''പള്ളിത്താത്ത''

മുബാറക് വാഴക്കാട് No image

      പള്ളിപ്രവേശനത്തിന്റെ പേരില്‍ പോലും പരസ്പരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലത്ത് പള്ളി പരിപാലിക്കുന്ന സ്ത്രീകളെ കുറിച്ചൊന്ന് ചിന്തിക്കാമോ? ഈ ചോദ്യത്തിന്റെ ഉത്തരമാണ് സൈനബയും ഖദീജയും.

കോഴിക്കോട് മൊയ്തീന്‍പള്ളി തുടങ്ങിയിട്ട് അറുപതോളം വര്‍ഷം കഴിഞ്ഞു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നമസ്‌കാര സൗകര്യമുണ്ടായിരുന്ന ഈ പള്ളിയില്‍ 36 വര്‍ഷം മുമ്പ് എത്തിച്ചേര്‍ന്നതാണ് സൈനബ. പള്ളിയുമായി അടുക്കാനുള്ള മനസ്സ് അവരെ എല്ലാ സാഹചര്യങ്ങളിലും മുന്നോട്ട് കൊണ്ടുപോയി. വാര്‍ധക്യം ആരോഗ്യനിലയെ തളര്‍ത്താന്‍ തുടങ്ങിയപ്പോഴും 90-കാരിയായ സൈനബ പള്ളിയുമായുള്ള ബന്ധം തുടര്‍ന്നു.

1996 മുതല്‍ സൈനബയോടൊപ്പം പുതിയപറമ്പ് സ്വദേശിയായ ഖദീജയും പള്ളിപരിപാലനത്തിലേക്ക് കടന്നുവന്നു. ചെറുപ്പം മുതലേ മൊയ്തീന്‍ പള്ളിയുമായി ഖദീജക്ക് ബന്ധമുണ്ടായിരുന്നു. ഉമ്മയോടും സഹോദരനോടുമൊപ്പം എല്ലാ ജുമുഅ നമസ്‌കാരത്തിനും അങ്ങോട്ടായിരുന്നു പോവാറ്. പിന്നീട് വിവാഹവും പ്രാരാബ്ധങ്ങളുമായപ്പോഴും ഇതില്‍ മാറ്റമൊന്നും വന്നില്ല. 'ചെറുപ്പം തൊട്ടേ പള്ളിയുമായടുക്കാന്‍ അടങ്ങാത്ത ആഗ്രഹമായിരുന്നു. വാഴക്കാടുള്ള സഹോദരനാണ് ദീനിനോട് കൂടുതല്‍ അടുക്കാനുള്ള പ്രചോദനമയത്. വിവിധ ദീനീ ക്ലാസുകളിലും യോഗങ്ങളിലും മത്സരങ്ങളിലുമൊക്കെ സഹോദരനോടൊപ്പം പോവുമായിരുന്നു'' ഖദീജ പറയുന്നു.

വിവിധ തരത്തിലുള്ള അച്ചാറുകള്‍ സ്വന്തമായുണ്ടാക്കി വീടുവീടാന്തരം കയറിയിറങ്ങി കച്ചവടം ചെയ്ത് ജീവിക്കുകയായിരുന്നു ഖദീജ. അച്ചാറുകച്ചവടത്തിലൂടെ ഇന്ന് താമസിക്കുന്ന ഭൂമി വാങ്ങി. നല്ല മനസ്സുള്ള ഒരുപാട് പേരുടെ സഹായത്തോടെ വീട് നിര്‍മിച്ചു. ഒറ്റക്കാണ് താമസം. മക്കളൊന്നുമില്ല. പക്ഷേ ഖദീജക്ക് പരിഭവങ്ങളൊന്നുമില്ല. 'അല്ലാഹുവല്ലേ എല്ലാം തീരുമാനിക്കുന്നത്, മക്കളായാരും ഇല്ലെങ്കിലെന്ത്, പള്ളിയില്‍ വന്നുപോവുന്നവരില്‍ കൂട്ടുകാരായി അല്ലാഹു തന്നു. ഒത്തിരിപേരെ വീട്ടിലേക്ക് മടങ്ങിവരുന്ന വഴികളില്‍ സ്‌നേഹത്തോടെ ''പള്ളിത്താത്താ'' എന്ന് വിളിച്ചു വരുന്ന കുട്ടികള്‍, അവരെല്ലാവരും എനിക്ക് മക്കളെ പോലെയാണ്'' പുഞ്ചിരിച്ച് കൊണ്ട് ഖദീജ പറഞ്ഞു.

