ആത്മവിശുദ്ധി നഷ്ടപ്പെടുന്ന ആഘോഷങ്ങള്‍

ടി.എന്‍ പ്രതാപന്‍ എം.എല്‍.എ /ലിസ്സി.പി No image

ഓണമായാലെന്ത്  പെരുന്നാളായാലെന്ത്... ഇന്റര്‍നെറ്റിനും ഫെയ്‌സ്ബുക്കിനും റിമോര്‍ട്ട് കണ്‍ട്രോളിനും അടിമകളായാണ് പുതിയ തലമുറ ജീവിക്കുന്നത്. ആഘോഷമെന്തായാലും അവര്‍ക്കിഷ്ടം റിമോര്‍ട്ടാണ്. പിന്നെ ഫെയ്‌സും ഹാര്‍ട്ടുമില്ലാത്ത ഫെയ്‌സ്ബുക്കും.

കാര്‍മേഘം പെയ്ത് തെളിയിച്ചെടുത്ത ആകാശം പോലെയാണ് ഓരോ ആഘോഷങ്ങളുടെയും വിശുദ്ധി.

മനസ്സിനകത്ത് മതേതര സംസ്‌കാരവും മറ്റു മതങ്ങളിലെ നന്മയും മൂല്യവും തിരിച്ചറിയാനും അതിനെ ജീവിതത്തോടു ചേര്‍ത്ത് നിര്‍ത്താനും ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയത് അമ്മയാണ്.

ഓണവും ബലിപെരുന്നാളും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. എല്ലാ ആഘോഷങ്ങളും വിളിച്ചോതുന്നത് നന്മയുടെ വിജയമാണ്. സ്‌നേഹത്തിന്റെ വിളംബരമാണ്. ഓണമായാലും ബലിപെരുന്നാളാലായാലും ക്രിസ്തുമസ് ആയാലും അതിന്റെ മഹത്വം അറിഞ്ഞ് ആഘോഷിക്കുന്നവര്‍ വളരെ ചുരുക്കം പേര്‍ മാത്രമാണ്. അതിലൊരാളാണ് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. കെ.എസ്.യു വിലൂടെ സജീവ  രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ച അദ്ദേഹം എല്ലാ ആഘോഷങ്ങളെയും അതിന്റെ മഹത്വം അറിഞ്ഞും ഉള്‍ക്കൊണ്ടും ആഘോഷിക്കുന്ന വ്യക്തിയാണ്.

ആഘോഷങ്ങളെ ആഘോഷങ്ങളായി മാത്രം കാണാന്‍ ടി.എന്‍ പ്രതാപന്‍ എം.എല്‍.എക്ക് താല്‍പര്യമില്ല. മതങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ആഘോഷങ്ങളെക്കുറിച്ചും ടി.എന്‍ പ്രതാപന്‍ എം.എല്‍.എ സംസാരിക്കുന്നു. 

നോമ്പിന്റെ പുണ്യവും പെരുന്നാളാഘോഷവും

      ഇസ്‌ലാം മത വിശ്വാസികളായിരുന്ന ആത്മസുഹൃത്തുക്കള്‍ പ്രത്യേകിച്ച് അയല്‍വാസികള്‍ നോമ്പെടുക്കുന്നത് കണ്ടാണ് ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും നോമ്പെടുത്ത് തുടങ്ങിയത്. സൗഹൃദത്തിന്റെ പേരില്‍ പകല്‍ അവരോടൊപ്പം അന്നപാനീയങ്ങള്‍ ഒഴിവാക്കി. ഏകദേശം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ നോമ്പെടുക്കല്‍ ശീലമാക്കി. ആദ്യകാലങ്ങളില്‍ അഞ്ചെണ്ണവും ആറെണ്ണവും ആയിരുന്നു നോമ്പെടുത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ഒരു നോമ്പുപോലും മുടങ്ങാതെ എടുക്കുന്നുണ്ട് ഇദ്ദേഹം.

രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും നോമ്പിന് ഒരു മുടക്കവും വരാതെ സൂക്ഷിക്കാറുണ്ട്. നോമ്പെടുത്തപ്പോള്‍ കിട്ടിയ ശാരീരികവും മാനസികവുമായ സംതൃപ്തിയും കൂടെയുണ്ട്. വിശപ്പ് സഹിക്കാനുള്ള ഏറ്റവും വലിയ കരുത്ത് കിട്ടുന്നത് നോമ്പെടുക്കുന്നതിലൂടെയാണ്. പിന്നീട് ഒരുനോമ്പുപോലും വിട്ടുകളയാതെ എടുക്കാനുള്ള താല്‍പര്യം ഉണ്ടായതും ഇതൊക്കെതന്നെയാണെന്ന് പ്രതാപന്‍ എം.എല്‍.എ പറയുന്നു. സജീവമായ പൊതുജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ റമദാന്‍ മാസത്തില്‍ വരുന്ന ഒരു പൊതുപരിപാടികളും ഉപേക്ഷിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. നോമ്പുകാലത്തെ ചില ദിവസങ്ങളില്‍ സ്റ്റേജില്‍ ഇരുന്ന് കാരക്കയും വെള്ളവും കൊണ്ട് നോമ്പ് മുറിക്കും. ഡ്രൈവര്‍ എപ്പോഴും കാറില്‍ കാരക്കയും പച്ചവെളളവും കരുതി വെക്കും. ബാങ്ക് കൊടുത്താല്‍ സ്റ്റേജിലേക്ക് കൊടുത്തു വിടുകയും ചെയ്യും. ഒരിക്കല്‍ പോലും ക്ഷീണമോ തളര്‍ച്ചയോ കാരണം പൊതുപരിപാടികള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല. ഒരിക്കല്‍ നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊണ്ടയും ചുണ്ടുകളും വരണ്ടുപോയി. നിയമസഭാ സ്റ്റാഫുകള്‍ വെള്ളം കൊണ്ടുവന്നപ്പോള്‍ പരസ്യമായി തന്നെ പറഞ്ഞു. വിശുദ്ധ റംസാനിലെ നോമ്പുള്ളതിനാല്‍ എനിക്ക് വെള്ളം വേണ്ട. പിന്നെ ശബ്ദം കുറച്ച്, ആവേശംം കുറച്ച് പ്രസംഗം മുഴുവനാക്കുകയായിരുന്നു.

റമദാനിലെ മുഴുവന്‍ നോമ്പുകളും എല്ലാ ചിട്ടയോടെയും നിഷ്ഠയോടെയും അനുഷ്ഠിക്കുന്ന എളിയ സാധാരണക്കാരനായതിനാല്‍ അതുകഴിഞ്ഞു വരുന്ന പെരുന്നാളിനെയും പിന്നീട് വരുന്ന ഓണത്തെയും അത്യാഹ്ലാദത്തോടെയാണ് വരവേല്‍ക്കാറെന്ന് എം.എല്‍.എ പറയുന്നു.

പിന്തുണയേകിയ കുടുംബാംഗങ്ങള്‍

പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ, യാഥാസ്ഥിതിക കുടുംബത്തില്‍  നിന്നും വന്നതായിരുന്നു അമ്മ തോട്ടുങ്ങല്‍ കാളിക്കുട്ടി. നോമ്പെടുക്കുന്ന കാര്യം കേട്ടപ്പോള്‍ അമ്മ അതിനെ അനുകൂലിച്ചില്ല. ആ സമയങ്ങളില്‍ നോമ്പ് തുറക്കാനുള്ള വിഭവങ്ങളെല്ലാം തന്നത് അയല്‍വാസികളായിരുന്നു. പിന്നെ തന്റെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ അതിനോട് പൊരുത്തപ്പെടുകയായിരുന്നു.

