പുളിങ്ങ
ഡോ: മുഹമ്മദ് ബിൻ അഹമ്മദ്
ആഗസ്റ്റ് 2018
'പുളിങ്ങ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം വായില്‍ വെള്ളമൂറും. പുളി വായിലില്ലെങ്കിലും അതിന് സ്വല്‍പം പുളിരസമുണ്ടായിരിക്കും. ജീവകം 'സി' ധാരാളം അടങ്ങിയിട്ടുണ്ട്. ജീവകം 'സി' ധാരാളം അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയനായാലും നോണ്‍ വെജിറ്റേറിയനായാലും
'പുളിങ്ങ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം വായില്‍ വെള്ളമൂറും. പുളി വായിലില്ലെങ്കിലും അതിന് സ്വല്‍പം പുളിരസമുണ്ടായിരിക്കും. ജീവകം 'സി' ധാരാളം അടങ്ങിയിട്ടുണ്ട്. വെജിറ്റേറിയനായാലും നോണ്‍ വെജിറ്റേറിയനായാലും കറികളില്‍ പുളിങ്ങ ചേര്‍ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഭാരതീയരില്‍ ജീവകം സി. കുറവുകൊണ്ടുണ്ടാകുന്ന രോഗം തുലോം കുറവുമാണ്. പുളി മരത്തിന്റെ ഇല, തൊലി, കായ, പൂവ് എന്നിവയെല്ലാം ഔഷധത്തിന് സര്‍വസാധാരണയായി ഉപയോഗിച്ചുവരുന്നു. ചുക്കില്ലാത്ത കഷായമില്ല എന്നു പറയുന്ന പോലെ പുളിയില ഇല്ലാത്ത കിഴിയില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.
ആകാരം കൊണ്ടും ഉയരം കൊണ്ടും അടുക്ക് അടുക്കായി വെച്ച ഇലകള്‍കൊണ്ടും പ്രൗഢിയോടെ നില്‍ക്കുന്ന, കാണാന്‍ ഭംഗിയുള്ള വൃക്ഷമാണിത്. ഇലകള്‍ ഒരു നിശ്ചിത സമയമായാല്‍ കൊഴിഞ്ഞുവീഴാന്‍ തുടങ്ങുന്നു. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന പുളിങ്ങ നല്ല പുളിയുണ്ടായിരിക്കും. മധുരമുള്ള പുളിയും വാങ്ങാന്‍ കിട്ടും. അതിന്റെ ഉല്‍പാദനം തായ്‌ലന്റിലും ചൈനയിലുമാണ്. തമിഴ്‌നാട്ടില്‍ റോഡരികില്‍ വരിവരിയായി പുളിമരം വെച്ചു പിടിപ്പിച്ചത് കാണാവുന്നതാണ്. വെള്ളം നനക്കേണ്ട ആവശ്യമില്ലാത്തതുപോലെ തന്നെ സമയത്തു കായ്ഫലം തരുന്നതുകൊണ്ട് വില്‍ക്കാനും എളുപ്പമാണ്.
പുളിങ്ങയില്‍ ടാറിക് അമ്ലം, സിട്രിക് അമ്ലം, മാലിക് അമ്ലം, അസെറ്റിക് അമ്ലം, പൊട്ടാസ്യം, പഞ്ചസാര, പെക്റ്റിന്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. പെക്റ്റിന്‍ പചനത്തെ സഹായിക്കുന്നു. അല്‍ബുരിനോയ്ഡ്, കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
പുളിങ്ങ ദഹനശക്തി വര്‍ധിപ്പിക്കും. ദാഹം മാറ്റുന്നു. പഴക്കം ചെന്ന പുളി ഒച്ചയടപ്പ് മാറ്റി തൊണ്ട ശുദ്ധമാക്കും. ചുക്ക്, ഇഞ്ചി, തിപ്പലി, ഏലക്കായ, കരയാംപൂവ്, പുളിയില എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായം കഴിച്ചാല്‍ വസൂരി രോഗം മാറിക്കിട്ടും. പുളിപ്പൂവ് വറുത്തു പൊടിച്ച് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ അതിസാരം മാറിക്കിട്ടും. വാതസംബന്ധമായ ചികിത്സയില്‍ ഇലക്കിഴിക്ക് പ്രധാന സ്ഥാനമുണ്ട്. ഒടിച്ചുത്തിയില, ഉമ്മത്തിന്നില, വെളുത്താവണക്കിന്നില, ഉങ്ങിന്‍ ഇല, മുരിങ്ങ ഇല, പുളിയില എന്നിവയും ആവശ്യത്തിനു കൊട്ടന്‍ചുക്കാദി ചൂര്‍ണവും ചേര്‍ത്ത് തിരുമ്മി കിഴികെട്ടി ഉപയോഗിക്കുന്നത് വാതരോഗത്തിന് വളരെ നല്ലതാണ്. പുളിങ്കുരുവിന്റെ തൊലി വറുത്തു പൊടിച്ച് കുറെശ്ശെ തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ഇരുമ്പിന്റെ അംശം കുറവു കൊണ്ടുണ്ടാകുന്ന പാണ്ഡുരോഗം മാറിക്കിട്ടും.
ഔഷധ നിര്‍മാണ രംഗത്ത് മരുന്നുകള്‍ കൊത്തിനുറുക്കി ചതക്കാനുപയോഗിക്കുന്നതും മരുന്നുകള്‍ പാകം ചെയ്യുന്നതിനുവേണ്ടി വിറകായി ഉപയോഗിച്ചുവരുന്നതും പുളിമരം തന്നെ.