സ്‌നേഹത്തുരുത്തിലെ അമ്മമാര്‍
അത്തീഫ് കാളികാവ്
ആഗസ്റ്റ് 2018
സ്നേഹത്തിനും സൗഹൃദത്തിനും അതിരുകള്‍കെട്ടുന്ന പുതുകാലത്ത് വ്യത്യസ്ത സൗഹൃദത്തിന്റെ അപൂര്‍വ മാതൃകയായി രണ്ട് അമ്മമാര്‍.
സ്നേഹത്തിനും സൗഹൃദത്തിനും അതിരുകള്‍കെട്ടുന്ന പുതുകാലത്ത് വ്യത്യസ്ത സൗഹൃദത്തിന്റെ അപൂര്‍വ മാതൃകയായി രണ്ട് അമ്മമാര്‍.
മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത നീലാഞ്ചേരി കുണ്ട്ലാംപാടത്തെ ചെമ്മലപ്പുറവന്‍ ഇയ്യാത്തുവിന്റെ വീട്ടില്‍ പെരുന്നാളും ഓണവും സംഗമിച്ച നിലയിലാണ്. എണ്‍പത് പിന്നിട്ട അയല്‍ക്കാരി തളിയിങ്ങല്‍ സരോജിനി എന്ന അമ്മുക്കുട്ടി പതിവായി അന്തിയുറങ്ങുന്നത് ഉമ്മക്കുട്ടിയായ ഇയ്യാത്തുവിന്റെ വീട്ടിലാണ്.
ബന്ധുക്കളായി രക്തബന്ധത്തില്‍ തന്നെ ആളുകളുണ്ടെങ്കിലും അമ്മുക്കുട്ടിയുടെ കിടപ്പും ഇരിപ്പുമെല്ലാം വര്‍ഷങ്ങളായി ഇയ്യാത്തുവിന്റെ കിടപ്പുമുറിയോടു ചേര്‍ന്ന്.
വര്‍ഷങ്ങളായി ഇയ്യാത്തുവിന്റെ വീട്ടിലെ പൂമുഖത്തോട് ചേര്‍ന്നുള്ള മുറിയില്‍ ഒരു കട്ടില്‍ അമ്മുക്കുട്ടിക്കുള്ളതാണ്.
രണ്ട് പതിറ്റാണ്ടു കാലത്തോളമായി ഇരുവരും അന്തിയുറങ്ങുന്നത് അടുത്തടുത്ത കട്ടിലില്‍ കിടന്നാണ്. അമ്മുക്കുട്ടിയുടെ വീട് ജിര്‍ണിച്ച് നിലം പൊത്താറായ നിലയിലാണ്. എങ്കിലും കുടുംബസ്വത്തായി ആകെയുള്ള വീടെന്ന് പറയാവുന്ന കൂര വിട്ടുപോകാന്‍ മനസ്സ് സമ്മതിക്കാത്തതിനാല്‍ പകല്‍ മുഴുവന്‍ അതിനകത്തു തന്നെ കഴിഞ്ഞുകൂടും. മുമ്പ് ഒരു വീഴ്ചയില്‍ കാലില്‍ ഓപറേഷന്‍ കഴിഞ്ഞതിനാല്‍ വേച്ചുവേച്ചാണ് അമ്മുക്കുട്ടി നടക്കുക. പകല്‍ തന്റെ കൊച്ചുകൂരയില്‍ കഴിച്ചുകൂട്ടി രാത്രിയോടെ അയല്‍പക്കത്തെ ഇയ്യാത്തുവിന്റെ വീട്ടിലേക്ക് ചെല്ലും. മിക്ക ദിവസങ്ങളിലും സ്വീകരണമൊരുക്കി അമ്മുക്കുട്ടിയെ കാത്ത് ഇയ്യാത്തുവും മക്കളും വാതില്‍പ്പടിയില്‍തന്നെ നില്‍പ്പുണ്ടാവും. രാത്രി ഏറെ നേരം നാട്ടുവര്‍ത്തമാനങ്ങളുമായി സല്ലപിച്ച് രാവേറെ ചെല്ലുമ്പോള്‍ ഇരുവരും മയക്കത്തിലേക്ക് വീഴും.
