സിറിയയെ പറ്റി ഈ വര്‍ഷം പുറത്തിറങ്ങിയ നോവലാണ് A Land Of Permanent Goodbyes അഭയാര്‍ഥി പ്രശ്നങ്ങളെ പറ്റി പ്രതിപാദിക്കുന്ന, ഏറെ ശ്രദ്ധനേടിയ ഈ പുസ്തകം എഴുതിയത് ആത്തിയ അബവിയാണ്. The Secret Sky ആയിരുന്നു ആദ്യ നോവല്‍. ജര്‍മനിയിലാണ് ആത്തിയയുടെ ജനനം. ഒരു വയസ്സായപ്പോള്‍ അമേരിക്കയിലേക്ക് താമസം മാറി. വിര്‍ജീനിയയിലാണ് പിന്നീട് വളര്‍ന്നത്. ഫോക്സ് ന്യൂസില്‍ ജേണലിസ്റ്റായ കോണോര്‍ പവലിനെ വിവാഹം കഴിച്ചു. പത്രപ്രവര്‍ത്തക കൂടിയായ ആത്തിയ മിഡില്‍ ഈസ്റ്റ് ബേസ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.
ചെറുപ്പത്തിലേ ആത്തിയയുടെ ആഗ്രഹം ജേണലിസ്റ്റ് ആവുക എന്നതായിരുന്നു. വിര്‍ജീനിയ ടെക്കില്നിന്ന് ബിരുദം നേടിയ ശേഷം കോളേജ് ലോക്കല്‍ ടെലിവിഷനില്‍ ആങ്കര്‍ ആയി. പിന്നീട് സി.എന്‍.എന്നില്‍ ജോലി ചെയ്തപ്പോള്‍ സ്വന്തമായി ഒട്ടേറെ സ്റ്റോറികള്‍ ചെയ്യാനായി ഇറങ്ങിപ്പുറപ്പെട്ടു. ബേനസീര്‍ ഭുട്ടോവിന്റെ കൊലപാതകവും ഇറാഖ് യുദ്ധവുമെല്ലാം അവര്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് സി.എന്‍.എന്നിന്റെ അഫ്ഗാനിസ്താന് കറസ്പോണ്ടന്റ് ആയി. തുടര്‍ന്ന് കാബൂള്‍ ബ്യൂറോവിന്റെ മാനേജറായി സ്ഥാനക്കയറ്റം കിട്ടി. അഫ്ഗാനിസ്താനില്‍ ഉള്ള സമയം യാത്ര ചെയ്യാനും അഫ്ഗാന് നേതാക്കളുമായി അഭിമുഖങ്ങള്‍ നടത്താനുമായി ചെലവഴിച്ചു. അഫ്ഗാനിസ്താനിനു പുറത്തും അവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിട്ടുണ്ട്. മ്യാന്മറിലെ ആങ് സാന്‍ സൂചിയുമായും 2010- ല്‍ ഗസ്സ ഫ്ളോട്ടില്ല ആക്രമണവുമെല്ലാം ആത്തിയ റിപ്പോര്‍ട്ട് ചെയ്തു. 2012- ല്‍ അഫ്ഗാന് പ്രസിഡന്റ് ഹാമിദ് കര്‍സായിയുമായും ഇന്റര്‍വ്യൂ നടത്തി.
അഞ്ചു വര്‍ഷത്തെ അഫ്ഗാന് ജീവിതത്തിനു ശേഷം ആത്തിയ ജറൂസലമിലേക്ക് മാറുകയായിരുന്നു. 2013- ല്‍ ഒബാമയുടെ ഫലസ്ത്വീന്- ജറൂസലം യാത്രയും റിപ്പോര്‍ട്ട് ചെയ്തത് ആത്തിയ അബവിയായിരുന്നു. എഴുത്തുകാരിയെന്ന നിലയിലും പത്രപ്രവര്‍ത്തകയെന്ന നിലയിലും ഒരുപാട് അവാര്‍ഡുകള്‍ ആത്തിയ അബവിക്ക് ലഭിച്ചിട്ടുണ്ട്.