ആണും പെണ്ണുമായി പ്രായമായ കുറേ മനുഷ്യര്‍. വാര്‍ധക്യത്തിന്റെ അവശതകളില്‍ ഒറ്റപ്പെട്ടുപോയവര്‍. ചുളുങ്ങി തുടങ്ങിയ ശരീരങ്ങളില്‍ ആരുമില്ലായ്മയുടെ
ആണും പെണ്ണുമായി പ്രായമായ കുറേ മനുഷ്യര്‍. വാര്‍ധക്യത്തിന്റെ അവശതകളില്‍ ഒറ്റപ്പെട്ടുപോയവര്‍. ചുളുങ്ങി തുടങ്ങിയ ശരീരങ്ങളില്‍ ആരുമില്ലായ്മയുടെ നിസ്സംഗഭാവം മുഖത്തും കണ്ണുകളിലും ഒളിപ്പിച്ചവര്‍. വൃദ്ധസദനത്തിന്റെ പടിക്കെട്ടിലേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ചകളാണിത്. 'പുറത്തുനിന്നുള്ള' ഒരാളെ കണ്ടതിനാലാകാം ഏവര്‍ക്കും ഒരുപാട് വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും പറയാന്‍ ഒരുപാട് അനുഭവങ്ങളുണ്ട്. കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍.
വൃദ്ധസദനത്തിലെ സൗകര്യങ്ങളില്‍ എല്ലാവരും സംതൃപ്തരാണ്. എന്നാല്‍ ഞാന്‍ ഓര്‍ത്തത് അവരെ ഇവിടേക്ക് എത്തിച്ച സാഹചര്യങ്ങളെ കുറിച്ചായിരുന്നു. മനുഷ്യബന്ധങ്ങളിലെ വിള്ളലുകളെ കുറിച്ചും. കഥയേക്കാള്‍ വലുതാണ് ചില ജീവിതങ്ങള്‍ എന്ന് ബോധ്യപ്പെടുത്തിയ അനുഭവങ്ങളാണ് വൃദ്ധസദനം ബോധ്യപ്പെടുത്തിയത്.
ചെറുതല്ല ഈ കണക്കുകള്‍
ഈ ചെറിയ കേരളത്തിലെ ഓരോ ജില്ലയിലും ശരാശരി 35 വൃദ്ധസദനങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ മേഖലയിലും ഉണ്ട് 11 എണ്ണം. ഇതിന് പുറമെ എത്രയോ പകല്‍വീടുകളും. ഏറ്റവുമധികം വൃദ്ധസദനങ്ങളുള്ളത് കേരളത്തിലാണെന്ന് ഹെല്‍പേജ് ഇന്ത്യയുടെ പഴയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്ത് 2021-ഓടെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ സംഖ്യ മൊത്തം ജനസംഖ്യയുടെ 16 ശതമാനമാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇതൊന്നും അങ്ങ് ദൂരങ്ങളിലെവിടെയോ സംഭവിക്കുന്നതാണെന്ന് കരുതി ആശ്വസിക്കേണ്ട. ഇതുപോലെ എത്രയോ വൃദ്ധസദനങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവിടേക്ക് രക്ഷിതാക്കളെ കൊണ്ടുവിടുന്ന മക്കളുണ്ട്. സ്വയം ഇറങ്ങിപ്പോകുന്ന രക്ഷിതാക്കളുണ്ട്. മക്കളാല്‍ കൊല്ലപ്പെടുന്ന വൃദ്ധജനങ്ങളുണ്ട്. മടുത്ത് സ്വയം ജീവിതം അവസാനിപ്പിക്കുന്നവരും ഉണ്ട്. എല്ലാറ്റിനും കാരണം ഒന്നാണ്; സ്‌നേഹ നിരാസം.
ഇന്നത്തെ കുടുംബ-സാമൂഹിക സാഹചര്യത്തില്‍ ജീവിതം ഏറെ ദുസ്സഹമായി തോന്നിയത് വൃദ്ധജനങ്ങള്‍ക്കാണ്. വാര്‍ധക്യം ആരുടെയും കുറ്റമല്ല. ജീവിതത്തിന്റെ സ്വാഭാവികമായ പരിണാമത്തില്‍ സംഭവിക്കുന്ന അവസ്ഥയാണ്. ക്ഷയിച്ചു തുടങ്ങുന്ന ആരോഗ്യവും രോഗങ്ങളും ഒറ്റപ്പെടലുകളും തീര്‍ക്കുന്ന ഒരു അവസ്ഥാവിശേഷം. കുടുംബങ്ങള്‍ക്ക് ഭാരമായി മാറുന്ന മാതാപിതാക്കളെ പിന്നീട് കാണുന്നത് ഇത്തരം സ്ഥാപനങ്ങളിലാണ്. സ്‌നേഹത്തോടെയുള്ള ഒരു നോട്ടത്തിനും തലോടലിനും വേണ്ടി ആ വൃദ്ധഹൃദയങ്ങള്‍ യാചിക്കുന്നത് കാണാതെ പോകുന്നു. പുരോഗമന ചിന്താരീതിയില്‍ കാലം മുന്നോട്ട് കുതിക്കുമ്പോള്‍ മത വേദഗ്രന്ഥങ്ങളില്‍നിന്നും നാം സ്വായത്തമാക്കിയ അറിവുകള്‍ക്ക് ക്ലാവ് പിടിച്ച് മങ്ങലേറ്റു പോകുന്നു.
