കഅ്ബയെ കിനാവ് കാണാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഒരു ഹാജി പിറക്കുന്നു. വിശ്വാസത്തിന്റെ പ്രഭയില്‍
കഅ്ബയെ കിനാവ് കാണാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഒരു ഹാജി പിറക്കുന്നു. വിശ്വാസത്തിന്റെ പ്രഭയില്‍ തീര്‍ഥാടകന്റെ കനവുകള്‍ കൂടുതല്‍ നിറമുള്ളതാകുന്നു. മക്കയിലേക്കുള്ള വഴികള്‍ തിരയുന്നതിനു മുമ്പ് ഓരോ ഹാജിയും സ്വയം തിരയുന്നുണ്ട്. ഭൂതകാലത്തിന്റെ ഭിത്തികളില്‍ പതിഞ്ഞുപോയ കുറ്റബോധത്തിന്റെ കറകള്‍ കഴുകിക്കളയാന്‍ മക്കയെ പുണരുന്നുണ്ട്. ഹാജിയുടെ പ്രയാണത്തിലെവിടെയും ശരീരമോ അതേക്കുറിച്ച ആധികളോ ഇല്ല. സ്ഫുടം ചെയ്‌തെടുത്ത ആത്മാവ് മാത്രമേയുള്ളൂ. ദുന്‍യാവിന്റെ ഉടയാടകളും സുഖാനുഭൂതികളും ആഢംബരങ്ങളും അഴിച്ചുവെച്ച്, ഇഹ്‌റാമിന്റെ വിശുദ്ധ വസ്ത്രം ധരിച്ച് ചുണ്ടുകള്‍ ലബ്ബൈക ചൊല്ലുമ്പോള്‍ ആത്മാവിന്റെ ശിഖരങ്ങളില്‍ നിറയെ കഅ്ബയും സ്വഫാ-മര്‍വയും സംസമും റൗദയും ഇബ്‌റാഹീമീ കുടുംബവും വന്നു നിറയുന്നു.
നമസ്‌കാരങ്ങളിലെ തശഹുദില്‍ ദിനേന കടന്നുവരുന്ന പ്രവാചകനാണ് ഇബ്‌റാഹീം നബി (അ). ഇബ്‌റാഹീമിനും കുടുംബത്തിനും നല്‍കിയതു പോലുള്ള മഹത്തായ അനുഗ്രഹം നമുക്കും അരുളേണമേ എന്നാണ് പ്രാര്‍ഥന. ആ പ്രാര്‍ഥനയുടെ കര്‍മപരമായ ആവിഷ്‌കാരമാണ് ഹജ്ജ്.
ഇബ്‌റാഹീം നബി(അ)ക്ക് ജീവിതത്തെക്കുറിച്ച് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. മനുഷ്യജീവിതത്തിന്റെ പൊരുളിനെക്കുറിച്ച ആഴത്തിലുള്ള അന്വേഷണത്തില്‍നിന്നാണ് അത് ആരംഭിക്കുന്നത്. നിലാവിനെയും സൂര്യനെയും നക്ഷത്രങ്ങളെയും ചൂണ്ടി ഇവയാണെന്റെ ദൈവം എന്ന് പറഞ്ഞും അവ അസ്തമിച്ചപ്പോള്‍ പ്രപഞ്ചത്തിലെ ഇത്തരം ദൃഷ്ടാന്തങ്ങള്‍ക്ക് പിന്നിലെ 'മലകൂത്തു സമാവാത്തിനെ' (പ്രപഞ്ചത്തിന്റെ മഹാ അധികാര കേന്ദ്രം) അല്ലാഹുവിലൂടെ കണ്ടെത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. സ്രഷ്ടാവിനെ നിരന്തരം അന്വേഷിച്ച് കണ്ടെത്തി വിശ്വാസത്തെ കരുത്തുറ്റതാക്കുകയായിരുന്നു ഇബ്‌റാഹീം നബി (അ).
