ഈ തേങ്ങലുകള്‍ക്ക് ബദലുണ്ടാവുമോ?
അറിവിന്റെയും സര്‍ഗാത്മകതയുടെയും രാഷ്ട്രീയ തിരിച്ചറിവുകളുടെയും ബാലപാഠങ്ങള്‍ പഠിച്ചെടുക്കുന്നിടമാണ് കലാലയങ്ങള്‍. സമൂഹത്തിലെ ചലനാത്മകമായ യുവത്വത്തിന്റെ വേദി.
അറിവിന്റെയും സര്‍ഗാത്മകതയുടെയും രാഷ്ട്രീയ തിരിച്ചറിവുകളുടെയും ബാലപാഠങ്ങള്‍ പഠിച്ചെടുക്കുന്നിടമാണ് കലാലയങ്ങള്‍. സമൂഹത്തിലെ ചലനാത്മകമായ യുവത്വത്തിന്റെ വേദി. സാമൂഹികമായും രാഷ്ട്രീയമായും ഉള്ളടക്കമുള്ള ചോദ്യങ്ങള്‍ നിരന്തരം ഉന്നയിച്ചും പരിഹാരം നിര്‍ദേശിച്ചും സാമൂഹിക നിര്‍മിതിയില്‍ പങ്കാളിത്തം വഹിക്കുന്നവരും അതാവേണ്ടവരുമാണ് വിദ്യാര്‍ഥി വിഭാഗം. അതിന്റെ വേദികളാണ് കാമ്പസുകള്‍.
വ്യത്യസ്തമായ കോഴ്‌സുകളും വ്യത്യസ്ത ഫാക്കല്‍റ്റികളും പോലെ തന്നെ വ്യത്യസ്ത ചിന്തകളും വിഭിന്നമായ ആശയധാരകളും രൂപം കൊള്ളുകയും പ്രായോഗികവല്‍ക്കരിക്കുകയും ചെയ്യുന്നിടം കൂടിയാണ് കാമ്പസുകള്‍. പക്വമായ രാഷ്ട്രീയ നിലപാടുകളിലേക്ക് പിച്ചവെക്കുന്നിടമാണത്. എന്നാല്‍ സംവാദങ്ങള്‍ക്ക് വേദിയാകേണ്ട കലാലയങ്ങള്‍ സര്‍ഗാത്മക യുവത്വത്തിന്റെ കൊലയിടങ്ങളായി മാറുന്ന ദാരുണ രീതിയും കാണേണ്ടിവരുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം. ആശയത്തെ ആശയം കൊണ്ട് ജനാധിപത്യ രീതിയില്‍ നേരിടാതെ കത്തികൊണ്ടും വടിവാള്‍ കൊണ്ടും നേരിടുന്ന അക്രമ രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു അഭിമന്യു എന്ന ചെറുപ്പക്കാരന്‍. ഒന്നുകില്‍ സാമൂഹിക പ്രശ്‌നങ്ങളോട് നിസ്സംഗത പാലിച്ചുകൊണ്ട് അരാഷ്ട്രീയ വാദത്തിന്റെ പൊത്തുകളിലൊതുങ്ങുന്നു. അല്ലെങ്കില്‍ അധാര്‍മികവും അമാനവികവുമായ നിലവിലെ രാഷ്ട്രീയ സംസ്‌കാരത്തോട് കുടപിടിക്കുക എന്നതിലപ്പുറം ക്രിയാത്മക രാഷ്ട്രീയത്തെ പ്രതിനിധീകരിക്കാന്‍ കാമ്പസുകള്‍ക്കാവാതെ പോവുന്നു.
ഇത്തരം കൊലപാതകങ്ങള്‍ രാഷ്ട്രീയ മാനത്തിനപ്പുറം ഒട്ടേറെ സാമൂഹിക മാനങ്ങളും നല്‍കുന്നുണ്ട്. പ്രതികാര രാഷ്ട്രീയത്തില്‍ പൊലിഞ്ഞുപോകുന്നത് കുടുംബത്തിന്റെ പ്രതീക്ഷകളാണ്. അത് ബാക്കിയാക്കുന്നത് അഭിമന്യുവിനെപ്പോലുള്ള മക്കള്‍ വിദ്യാലയങ്ങളുടെ പടികള്‍ ചവിട്ടിക്കയറുമ്പോള്‍ അതിനുവേണ്ടി പാടുപെട്ട മാതാപിതാക്കളുടെ തേങ്ങലുകള്‍ മാത്രമാണ്. ഈ തേങ്ങലുകള്‍ക്ക് പകരം വെക്കാന്‍ ഒരൊറ്റ മത-രാഷ്ട്രീയ പ്രത്യയശാസ്ത്ര ബദലുകള്‍ക്കോ രക്തസാക്ഷി സ്തൂപങ്ങള്‍ക്കോ ആവില്ല. ഈ തിരിച്ചറിവില്‍ എത്തുന്ന പക്വമായ പാഠങ്ങളാണ് രാഷ്ട്രീയ ബാലപാഠങ്ങള്‍ അഭ്യസിക്കുന്ന കലാലയങ്ങളില്‍നിന്നും ഉണ്ടാവേണ്ടത്.