ദൈവ വിളികേട്ട്.....
സിയാവുദ്ദീൻ സർദാർ
ആഗസ്റ്റ് 2018
ഞങ്ങളുടെ ബസ് ഒരു നീണ്ട ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കുകയായിരുന്നു. പ്രഭാതത്തിന്റെ മങ്ങിയ
ഞങ്ങളുടെ ബസ് ഒരു നീണ്ട ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കുകയായിരുന്നു. പ്രഭാതത്തിന്റെ മങ്ങിയ അന്തരീക്ഷത്തിലൂടെ ഞാന്‍ മുന്നോട്ട് നോക്കി. ഇരുവശത്തും അറബിയിലും ഇംഗ്ലീഷിലും എഴുതിയ ബസുകള്‍ക്കിടയിലൂടെ വെള്ളത്തുണികളുടെ ഒരു നിലക്കാത്ത പ്രവാഹം. അവരുടെ തൊലികളുടെ വ്യത്യസ്ത നിറങ്ങളാണ് ആ വസ്ത്രങ്ങള്‍ക്കിടയില്‍ മനുഷ്യരുണ്ടെന്നതിന്റെ ഏക സൂചന നല്‍കിയത്. ഒരു ചുമല്‍ പുറത്തുകാണുന്ന വിധത്തില്‍ ധരിക്കുന്ന തുന്നിപ്പിടിപ്പിക്കാത്ത രണ്ടു വെള്ളത്തുണികള്‍, അഥവാ 'ഇഹ്‌റാം' ആണ് എല്ലാ പുരുഷന്മാരുടെയും വേഷം. ഇരുപതോ മുപ്പതോ ലക്ഷം വരുന്ന ഈ മനുഷ്യക്കടല്‍ ഭൂലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഇരമ്പിയടുക്കുന്നത് ഒരേയൊരു ലക്ഷ്യത്തിലേക്കാണ്- മക്ക.
എവിടെയും ഒരുമിച്ച് നീങ്ങുന്ന ഈ കൂട്ടം ഒരു പുണ്യസ്ഥലത്തു നിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരത്തില്‍ മുഴുകിയിരിക്കുകയാണ്. അങ്ങനെ കഴിഞ്ഞ രാത്രി അന്തിയുറങ്ങിയ മുസ്ദലിഫയില്‍നിന്ന് മൂന്നു മൈല്‍ അകലെയുള്ള മിനായിലേക്കുള്ള യാത്രാ മധ്യേയാണ് ഞങ്ങളിപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. മിനായില്‍ മൂന്നു കല്‍തൂണുകള്‍ക്ക് നേരെ കല്ലെറിഞ്ഞുകൊണ്ട് പിശാചിനെ പ്രതീകാത്മകമായി അവഹേളിക്കുകയാണ് ലക്ഷ്യം. ഇഹ്‌റാം പോലെ തന്നെ ഹജ്ജിന്റെ ഭാഗമായി കഴിഞ്ഞിരുന്ന ഈ തിരക്ക് എന്നെ അത്ഭുതപ്പെടുത്തിയില്ല. മുന്നിലെ മുഖങ്ങളിലൂടെ കണ്ണോടിക്കുകയായിരുന്ന എന്റെ നോട്ടം മറ്റൊരു ബസിന്റെ ജനാലയിലൂടെ കണ്ട ഒരു മുഖത്ത് ചെന്നു പതിച്ചു.
തീര്‍ത്തും നിശ്ചലനായി ഇരിക്കുന്ന ഒരു വൃദ്ധ തീര്‍ഥാടകന്‍. ചുളിവ് വീണ മുഖത്തെ പ്രകാശിക്കുന്ന രണ്ട് കണ്ണുകള്‍ ചക്രവാളത്തിനപ്പുറം എന്തോ ഒന്നിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ഏതോ ഒരു ശക്തിയുടെ ആകര്‍ഷണത്തില്‍ ഞാന്‍ ബസില്‍ നിന്നിറങ്ങി അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി. നോട്ടം മാറ്റിയില്ലെങ്കിലും എന്റെ സാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നെന്ന് എനിക്ക് തോന്നി. ഞാന്‍ അടുത്ത് എത്തിയപ്പോള്‍ അദ്ദേഹം മെല്ലെയിറങ്ങി. ഒരു വല്ലാത്ത ശാന്തത അദ്ദേഹത്തെ മൂടിയിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന രണ്ടു കിടക്കവിരിപ്പുകള്‍ അദ്ദേഹം നിശ്ശബ്ദനായി എന്റെ നേരെ നീട്ടി. അത് വാങ്ങി അയാളെ പിന്തുടരാന്‍ എന്തോ ഒന്ന് എന്നെ പ്രേരിപ്പിച്ചു. ആള്‍ക്കൂട്ടത്തില്‍നിന്ന് മാറിയ ഒരിടത്തേക്ക് അദ്ദേഹം എന്നെ നയിച്ചു.
