നിനക്കെന്നെ അറിയാം പക്ഷേ, നീയെന്നെ മനസ്സിലാക്കിയിട്ടില്ല

ഉസ്‌വത്ത് ജഹാന്‍ No image

'എനിക്കവളെ തിരിച്ചു വേണം, അവളോടൊപ്പം മാത്രമേ ഞാന്‍ സന്തോഷവാനായിരിക്കൂ, ഈ ലോകത്തുള്ള മറ്റാരേക്കാളും മറ്റെന്തിനേക്കാളും ഞാന്‍ സ്‌നേഹിച്ചത് അവളെയായതുകൊണ്ടല്ല ഇത്. മറിച്ച്, അവള്‍ മാത്രമാണ് എന്നെ മനസ്സിലാക്കിയത് എന്നതുകൊണ്ടാണ്; എന്റെ ഇഷ്ടങ്ങള്‍, എന്റെ കിറുക്ക്, എന്റെ ജീവിതരീതി..... എല്ലാം അവള്‍ മനസ്സിലാക്കിയിട്ടുണ്ട്. അവളുടെ കണ്ണുകളിലൂടെയാണ് ഞാന്‍ ലോകം കണ്ടിരുന്നത്.' നഷ്ടപ്പെട്ട ഇണയെ തേടി നടക്കവെ, പൗലോ കൊയ്‌ലോയുടെ സാഹിര്‍ എന്ന നോവലിലെ കഥാപാത്രം പറയുന്ന വാക്കുകളാണിവ.
മനുഷ്യബന്ധങ്ങളെ സുവര്‍ണ നൂലില്‍ കോര്‍ത്തെടുക്കുന്ന സൂചികളാണ് പരസ്പരം അറിയലും മനസ്സിലാക്കലും. മനസ്സിലാക്കല്‍ ഒരു കലയാണ്, എല്ലാവരും കലാകാരന്മാരാകണമെന്നില്ല. പക്ഷേ, ഓരോരുത്തരും തങ്ങളുടേതായ രീതിയില്‍ ഈ കല സ്വായത്തമാക്കാന്‍ ശ്രമിച്ചേ മതിയാകൂ. നല്ല ബന്ധങ്ങള്‍ വളര്‍ത്തണമെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കണമെന്നും നാമാഗ്രഹിക്കുന്നുവെങ്കില്‍, അവരെ മനസ്സിലാക്കിയാണ് നാം ആരംഭിക്കേണ്ടത്. ആദ്യമവരെ നന്നായി അറിയണം, അതൊരു അടിത്തറയാണ്. പിന്നീട് ആ അടിത്തറയില്‍, സ്‌നേഹബന്ധങ്ങളുടെ കൊട്ടാരം പണിയണം; മനസ്സിലാക്കി പ്രവര്‍ത്തിക്കലാണ് മഴവില്‍ ചാരുതയുള്ള സ്‌നേഹക്കൊട്ടാരത്തിന്റെ നിര്‍മാണ രഹസ്യം.