ഇരുപത്തേഴ് വര്‍ഷത്തോളമായി സൈനബ ടീച്ചറുമായുള്ള ബന്ധം തുടങ്ങിയിട്ട്. ടീച്ചറെപ്പോഴെങ്കിലും ലീവെടുക്കുമ്പോഴൊക്കെ ഖദീജ പകരമായി നില്‍ക്കും. ഇഹത്തിലൊരു നേട്ടവും നോക്കിയല്ല, പരത്തിലെ വിജയത്തിനായ്.

2005 ഫെബ്രുവരി മൂന്നിനാണ് പള്ളിയില്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങിയത്. പതിനെട്ട് വര്‍ഷത്തോളമായി തനിച്ചാണ്. രാവിലെ പള്ളിയിലേക്ക് പോയാല്‍ മഗ്‌രിബിനു ശേഷമാണ് മടക്കം. സഹായത്തിനായി ആരുമില്ലെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഏട്ടത്തിയുടെ മകളോ ആരെങ്കിലും സഹായത്തിനായി എത്താറുണ്ട്. 'വീട്ടിലിരിക്കുമ്പോള്‍ എന്തോ വിഷമമാണ്. എപ്പോ ഴും പള്ളിയോടുചേര്‍ന്ന് നില്‍ക്കാ നാണിഷ്ടം. പെട്ടെന്ന് പള്ളിയി ലെത്തണം എന്നെപ്പോഴും തോ ന്നിക്കൊണ്ടിരിക്കും. സംഘടിത നമസ്‌കാരത്തിന്റെ ശ്രേഷ്ഠത അറിഞ്ഞുകൊണ്ട് പ്രാ

പ്യമാവുന്നത് പള്ളിയില്‍ നില്‍ക്കുന്നതുകൊണ്ട് മാത്രമാണ്.'' ഈമാന്‍ വിശ്വാസം നിറഞ്ഞതായിരുന്നു ആ വാക്കുകള്‍.

അച്ചാര്‍ കൊണ്ട് നടക്കുമ്പോള്‍ ഖദീജ ഉണ്ടാക്കിയെടുത്തത് വലിയൊരു സുഹൃദ്‌വലയം തന്നെയാണ്. പള്ളിയിലും ഇതില്‍ മാറ്റമൊന്നില്ല. ചെറിയ ചെറിയ തെറ്റിദ്ധാരണകള്‍ കാരണമാണ് പലരും സ്ത്രീകള്‍ പള്ളിയില്‍ പോവുന്നകാര്യത്തില്‍ തര്‍ക്കിക്കുന്നത് എന്നാണ് ഖദീജയുടെ പക്ഷം. പലരും ഞങ്ങളുടെ വീട്ടിലാരും പള്ളിയില്‍ പോവാറില്ല, പിന്നെന്തിന് ഞങ്ങള്‍ പോകണം എന്നുമാത്രം പറഞ്ഞ് മാറിനില്‍ക്കുന്നതവരാണ്. അതൊരിക്കലും ശരിയല്ല.

ഈ കാലത്തെ മറിയം ബീവിയെ പോലെ പള്ളിയുമായി മുന്നോട്ട് നീങ്ങു മ്പോഴും, സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള ഇടം വൃത്തിയായി സൂക്ഷിക്കുകയും അവര്‍ക്ക് വിളക്കായി മാറുകയും ചെയ്യുന്ന ഈ പരമ്പരയെ കാത്ത് സൂക്ഷിക്കാന്‍ ഇനിയാര് എന്നതാണ് ഉത്തരം തേടുന്ന ചോദ്യം. ഖദീജ പ്രതീക്ഷാ നിര്‍ഭരമായ കൈകളുയര്‍ത്തി പ്രാര്‍ഥനയിലാണ്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top