കുടുംബത്തിന്റെ വേരുകളെ കൂടുതല്‍ ബലപ്പെടുത്തിയും തലമുറകളിലേക്ക് പടരുംവിധം അതിന്റെ കണ്ണികളെ ദൃഢീകരിച്ചും ഇസ്‌ലാമാകുന്ന ദൈവിക ദര്‍ശനത്തിന്റെ ഒരു പരിഛേദമായി മാറുകയായിരുന്നു ഇബ്‌റാഹീമും ഹാജറും ഇസ്മാഈലും ഇസ്ഹാഖും അടങ്ങുന്ന കുടുംബം. ഉത്തമ തലമുറയുടെ സൃഷ്ടിക്കായി അവര്‍ ബഹുമുഖ പരീക്ഷണങ്ങളിലൂടെ കടത്തിവിടപ്പെട്ടു. അല്ലാഹുവിന് മാത്രം വഴിപ്പെടുന്ന വിശ്വാസം കൊണ്ട് കരുത്താര്‍ജിച്ച ഒരു കുടുംബം അനേകം തലമുറകള്‍ക്ക് കൂടിയാണ് ജന്മം നല്‍കുന്നത്. ഇബ്‌റാഹീമി പാരമ്പര്യം അതാണ് തെളിയിച്ചത്.
ഒരു ഹാജി കര്‍മങ്ങളില്‍ ഇബ്‌റാഹീമി കുടുംബത്തെ ആന്തരികവത്കരിക്കുമ്പോള്‍ അയാള്‍ മറ്റൊരു തലമുറയിലേക്കു കൂടി ആ പാരമ്പര്യത്തെ കൈമോശം വരാതെ കൈമാറുന്നുണ്ട്. ഹജ്ജ് ആത്യന്തികമായി പരിശീലിപ്പിക്കുന്നതും അതാണ്.
ദേശത്തെക്കുറിച്ച സ്വപ്‌നങ്ങളില്‍ മൗലികമായ രണ്ട് കാര്യങ്ങളാണ് ഇബ്‌റാഹീമീ പ്രാര്‍ഥനയുടെ അന്തസ്സത്ത. സമാധാനവും ക്ഷേമവുമുള്ള ഒരു നാട്. അശാന്തിയും പട്ടിണിയുമാണ് ഒരു ദേശത്തിന്റെ സ്വാസ്ഥ്യ-അസ്വാസ്ഥ്യങ്ങളെ നിര്‍ണയിക്കുന്നത്. യുദ്ധങ്ങളും കലാപങ്ങളും വംശീയതയും സ്വജനപക്ഷപാതിത്വവുമെല്ലാം ഒരു നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കും. ദാരിദ്ര്യവും പട്ടിണിയും സാമ്പത്തിക അന്തരങ്ങളും സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കും. ഒരു രാഷ്ട്രത്തിന്റെ കെട്ടുറപ്പിനെയും ഭദ്രതയെയും തകര്‍ക്കുന്ന സുപ്രധാനമായ രണ്ട് ഘടകങ്ങളില്‍നിന്ന് മുക്തിക്ക് വേണ്ടി സാമൂഹിക ഉള്ളടക്കമുള്ള പ്രാര്‍ഥനയും കര്‍മവുമാണ് ഓരോ ഹാജിയിലേക്കും പ്രസരിക്കുന്നത്.
യഥാര്‍ഥത്തില്‍ അറഫ കുടുംബത്തെക്കുറിച്ചും ദേശത്തെക്കുറിച്ചുമെല്ലാമുള്ള കാലാതിവര്‍ത്തിയായ ഇബ്‌റാഹീമീ പ്രമേയങ്ങളുടെ കാലോചിതമായ അവതരണത്തിന്റെ വേദി കൂടിയാണ്. ഹിംസയില്ലാത്ത ഹറം പോലെ ഒരു നാട്. കഅ്ബ പോലെ ഏകതാനമായ ഒരു മനസ്സ്. ത്വവാഫ് പോലെ ഒരൊറ്റ ദിശയിലേക്കുള്ള ഒരുമയോടെയുള്ള പ്രയാണം. അറബിയെന്നോ അനറബിയെന്നോ ഇല്ല. യൂറോപ്പെന്നോ ആഫ്രിക്കയെന്നോ ഇല്ല. ഒരേ മന്ത്രം, ഒരേ ദിശ, ഒരേ ലക്ഷ്യം. ഓരോ ഹാജിയും എത്തിപ്പെടുന്നത് ലോകം മുഴുവന്‍ ആഗ്രഹിക്കുന്ന, സ്വപ്‌നം കാണുന്ന ഒരു ദേശത്തെക്കുറിച്ച പ്രതീകാത്മകമായ കര്‍മഭൂമിയിലാണ്.