തങ്ങള്‍ കഷ്ടപ്പെട്ട് വളര്‍ന്ന പോലെ സ്വന്തം മക്കള്‍ വളരരുത് എന്ന നിര്‍ബന്ധബുദ്ധിയാല്‍ മക്കളെ അല്ലലറിയിക്കാതെ വളര്‍ത്തുന്നവരാണ് ഓരോ രക്ഷിതാക്കളും. എന്നാല്‍ ഇടക്കെപ്പോഴോ മൂല്യബോധം നഷ്ടപ്പെട്ട് സുഖഭോഗികളായി വളരുന്ന മക്കള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു. വീടകങ്ങളില്‍നിന്ന് പുറത്തിരുത്താവുന്ന 'വസ്തു'വായി വൃദ്ധജനങ്ങളും മാറിയോ എന്ന് വര്‍ത്തമാനകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സാംസ്‌കാരിക കേരളവും ഇന്നത്തെ കേരളവും താരതമ്യം ചെയ്ത് നോക്കിയാല്‍ ആ മാറ്റങ്ങള്‍ വളരെ വ്യക്തമായി തിരിച്ചറിയാവുന്നതാണ്.
ആളനക്കമില്ലാത്ത വീടുകള്‍
മുത്തശ്ശനും മുത്തശ്ശിയും പിതൃസഹോദരങ്ങളും കുടുംബവും ഒരുപാട് മക്കളും കാരണവന്മാരുമൊക്കെയായി വലിയൊരു കുടുംബമായിരുന്നു പണ്ട്. അവര്‍ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരുമിച്ചു കഴിഞ്ഞു. ഇല്ലായ്മകളും പട്ടിണിയും ഒരുമിച്ചു പങ്കിട്ടു. ഇല്ലായ്മകളുടെ അക്കാലത്തൊന്നും ആരും വൃദ്ധസദനങ്ങളെ കുറിച്ച് കേട്ടിരുന്നില്ല. പഴയ കഥകളിലും നോവലുകളിലും നാമൊന്നും അത്തരം അനുഭവങ്ങള്‍ വായിക്കാത്തത് അതുകൊണ്ടാണ്. ചെറുപ്പത്തില്‍ ടി.വി കൊച്ചുബാവയുടെ 'വൃദ്ധസദനം' എന്ന നോവല്‍ വായിച്ചപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് സംശയിച്ചിരുന്നു. ഇപ്പോള്‍ അതെല്ലാം ബോധ്യപ്പെടുന്നു.
മക്കള്‍ക്കും കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും തിരക്ക് കൂടിവരുന്നതിനിടെ പ്രായമായവര്‍ ഭാരമായി തുടങ്ങി. വലിയ വീടുകള്‍ ഏറെ സമയം അടഞ്ഞുകിടക്കുകയും പകരം പകല്‍വീടുകളും വൃദ്ധസദനങ്ങളും പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
സ്‌നേഹം തേടുന്ന ഇടങ്ങള്‍
മാതാപിതാക്കളെ സംരക്ഷിക്കുന്നത് തങ്ങളുടെ കടമയാണെന്ന് സന്തോഷപൂര്‍വം തിരിച്ചറിഞ്ഞ തലമുറയായിരുന്നു പണ്ട്. ഇന്ന് പല വലിയ മണിമാളികകളില്‍ പോലും വൃദ്ധ മാതാപിതാക്കള്‍ തനിച്ചാണ്. വിദേശത്തുള്ള മക്കള്‍ മാതാപിതാക്കളെ നോക്കാന്‍ ജോലിക്കാരെ ഏല്‍പ്പിക്കുന്നു.