അറിവും മനസ്സിലാക്കലും തമ്മിലുള്ള അന്തരം തിരിച്ചറിയാന്‍ കഴിയലാണ് ഒന്നാമത്തെ പടി, അത് പ്രയോഗത്തില്‍ വരുത്തല്‍ രണ്ടാമത്തേതും. 'നിന്നെ അറിയുന്നവര്‍ ധാരാളം, മനസ്സിലാക്കിയവര്‍ വിരളം' എന്ന വാമൊഴി പ്രസക്തമാണ്. അറിവ് ബുദ്ധിപരമാണ്, മനസ്സിലാക്കല്‍ ആ പദം സൂചിപ്പിക്കുന്ന പോലെ മാനസികവും. അറിവ് വിവരശേഖരമാണ്, മനസ്സിലാക്കല്‍ വികാരപരവും. പ്രിയപ്പെട്ടവരെ കുറിച്ച അറിവ് നമ്മുടെ കൈയിലുള്ള വിവരമാണ്, അവര്‍ പറയാതെയും ആവശ്യപ്പെടാതെയും ആ അറിവനുസരിച്ച് അവരോട് പെരുമാറാന്‍ കഴിയുമ്പോള്‍ മാത്രമാണ് നാമവരെ മനസ്സിലാക്കി എന്ന് പറയാന്‍ കഴിയുന്നത്. അതുകൊണ്ട്, ഇണയോട്, സുഹൃത്തിനോട് 'തന്നെ എനിക്കറിയാം' എന്ന് പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല; ആ അറിവനുസരിച്ച് അവരോട് പെരുമാറുന്നതുവരെ! അറിവെന്ന സ്വര്‍ണത്തിനു മേല്‍ പതിച്ച മരതകമാണ് (ഡയമണ്ട്) മനസ്സിലാക്കല്‍! വിവരവും വികാരവും വിവേകവും ആവശ്യമായ അളവില്‍ ചേരുമ്പോഴാണ് നല്ല തീരുമാനങ്ങള്‍ എടുക്കാനാവുന്നത്, ഇണക്കും സുഹൃത്തിനുമൊക്കെ വേണ്ടി വിട്ടുവീഴ്ച ചെയ്യാനും അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്താനുമുള്ള മാനസിക വളര്‍ച്ചയുണ്ടാകുന്നത്. ജര്‍മന്‍ തത്വചിന്തകന്‍ ഗാഡാമറിന്റെ വിശകലനമനുസരിച്ച്, 'മറ്റൊരാളുടെ ലോകത്തെ, ആശയങ്ങളെ, അഭിരുചികളെ അവനവന്റെ ലോകത്തേക്ക് പരിഭാഷപ്പെടുത്തലാണ് മനസ്സിലാക്കല്‍.' ജനങ്ങള്‍ക്ക് മിക്കപ്പോഴും വേണ്ടത് ഉപദേശമല്ല; മുറുകെപ്പിടിക്കാന്‍ ഒരു കൈ, കേള്‍ക്കാന്‍ സന്നദ്ധമായ ചെവി, സര്‍വോപരി അവരെ മനസ്സിലാക്കുന്ന ഹൃദയം! പ്രിയപ്പെട്ടവരെ മനസ്സിലാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍, അവരുടെ മൗനം പോലും നമ്മോട് വാചാലമാകും, മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ സംസാരം പോലും നമ്മോട് സംവദിക്കില്ല. നിന്റെ മൗനം മനസ്സിലാകാത്തവര്‍ക്ക്, നിന്റെ വാക്കുകള്‍ ഒരിക്കലും മനസ്സിലാകില്ലെന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതെയല്ല.
ഭാര്യാഭര്‍ത്താക്കന്മാരുള്‍പ്പെടെ മനുഷ്യര്‍ക്കിടയിലെ ആശയ വിനിമയത്തിലെ പ്രധാന പ്രശ്‌നം, പരസ്പരം കേള്‍ക്കുന്നില്ല എന്നതല്ല, കേള്‍ക്കുന്നത് മറുപടി പറയാനാണ്, മനസ്സിലാക്കാന്‍ വേണ്ടിയല്ല എന്നതത്രെ! മനസ്സിലാക്കാന്‍ വേണ്ടി പറയുന്നവരും കേള്‍ക്കുന്നവരുമാവുക എന്നതാണ് പരിഹാരം. സൗന്ദര്യവതിയായ ഭാര്യ കണ്ണുകള്‍ക്ക് ആനന്ദമേകും, വിവേകിയായ ഭാര്യ നമ്മെ മനസ്സിലാക്കി ആത്മാവിനോട് ചേരുമെന്ന മഹദ് വചനം ദാമ്പത്യത്തില്‍ പ്രധാനമാണ്.