കഅ്ബാ ദര്‍ശനത്തിന്റെ ആദ്യാനുഭൂതികള്‍
വര്‍ഷങ്ങള്‍ക്കു മുമ്പ് ഹജ്ജ് വളന്റിയറായി ഹറമിലെത്തിയ ആദ്യാനുഭവം വിവരണാതീതമാണ്. ശീതീകരിച്ച ഹോട്ടല്‍ മുറിയില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ ഹൃദയമിടിപ്പ് കൂടിക്കൂടി വരുന്നു. ആത്മാവില്‍ കടലിരമ്പം. ശരീരത്തിലെ രോമകൂപങ്ങള്‍ പോലും വിറകൊള്ളുന്നതു പോലെ. പുറപ്പെടുന്നത് മറ്റെവിടേക്കുമല്ല. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയിച്ച, ഓരോ വിശ്വാസിയുടെയും സ്വപ്‌നങ്ങളില്‍ അടങ്ങാത്ത അഭിനിവേശമായി കടന്നുവരാറുളള കഅ്ബ, കണ്ണും കരളും നിറയെ കാണാന്‍ പോവുകയാണ്. ആ പ്രഥമ ദര്‍ശന വേളയില്‍ ഓരോ വിശ്വാസിയുടെയും വികാരവായ്പുകള്‍ എവ്വിധമായിരിക്കും! കൗതുകവും ആശ്ചര്യവും നിറഞ്ഞതായിരിക്കും ആ കാഴ്ച, തീര്‍ച്ച.
ഹോട്ടലിന്റെ പുറത്ത് ഒരല്‍പം ഉയരമുള്ള സ്ഥലത്ത് തേജസ്സാര്‍ന്ന മുഖമുള്ള ഒരു യുവാവ് എഴുന്നേറ്റു നിന്ന് നിര്‍ദേശങ്ങള്‍ നല്‍കാനാരംഭിച്ചു. എഴുതിവെച്ച കടലാസിലെ വരണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നില്ല അദ്ദേഹം. ആത്മാവിന്റെ മൃതസ്ഥലികളെ തൊട്ടുണര്‍ത്തുന്നതായിരുന്നു ആ സംസാരം. മക്കയിലെയും മദീനയിലെയും ഓരോ മണല്‍തരികളിലും നിലീനമായിട്ടുള്ള പ്രവാചകന്റെ കാല്‍പാടുകളെ കുറിച്ചും ആ മണ്ണിന്റെ പവിത്രതയെ കുറിച്ചും അദ്ദേഹം മനം കുളിര്‍ക്കെ വിവരിച്ചു. ഇബ്‌റാഹീമി സ്മൃതികളുടെ പുനരാവിഷ്‌കാരമാണ് അവിടെ നടക്കാന്‍ പോകുന്നത്.
ഹോട്ടല്‍ മുറിക്ക് പുറത്ത് പ്രതീക്ഷക്ക് വിപരീതമായി നല്ല തണുപ്പാണ്. യസ്‌രിബിനെയും ഹിജാസിനെയുമെല്ലാം തഴുകിയെത്തുന്ന ആ തണുത്ത കാറ്റിന് എന്തൊക്കെ വിശേഷങ്ങളാകും പറയാനുണ്ടാകുക? ആ യുവാവ് സംസാരം അവസാനിപ്പിച്ചു. കഷ്ടിച്ച് അര കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ, ഹോട്ടല്‍ മുറിയില്‍ നിന്നും ഹറമിലേക്ക്. എല്ലാവരും കൂട്ടം ചേര്‍ന്ന് പുറപ്പെട്ടു തുടങ്ങി. ഞാന്‍ എന്റെ സഹയാത്രികരുടെ കണ്ണുകളിലേക്ക് നോക്കി. അഭിനിവേശത്തിന്റെ രണ്ടു മഹാഗോളങ്ങളായി അവ എനിക്ക് തോന്നി. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. ചിലരുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു. പ്രാര്‍ഥനാ നിര്‍ഭരമായ മഹാമൗനങ്ങളാണ് ആത്മീയതയുടെ ഏറ്റവും പവിത്രമായ ആനന്ദം എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി.