ഇടക്കുള്ള ഫോണ്‍ കോളുകള്‍ മാത്രമായി അവര്‍ക്കിടയിലെ ബന്ധം ചുരുങ്ങിപ്പോകുന്നു. മക്കളെയും പേരമക്കളെയും ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ച് ജീവിതം തള്ളിനീക്കുന്ന പേക്കോലങ്ങളായി മാറുന്നു അവര്‍. പ്രത്യക്ഷത്തില്‍ വൃദ്ധസദനങ്ങളല്ലെങ്കിലും സ്‌നേഹം നിഷേധിക്കപ്പെട്ട തടവറകള്‍ തന്നെയാണ് ഇത്തരം സൗധങ്ങള്‍. ഒരായുസ്സ് മുഴുവന്‍ മക്കള്‍ക്കായി മാറ്റിവെച്ച് ഒടുവില്‍ ഒരു വിഴുപ്പു ഭാണ്ഡം ഉപേക്ഷിക്കുന്ന ലാഘവത്തില്‍ അവര്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ ശക്തി കൊണ്ടും ആരോഗ്യം കൊണ്ടും പ്രതികരിക്കാനാവാതെ നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ അവര്‍ക്കാകുന്നുള്ളൂ. കുഞ്ഞുനാളില്‍ മക്കള്‍ക്ക് മാതാപിതാക്കള്‍ ഒരു സുരക്ഷാ കവചമാണെങ്കില്‍ വാര്‍ധക്യത്തില്‍ മക്കളുടെ കരങ്ങളാണ് അവര്‍ക്ക് സുരക്ഷ നല്‍കേണ്ടത്. ഈ സുരക്ഷയുടെ അഭാവമാണ് സ്‌നേഹാലയം, അഭയം, തണല്‍ എന്നീ പേരുകളില്‍ ഉയര്‍ന്നു പൊങ്ങുന്ന വൃദ്ധസദനങ്ങള്‍. ഏറ്റവും പരിഗണന അര്‍ഹിക്കുന്ന സമയങ്ങളിലാണ് അവര്‍ ഏറ്റവും അവഗണിക്കപ്പെടുന്നത്. വൃദ്ധസദനങ്ങളിലേക്കും ശരണാലയത്തിലേക്കും അവര്‍ മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ ജീവിതത്തില്‍നിന്നും നിര്‍ബന്ധമായി പിന്മാറണം എന്ന സൂചനയാണ് അവര്‍ക്ക് നല്‍കുന്നത്.
കുട്ടികളോടെന്ന പോലെ ഇടപെടൂ
വാര്‍ധക്യം ഒരര്‍ഥത്തില്‍ ശൈശവത്തിന്റെ ആവര്‍ത്തനം തന്നെയാണ്. പല്ലില്ലാതെ മോണകാട്ടിയുള്ള കുഞ്ഞുങ്ങളുടെ ചിരി തന്നെയല്ലേ പലരിലും കാണുന്നത്? കുഞ്ഞ് പിടിവാശികളും കുസൃതികളും തന്നെയല്ലേ അവരും കാണിച്ചുകൊണ്ടിരിക്കുന്നത്? പിച്ചവെക്കാന്‍ നീട്ടിത്തന്ന അതേ കൈകള്‍ തന്നെയല്ലേ വീഴാതിരിക്കാന്‍ നിങ്ങള്‍ക്കരികിലേക്ക് നീട്ടുന്നത്? എന്തുകൊണ്ട് അതേ രീതിയില്‍ ഇവരുടെ ചെയ്തികള്‍ നമുക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല? കുട്ടികളില്‍ ബുദ്ധിയും ശാരീരിക അവയവങ്ങളും വളര്‍ച്ചയെത്താത്തതാണ് പ്രശ്‌നമെങ്കില്‍, മുതിര്‍ന്നവരില്‍ ഇവയെല്ലാം പൂര്‍ണതയില്‍നിന്നുള്ള പിന്മടക്കത്തിലായിരിക്കും. പക്വതയും പാകവുമുള്ള നമ്മള്‍ അത് തിരിച്ചറിയേണ്ടതുണ്ട്.
ഇന്നത്തെ വൃദ്ധ മാതാപിതാക്കളാണ് നാളത്തെ നമ്മള്‍. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ചിറകുകള്‍ വിരിച്ച് തണലും തലോടലും നല്‍കി നാം നമ്മുടെ മാതാപിതാക്കളെ സംരക്ഷിക്കുന്നത് കണ്ടാവണം നമ്മുടെ ഇളംതലമുറ വളര്‍ന്നു വരേണ്ടത്. വൃദ്ധാലയങ്ങളുടെ ഉയര്‍ച്ചക്ക് പകരമായി സ്‌നേഹവും കരുതലും ചിരിതമാശകളും നിറഞ്ഞുനില്‍ക്കുന്ന വീടുകള്‍ നമുക്ക് ചുറ്റും ഉയര്‍ന്നുപൊങ്ങട്ടെ.