ദൂരം വിട്ടാലും ഖേദം വിടാതെ

കെ.പി കുഞ്ഞിമൂസ
ആഗസ്റ്റ് 2018

സ്‌നേഹത്തിന്റെ വഴിയില്‍ കുടുംബത്തിന് അഭിമാനാര്‍ഹമായ കാലത്തെ പ്രദാനം ചെയ്ത എന്റെ പിതാവ് പടയംപൊയില്‍ മമ്മു സാഹിബാണ് പെങ്ങന്മാരോടുള്ള ആദരവിന്റെ മഹത്വം എന്നെ പഠിപ്പിച്ചത്. ആസ്യോമ്മയോടും മറിയുമ്മയോടും പിതാവ് കാണിച്ച പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പവിത്രതയാണ് പാരമ്പര്യമായി എനിക്കും പെങ്ങള്‍ കുഞ്ഞി ആയിസ്സുവിനും കിട്ടിയത്. ഞങ്ങളുടെ ഉമ്മ കുഞ്ഞിക്കണ്ടി പുതിയപുരയില്‍ കുഞ്ഞിപ്പാത്തുമ്മ കുടുംബത്തില്‍ സ്‌നേഹ പരിമളം പരത്തുമ്പോള്‍ മക്കളെയും അതു പഠിപ്പിച്ചിരുന്നു.
ഞങ്ങള്‍ അഞ്ചു മക്കളായിരുന്നു. നാല് ആണും ഒരു പെണ്ണും. ആറ്റുനോറ്റുകിട്ടിയ പെണ്‍മണിയായിരുന്നു കുഞ്ഞായിസ്സു. സഹോദരിയും ഞാനും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. ബര്‍മയിലെ മേമ്യോ എന്ന സ്ഥലത്ത് ഡര്‍ട്ടാ ഏറേറ്റഡ് വാട്ടര്‍ ഫാക്ടറി (സോഡാ നിര്‍മാണം) നടത്തിക്കൊണ്ടിരുന്ന പിതാവ് ഒരു തവണ പത്തു വര്‍ഷം കഴിഞ്ഞാണ് നാട്ടില്‍ വന്നത്. ആ വരവിനു ശേഷം ജനിച്ചതാണ് പെങ്ങള്‍.
സഹോദരി ജനിക്കുന്നതിനു മുമ്പ് ഉമ്മയും മൂത്തമ്മയുമൊക്കെ ബന്ധുവീടുകളില്‍ കല്യാണത്തിന് എന്നെ അരപ്പട്ടയും പട്ടുറുമാലും തണ്ടയുമൊക്കെ അണിയിച്ചു കൊണ്ടുപോകും. പെണ്‍കുട്ടിയെ എന്ന പോലെ മുല്ലപ്പൂ മാലയിട്ടു കസേരയിലിരുത്തി മനത്താനത്തെ കുഞ്ഞാമിനയുടെ നേതൃത്വത്തില്‍ പാട്ടുപാടും. പെങ്ങള്‍ ആയിസ്സു ജനിച്ചതോടെ മുല്ലമാലയും പാട്ടും പൊന്നരഞ്ഞാണവും പൈണുങ്കൊവയും അറയും അറസാമാനങ്ങളും അവള്‍ക്കുള്ളതായി.