നമുക്കിടയില്‍ പരസ്പരം അറിഞ്ഞ ദമ്പതികളും സുഹൃത്തുക്കളും ധാരാളമുണ്ട്, പക്ഷേ പരസ്പരം മനസ്സിലാക്കിയവര്‍ വിരളമാണ്. 25 വര്‍ഷങ്ങള്‍ ഒന്നിച്ചു ജീവിച്ച ഭാര്യാഭര്‍ത്താക്കന്മാര്‍, കലഹം തീര്‍ക്കാനെത്തിയപ്പോള്‍, ആദ്യ സംസാരം തന്നെ അഞ്ചു മണിക്കൂറിലേറെ നീണ്ടു. പ്രശ്‌നത്തിന്റെ മര്‍മങ്ങള്‍ കണ്ടെത്താന്‍ എറെയൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. പരസ്പരം മനസ്സിലാക്കി പെരുമാറാന്‍ ഇരുവര്‍ക്കും കഴിയുന്നില്ല എന്നതാണ് അതില്‍ മുഖ്യം. രണ്ടു പേരുടെയും സ്വഭാവം, ശക്തി, ദൗര്‍ബല്യങ്ങള്‍ പരസ്പരം നന്നായി അറിയാം. ഭര്‍ത്താവ് എപ്പോഴൊക്കെ ദേഷ്യപ്പെടുമെന്ന് ഭാര്യ എണ്ണിപ്പറഞ്ഞത് അദ്ദേഹവും തല കുലുക്കി സമ്മതിച്ചു. 'തനിക്ക് ഇന്നയിന്ന സന്ദര്‍ഭങ്ങളില്‍ ദേഷ്യമുണ്ടെന്ന് സ്വയം മനസ്സിലാക്കുക, അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് തന്നോട് തന്നെ പറയുക, അത് നിയന്ത്രിക്കേണ്ടതുണ്ടെന്ന് തന്നെത്തന്നെ സ്വയം  ശാസിക്കുക' - ഇതാണ് ഭര്‍ത്താവ് ചെയ്യേണ്ടത്. ഇത് കുറേ മാസങ്ങള്‍ ബോധപൂര്‍വം തുടരുമ്പോള്‍ ഫലം കണ്ടുതുടങ്ങും. ഇന്നയിന്ന കാരണങ്ങളാല്‍ ഭര്‍ത്താവ് ദേഷ്യപ്പെടുമെന്നറിയുന്ന ഭാര്യ, അതിനുള്ള സന്ദര്‍ഭങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. അതവള്‍ക്ക് സാധിക്കും, സാവകാശത്തിലെങ്കിലും. ദേഷ്യത്തെ കുറിച്ച അറിവ്, പരസ്പരം 'മനസ്സിലാക്കി' പെരുമാറുന്നതിലേക്ക് വളര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞ് ബന്ധങ്ങള്‍ സ്‌നേഹമസൃണമാകുന്നു. 'ലോകത്തില്‍ ഏറ്റവും സന്തോഷത്തില്‍ ജീവിക്കുന്ന ദമ്പതികള്‍ എല്ലാറ്റിലും ഒരേ മനസ്സുള്ളവരല്ല, തങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങള്‍ നന്നായി മനസ്സിലാക്കിയവരാണെന്ന' ഇംഗ്ലീഷ് പഴമൊഴി ഓര്‍ക്കുക. 'രണ്ട് വഴികളുള്ള തെരുവാണ് മനസ്സിലാക്കല്‍' എന്ന റുസ്‌വെല്‍റ്റിന്റെ വാക്കുകള്‍ക്ക് ബന്ധങ്ങളുടെ കാര്യത്തില്‍ മൂല്യമേറെയുണ്ട്.
'ബലാല്‍ക്കാരേണ കൊണ്ടുവരാന്‍ കഴിയുന്നതല്ല സമാധാനം, അത് മനസ്സിലാക്കലിലുടെ സ്വായത്തമാക്കേണ്ടതാണ്' എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. മനസ്സിലാക്കല്‍ സമാധാനത്തിലേക്കുള്ള വഴിയാണ്. ആശയ വിനിമയമാണ് മനസ്സിലാക്കാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം, പിന്നെ സൂക്ഷ്മ നിരീക്ഷണവും. വ്യക്തിയെ പഠിച്ചറിയണം, മനസ്സിലാക്കലാണ് ഏറ്റവും കലാപരമായ പഠനം. ഭാര്യയെ, ഭര്‍ത്താവിനെ, മക്കളെ, മാതാപിതാക്കളെ, സഹപ്രവര്‍ത്തകരെ, ജീവനക്കാരെ.... അവരവരുടേതായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാലേ, അവരവര്‍ക്കനുസരിച്ച് ഓരോരുത്തരോടും ഇടപെടാന്‍ കഴിയൂ. 