ഒരു തുണി നിലത്ത് വിരിക്കാന്‍ അദ്ദേഹം ആംഗ്യം കാണിച്ചു. കാറ്റില്‍ പാറിക്കളിക്കുകയായിരുന്ന വിരിപ്പ് ഞാന്‍ നീട്ടിവിരിച്ചപ്പോള്‍ അദ്ദേഹം തന്റെ ദുര്‍ബലമായ ശരീരം അതിലേക്ക് താഴ്ത്തിവെച്ചു. നന്ദിയോടെ എന്നോട് തലയാട്ടി. അങ്ങനെ മിണ്ടാതെ എത്രയോ നേരം ഞങ്ങളങ്ങനെ നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഉണര്‍വുണ്ടായി. എന്റെ മുന്നില്‍ കിടന്ന മനുഷ്യന്‍ എന്നെ വിട്ടുപോയിരിക്കുന്നു. ബഹുമാനത്തോടെ പതുക്കെ ഞാന്‍ രണ്ടാമത്തെ വിരിപ്പ് കൊണ്ട് അവരെ മൂടി.
1975 ഡിസംബര്‍ 16 ആയിരുന്നു അത്. ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ഞാന്‍ ഹജ്ജ് ചെയ്യാന്‍ പുറപ്പെട്ടത്. എന്റെ ഒപ്പമുള്ള 20 ലക്ഷത്തിലേറെ തീര്‍ഥാടകരുമായി എന്തോ ഒരു ആത്മബന്ധം എനിക്കനുഭവപ്പെട്ടു. ഈ തീര്‍ഥാടനം എന്റെ ആത്മാവിനെ ഉണര്‍ത്തുമെന്ന് ഞാന്‍ സ്വപ്‌നം കണ്ടു. എന്നാല്‍ എന്റെ മുന്നിലെ വൃദ്ധന്‍ മരിക്കാന്‍ വേണ്ടിയാണ് അവിടെ വന്നിരിക്കുന്നത്. ഹജ്ജിന്റെ ശരിയായ അര്‍ഥം എന്തുകൊണ്ടോ എന്നേക്കാള്‍ നന്നായി അദ്ദേഹത്തിന് മനസ്സിലായതായി എനിക്ക് തോന്നി.
മക്കയിലേക്ക് ജീവിതത്തില്‍ ഒരു തീര്‍ഥാടനം നടത്തുക ഒരു മുസ്‌ലിമിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണെങ്കിലും ഭൂരിഭാഗം മുസ്‌ലിംകളും ഒരിക്കല്‍ പോലും മക്ക കാണില്ല എന്നതാണ് സത്യം. എങ്കിലും പ്രാര്‍ഥിക്കാന്‍ പഠിക്കുന്ന കാലം തൊട്ട് തന്നെ മക്കയുടെ ഭൂമിശാസ്ത്രം ഓരോ മുസ്‌ലിമും പഠിക്കാന്‍ തുടങ്ങുന്നു; ചിലപ്പോള്‍ മനഃപാഠമാക്കുന്നു. നമസ്‌കരിക്കാന്‍ പഠിച്ചു തുടങ്ങുന്ന ഏതു കുട്ടിയും ആദ്യം മനസ്സിലാക്കുന്നത് മക്കയുടെ ദിശയാണ്. ആ നഗരത്തിന്റെ ദിശയിലേക്ക് ഒന്നല്ല, അഞ്ച് തവണയാണ് ഓരോ ദിവസവും ഒരു മുസ്‌ലിം തല കുനിക്കുന്നത്.