ഇപ്പോള്‍ ദൂരെ നിന്ന് മസ്ജിദുല്‍ ഹറാമിലെ കൂറ്റന്‍ മിനാരങ്ങള്‍ കാണാം. ഹറം വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുകയാണ്. അവിടെ ചുണ്ടുകളിലും ഹൃദയങ്ങളിലും ഒന്നു മാത്രമേയുള്ളൂ. നിലക്കാത്ത പ്രാര്‍ഥന. പല രാജ്യത്തു നിന്നും വന്ന തീര്‍ഥാടകര്‍ കൂട്ടംകൂട്ടമായും ഒറ്റക്കും മസ്ജിദുല്‍ ഹറാമിനെയും കഅ്ബയെയും ലക്ഷ്യം വെച്ച് നീങ്ങുകയാണ്.
മസ്ജിദുല്‍ ഹറാമിന്റെ അകത്ത് പ്രവേശിക്കാന്‍ എല്ലാവരും തെരഞ്ഞെടുക്കുന്നത് 'ബാബുസ്സലാം' എന്ന കവാടമാണ്. അതിന്റെ നേരെ എതിര്‍വശത്ത് അകലെ ഒരു ചെറിയ ലൈബ്രറി കാണാം. അത് പ്രവാചകന്‍ (സ) ആഇശ(റ)യോടൊപ്പം താമസിച്ച വീടായിരുന്നുവത്രെ. സമാധാനത്തിന്റെ കവാടത്തിലൂടെ അകത്ത് കടക്കാന്‍ ഹാജിമാര്‍ ധൃതികൂട്ടി. കവാടത്തിലൂടെ അകത്തേക്ക് ആദ്യകാലെടുത്ത് വെക്കുമ്പോള്‍ തന്നെ കഅ്ബയുടെ കില്ലയുടെ അറ്റം പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ സംഭവിച്ച വികാരത്തള്ളിച്ച വാക്കുകള്‍ കൊണ്ട് വര്‍ണിക്കുക ശ്രമകരമാണ്. അല്ലാഹുവിനെ ഓര്‍ത്ത് കരയാന്‍ സാധിക്കുക വലിയൊരു അനുഗ്രഹമാണ്. പക്ഷേ അധിക പേര്‍ക്കും അങ്ങനെ കരയാന്‍ കഴിയാറില്ല. പക്ഷേ കഅ്ബ കണ്ടതും ഉള്ളിലുള്ള പാപത്തിന്റെ മുഴുവന്‍ സാഗരങ്ങളും ആര്‍ത്തിരമ്പി കണ്ണീരായി പ്രവഹിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. കഅ്ബയുടെ ചിത്രം പൂര്‍ണമായി കണ്ട ഉടനെ ചില ഹാജിമാര്‍ സുജൂദില്‍ വീണ് അല്ലാഹു അക്ബര്‍ പറഞ്ഞ് നിര്‍ത്താതെ തേങ്ങുകയാണ്. മറ്റ് ഹാജിമാരിലേക്കും ഞാന്‍ നോക്കി. ചിലര്‍ നിശ്ചേതനരായി കഅ്ബയെ സാകൂതം നോക്കുന്നു. കണ്ണീരിറ്റുന്ന ആ കണ്ണുകളില്‍ നിറയെ വിസ്മയം. കഅ്ബയുടെ പ്രഥമ ദര്‍ശനത്തിന്റെ അനുഭൂതിയിലാണ് യഥാര്‍ഥത്തില്‍ പരിപാവനമായ ഹജ്ജ് ആരംഭിക്കുന്നത്.
