പിന്നീട് കുറ്റബോധം തോന്നാതിരിക്കാന്‍

      മെഡിക്കല്‍ എഞ്ചിനീയറിംഗ് പോലുള്ള എന്‍ട്രന്‍സ് പരീക്ഷയും അതിലെ വിജയവും വളരെ പ്രാധാന്യത്തോടെയും പ്രതീക്ഷയോടെയുമാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും കാണുന്നത്. ഇത്തരം മത്സരപ്പരീക്ഷകളിലൂടെ വിജയിച്ച് പഠിച്ചാല്‍ അതുമുഖേന നേടിയെടുക്കുന്ന ജോലിസ്ഥിരതയും സമൂഹത്തിന്റെ അംഗീകാരവുമൊക്കെ പ്രതീക്ഷിച്ചിട്ടായിരുന്നു അത്. വൈകിയാണെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ കുതിച്ചുചാട്ടം നടത്തുന്ന  മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികളും ആരിലും അസൂയജനിപ്പിക്കും വിധം ഇത്തരം രംഗങ്ങളില്‍ മുന്നേറുകയാണ്. എന്നാല്‍ ഇക്കഴിഞ്ഞ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ വല്ലാത്തൊരു ഉല്‍കണ്ഠയും സമ്മര്‍ദ്ദവും ആയിരുന്നു കുട്ടികളില്‍ ഉണ്ടാക്കിയത്. പരീക്ഷയില്‍ വിജയം കണ്ടെത്താനാവുമോ എന്നതിനപ്പുറം എഴുതാന്‍ തന്നെ പറ്റുമോ എന്നായിരുന്നു ആശങ്ക. പരീക്ഷയുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇയുടെ സര്‍ക്കുലറില്‍ മഫ്തയടക്കമുള്ള ശരീരം മറയുന്ന ഡ്രസ്സിന് ഏര്‍പ്പെടുത്തിയ വിലക്കായിരുന്നു കാരണം.

പല കോണുകളില്‍ നിന്നും വിമര്‍ശനം ഉണ്ടായപ്പോള്‍ അര മണിക്കൂര്‍ മുന്നേയെത്തി 'വിദഗ്ധ' പരിശോധനക്ക് വിധേയമായാല്‍ പരീക്ഷ എഴുതാമെന്ന് സി.ബി.എസ്.ഇ സമ്മതിച്ചെങ്കിലും അവര്‍ പറഞ്ഞ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടും പരീക്ഷ എഴുതാന്‍ കഴിയാതെ പോയ ഹതഭാഗ്യരും ഉണ്ടായി.

 പക്ഷേ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ സിസ്റ്റര്‍ സെബ എന്ന കന്യാസ്ത്രീയോട് നമ്മുടെ പത്രങ്ങളും ചാനലുകളും സാംസ്‌കാരിക കൂട്ടായ്മകളും കാണിച്ച അനുഭാവവും സഹകരണവും ഇത്തരം ദുര്‍ഗതി ഉണ്ടായ മുസ്‌ലിം പെണ്‍കുട്ടിയുടെ നേര്‍ക്ക് കണ്ടതുമില്ല. ഇത്തരം അനുഭവങ്ങള്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ആദ്യത്തേതുമല്ല. പല സ്‌കൂളുകളില്‍നിന്നും മതവിശ്വാസത്തിന്റെ ഭാഗമായി വസ്ത്രം ധരിച്ചവര്‍ തന്നെ വിശ്വാസം കൊണ്ടു മാത്രം തട്ടമിട്ട മുസ്‌ലിം കുട്ടികളെ പുറത്താക്കിയിട്ടുണ്ട്. ഇന്നും ഈ അവസ്ഥ പലയിടത്തും നിലനില്‍ക്കുന്നുമുണ്ട്.

സമുദായത്തിന്റൈ വിലക്കുകളെ അതിജയിച്ചു മുന്നേറുന്ന സമുദായപ്പെണ്‍കുട്ടികള്‍ക്ക് ഇനി വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും മുന്നേറണമെങ്കില്‍ മറ്റു വിലക്കുകളെ കൂടി അതിജയിക്കേണ്ടിയിരിക്കുന്നു എന്നതാണ് നിലവിലെ അവസ്ഥ.