ഭര്‍ത്താവിന്, സഹപ്രവര്‍ത്തകന് ഈഗോയുണ്ടെന്ന് 'അറിയാമെങ്കില്‍' അതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തിയും കലഹമുണ്ടാക്കിയും മുന്നോട്ടു പോകാനല്ല, ആ ഈഗോയെ അല്‍പസ്വല്‍പം പരിഗണിക്കാന്‍ 'മനസ്സു'വെച്ചാല്‍ പ്രശ്‌നങ്ങള്‍ ഗണ്യമായി കുറഞ്ഞുവരും, മറുഭാഗത്ത് സ്വയം മനസ്സിലാക്കി തന്റെ ഈഗോ കുറച്ചുകൊണ്ടുവരാനുള്ള പരിശ്രമവുമുണ്ടാകണം.  നമ്മുടെ കുട്ടികളിലൊരാളുടെ വാശി നമുക്കറിയാം, ആ വാശി വര്‍ധിക്കാന്‍ കാരണമാകുന്നതില്‍നിന്ന് വിട്ടുനില്‍ക്കലാണ്, കുട്ടിയെ 'മനസ്സിലാക്കി' പെരുമാറല്‍. താന്‍ ഒരിക്കല്‍ ഗൗരവത്തില്‍ പറഞ്ഞ ഒരു കാര്യം, തമാശയായി ഉദ്ധരിക്കുന്നത് ഇഷ്ടപ്പെടാത്ത ഒരാളോട് ഒരിക്കലും അത് ചെയ്യാതിരിക്കുക എന്നതാണ് അയാളെ മനസ്സിലാക്കല്‍. കുറ്റപ്പെടുത്തുന്നത് സഹിക്കാനാകാത്ത ആളാണ് തന്റെ ഇണയെന്ന് അറിഞ്ഞുകഴിഞ്ഞാല്‍, ചെയ്ത തെറ്റിന്റെ പേരില്‍ പോലും ഇണയെ ആക്ഷേപിക്കാതിരിക്കുകയും, സ്‌നേഹം കൊണ്ട് ആ തെറ്റുകള്‍ പ്രായോഗികമായി തിരുത്തിക്കുകയുമാണ് മനസ്സിലാക്കിയുള്ള പെരുമാറ്റം. ഫോണില്‍ സംസാരിക്കുന്നതിനിടെ, കേള്‍വിയില്‍ അവ്യക്തമായ കാര്യങ്ങളാണെങ്കിലും എന്ത് എന്ന് ചോദിച്ച് രണ്ടാമത് പറയിക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്ത ഒരാളോട്, ആ കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടാതിരിക്കല്‍ മനസ്സിലാക്കിയുള്ള പെരുമാറ്റം തന്നെ! അതുകൊണ്ട് ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ മറ്റു വിധത്തില്‍ മറികടക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തമം. നയത്തിലും മയത്തിലുമുള്ള പെരുമാറ്റങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളെ ആയാസരഹിതമാക്കാന്‍ സഹായിക്കും. 'വലിയ കാര്യങ്ങളെക്കുറിച്ച വര്‍ത്തമാനങ്ങളല്ല പക്വതയുടെ അടയാളം, ചെറിയ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവാണെന്ന്' പറഞ്ഞത് അര്‍ഥവത്താണ്.