കല്യാണം കഴിഞ്ഞ ആദ്യനാളുകളില്‍ ഭാര്യ രമക്കും നോമ്പെടുക്കുന്നതിനോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. ഹിന്ദുവായ നമ്മള്‍ എന്തിനാണ് വ്രതം എടുക്കുന്നതെന്ന ചിന്തയായിരുന്നു അവള്‍ക്ക്. നോമ്പെടുക്കുന്നതിലൂടെ ശാരീരികവും മാനസികവുമായ ശുദ്ധീകരണമാണ് നടക്കുന്നത്. കഴിഞ്ഞ പതിനൊന്ന് മാസക്കാലമുണ്ടായ നമ്മുടെ ശാരീരികവും മാനസികവുമായ എല്ലാ ഉപഭോഗത്തെയും നിയന്ത്രിക്കാന്‍ പറ്റുമെന്നും മറ്റുള്ളവന്റെ പ്രയാസം തിരിച്ചറിയാനും ക്ഷമയുണ്ടാക്കാനും നോമ്പെടുക്കുന്നതിലൂടെ സാധിക്കുമെന്നും ഭാര്യയെ പറഞ്ഞ് ബോധ്യപ്പെടുത്തി. തുടര്‍ന്ന് അവരും നോമ്പുകളെടുത്ത് തുടങ്ങി. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് മകന്‍ ആഷിക്കും മകള്‍ ആന്‍സിയും നോമ്പെടുത്ത് തുടങ്ങിയത്. ചെറുപ്പം മുതല്‍ തന്നെ ഇവരും നോമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. മകന്‍ ആഷിക്ക് ബി.ടെക് കഴിഞ്ഞ് കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറാണ്. മകള്‍ ആന്‍സി എറണാകുളം അമൃത മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയും. നോമ്പിന്റെ മഹത്വം ഉള്‍ക്കൊണ്ടുതന്നെയാണ് കുടുംബാംഗങ്ങളും വ്രതമെടുക്കുന്നത്.

മക്ക- പതിറ്റാണ്ടുകളുടെ സ്വപ്‌ന സാക്ഷാത്കാരം

പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി ഖുര്‍ആനിന്റെ മലയാളം പരിഭാഷ വായിക്കുന്നത്. നാട്ടിലെ സ്വാതന്ത്ര്യ സമരസേനാനിയും അന്നത്തെ പള്ളിയിലെ മുത്വവല്ലിയുമായിരുന്ന മാളിയേക്കല്‍ കുഞ്ഞുബാപ്പു സാഹിബ് ആണ് ഖുര്‍ആന്‍ പരിഭാഷ വാങ്ങിത്തന്നത്. ഖുര്‍ആന്‍ ഒരുപാട് വ്യത്യസ്തമായ അറിവുകള്‍ നല്‍കി. അന്നുമുതല്‍ നോമ്പെടുക്കുന്നതിനോടൊപ്പം ഖുര്‍ആന്‍ വായനയും തുടര്‍ന്നു പോരുന്നു. തുടര്‍ന്ന് ഇസ്‌ലാമിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ടവര്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട നിരവധി മലയാളം പുസ്തകങ്ങളും വ്യാഖ്യാനങ്ങളും സമ്മാനിച്ചിട്ടുണ്ട്. അതെല്ലാം വായിക്കാനും പഠിക്കാനും സാധിച്ചു. അന്നുമുതല്‍ നോമ്പെടുക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്ന വലിയ ആഗ്രഹമായിരുന്നു മക്കയില്‍ പോകണം; അതിന്റെ മിനാരം അടുത്തല്ലെങ്കില്‍ ദൂരെ നിന്നെങ്കിലും കാണണം. കഴിഞ്ഞ വര്‍ഷമാണ് (2014) അതിനുള്ള ഭാഗ്യം ലഭിച്ചത്. സൗദി അറേബ്യയില്‍ പോയപ്പോള്‍ മക്കയില്‍ പോകാന്‍ സാധിച്ചു. പക്ഷേ ഫാത്തിമത്തുല്‍ മസ്ജിദ് വരെയാണ് അമുസ്‌ലിംകള്‍ക്കുള്ള പ്രവേശനം. അവിടെ വെച്ച് യാത്ര അവസാനിപ്പിച്ചു. വലിയൊരു കെട്ടിടത്തിന്റെ മുകളില്‍ കയറിനിന്ന് മക്കയിലെ മിനാരം ദൂരെ നിന്ന് കാണാനുള്ള ഭാഗ്യം ലഭിച്ചു.

ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു അത്. വലിയൊരു നിര്‍വൃതി.