*********
എന്റെ ഇരുപതുകളുടെ അവസാനത്തോടെ മക്കയിലേക്ക് പോകാമെന്ന് സ്വപ്‌നം കാണുകയായിരുന്ന എന്നെ നല്ലൊരു ജോലിയുടെ രൂപത്തില്‍ മക്ക തന്നെ തന്നിലേക്ക് ക്ഷണിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ പുതുതായി സ്ഥാപിക്കപ്പെട്ട ഹജ്ജ് റിസര്‍ച്ച് സെന്ററിന്റെ ഭാഗമാകാനും മക്കയെക്കുറിച്ചും തീര്‍ഥാടകരുടെ യാത്രയിലും മറ്റു കാര്യങ്ങളിലും വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചും പഠിക്കാന്‍ ഞാന്‍ അങ്ങനെ സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു.
ഇസ്‌ലാമിന്റെ ആഗമനം മുതല്‍ എണ്ണയുടെ കണ്ടുപിടിത്തം വരെയുള്ള കാലയളവില്‍ ശരാശരി ഒരു ലക്ഷം തീര്‍ഥാടകരാണ് എല്ലാ വര്‍ഷവും മക്കയില്‍ എത്തിയിരുന്നത്. എന്നാല്‍ ആ ലോകം ഇന്നില്ല. യാത്രാ സൗകര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഇന്ന് ഓരോ വര്‍ഷവും മക്കയില്‍ കൊണ്ടെത്തിക്കുന്നത് 30 ലക്ഷത്തോളം ആളുകളെയാണ്. ലോകത്തിലെ തന്നെ മനുഷ്യരുടെ ഏറ്റവും വലിയ സമ്മേളനമാണിത്. ഇത്രയും ആളുകളെ ഉള്‍ക്കൊള്ളിക്കുക എന്ന സൗദിയുടെ ദൗത്യത്തിന് എണ്ണയുടെ കണ്ടുപിടിത്തത്തോടെ പുതിയ സാധ്യതകള്‍ തെളിഞ്ഞുവന്നു. മക്കയുടെ മുഖം തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഈ സാധ്യതകളെക്കുറിച്ച് പഠിക്കാനായിരുന്നു എന്റെ പുറപ്പാട്.
അങ്ങനെയാണ് 1975-ലെ ആ നിര്‍ണായകമായ ഡിസംബറില്‍ ഞാന്‍ മക്കയിലെത്തിയത്.
ഹജ്ജ് റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്ത അഞ്ചു വര്‍ഷവും ഞാന്‍ ഹജ്ജില്‍ പങ്കെടുത്തു; കൂടെ ഉംറയിലും. ഹാജിമാരുടെ വരവും പോക്കും നിരീക്ഷിച്ചു. മക്കയെയും അവിടത്തെ ജീവിതവും മാറ്റങ്ങളും വളരെയടുത്ത് കണ്ടറിഞ്ഞു. മിക്ക മാറ്റങ്ങളും ഞങ്ങളുടെ ഉപദേശങ്ങള്‍ക്ക് അനുസരിച്ചായിരുന്നില്ല. അക്കാലത്തും പിന്നീടും പലയിടങ്ങളില്‍ നിന്ന്, പല തരം വാഹനങ്ങളില്‍ ഞാന്‍ മക്കയിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയും നിനക്കാത്ത പല പുതുമകളും സമ്മാനിച്ചു. പക്ഷേ ആദ്യമായി മക്ക കാണുന്നതിന്റെയും വിശുദ്ധ പള്ളിയില്‍ പ്രവേശിക്കുന്നതിന്റെയും അനുഭൂതിക്ക് പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ല.
