ആരാധനകള്‍ ഊര്‍ജ സ്രോതസ്സ്
ഡോ. മുഹമ്മദ് അലി അൽ ഹാശിമി
ആഗസ്റ്റ് 2018
ഉയര്‍ന്ന മനോദാര്‍ഢ്യത്തോടെയും തികഞ്ഞ ഈമാനിക വികാരത്തോടെയും ദൈവത്തിന് വഴിപ്പെടുന്നതില്‍ മുസ്‌ലിം സ്ത്രീ സദാ ജാഗരൂകയായിരിക്കും
ഉയര്‍ന്ന മനോദാര്‍ഢ്യത്തോടെയും തികഞ്ഞ ഈമാനിക വികാരത്തോടെയും ദൈവത്തിന് വഴിപ്പെടുന്നതില്‍ മുസ്‌ലിം സ്ത്രീ സദാ ജാഗരൂകയായിരിക്കും. കാരണം അല്ലാഹു നിയമമാക്കിയ എല്ലാ മതപരമായ ബാധ്യതകളും തനിക്ക് നിര്‍ബന്ധമാണെന്ന് അവര്‍ക്കറിയാം. ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളായ നിര്‍ബന്ധ അനുഷ്ഠാനങ്ങളില്‍ ഒട്ടും അലസതയോ വൈമുഖ്യമോ അശ്രദ്ധയോ അവള്‍ കാണിക്കുകയില്ല. എന്നല്ല, അവ ശരിയാംവണ്ണം അവയുടെ പൂര്‍ണതയോടു കൂടി നിര്‍വഹിക്കുന്നതില്‍ അവള്‍ ശുഷ്‌കാന്തി പുലര്‍ത്തുകയും ചെയ്യും.
ഇസ്‌ലാമികാനുഷ്ഠാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഞ്ചു നേരങ്ങളിലെ നമസ്‌കാരമാണല്ലോ. നമസ്‌കാരം ഇസ്‌ലാമിന്റെ നെടുംതൂണും അതിശ്രേഷ്ഠവുമായ കര്‍മമാണ്. ഇബ്‌നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു: 'ഞാന്‍ തിരുദൂരരോട് ചോദിച്ചു: ഏതു കര്‍മമാണ് ഏറ്റവും ശ്രേഷ്ഠകരം. അവിടുന്ന് പ്രതിവചിച്ചു: ''കൃത്്യസമയത്തുള്ള നമസ്‌കാരം.'' ഞാന്‍ ചോദിച്ചു: ''പിന്നെ ഏതാണ്?'' അവിടുന്ന് പറഞ്ഞു: ''മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍.'' ഞാന്‍ ചോദിച്ചു: ''പിന്നെ ഏതാണ്?'' തിരുമേനി(സ) പറഞ്ഞു: ''അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരം.'' അതിനാല്‍ നമസ്‌കാരം നിശ്ചിത സമയത്തുതന്നെ നേരാം വണ്ണം നിര്‍വഹിക്കുന്നതിന് വീട്ടുജോലികളോ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളോ ഒരു സ്ത്രീക്ക് തടസ്സമാവുകയോ അവയൊന്നും അവളെ അശ്രദ്ധമാക്കുകയോ ചെയ്യുകയില്ല. 'നമസ്‌കാരത്തെ നിലനിര്‍ത്തിയാല്‍ ദീനിനെ നിലനിര്‍ത്തി. അത് ഉപേക്ഷിച്ചാല്‍ ദീനിനെ തകര്‍ത്തു.' അതിനാല്‍ ദീനിനെ തകര്‍ക്കാന്‍ അവളുടെ മനസ്സ് ഒരിക്കലും കൂട്ടാക്കുകയില്ല.
അടിമയും നാഥനും തമ്മിലുള്ള ബന്ധമാണ് നമസ്‌കാരം. ഒരു സത്യവിശ്വാസിക്ക് ഊര്‍ജവും സ്ഥൈര്യവും കാരുണ്യവും തൃപ്തിയും നേടിത്തരുന്ന കര്‍മം, തന്റെ ശരീരത്തിലെയും മനസ്സിലെയും മാലിന്യങ്ങളെയും പാപങ്ങളെയും കഴുകിക്കളയുന്ന വിശുദ്ധ കര്‍മമാണത്.