ശബരിമലയിലും വേളാങ്കണ്ണിയിലുമെല്ലാം വര്‍ഷങ്ങളായി പോകാറുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ പതിറ്റാണ്ടുകളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹത്തിനാണ് കഴിഞ്ഞവര്‍ഷം സാക്ഷാത്കാരമുണ്ടായത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ അതിന്റെ ആഹ്ലാദം തുളുമ്പിനില്‍ക്കുന്നുണ്ടായിരുന്നു.

അവിടെ കണ്ട കാഴ്ചകള്‍ ലോകത്തിനു മുഴുവന്‍ മാതൃകയാണ്. വളരെ വളരെ ദരിദ്രനും സമ്പന്നനുമായ അറബിയും തമ്മില്‍ ഒരു വ്യത്യാസവും അവിടെ കാണാന്‍ സാധിക്കില്ല. ഉംറ ചെയ്യാന്‍ വരുന്നവരെ അവിടെ കാണാന്‍ സാധിച്ചു. അവരെല്ലാം ഒരേപോലെയുള്ള വേഷമാണ് ധരിച്ചിരിക്കുന്നത്. അവരില്‍ ദരിദ്രനെന്നും സമ്പന്നനെന്നും വിവേചനം ഇല്ല. എല്ലാ മനുഷ്യരും തുല്യരാണെന്ന വലിയൊരു പാഠം അവിടെനിന്നു പഠിക്കാനുണ്ട്.

എല്ലാ മതങ്ങളും പഠിപ്പിക്കുന്ന നന്മകള്‍ ഉള്‍ക്കൊള്ളാന്‍ പലരും തയ്യാറാകുന്നില്ല.

മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രം പഠിച്ചതുകൊണ്ടാണ് സ്‌കൂളില്‍ പഠിക്കുമ്പോഴേ പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. എല്ലാ മതങ്ങളുടെയും നന്മയെ സ്വീകരിക്കുക എന്നതായിരുന്നു അന്നു പഠിച്ച വലിയ പാഠം.

അമ്മയില്ലാത്ത ആദ്യപെരുന്നാളും ഓണവും

''അമ്മേ അനുപമ സൗന്ദര്യമേ
എന്റെ അറിവിന്റെ ആത്മീയ ദര്‍ശനമേ
നീയെനിക്കേകിയ സ്‌നേഹവര്‍ഷത്തിന്റെ
ഓര്‍മ്മകളെങ്ങിനെ മറക്കും...
അമ്മേ ഓര്‍മ്മകളെങ്ങിനെ ഞാന്‍ മറക്കും''

ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ മൊബൈലിലേക്കു വിളിച്ചാല്‍ കേള്‍ക്കുന്ന പാട്ടാണിത്. സ്വന്തം അമ്മയെ നോക്കിയിരുന്ന് അദ്ദേഹം തന്നെ എഴുതിയതാണ് ഈ വരികള്‍. പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ആണ് സംഗീതം നല്‍കി ഈ വരികള്‍ ആലപിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ പെരുന്നാളും ഓണവും ആഘോഷിക്കാന്‍ അമ്മ ഇന്ന് ഭൂമിയിലില്ല. ഓര്‍മവെച്ച നാള്‍ മുതല്‍ എല്ലാ പെരുന്നാളും ഓണവും അമ്മയോടൊപ്പമാണ് ആഘോഷിക്കാറ്. എത്ര തിരക്കുണ്ടായാലും അന്ന് പുറത്ത് പരിപാടികള്‍ക്ക് പോകാറില്ല. വീട്ടില്‍ എല്ലാവരും ചേര്‍ന്ന് സന്തോഷത്തോടെയാണ്  ആഘോഷിക്കാറ്. മാംസം വീട്ടിലാരും കഴിക്കാറില്ല. പക്ഷേ മത്സ്യം കഴിക്കും. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മത്സ്യങ്ങള്‍ കൊണ്ടുള്ള വിഭവങ്ങള്‍ ധാരാളമുണ്ടാകും. നോമ്പു കഴിഞ്ഞ് വരുന്ന ചെറിയ പെരുന്നാള്‍ വളരെ വളരെ സംതൃപ്തിയോടെയാണ് ആഘോഷിക്കാറുള്ളത്.