അതൊരു ഉച്ചസമയമായിരുന്നു. ബാബ്-അല്‍മാലിക് എന്ന പ്രധാന കവാടത്തിലൂടെ ഞാന്‍ പള്ളിയിലേക്ക് പ്രവേശിച്ചു. അനേകം തൂണുകള്‍ താങ്ങിനിര്‍ത്തിയ തണലേകുന്ന കെട്ടിടത്തിലൂടെ നടക്കുകയായിരുന്ന ഞാന്‍ ചെറുതായി വിറക്കാന്‍ തുടങ്ങി. തണലിനപ്പുറത്തെ പ്രകാശം എന്നെ അമ്പരിപ്പിച്ചു. അത് സൂര്യവെളിച്ചമായിരുന്നില്ല. തുറന്നു കിടക്കുന്ന പള്ളിയുടെ ഹൃദയത്തിന് മാത്രം സ്വന്തമായ ഒരു പ്രത്യേക പ്രകാശമായിരുന്നു അത്. എന്റെ ശ്വാസം നിലച്ചു. 'ഞാനിവിടെയാണ്.' ശ്വസിക്കാനുള്ള ഓരോ ശ്രമത്തിനൊപ്പവും എന്റെ ശരീരത്തിലൂടെ ഈ ചിന്ത പാഞ്ഞു, 'ഞാനിവിടെയാണ്.' എന്നാല്‍ അത് പറയാന്‍ എന്റെ ശബ്ദം പുറത്തുവന്നില്ല. തല ചുറ്റുകയായിരുന്നെങ്കിലും എന്റെ നോട്ടം കഅ്ബയില്‍നിന്ന് തെന്നിയില്ല. അമ്പരപ്പും ആശ്ചര്യവും ആദരവും ആവേശവും ആശയക്കുഴപ്പവും എന്നെ ഒരുപോലെ പിടികൂടി. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നിയ ഒരു നിമിഷത്തില്‍ അഗാധമായ ദുഃഖവും അവസാനിക്കാത്ത ആഹ്ലാദവും ഞാന്‍ ഒരുമിച്ച് അനുഭവിച്ചു. എന്റെ കൈകള്‍ നീട്ടിവിടര്‍ത്തി എല്ലാവരെയും എല്ലാത്തിനെയും ആശ്ലേഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അതേസമയം എന്റെ ചുറ്റിലും നിന്ന ഒരാളും എന്റെ ബോധത്തില്‍ പതിഞ്ഞില്ല. അപ്പോള്‍ ഞാനും കഅ്ബയും മാത്രമായിരുന്നു. അതെങ്ങനെ ഇവിടെയെത്തി? ഞാന്‍ എങ്ങനെ ഇവിടെയെത്തി? ഭാവനക്കും ആലോചനക്കും യാഥാര്‍ഥ്യത്തിനും അപ്പുറമായിരുന്ന ഒരു അനുഭവം. ആ ഒരു നിമിഷത്തില്‍ ചെയ്യാന്‍ ഒന്നു മാത്രമാണുണ്ടായിരുന്നത്- പ്രാര്‍ഥന.
സ്വന്തം നിസ്സാരതയെക്കുറിച്ചുള്ള ബോധം എന്നെ വന്നു മുറുക്കി. നിശ്ചലനായി ഞാന്‍ കഅ്ബയുടെ മുന്നില്‍ നിന്നു. ആ അനുഭവത്തിന്റെ ഓരോ അംശവും ഹൃദയത്തില്‍ എക്കാലത്തും സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഇന്ദ്രിയങ്ങളുടെ മേല്‍ എനിക്ക് നിയന്ത്രണമില്ലാത്തതുപോലെ തോന്നി. മുന്നിലുള്ള കാഴ്ചക്കും പ്രകാശത്തിനും പുറമെ അവിടെ ഒരു ഗന്ധം കൂടിയുണ്ടായിരുന്നു. പരിപാവനമായ ഈ അന്തരീക്ഷത്തിന്റെ ഗന്ധമെന്താണ്? സുഗന്ധദ്രവ്യത്തിന്റെയും പൂഴിയുടെയും അനേകായിരം കാലുകളുടെ ചവിട്ടേറ്റ് പരവതാനികളില്‍ നിന്ന് വായുവിലേക്ക് ഉയര്‍ന്നുവന്ന കമ്പിളിയുടെയും അംശങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്നാലും മറ്റെന്തോ ഒരു മണം കൂടി വായുവിലുണ്ടായിരുന്നു. പെട്ടെന്ന് മുന്നിലെ തുറസ്സായ സ്ഥലത്ത് കൂടി ഒരു കൂട്ടം പ്രാവുകള്‍ ചിറകടിച്ച് പറന്നു പോയി. ആ ശബ്ദത്തിന്റെ ഞെട്ടലില്‍ ഞാന്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവന്നു- ആ ഗന്ധം പക്ഷി കാഷ്ഠമായിരുന്നു. മനുഷ്യന്‍ മണ്ണില്‍നിന്ന് വന്നവനാണെന്ന് ഖുര്‍ആന്‍ പറയുന്നു. മലക്കുകളേക്കാള്‍ ഉന്നതിയിലെത്തിയാലും മനുഷ്യന്റെ കാലുകള്‍ എപ്പോഴും ചളിയില്‍ തന്നെ നില്‍ക്കുന്നു. അപ്പോള്‍ പരിപാവനമായ അന്തരീക്ഷത്തിന്റെ ഗന്ധത്തില്‍ പക്ഷി കാഷ്ഠവും പെട്ടുകൂടേ?
