരിക്കല്‍ അവിടുന്ന് അനുചരന്മാരില്‍ ഒരാളായ അബൂദര്‍റിനോട് പറഞ്ഞു: 'അല്ലയോ അബൂദര്‍റ്, ഞാന്‍ രണ്ട് സല്‍ക്കാര്യങ്ങള്‍ താങ്കളെ അറിയിക്കപ്പെട്ടയോ? മറ്റെല്ലാറ്റിനെക്കാളും മുതുകിന് ഏറ്റവും ഭാരം കുറഞ്ഞതും തുലാസ്സില്‍ ഏറ്റവും കനം കൂടിയതുമത്രെ അത്.'
അബൂദര്‍റ് പറഞ്ഞു: 'പ്രവാചകരേ, അങ്ങനെയാവട്ടെ.' അവിടുന്ന് പ്രതിവചിച്ചു: 'താങ്കള്‍ സല്‍സ്വഭാവിയായിത്തീരുക. നീണ്ട മൗനിയും. എന്റെ ആത്മാവ് ആരിലാണോ അവനാണ, ഇത് പോലുള്ളത് കൊണ്ടല്ലാതെ സൃഷ്ടികള്‍ക്ക് അലങ്കാരം കൈവരില്ല.' (അബൂയഅ്‌ല, ത്വബറാനി എന്നിവര്‍ ഔസത്വില്‍)
പ്രവാചകന്‍ അരുളി: 'സല്‍സ്വഭാവം വളര്‍ച്ചയും ദുസ്വഭാവം അവലക്ഷണവുമാണ്. പുണ്യം ആയുസ്സ് വര്‍ധിപ്പിക്കും. ദാനം ദുര്‍മരണം തടയും' (അഹ്മദ്). അവിടുന്ന് ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: 'അല്ലാഹുവേ, നീയെന്റെ സൃഷ്ടികല കമനീയമാക്കി. അതിനാല്‍ നീ എന്റെ സ്വഭാവവും ഉല്‍കൃഷ്ടമാക്കേണമേ' (അഹ്മദ്).
ഉല്‍കൃഷ്ട സ്വഭാവത്തിന്റെ ഉടമയാണെന്ന് തിരുനബി(സ)യെക്കുറിച്ച് ഖുര്‍ആന്‍ പ്രസ്താവിച്ചിരിക്കെ, സ്വഭാവ ശുദ്ധിക്ക് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സല്‍സ്വഭാവമെന്നത് വിശാലമായ ആശയമാകുന്നു. മനുഷ്യമനസ്സിനെ ശുദ്ധീകരിക്കുന്ന ധാരാളം മൂല്യഗുണങ്ങള്‍ അതിന്റെ പരിധിയിലുണ്ട്. ലജ്ജ, വിനയം, ആര്‍ദ്രത, വിട്ടുവീഴ്ച, സത്യസന്ധത, ഗുണകാംക്ഷ, വിശ്വസ്തത പോലുള്ള ഒട്ടനവധി നന്മകള്‍. ഒരാളുടെ വ്യക്തിത്വ രൂപീകരണത്തില്‍ നടേ സൂചിപ്പിച്ച നന്മകള്‍ ഇസ്‌ലാം അതിസൂക്ഷ്മമായി വിലയിരുത്തുകയും പരിഗണിക്കുകയും ചെയ്യുന്നു. അവ ജീവിതത്തിലുടനീളം പാലിക്കാതെ ഒരാള്‍ക്ക് സല്‍സ്വഭാവിയെന്ന ഉല്‍കൃഷ്ട പദവി ലഭിക്കുകയില്ല. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top