എല്ലാ മനശ്ശാസ്ത്രജ്ഞരും കൗണ്‍സലിംഗ് വിദഗ്ധരും ദമ്പതികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്ന പ്രധാന നിര്‍ദേശം 'മനസ്സിലാക്കണം' എന്നതത്രെ. ഇണ പറയാന്‍ തുടങ്ങുന്ന വാചകം പൂര്‍ത്തീകരിക്കാന്‍ കഴിയുക, വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്ന കുറേ സ്ഥലങ്ങളുടെ പേരു പറഞ്ഞാല്‍, തന്റെ ഇണ തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ള സ്ഥലം ഏതെന്ന് പറയാന്‍ സാധിക്കുക ഇതൊക്കെ പരസ്പരം മനസ്സിലാക്കിയതിന്റെ ലക്ഷണങ്ങളായി മനശ്ശാസ്ത്രജ്ഞര്‍ എണ്ണാറുണ്ട്, ചില ചാനല്‍ റിയാലിറ്റി ഷോകളില്‍ നവദമ്പതികള്‍ക്കു വേണ്ടി ഇത്തരം മത്സരങ്ങള്‍ നടത്താറുണ്ട്. ഹണിമൂണ്‍ യാത്രകള്‍ വെറും ആസ്വാദന വേളകളായല്ല നിശ്ചയിക്കപ്പെട്ടത്, പരസ്പരം തുറന്ന് ഇടപഴകാനും ആഴത്തില്‍ മനസ്സിലാക്കാനുമുള്ള അവസരങ്ങളാണ് അത് തുറന്നു തരുന്നത്. വ്യക്തികളെ തിരിച്ചറിയാവുന്ന വേളകളാണ് യാത്രകളെന്ന മഹദ്‌വചനം നാം മറന്നിട്ടുണ്ടാവില്ല.
മറ്റുള്ളവരെ മനസ്സിലാക്കാന്‍ കഴിയുമ്പോഴാണ്, അവര്‍ക്ക് മുന്‍ഗണന നല്‍കാന്‍, നമ്മുടെ ഇഷ്ടങ്ങള്‍ അവര്‍ക്കു വേണ്ടി മാറ്റിവെക്കാന്‍, ത്യാഗം ചെയ്യാന്‍ നമുക്ക് സാധിക്കുന്നത്. പുറത്തു പോയി, പൊതു കാര്യങ്ങളിലെല്ലാം ഇടപെട്ട് തിരിച്ചു വന്ന് കിടക്കുന്ന പ്രവാചക ഗുരു. നബി(സ), വാതിലിനടുത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്ന പ്രിയതമ. 'നിനക്ക് പള്ളിയില്‍ നടക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ കാണണോ' എന്ന് പ്രിയതമന്‍, അതേ എന്ന് പ്രിയപ്പെട്ടവളുടെ തലയാട്ടല്‍. പ്രിയതമന്‍, തന്റെ പ്രിയപ്പെട്ടവളെയും കൂട്ടി പള്ളിയിലേക്ക് നടന്നു, അവിടെ നടക്കുന്ന എത്യോപ്യക്കാരുടെ കായികാഭ്യാസ പ്രകടനങ്ങള്‍ പ്രിയതമന്റെ ചുമലില്‍ കൈയൂന്നി നിന്ന് അവര്‍ ആസ്വദിച്ചു. മറ്റൊരിക്കല്‍, യുദ്ധയാത്രയിലാണ് അദ്ദേഹം, രാഷ്ട്രത്തലവന്‍, സര്‍വ സൈന്യാധിപന്‍! സൈന്യം വിശ്രമിക്കാനിരുന്ന ഇടവേളയില്‍ അദ്ദേഹം പ്രിയതമയോടൊപ്പം ഓട്ട മത്സരം നടത്തി! തന്റെ പ്രിയപ്പെട്ടവള്‍ എന്താഗ്രഹിക്കുന്നുവെന്ന് അറിയാവുന്ന അദ്ദേഹം അവളെ മനസിലാക്കി സ്‌നേഹിച്ചതിന്റെ ഉദാഹരണങ്ങളാണിവ. അതേ, പറയാതെത്തന്നെ, ആവശ്യപ്പെടാതെത്തന്നെ മനസ്സിലാക്കി പെരുമാറുക!
വചനപ്പൊരുള്‍: സൗഹൃദം, ആശയവിനിമയം, ആദരവ്, മനസ്സിലാക്കല്‍ എന്നിവയുടെ മനോഹരമായ മിശ്രണമാണ് സ്‌നേഹബന്ധങ്ങള്‍.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top