ഭര്‍ത്താവ് മരിച്ച സരോജിനിയുടെ ഏക മകള്‍ ശാരദ വിവാഹം ചെയ്തു പോയതോടെയാണ് ഇടയില്‍ വേര്‍തിരിക്കാനായി പേരിനൊരു മതില്‍ പോലുമില്ലാതെയുള്ള തൊട്ടടുത്ത ഇയ്യാത്തുവിന്റെ വീട്ടിലേക്ക് അമ്മക്കുട്ടിയുടെ താമസം മാറ്റുന്നത്.
പകല്‍ ഭക്ഷണം മകള്‍ ശാരദ എത്തിച്ചുകൊടുക്കും. ഇല്ലെങ്കില്‍ അതും ഇയ്യാത്തുവിന്റെ വീട്ടില്‍നിന്നു തന്നെ. തങ്ങളുടെ അമ്മുക്കുട്ടിക്ക് ഒരു കുറവും വരാതെ നോക്കാന്‍ ഇയ്യാത്തുവിന്റെ മക്കളായ ആയിശയും മറിയവുമുണ്ട്. അമ്മുക്കുട്ടിക്ക് അവര്‍ മക്കളെപ്പോലെയാണ്.
നാട്ടിലാകെ ബന്ധങ്ങള്‍ക്ക് വേലികെട്ടി സൗഹൃദം തകര്‍ന്നു നില്‍ക്കുന്ന കാലഘട്ടത്തില്‍ കൂടുതല്‍ ഊഷ്മളമായി സൗഹൃദം പുലര്‍ത്തുന്ന അമ്മുക്കുട്ടിയുടെയും ഇയ്യാത്തുവിന്റെയും വേറിട്ട സൗഹൃദം നാട്ടുകാര്‍ക്കും ഏറെ കൗതുകകരമാണ്. എന്നാല്‍ അയല്‍വാസികള്‍ക്കാവട്ടെ പുതുമയേ തോന്നാത്ത വിധത്തില്‍ ഇഴുകിച്ചേര്‍ന്ന ബന്ധമാണ് ഇയ്യാത്തുവും അമ്മുക്കുട്ടിയും തമ്മില്‍.
മൂത്തമകള്‍ ആയിശക്ക് ഉമ്മ കഴിഞ്ഞാല്‍ പോറ്റമ്മയാണ് അമ്മുക്കുട്ടി. അതുകൊണ്ടുതന്നെ ഉമ്മക്ക് കൊടുക്കുന്ന സ്നേഹവായ്പ്പും കരുതലും അമ്മുക്കുട്ടിക്കും മുറപോലെ നല്‍കുന്നു. പ്രായവും രോഗങ്ങളും അതിന്റെ വല്ലായ്മകളും ഇരുവരെയും ഏറെ അലട്ടുന്നുണ്ടെങ്കിലും പ്രസരിപ്പ് വിടാതെ സ്നഹം പൂത്തുനില്‍ക്കുന്ന അമ്മമാരായി അമ്മുക്കുട്ടിയും ഉമ്മക്കുട്ടിയും കാലത്തിന് വിസ്മയമായി നടന്നുനീങ്ങുകയാണ്. വിശ്വസിക്കാന്‍ ഇരുവര്‍ക്കും സ്വന്തമായി മതങ്ങളും ശീലിച്ചുപോന്ന ആചാരങ്ങളും ഉണ്ടെങ്കിലും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മുന്നില്‍ അതെല്ലാം ഇവര്‍ക്കു മുന്നില്‍ വഴി മാറുകയാണ്.