വിശ്വാസത്തിന്റെ ഭാഗമായി ഏത് തരത്തിലുള്ള ഡ്രസ്സുധരിക്കുന്നവരും ഏതു മതവിഭാഗത്തില്‍ പെട്ടവരായാലും അവരൊന്നും കോപ്പിയടിച്ചതോ പരീക്ഷ അലങ്കോലപ്പെടുത്തിയതോ ചരിത്രമില്ല. മറിച്ച്, നിയമം കാക്കാന്‍ വിധിക്കപ്പെട്ട ഉന്നതശ്രേണിയിലുള്ളര്‍ പോലും ഉന്നത സ്ഥാനത്തെത്താന്‍ കോപ്പിയടിച്ച നാടാണിത്.  ഇത്തരം അനുഭവങ്ങള്‍ മുന്നിലുള്ള, നല്ല പക്വതയുണ്ടെന്നു വിശ്വസിക്കുന്ന  കേരളത്തിലാണ് ഇത്തരമൊരു അനുഭവം ഉണ്ടായതും.

സാംസ്‌കാരികതയില്‍ ഫാസിസം കൈയ്യേറ്റം നടത്തുമ്പോഴുള്ള കാഴ്ചകളാണിതൊക്കെ. ചിലര്‍ അതറിഞ്ഞുകൊണ്ടുതന്നെ ഇത്തരം നെറികേടുകള്‍ക്കെതിരെ വായ തുറക്കാറുമില്ല.  സാംസ്‌കാരിക രംഗത്തുള്ള ച്യുതികളെക്കുറിച്ച് ആദ്യം പറയേണ്ടവര്‍ സാംസ്‌കാരിക നായകന്മാരാണെന്നിരിക്കെ അവരുടെ ഭാഗത്തുനിന്നുള്ള മൗനം പേടിപ്പെടുത്തുന്നതാണ്.

തലയില്‍ തട്ടമിടുന്നത് ബോംബും വാളും ഒളിപ്പിക്കാനല്ലെന്നും വിശ്വാസത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായിക്കൊണ്ടാണെന്നും പൂര്‍ണബോധ്യമുള്ളതുകൊണ്ടു തന്നെയാണ് പുറത്തെ പ്രതിലോമപരമായ വിമര്‍ശനങ്ങളെ ഒട്ടും കൂസാതെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുതന്നെ അവര്‍ പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നത്. അതവര്‍ക്ക് അവരുടെ നാടിന്റെ ഭരണഘടന നല്‍കിയ അവകാശമാണ്.

അസഹിഷ്ണുത അധികാരത്തിനുള്ള ആയുധമാക്കുന്നവരോട് ഇത് ഓര്‍മിപ്പിക്കേണ്ട ബാധ്യത ഭരണഘടനയില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെതാണ്. അത് അവരുടെ ഭരണഘടനയോടുള്ള കൂറാണ്. പ്രത്യേകിച്ചും സാംസ്‌കാരിക രംഗത്തുള്ളവരുടേത്. പക്ഷേ അവര്‍ മൗനികളാണ്. അവരൊരു കാര്യം ഓര്‍ക്കുന്നത് നന്ന്. ഈ ഫാസിസം ചിലപ്പോള്‍ നാളെ അവരെയും പിടികൂടിയേക്കാമെന്ന്. അപ്പോള്‍ വിലപിച്ചിട്ടോ കുറ്റമേറ്റുപറഞ്ഞതുകൊണ്ടോ കാര്യമില്ല. ഫാസിസത്തോട് കൂറുപുലര്‍ത്തിയവരുടെ പില്‍ക്കാല വിലാപങ്ങളെ ചരിത്രം വല്ലാതെയൊന്നും ഗൗനിച്ചിട്ടില്ലായെന്നതും വസ്തുതയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top