നബി (സ) പറഞ്ഞു: ''നിങ്ങളുടെ വീട്ടുപരിക്കലിലൂടെ ഒരു പുഴ ഒഴുകിക്കൊണ്ടിരിക്കുകയും നിങ്ങളതില്‍ ദിനേന അഞ്ചു നേരം കുളിക്കുകയും ചെയ്താല്‍ നിങ്ങളുടെ ശരീരത്തില്‍ വല്ല മാലിന്യവും അവശേഷിക്േകുമോ?'' സ്വഹാബിമാര്‍ പ്രതികരിച്ചു: ''ഇല്ല പ്രവാചകരേ.'' നബി (സ) പറഞ്ഞു: ''അതുപോലെയാണ് അഞ്ചു നേരങ്ങളിലെ നമസ്‌കാരം. അതുമുഖേന അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുന്നു.''
നമസ്‌കാരം നാഥന്റെ ചാരത്ത് അടിമക്ക് അഞ്ചുനേരം അണയാനും തണല്‍ കൊള്ളാനും സഹായകമായ നാഥന്‍ ഒരുക്കിയ അനുഗൃഹീത കര്‍മമത്രെ. നാഥനെ സ്തുതിച്ചും പ്രകീര്‍ത്തിച്ചും അവനോട് സഹായവും കാരുണ്യവും മാര്‍ഗദര്‍ശനവും പാപമോചനവും തേടിയും ലോക രക്ഷിതാവിന്റെ തണലില്‍ അവള്‍ കഴിഞ്ഞുകൂടുന്നു. അതുവഴി പ ാപക്കറകളില്‍ നിന്നും വീഴ്ചകളില്‍ നിന്നും അവള്‍ പൂര്‍ണമായും മുക്തയാവുന്നു.
''നിര്‍ബന്ധ നമസ്‌കാരം സമാഗതമായാല്‍ നന്നായി വുദൂ ചെയ്ത് ഭയഭക്തിയോടെ അത് നിര്‍വഹിച്ചാല്‍ ആ നമസ്‌കാരം വന്‍ പാപങ്ങള്‍ ചെയ്യാത്തകാലത്തോളം ജീവിതകാലം മുഴുവന്‍ തെറ്റുകുറ്റങ്ങളില്‍നിന്നുള്ള പ്രായശ്ചിത്തമായിത്തീരും'' എന്ന് റസൂല്‍ പറഞ്ഞതായി ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) ഉദ്ധരിക്കുന്നു (മുസ്‌ലിം).
നമസ്‌കാരത്തിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും അതിന്റെ സല്‍ഫലങ്ങളും വ്യക്തമാക്കുന്ന ധാരാളം പ്രവാചക വചനങ്ങള്‍ കാണാം. അല്ലാഹുവിന്റെ മുന്നില്‍ സര്‍വതും സമര്‍പ്പിച്ച് വണക്കത്തോടെയും ഭയഭക്തിയോടെയും നമസ്‌കരിക്കുന്ന സ്ത്രീ പുരുഷന്മാര്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ഈ പ്രവാചക മൊഴിയില്‍ ഊന്നിപ്പറയുമ്പോള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്താന്‍ അല്ലാഹുവിന് അടിമവൃത്തി ചെയ്യാന്‍ കടപ്പെട്ടവളാണ് താനെന്ന ദൃഢബോധ്യമുള്ള ഒരു മുസ്‌ലിം സ്ത്രീക്ക് എങ്ങനെ സാധിക്കും.
(തുടരും)
(അവലംബം: ശഖ്‌സിയത്തുല്‍ മര്‍ദഅത്തില്‍ മുസ്‌ലിമ)
വിവ: കെ.കെ ഫാത്വിമ സുഹറ