കുട്ടിക്കാലത്ത് സമാനതകളില്ലാത്ത കഥകളുടെ ചേരുവകള്‍ ഏറെയാണ്. സൈക്കിള്‍ വാടകക്കെടുത്ത് വീണ് കാല് പൊട്ടി ചോരയില്‍ കുളിക്കുമ്പോള്‍ വെള്ളവും പഞ്ഞിയുമായി ആദ്യമെത്തുക പെങ്ങളാണ്. നോമ്പുകാലത്ത് തറവാട് വീടിന്റെ കോണിപ്പടിയില്‍ ഞാന്‍ കാരക്ക കച്ചവടം ചെയ്യും. അന്ന് വീട്ടിലെ പത്തായത്തില്‍ ഭരണിയില്‍ നിറച്ചുവെച്ച കാരക്ക ആരും കാണാതെ ആയിസ്സു കോണിപ്പടിയിലെ കുപ്പികള്‍ നിറച്ചുവെക്കും. പെരുന്നാളിന് പൂത്തിരിയും പടക്കവും വാങ്ങാന്‍ കരാത്തണമെല്‍ നിറച്ചുവെച്ച കുരുമുളക് ചാക്കായിരുന്നു ഞങ്ങള്‍ക്ക് ആശ്രയം. പത്തലായി അച്ചൂട്ടിയുടെ പീടികയില്‍ കുരുമുളക് ചാക്ക് തുളച്ചെടുത്ത് എത്തിക്കാന്‍ ഞാനും സഹോദരന്മാരും ശ്രമിക്കുമ്പോള്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുന്ന കാര്യം സഹോദരിയാണ് ഏറ്റെടുക്കുക. പരീക്ഷയില്‍ ആങ്ങളമാര്‍ തോറ്റാല്‍ പെങ്ങള്‍ക്ക് സങ്കടം വരും. അവള്‍ കരയും.
ഒരിക്കലും ആരോടും കയര്‍ത്തു സംസാരിക്കരുതെന്ന പാഠം ജീവിതത്തില്‍ പകര്‍ത്തിയ പെങ്ങള്‍ മുന്‍കോപികളായ സഹോദരന്മാര്‍ക്ക് ക്ഷമയുടെ ബാലപാഠമാണ് പഠിപ്പിച്ചത്. പരദൂഷണവും ഏഷണിയും പറഞ്ഞു എത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന പെങ്ങള്‍ വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്ന പ്രകൃതക്കാരിയായിരുന്നു. അയല്‍വാസികളായ പാവപ്പെട്ട കുട്ടികളും ബന്ധുത്വത്തിലുള്ള കുട്ടികളും പെങ്ങളുടെ കളിക്കൂട്ടുകാരായിരുന്നു. ക്ഷമയും സഹനശീലവും കൊണ്ട് ജീവിതം കരുപ്പിടിപ്പിച്ച സഹോദരി പ്രതികാര മനഃസ്ഥിതിക്കാര്‍ ക്രൂരമായി പെരുമാറുമ്പോഴും ക്ഷമിക്കുമായിരുന്നു.
നാരങ്ങ ഉമ്മര്‍ക്കയായിരുന്നു കുഞ്ഞായിസ്സുവിന് അനുയോജ്യനായ വരനായി അളിയന്‍ കാരൊങ്ങോട്ട് ഉസ്മാന്‍ കുട്ടിയെ കണ്ടെത്തിയത്. സഹോദരിക്ക് തറവാട്ടില്‍ നല്‍കിയ അറയും അറസാമാനങ്ങളും പുതിയാപ്പിളക്ക് ഒരുക്കിയ കോപ്പും കോളും അറക്കലിനെ വെല്ലുന്നതായിരുന്നു. അക്കാലത്ത് വീട്ടു പുതിയാപ്പിളക്ക് നല്‍കിയ സുഖസൗകര്യങ്ങളൊക്കെ പെങ്ങള്‍ക്ക് നല്‍കിക്കൊണ്ടാണ് ഉസ്മാന്‍കുട്ടി പുതിയാപ്പിള മുണ്ടക്കയത്ത് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്.
മുണ്ടക്കയത്തെ വീട്ടില്‍ അതിഥികളായെത്തുന്നവരെ എനിക്കും സഹോദരങ്ങള്‍ക്കും ഉസ്മാന്‍കുട്ടി പുതിയാപ്പിള പരിചയപ്പെടുത്തുമ്പോള്‍ കുഞ്ഞായിസ്സു അടുക്കളയില്‍ ഉന്നക്കായയും പഴം പൊരിച്ചതും ഉണ്ടാക്കുകയായിരിക്കും. മുണ്ടക്കയത്ത് കുഞ്ഞമ്മദ് ആന്റ് കമ്പനിയുടെ അമരക്കാരനായ ഉസ്മാന്‍കുട്ടി കുഞ്ഞായിസ്സുവിന് കച്ചവട തന്ത്രത്തിന്റെ ആഴം മനസ്സിലാക്കിക്കൊടുത്തത് പിന്നീട് ഏറെ ഗുണം ചെയ്തു.