ഓണവും കുടുംബാംഗങ്ങളോടൊത്താണ് ആഘോഷിക്കാറ്. എല്ലാ ആഘോഷങ്ങളും അതിന്റെ മഹത്വമറിഞ്ഞ് ആഘോഷിക്കാന്‍ അമ്മ നല്‍കിയ പിന്തുണ വലുതാണ്.

മനസ്സിനകത്ത് മതേതര സംസ്‌കാരവും മറ്റു മതങ്ങളിലെ നന്മയും മൂല്യവും തിരിച്ചറിയാനും അതിനെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താനും ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയത് അമ്മയാണ്. സ്‌കൂളില്‍ പോയിട്ടില്ലാത്ത, എഴുത്തും വായനയും അറിയാത്ത, വളരെ ദരിദ്ര പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്നതാണ് അമ്മ. മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തിയ അമ്മയുടെ പിന്തുണ വിലമതിക്കാനാവാത്തതാണ്.

ഇത്തവണത്തെ ഓണം സ്വന്തം നാടായ വലപ്പാട് ചൂലൂരില്‍ അനാഥപെണ്‍കുട്ടികളെ സംരക്ഷിക്കുന്ന 'ബാലിക സദനത്തില്‍ വെച്ചാണ്. അമ്മയുടെ ഓര്‍മക്കുവേണ്ടിയാണ് അവിടുത്തെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ച് ഓണം ആഘോഷിക്കുന്നത്.

വലിയ പെരുന്നാളിനോടും ഓണത്തോടും അനുബന്ധിച്ച് തളിക്കുളം ബീച്ചില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷമായി ഇത് മുടങ്ങാതെ നടത്തുന്നു. സുഹൃത്തുക്കളെല്ലാം കൂടിയ 'ഒരുമ' എന്ന  കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സാംസ്‌കാരിക പരിപാടികള്‍ നടത്താറുള്ളത്.

തൂക്കിവില്‍ക്കപ്പെടുന്ന ആഘോഷങ്ങള്‍

വിശുദ്ധറമദാനിലെ നോമ്പുതുറ വിഭവങ്ങള്‍ തെരുവോരങ്ങളില്‍ കച്ചവട വസ്തുക്കളായി വില്‍ക്കുന്നതു മുതല്‍ ഓണവും ക്രിസ്മസും പെരുന്നാളുമൊക്കെ പൂര്‍ണമായും വിപണനമാര്‍ഗങ്ങളായി മാറിപ്പോയി എന്നതാണ്  ഇന്നത്തെ ഏറ്റവും വലിയ സങ്കടം. ഓരോ ആഘോഷങ്ങള്‍ക്കും അതിന്റേതായ വിശുദ്ധിയും ആത്മീയതയുമുണ്ട്. പക്ഷേ അതെല്ലാം ഇന്ന് ചോര്‍ന്ന് പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ ആഘോഷങ്ങളും വെറും പ്രകടനങ്ങള്‍ മാത്രമാണ്. അതിന്റെ ആത്മവിശുദ്ധി ചുരുങ്ങിപ്പോകുകയാണ്.

പ്രകടനാത്മകമായി ചുരുങ്ങുന്നു. എല്ലാത്തിന്റെയും ആത്മവിശുദ്ധി നഷ്ടപ്പെടുന്നു. കുട്ടിക്കാലത്ത് ഓണമായാലും മറ്റേത് ആഘോഷമായാലും അതിനുവേണ്ടി ആറ്റുനോറ്റ് കാത്തിരിക്കും. ഓരോ ദിവസവും അതിനുവേണ്ടിയുള്ള കാത്തിരിപ്പാണ്. ഓണം എന്നൊക്കെ പറഞ്ഞാല്‍ ഒരു പുതിയ യുഗം പിറക്കുന്നതു പോലെയാണ്.