ഇങ്ങനെയും ഒരു ഹജ്ജ് ഹാജിയുടെ പ്രയാണ വഴികളില്‍
ഒരിക്കല്‍ പ്രമുഖ സൂഫിവര്യന്‍ അബ്ദുല്ലാഹിബ്‌നു മുബാറക് ഹജ്ജിനായി പുറപ്പെട്ടു. കുതിരപ്പുറത്തായിരുന്നു യാത്ര. നഗരത്തില്‍നിന്ന് ഒരല്‍പം പിന്നിട്ടപ്പോള്‍ വഴിയുടെ ഓരത്ത് ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. പെണ്‍കുട്ടി ഒരു ചത്ത പക്ഷിയെ തന്റെ സഞ്ചിയിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇതു കണ്ട അദ്ദേഹം കുതിരയെ നിര്‍ത്തി താഴെ ഇറങ്ങി, ആ പെണ്‍കുട്ടിയുടെ അടുത്തെത്തി ചോദിച്ചു: 'അല്ല മോളേ, ഈ ചത്ത പക്ഷിയെ കൊണ്ട് പോയി നീ എന്തു ചെയ്യാനാണ്?' ഇതു കേട്ട പെണ്‍കുട്ടി കരയാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു: 'ഞങ്ങളുടെ പിതാവ് ജീവിച്ചിരിപ്പില്ല. ചില അക്രമികള്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു. ഞങ്ങളുടെ മുഴുവന്‍ സമ്പത്തും ആ ദ്രോഹികള്‍ കൊള്ളചെയ്തു.' കണ്ണീര്‍ തുടച്ചുകൊണ്ട് അവള്‍ തുടര്‍ന്നു: 'ഇപ്പോള്‍ ഞാനും എന്റെ കൊച്ചനുജനും മാത്രമാണുള്ളത്. ഞങ്ങള്‍ക്ക് വീട്ടില്‍ വിശപ്പകറ്റാന്‍ ഒന്നുമില്ല. അങ്ങനെ സഹികെട്ട് വീടിനു വെളിയിലിറങ്ങിയതാണ് ഞാന്‍. വല്ലതും കിട്ടുമോ എന്ന് തിരയുന്നതിനിടയില്‍ ചത്തുകിടക്കുന്ന ഈ പക്ഷിയെ ഞാന്‍ കണ്ടു. എന്റെ കുഞ്ഞനുജന്‍ വീട്ടില്‍ വിശന്ന് വാവിട്ട് നിലവിളിക്കുകയാണ്. പിന്നെ ഞാനൊന്നും ചിന്തിച്ചില്ല. ഈ ശവം കൊണ്ടെങ്കിലും അവന്റെ ജീവന്‍ രക്ഷിക്കണമെന്ന് ഞാന്‍ കൊതിച്ചു. ഈ പക്ഷിയുടെ മാംസം വേവിച്ച് ഞാന്‍ അവന്റെ വിശപ്പകറ്റും. അവന്റെ വയറ് നിറഞ്ഞാല്‍ അവന് സമാധാനത്തോടെ ഉറങ്ങാമല്ലോ.' ഇതും പറഞ്ഞ് പെണ്‍കുട്ടി വീണ്ടും കരയാന്‍ തുടങ്ങി.
ഈ കദനക്കഥ കേട്ട അബ്ദുല്ലാഹിബ്‌നു മുബാറകിന്റെ ഉള്ളലിഞ്ഞു. ആ പെണ്‍കുട്ടിയെ വിറകൈകളാല്‍ ചേര്‍ത്തു നിര്‍ത്തി അദ്ദേഹവും കരയാന്‍ തുടങ്ങി. കരച്ചില്‍ ഒരു വിലാപമായി മാറി. ഒരല്‍പം കഴിഞ്ഞ് ഹജ്ജിനായി കരുതിവെച്ച മുഴുവന്‍ തുകയും അദ്ദേഹം തന്റെ സഞ്ചിയില്‍നിന്ന് പുറത്തെടുത്ത് ആ പെണ്‍കുട്ടിയുടെ കൈയില്‍ വെച്ചു കൊടുത്ത് പറഞ്ഞു: 'ഈ പണവുമായി മോള് വീട്ടിലേക്ക് ചെല്ലുക. നിന്റെ കുഞ്ഞനുജന് ആവശ്യമായതൊക്കെ വാങ്ങുക. എപ്പോഴും അല്ലാഹുവിനോട് നന്ദി കാണിക്കുക.'
ഇതും പറഞ്ഞ് ഇബ്‌നു മുബാറക് വന്ന വഴിയെ തിരിച്ച് നാട്ടിലേക്ക് മടങ്ങി. പട്ടണത്തിലെത്തിയപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ നോക്കി ചോദിച്ചു: 'അല്ല, താങ്കള്‍ ഹജ്ജിന് പുറപ്പെട്ടതല്ലേ, എന്തേ ഇത്ര പെട്ടെന്ന് തിരിച്ചെത്തി?'
'അല്ലാഹു ഈ വര്‍ഷം എന്റെ ഹജ്ജ് സ്വീകരിച്ചിരിക്കുന്നു' എന്നാണ് അദ്ദേഹമതിന് മറുപടി നല്‍കിയത്.