സഹോദരീ ഭര്‍ത്താവിന്റെ മരണം പെട്ടെന്നായിരുന്നു. ഞങ്ങളെ ഞെട്ടിച്ചതായിരുന്നു ആ വിയോഗം. ഒരു കൈക്കുഞ്ഞടക്കം പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ ദുഃഖം ഉള്ളിലൊതുക്കി പെങ്ങള്‍ വളര്‍ത്തി. ഉസ്മാന്‍കുട്ടി മരിക്കുമ്പോള്‍ തറയിട്ട വീട് പണിയാനും മക്കളുടെ കല്യാണം നടത്താനും പ്രയത്‌നിച്ചത് ഞങ്ങള്‍  സഹോദരങ്ങളായിരുന്നു.
പിന്നീട് സഹോദരങ്ങള്‍ ഓരോരുത്തരായി വിട പറഞ്ഞു. ഏറ്റവും ഒടുവില്‍ ഒരപകടത്തില്‍ മരിച്ച കൊച്ചനുജന്‍ അബ്ദുല്‍ഖാദറിന്റെ വിയോഗവും പെങ്ങള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു.
ചെറുപ്പകാലത്തെ മത്സരിച്ചുള്ള എഴുത്തിനെ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരും അക്ഷരങ്ങള്‍ക്ക് ആത്മാവുണ്ടെന്ന നിഗമനത്തിലെത്താറുണ്ട്. കെ.പി കുഞ്ഞി ആയിസ്സു പുന്നോല്‍ എന്ന പേരില്‍ മിനിക്കഥകളും പാട്ടുകളും എഴുതാറുള്ള സഹോദരി എന്റെ രചനകള്‍ മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പ്രചോദനം നല്‍കുന്നു.
ഞങ്ങളുടെ മാതാവ് നല്‍കിയ ഉപദേശത്തില്‍ ഏറ്റവും പ്രധാനമായത് കുഞ്ഞായിസ്സുവിന്റെ സുഖ ദുഃഖങ്ങളില്‍ എന്നും ഭാഗഭാക്കാവാനാണ്. എന്റെയും സഹോദരിയുടെയും മടിയില്‍ തലവെച്ചാണ് പ്രിയപ്പെട്ട ഉമ്മ കണ്ണടച്ചത്. പെങ്ങള്‍ ഇന്നും എന്റെ കൂട്ടുകാരിയായി തുടരുന്നു. ഇന്നും ഞങ്ങള്‍ ദൂരം വിട്ടെങ്കിലും ഖേദം വിടാതെ കഴിയുന്നു. മക്കളും മരുമക്കളുമായി പുന്നോലില്‍ കഴിയുന്ന സഹോദരിയുടെ മനസ്സ്, മക്കളോടൊപ്പം കോഴിക്കോട്ട് കഴിയുന്ന എന്റെ പന്നിയങ്കരയിലെ 'മൈത്രി'യിലാണ്. 'ഉസ്മാന്‍ ബംഗ്ലാവി'ല്‍നിന്ന് 'മൈത്രി'യിലേക്കുള്ള ദൂരം സഹോദരി എന്നും കുറക്കുന്നത് നിത്യേന ഫോണ്‍ ചെയ്താണ്. എന്റെ വരവും പ്രതീക്ഷിച്ച് കോഴിയടയും ഉന്നക്കായയും സമൂസയും ഉണ്ടാക്കി പെങ്ങള്‍ എന്നെ കാത്തിരിക്കുന്നുണ്ട്, 'ഉസ്മാന്‍ ബംഗ്ലാവി'ല്‍.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media