പിന്നീടെന്ത് ചെയ്യണം എന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. ഞാനും കഅ്ബക്ക് ചുറ്റും പ്രദക്ഷിണം വെക്കുകയായിരുന്ന ജനാവലിയുടെ ഭാഗമായി. ഏഴ് വട്ടം പ്രദക്ഷിണം വെക്കണമെന്നാണ് നിയമം. എന്നാല്‍ എണ്ണാന്‍ എനിക്കാകുമായിരുന്നില്ല; കാലത്തിന്റെ അവസാനം വരെ നടക്കാന്‍ ഞാന്‍ തയാറായിരുന്നു. ചരിത്രവുമായും എനിക്ക് മുമ്പ് ഇതിലൂടെ നടന്നു പോയവരുമായും ഞാനുമായും ഞാന്‍ ഒന്നായതു പോലെ തോന്നി. ''ഞാനിതാ എത്തിയിരിക്കുന്നു.'' തീര്‍ഥാടകന്റെ വചനമാണത്. ഞങ്ങള്‍ നില്‍ക്കുകയായിരുന്ന ആ നിമിഷത്തിന് ഇത്രയും പൂര്‍ണത നല്‍കാന്‍ മറ്റൊരു വചനത്തിനും സാധിക്കുമായിരുന്നില്ല.
അതിനു ശേഷം എത്രയോ തവണ ഞാന്‍ കഅ്ബ കണ്ടിട്ടുണ്ട്. എല്ലാ ഋതുക്കളിലും, രാവിലും പകലിലും കഅ്ബ നോക്കിനിന്നിട്ടുണ്ട്. മക്കയില്‍ വൃത്തിയായി തരംതിരിക്കപ്പെട്ട ഋതുക്കളില്ല എന്നതാണ് വാസ്തവം. താപനിലയിലും ഈര്‍പ്പത്തിലും വരുന്ന വന്‍ വ്യത്യാസങ്ങള്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ പ്രകടമാകാം. വേനല്‍കാലത്ത് പകല്‍ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് പോകാം. എന്നാല്‍ സൂര്യനസ്തമിച്ചതോടെ കൊടും തണുപ്പ് ആരംഭിക്കുന്നു. ചിലപ്പോള്‍ ചൂടുള്ള രാത്രികള്‍ സൂര്യനുദിക്കുമ്പോഴേക്ക് കുളിരുള്ള തണുപ്പിന് വഴിമാറുന്നതും കാണാം.
മക്കയിലെ ജീവിതം നിയന്ത്രിക്കുന്നത് കാലാവസ്ഥയല്ല, ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളാണ്. റമദാനില്‍ നഗരം പകലുറങ്ങുകയും രാത്രി എഴുന്നേറ്റിരിക്കുകയും ചെയ്യുന്നു. വിശുദ്ധ പള്ളിയില്‍ അപ്പോള്‍ തറാവീഹ് നമസ്‌കരിക്കാന്‍ ഒത്തുകൂടിയ തീര്‍ഥാടകരുടെ തിരക്കായിരിക്കും. ഇന്ന് മക്കയിലെ തറാവീഹ് നമസ്‌കാരം ടി.വിയിലും കമ്പ്യൂട്ടറിലും ഒക്കെ കാണാന്‍ സാധിക്കുമെങ്കിലും അക്കാലത്ത് മക്കയില്‍ തന്നെ ചെന്ന് കാണണമായിരുന്നു.