എന്നാല്‍ പുതിയ തലമുറക്ക് ഓണമായാലെന്ത് പെരുന്നാളാ

യാലെന്ത്. ഇന്റര്‍നെറ്റിനും ഫെയ്‌സ്ബുക്കിനും റിമോര്‍ട്ട് കണ്‍ട്രോളിനും അടിമകളായാണ് അവര്‍ ജീവിക്കുന്നത്. ആഘോഷങ്ങള്‍ എന്തായാലും അവര്‍ക്കിഷ്ടം റിമോര്‍ട്ടാണ്. പിന്നെ ഫെയ്‌സും ഹാര്‍ട്ടുമില്ലാത്ത ഫെയ്‌സ്ബുക്കും. സമയത്തെ കാര്‍ന്നു തിന്നുന്നവയാണ് വാട്ട്‌സ് ആപ്പും ഫെയ്‌സ്ബുക്കും. അതിനാല്‍ അതിനോടു തനിക്ക് താല്‍പര്യമില്ല. അയല്‍പക്കത്തുള്ള ആളുകളോടു പോലും ഫെയ്‌സ്ബുക്കിലൂടെയാണ് സംവദിക്കുന്നത്. ആളെ കണ്ട് മുഖത്തേക്കും കണ്ണിലേക്കും നോക്കി സംസാരിക്കുമ്പോള്‍ അത് നമ്മുടെ ആത്മാവിന്റെ മുഖപുസ്തകത്താളില്‍ പതിയും. മറിച്ച് ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും ചോരയും സന്തോഷവും സങ്കടവുമില്ലാത്ത ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സംവദിക്കുമ്പോള്‍ അത് ഹൃദയത്തില്‍ പതിയില്ല. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ അവിടെ പുതിയ അടയാളങ്ങള്‍ വരും. പഴയത് മായ്ഞ്ഞു പോകും. സൂക്ഷിച്ചുവെക്കാന്‍ പുതിയ തലമുറയുടെ ഹൃദയത്തില്‍ സ്ഥലമില്ല. സ്വന്തം മുഖവും ഹൃദയവും തിരിച്ചറിയാന്‍ കഴിയാത്ത ഒരു തലമുറയാണ് ജനിച്ചു വരുന്നത്.

എന്താണ് വലിയ പെരുന്നാള്‍ ലക്ഷ്യം വെക്കുന്നത്. അതിന്റെ ആവശ്യമെന്താണ്. ഓണം നമുക്ക് നല്‍കുന്ന പ്രചോദനം എന്താണ്. ഇതൊന്നും ആരും അറിയുന്നില്ല. ഓരോ ആഘോഷങ്ങളുടെയും പിന്നില്‍ ഒരു വലിയ പാഠമുണ്ട്. കാര്‍മേഘം പെയ്ത് തെളിയിച്ചെടുത്ത ആകാശം പോലെയാണ് ഓരോ ആഘോഷങ്ങളുടെയും വിശുദ്ധി.

പഴയ തലമുറയിലെ ആളുകള്‍ ഓണവും പെരുന്നാളുമൊക്കെ വീടുകളില്‍ നന്നായി ആഘോഷിക്കണം. മക്കളെയും പേരമക്കളെയും ഓരോ ആഘോഷങ്ങളുടെയും മഹത്വം എന്താണെന്ന് പഠിപ്പിക്കണം. ടിവിയുടെ മുന്നില്‍ ഇരുന്ന് ഒരു ചാനലില്‍നിന്ന് മറ്റൊരു ചാനലിലേക്കു മാറി ചിരിക്കാനും കരയാനുമുള്ളതല്ല ഈ ആഘോഷ ദിനങ്ങള്‍. മണ്ണറിയാന്‍, കാറ്ററിയാന്‍, കൃഷിയറിയാന്‍, പൂക്കളെയും പറവകളെയും തിരിച്ചറിയാന്‍, സത്യവിശ്വാസങ്ങളും ദൈവനിഷ്ഠകളും കണ്ടെത്താന്‍ ഉള്ളതാണീ ആഘോഷങ്ങള്‍. അതിലേക്ക് പുതിയ തലമുറയെ കൂട്ടിക്കൊണ്ടുപോണം. അതായിരിക്കണം ഓരോ ആഘോഷങ്ങളുടെയും ലക്ഷ്യം. ടി.എന്‍ പ്രതാപന്‍ എം.എല്‍.എ പറയുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top