ദുല്‍ഹജ്ജ് മാസത്തിലെ 10 ദിവസങ്ങളാണ് ഹജ്ജിന്റെ സമയമെങ്കിലും ചില തീര്‍ഥാടകര്‍ ഒരു മാസം മുമ്പേ മക്കയിലെത്തും. ചിലര്‍ ഹജ്ജ് സമാപിച്ചാലും ആഴ്ചകളോളം അവിടെ തന്നെ തങ്ങും. ഈ യാത്ര ജീവിതം മുഴുവന്‍ സ്വപ്‌നം കണ്ടവരാണ് അവരില്‍ പലരും; തിരിച്ചുപോക്ക് അവര്‍ക്ക് അത്യന്തം പ്രയാസകരമാണ്. ഒരു 'ഹാജി' ആയതിന്റെ അമ്പരപ്പ് മാറാന്‍ ചിലര്‍ക്കെങ്കിലും കുറച്ചു സമയമെടുക്കും.
ഹജ്ജിന്റെ സമയത്ത് ഹാജിമാരെ പോലെ മക്കയും അടിമുടി മാറുന്ന കാഴ്ചയാണ് കാണാനാവുക. എങ്ങോട്ടു നോക്കിയാലും എവിടെയൊക്കെയോ എത്താനുള്ള ധൃതിയില്‍ നിരന്തരം നീങ്ങിക്കൊണ്ടിരിക്കുന്ന ആളുകളെ മാത്രമേ കാണൂ. എല്ലാവരും ഉറങ്ങുന്ന ഒരു നിമിഷം പോലുമില്ലാത്ത തിരക്കേറിയ ഒരു നഗരത്തിലേക്ക് ഈ ചെറിയ പട്ടണം പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
വിശുദ്ധ പള്ളിയില്‍ രാവും പകലും നിലക്കാത്ത തിരക്കാണ്. എങ്ങും ഇഹ്‌റാമിന്റെ വെള്ള നിറം പ്രകാശിച്ചുനില്‍ക്കുന്നു. ജീവിതത്തിലെ ഏറ്റവും ഉദാത്തമായ അനുഭൂതി മുതല്‍ തെരുവോരങ്ങളിലെ വില്‍പനച്ചരക്കുകള്‍ വരെ മക്ക നീട്ടിയതെല്ലാം സ്വന്തമാക്കാന്‍ ജനങ്ങള്‍ തിരക്കുകൂട്ടുന്നു. തങ്ങള്‍ അനുഭവിച്ചറിഞ്ഞ അനുഗ്രഹങ്ങള്‍ നാട്ടിലുള്ളവരുമായി പങ്കുവെക്കാന്‍ സംസം വെള്ളം നിറച്ച കുപ്പികളും വലിയ കാനുകളും ഈത്തപ്പഴങ്ങളും പ്രാര്‍ഥനാമാലകളും നമസ്‌കാരവിരികളും ഖുര്‍ആന്റെ പതിപ്പുകളുമായി ഇവര്‍ തിരിച്ചുപോകും. മക്കയില്‍നിന്ന് വാങ്ങുമ്പോള്‍ എന്നും കാണുന്ന സാധനങ്ങള്‍ക്ക് പോലും ഒരു പ്രത്യേകത കൈവന്നതു പോലെ അവര്‍ക്ക് തോന്നും. മക്കയിലേക്കുള്ള ആളുകളുടെ ഒഴുക്ക് ഒരിക്കലും നിലക്കുന്നില്ല; കാലാവസ്ഥ പോലെ അതിന്റെ കാഠിന്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. വിവരിക്കാനാവാത്ത വൈവിധ്യങ്ങളുടെ ഒരു കലവറയാണ് ഹജ്ജ് കാലത്തെ മക്ക. നിറങ്ങളും ഭാഷകളും പാവപ്പെട്ടവരും പണക്കാരും പണ്ഡിതരും നിരക്ഷരരായ ഗ്രാമീണ കര്‍ഷകരും അതിര്‍വരമ്പുകളില്ലാതെ പരസ്പരം കൂടിക്കലരുന്ന ഒരു മഹാസംഗമം. മുന്നിലുള്ള ലക്ഷ്യവും ഹൃദയത്തെ പിടികൂടിയ ആഹ്ലാദവും ഒന്നാക്കിയ ഒരു ജനത. കാലം എത്രയോ കടന്നുപോയിട്ടും ഈ അനുഭവത്തിന്റെ ഗാംഭീര്യത്തിന് മാത്രം യാതൊരു കുറവും വരുന്നില്ല.